പശ്ചിമേഷ്യ: നയതന്ത്ര നീക്കം സജീവം; ധിറുതിവേണ്ടെന്ന് ട്രംപ്
text_fieldsതെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ സജീവമായി പുരോഗമിക്കുമ്പോഴും അനാവശ്യ ധിറുതി വേണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന ചർച്ചകളിൽ യു.എസ് പ്രതിനിധികൾ അതിജാഗ്രത പുലർത്തണമെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തിൽ കുറിച്ചു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടക്കുന്ന ചർച്ചകളിൽ ഒരുവിധ പിഴവുകളും സംഭവിക്കരുതെന്നും ധിറുതിപിടിച്ച് ഒരു കരാറിലും ഒപ്പുവെക്കേണ്ടതില്ലെന്നും ട്രംപ് നിർദേശം നൽകി.
ഇറാനെ ഒരു തരത്തിലും ആണവായുധങ്ങൾ വികസിപ്പിക്കാനോ സ്വന്തമാക്കാനോ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സമാധാന ചർച്ചകൾ വളരെ കൃത്യതയോടെയും പിഴവുകളില്ലാതെയും മുന്നോട്ടു കൊണ്ടുപോകണമെന്നും ഓർമിപ്പിച്ചു. ‘‘ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യണം. ഇതിൽ ഒരുവിധ തെറ്റുകളും സംഭവിക്കാൻ പാടില്ല’’-ട്രംപ് കുറിപ്പിൽ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ അന്തിമ ഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ട്രംപിന്റെ പ്രതികരണം. കരാറിൽ ധാരണയായിട്ടുണ്ടെങ്കിലും ചില പോയന്റുകളിൽ തീരുമാനമാകുംവരെ ഒപ്പുവെക്കേണ്ടതില്ലെന്നാണ് യു.എസ് തീരുമാനം. അതുവരെയും ഹുർമുസിലെ നാവിക ഉപരോധം തുടരുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസം ധാരണയായ വ്യവസ്ഥകളിൽ 60 ദിവസത്തെ വെടിനിർത്തൽ കരാറിനുള്ള നയതന്ത്ര നീക്കങ്ങൾ ഇറാൻ സജീവമാക്കി.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി തിങ്കളാഴ്ച ദോഹയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായിട്ടാണ്. ഇറാനെ പിന്തുണക്കുന്ന റഷ്യയും ചൈനയും നയതന്ത്ര നീക്കങ്ങൾ തുടരുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ ബഹ്റൈൻ രാജാവുമായും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പാക് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ മധ്യസ്ഥ സ്ഥാനത്തുള്ള രാജ്യങ്ങളാണ് പാകിസ്താനും ബഹ്റൈനും.
ഉടക്കിട്ട് നെതന്യാഹു
യു.എസ്-ഇറാൻ സമാധാന കരാർ യാഥാർഥ്യമാകുക എന്നത് സമയത്തിന്റെ മാത്രം പ്രശ്നമായിരിക്കെ, വിഷയത്തിൽ ഉടക്കിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇറാനുമായുള്ള ഏതൊരു അന്തിമ കരാറും ആ രാജ്യം ഉയർത്തുന്ന ആണവഭീഷണി പൂർണമായും ഇല്ലാതാക്കുന്നതാകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ട്രംപുമായി കഴിഞ്ഞദിവസം നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് നെതന്യാഹുവിന്റെ ആവശ്യം. ഇക്കാര്യം ട്രംപ് അംഗീകരിച്ചതോടെയാണ് കരാറിൽ ഒപ്പുവെക്കുന്നതിന് യു.എസ് സാവകാശം തേടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശാലകൾ പൂർണമായും പൊളിച്ചുനീക്കണമെന്നും സമ്പുഷ്ടീകരിച്ച ആണവവസ്തുക്കൾ ഇറാനിൽനിന്ന് മാറ്റണമെന്നുമാണ് ഇസ്രായേലിന്റെ ആവശ്യം. ഇതിനോട് ട്രംപ് അനുകൂലമായിട്ടാണ് പ്രതികരിച്ചത്.


