മരണം വന്നുവിളിക്കുമ്പോൾ രക്തസാക്ഷിയുടെ മനസിലെന്താകും ? -ഖാലിദ് നബ്ഹാന്‍റെ സ്വപ്നം യാസിർ ഖാദി പറയുമ്പോൾ
text_fieldsഖാലിദ് നബ്ഹാൻ പേരക്കുട്ടി റീമിനൊപ്പം
രക്തസാക്ഷിത്വം വരിക്കുന്നതിന് തൊട്ടുമുമ്പ് ഖാലിദ് നബ്ഹാന്‍റെ മനസിലെന്തായിരുന്നിരിക്കും. തന്‍റെ ‘ജീവന്‍റെ ജീവൻ’ എന്ന് വിശേഷിപ്പിച്ച പേരക്കുട്ടിയുടെ മുഖമാണോ, അതോ ഇസ്രയേൽ തകർത്തെറിഞ്ഞ സ്വന്തം നാടോ? അതോ മറ്റെന്തെങ്കിലുമോ?
മറന്നുപോയോ ‘അബു ദിയാ’ എന്ന വിളിപ്പേരുള്ള ഖാലിദ് നബ്ഹാനെ? ‘ഗസ്സയിലെ മുത്തശ്ശൻ’എന്ന് ലോകം വിശേഷിപ്പിച്ച ആ വൃദ്ധൻ മരിച്ചിട്ട് ഒമ്പതുമാസം കഴിഞ്ഞിരിക്കുന്നു. തലയിലും തറയിലും വെക്കാതെ കൊണ്ടുനടന്ന പേരക്കുട്ടിയെ ഇസ്രയേൽ പട്ടാളം ബോംബിട്ട് കൊന്നത് കണ്ട് വിതുമ്പിയ നബ്ഹാന്‍റെ വീഡിയോ ലോകത്തിന്‍റെ ഹൃദയം ഉലച്ചിരുന്നു. 2023 നവംബറിലാണ് നബ്ഹാന്‍റെ പേരക്കുട്ടികളായ മൂന്നുവയസുകാരി റീമും അഞ്ചുവയസുള്ള താരിഖും കൊല്ലപ്പെടുന്നത്. വല്ലാത്തൊരു ആത്മബന്ധമായിരുന്നു റീമും നബ്ഹാനും തമ്മിൽ.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന നബ്ഹാന്‍റെ പോസ്റ്റുകളെല്ലാം റീമുമായുള്ള കളിചിരികളായിരുന്നു. ഒടുവിൽ മരിച്ചുകിടക്കുന്ന റീമിന്‍റെ ശരീരം കൈകളിലെടുത്ത് അവളോട് സംസാരിക്കുകയും എന്നേക്കുമായി അടഞ്ഞ കണ്ണുകളിൽ ചുംബിക്കുകയും ചെയ്യുന്ന നബ്ഹാൻ അന്താരാഷ്ട്ര വാർത്തയായി. ഇസ്രയേലിന്‍റെ മനുഷ്യത്വ രഹിതമായ ബോംബിങിന്‍റെ പ്രതീകമായി ആ ചിത്രങ്ങൾ ലോകമെങ്ങും പ്രചരിച്ചു. ആഗോള മാധ്യമങ്ങൾ നബ്ഹാന്‍റെ വേദന പ്രേക്ഷകരെ കാട്ടി. വേദനയിലാണ്ട നബ്ഹാൻ അങ്ങനെ താൻ പോലുമറിയാതെ, ആഗ്രഹിക്കാതെ സെലിബ്രിറ്റിയായി മാറി.
