Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎന്താണ് യഥാർഥത്തിൽ...

എന്താണ് യഥാർഥത്തിൽ സുഡാനിൽ സംഭവിക്കുന്നത്? ആരാണു പിന്നിൽ?

text_fields
bookmark_border
എന്താണ് യഥാർഥത്തിൽ സുഡാനിൽ സംഭവിക്കുന്നത്? ആരാണു പിന്നിൽ?
cancel
camera_alt

ആർ‌.എസ്‌.എഫ് ഏറ്റെടുത്തശേഷം നോർത്ത് ദാർഫുറിലെ കുടിയിറക്കപ്പെട്ട ആളുകൾക്കായി നിർമിച്ച സംസം ക്യാമ്പിലെ അഭയ കേന്ദ്രങ്ങൾ കത്തുന്നതി​ന്റെ ഉപഗ്രഹ ചിത്രം


ങ്ങൾ എന്തിനാണ് കൂട്ടക്കൊല ചെയ്യപ്പെടുന്നതെന്നും ആട്ടിപ്പായിക്ക​പ്പെടുന്നതെന്നും പട്ടിണിക്കിട്ട് കൊല്ലപ്പെടുന്നതെന്നും സുഡാനിലെ കുട്ടികൾക്കോ സ്ത്രീകൾക്കോ അറിയില്ല. അവർ കാണുന്നത് സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നതും ​കൊന്നു തള്ളുന്നതും വീടുകൾ കത്തിച്ചാമ്പലക്കുന്നതുമാണ്.

സ്വന്തം കൂട്ടരെ അവർ തന്നെ കൊന്നൊടുക്കുന്നുവെന്നാണ് പുറംലോകത്തി​ന്റെയും ഭാഷ്യം. എന്നാൽ, ആയുധങ്ങൾ കയ്യിലേന്തുന്നവർക്കുള്ള വഴികൾ നിർണിതമാണ്. അവർ ബാഹ്യ ശത്രുവിനുവേണ്ടി കൃത്യമായ പണിയെടുക്കുന്നുവെന്ന സൂചനയാണ് പുതിയ റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്.

രാജ്യം ഇപ്പോൾ സുഡാൻ സൈന്യമായ എസ്‌.എ‌.എഫ് നിയന്ത്രിത കിഴക്കും, വിമത സേനയായ ആർ‌.എസ്‌.എഫ് നിയന്ത്രിത പടിഞ്ഞാറും ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. പടിഞ്ഞാറൻ സുഡാനിലെ ഒരു പ്രധാന സംസ്ഥാനമായ ദാർഫുറിന്റെ തലസ്ഥാനമായ എൽ ഫാഷർ നഗരം വിമത സൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് പിടിച്ചെടുത്തതിനുശേഷം ആയിരക്കണക്കിന് ആളുകൾ കൂട്ടക്കൊലക്കിരയാക്കപ്പെടുന്നുവെന്ന ഭയാനകമായ റി​പ്പോർട്ടുകൾ ആണ് വരുന്നത്.

രണ്ടു വർഷത്തോളം നീണ്ട ആർ‌.എസ്‌.എഫ് ഉപരോധത്തിനു ശേഷം ഞായറാഴ്ച എൽ ഫാഷർ വീണു. തുടർന്ന് വിമതസൈന്യം അതിനകത്ത് കുടുങ്ങിയ ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്ന വഴികൾ അടച്ചു. ഇത് കഠിനമായ പട്ടിണിയും മരണങ്ങളും കൂട്ടക്കൊലകളും സംബന്ധിച്ച ആശങ്കയേറ്റിയിരിക്കുകയാണ്.

എൽ ഫാഷറിൽ എന്താണ് സംഭവിച്ചത്?

കഴിഞ്ഞ രണ്ടര വർഷമായി ആഭ്യന്തരയുദ്ധത്തിൽ വലയുകയാണ് സുഡാൻ. ഇക്കാലയളവിൽ 40,000ത്തോളം പേർ കൊല്ലപ്പെടുകയും 1.2 കോടി ആളുകൾ സ്വന്തം സ്ഥലങ്ങളിൽ നിന്ന് കുടിയിറക്കപ്പെടുകയും ചെയ്തുവെന്നാണ് യു.എൻ കണക്ക്.

