Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഇറാനുമായുള്ള കരാർ...

'ഇറാനുമായുള്ള കരാർ ഇസ്രായേലിനെ കൂടുതൽ സുരക്ഷിതമാക്കും'; സമാധാന പാതയിൽ ഇസ്രായേലും പങ്കാളിയാകുമെന്ന് ജെ.ഡി വാൻസ്

text_fields
bookmark_border
JD vance
cancel

വാഷിങ്ടൺ: ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ സമാധാന ധാരണാപത്രത്തിൽ വരുംദിവസങ്ങളിൽ ഇസ്രായേലും പങ്കാളിയാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ ഈ കരാറിനോട് ഇസ്രായേൽ തുടക്കത്തിൽ കാണിച്ച വിയോജിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സുഹൃത്തുക്കൾക്കിടയിൽ വിയോജിപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും വാൻസ് കൂട്ടിച്ചേർത്തു.

"ഈ കരാർ ഇസ്രായേലിനെയും ഈ മേഖലയെ മുഴുവനായും കൂടുതൽ സുരക്ഷിതമാക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ചർച്ചകൾ കുറച്ചുകൂടി മുന്നോട്ട് പോകുന്നതോടെ ഇസ്രായേലും ഈ സമാധാന ധാരണയുടെ ഭാഗമാകുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ ആത്മവിശ്വാസമുണ്ട്," വാൻസ് പറഞ്ഞു.

ഇറാൻ ഒരു സാധാരണ രാജ്യത്തെപ്പോലെ പെരുമാറണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും വാൻസ് വ്യക്തമാക്കി. ധാരണാപത്രത്തിലെ നിർദേശങ്ങൾ ഇറാൻ കർശനമായി പാലിക്കണം. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഉപേക്ഷിക്കുക, ഭീകര സംഘടനകൾക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുക, വിദേശ നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം രാജ്യത്ത് ഒരുക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ. ഇത് പാലിച്ചാൽ കരാറിന്റെ ആനുകൂല്യങ്ങൾ ഇറാന് ലഭിച്ചുതുടങ്ങും.

ഇറാൻ നിലവിൽ സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെയും യു.എസിന്റെയും മേൽനോട്ടത്തിൽ നശിപ്പിച്ചു കളയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. ദീർഘകാലത്തേക്ക് ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഉറപ്പിന്മേൽ മാത്രമേ ഇറാന്റെ സാമ്പത്തിക പുരോഗതിയെ യു.എസ് പിന്തുണക്കു എന്നും വാൻസ് വ്യക്തമാക്കി.

മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്തുണ്ടാക്കിയ ആണവക്കരാറുമായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ കരാറിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വാൻസ് പറഞ്ഞു. പുതിയ കരാറിൽ മുമ്പത്തേതിനേക്കാൾ വലിയ പുരോഗതിയില്ലെന്ന ഒബാമയുടെ മുൻ പ്രസ്താവനകളെ വാൻസ് പൂർണമായും തള്ളി. "ഒബാമയുടെ കാലത്തെ കരാർ ഇറാന്റെ ആണവ പദ്ധതികളുടെ വേഗത കൂട്ടുകയാണ് ചെയ്തത്. ആണവ പദ്ധതികൾ നിർത്തിവെക്കാൻ അന്ന് ഇറാനു വലിയ തുക നൽകി പ്രലോഭിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും തകർക്കപ്പെട്ടിരിക്കുന്നു. ഇനി അത് പുനർനിർമിക്കില്ലെന്ന ദീർഘകാല പ്രതിജ്ഞയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്."- വാൻസ് പറഞ്ഞു.

അന്ന് ഒബാമയുടെ നേതൃത്വത്തിൽ യു.കെ, ഫ്രാൻസ്, ചൈന, റഷ്യ, ജർമ്മനി എന്നീ രാജ്യങ്ങൾ ചേർന്നുണ്ടാക്കിയ കരാറിനെ ഗൾഫ് രാജ്യങ്ങൾ ശക്തമായി എതിർത്തിരുന്നു. അത് മേഖലയിൽ ഇറാന്റെ അക്രമങ്ങൾക്ക് കരുത്തുപകരുമെന്നാണ് അവർ ഭയന്നിരുന്നത്. എന്നാൽ ട്രംപിന്റെ ഇപ്പോഴത്തെ പുതിയ പദ്ധതിയെ ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം സ്വാഗതം ചെയ്യുന്നുണ്ടെന്നും, ഇത് മിഡിൽ ഈസ്റ്റിനെ സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുമെന്നും വാൻസ് അവകാശപ്പെട്ടു.

Show Full Article
TAGS:US Vice President JD Vance US Iran peace deal Israel ceasefire uranium enrichment IAEA 
News Summary - VP Vance confident that Israel will join Iran agreement 'further down the road'
Next Story