പക്ഷേ, ചെറുമകളുടെ മരണത്തോടെ നബ്ഹാൻ ആകെ മാറി. കളിചിരിയൊക്കെ എങ്ങോ പോയ് മറഞ്ഞു. മുഖം സദാ മ്ലാനമായി. ഗസ്സയിൽ തോട്ടക്കാരനായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് അപ്പോഴേക്കും ജോലി നഷ്ടപ്പെട്ടിരുന്നു. തീമഴ പെയ്യുന്ന ഭൂമിയിൽ എന്ത് തോട്ടം? തന്‍റെ നഷ്ടങ്ങളുടെ വേദന മറക്കാൻ അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകി. അല്ലെങ്കിലും, ഓരോ മണിക്കൂറിലും മിനിറ്റിലും വ്യോമാക്രമണങ്ങൾ സംഭവിക്കുന്ന ഗസ്സയിൽ ആർക്കാണ് വെറുതെയിരിക്കാനാകുക? എല്ലാം മറന്ന് അദ്ദേഹം ഓടി നടന്നു. പതിയെപ്പതിയെ വിഷാദം ബാധിച്ചു. ഒടുവിൽ, ചെറുമകളുടെ മരണത്തിന് 13 മാസത്തിന് ശേഷം മരണം അദ്ദേഹത്തെയും തേടി വന്നു. 2024 ഡിസംബർ 14 ന് മധ്യഗസ്സയിലെ നുസൈറത്ത് ക്യാമ്പിലുണ്ടായ ബോംബിങിൽ ഖാലിദ് നബ്ഹാൻ രക്തസാക്ഷിയായി.
മരണത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് ലോക പ്രശസ്ത മത പണ്ഡിതനും ഗ്രന്ഥകാരനും യു.എസ് ടെക്സാസിലുള്ള ഈസ്റ്റ് പ്ലേനോ ഇസ്ലാമിക് സെന്‍റർ (എപിക്) റെസിഡന്‍റ് സ്കോളറുമായ യാസിർ ഖാദി അദ്ദേഹവുമായി വീഡിയോ സംഭാഷണം നടത്തിയിരുന്നു. രണ്ടു തവണയാണ് ഇരുവരും സോഷ്യൽ മീഡിയ വഴി വീഡിയോ സംഭാഷണം നടത്തിയത്. അതിൽ ഒരെണ്ണത്തിന്‍റെ ചെറിയ ഭാഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പുറത്തുവരാത്ത സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം യാസിർ ഖാദി തന്‍റെ പ്രതിവാര പ്രഭാഷണത്തിൽ പങ്കുവെച്ചു. അതിൽ, ഖാലിദ് നബ്ഹാന്‍റെ അവസാന ദിവസങ്ങളിലെ ചിന്തകളെന്തായിരുന്നുവെന്ന സൂചന ലഭിക്കും.
‘എപിക്’ നടത്താനിരുന്ന ഒരു വലിയ സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കാനാണ് യാസിർ ഖാദി, ഖാലിദ് നബ്ഹാനെ ക്ഷണിച്ചത്. പക്ഷേ, അദ്ദേഹം പല ഒഴിവുകഴിവുകളും പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. ‘മറ്റാരെയെങ്കിലും വിളിക്കൂ’ എന്നൊക്കെ പറഞ്ഞ് ക്ഷണത്തിന് തടയിട്ടുകൊണ്ടേയിരുന്നു. യാസിർ ഖാദി അദ്ദേഹത്തോട് കേണപേക്ഷിച്ചു. ‘‘ ശൈഖ്, ദയവായി, ദയവായി പങ്കെടുക്കൂ. എനിക്ക് അങ്ങയുടെ സാന്നിധ്യം നിശ്ചയമായും വേണം’’. പക്ഷേ, നബ്ഹാൻ വിനയപൂർവം ഒഴിഞ്ഞു. യാസിർ ഖാദിയുടെ നിർബന്ധം കൂടിയപ്പോൾ ഒടുവിൽ അദ്ദേഹം ഒരു മെസേജ് അയച്ചു: ‘‘സർവേശ്വരനെ കാണുന്നതിന് അപ്പുറത്ത് ഒരു ആഗ്രഹവും ഒരു താൽപര്യവും എനിക്കിപ്പോളില്ല. യാസിർ, നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും ഞാൻ മതിക്കുന്നു. അതിന് ഈശ്വരന്‍റെ അനുഗ്രഹം അങ്ങേക്ക് ഉണ്ടാകട്ടെ. പക്ഷേ, എനിക്ക് എത്രയും വേഗം മടങ്ങണം. എന്‍റെ ചെറുമക്കളെ കാണണം’’. അദ്ദേഹത്തിന്‍റെ പ്രാർഥന ഈശ്വരൻ കേട്ടു. ദിവസങ്ങൾക്കുള്ളിൽ നുസൈറത്ത് ക്യാമ്പിന് മുകളിൽ ആ മിസൈൽ പതിച്ചു.