12 ലക്ഷത്തോളം സുഡാനികൾ താമസിക്കുന്ന എൽ ഫാഷർ നഗരത്തെ 18 മാസമായി ഉപരോധിച്ചു വരികയാണ് വിമത സായുധ സേനയായ ആർ‌.എസ്‌.എഫ്. 56 കിലോമീറ്റർ ദൂരപരിധിയിൽ തടസ്സങ്ങൾ നിർമിച്ച് ഭക്ഷണത്തിന്റെയും മരുന്നിന്റെയും പ്രവേശനം തടയുകയും രക്ഷപ്പെടാനുള്ള വഴികൾ അടക്കുകയും ചെയ്തു അവർ.

രണ്ട് ദിവസത്തിനുള്ളിൽ 26,000ത്തിലധികം ആളുകളാണ് എൽ ഫാഷറിൽ നിന്ന് പലായനം ചെയ്തത്. അവരിൽ ഭൂരിഭാഗവും കാൽനടയായി 70 കിലോമീറ്റർ പടിഞ്ഞാറുള്ള തവിലയിലേക്കാണ് പോയത്. തവിലയാവട്ടെ അഭയാർഥികളെ താങ്ങാനാവാതെ നിറഞ്ഞുകവിയുകയാണ്. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കു പ്രകാരം, 17,7000 സിവിലിയന്മാർ നിലവിൽ എൽ ഫാഷറിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

‘അൽ ജസീറ’ ഓൺലൈനിൽ പങ്കിട്ട വിഡിയോകളിൽ ആർ‌.എസ്‌.എഫ് സേന ആളുകളെ വധിക്കുന്നതും ക്രൂരമായി പീഡനത്തിനിരയാക്കുന്നതും കാണിക്കുന്നു. ജീവനുംകൊണ്ട് പലായനം ചെയ്യുന്നവരെപോലും നിർദാക്ഷ്യണ്യം വധിക്കുന്നുവെന്നും കൊലപാതകങ്ങൾക്ക് വംശീയമായ പ്രേരണകളുടെ സൂചനകൾ ഉണ്ടെന്നും യു.എൻ മനുഷ്യാവകാശ ഓഫിസ് പുറത്തുവിട്ടു. ഉപഗ്രഹ ചിത്രങ്ങളും റിമോട്ട് സെൻസിങ് ഡാറ്റയും ഉപയോഗിച്ച് ‘യേൽ ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബ്’ നടത്തിയ വിശകലനം കൂട്ടക്കൊലകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

ഒക്ടോബർ 25ന് ആർ‌.എസ്‌.എഫ് നിയന്ത്രണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ച അയൽ സംസ്ഥാനമായ നോർത്ത് കോർദോഫാൻ സംസ്ഥാനത്തെ ബാരയിലും അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അവിടെയും അവർ സാധാരണക്കാരെയും മാനുഷിക പ്രവർത്തകരെയും ആക്രമിക്കുന്നു. നിലവിൽ സുഡാൻ സെന്യമായ എസ്‌.എ‌.എഫിന്റെ നിയന്ത്രണത്തിലുള്ളതും എന്നാൽ ആർ‌.എസ്‌.എഫ് പിടിച്ചെടുക്കാൻ മുന്നേറുന്നതുമായ തന്ത്രപ്രധാന നഗരമായ എൽ ഒബൈദിനു സമീപമാണ് ബാര.

എവിടെയാണ് എൽ ഫാഷറും എൽ ഒബൈദും? അവ എന്തുകൊണ്ടാണ് പ്രധാനമാവുന്നത്​?

പടിഞ്ഞാറൻ സുഡാനിൽ സ്ഥിതിചെയ്യുന്ന പ്രധാന നഗരങ്ങളാണ് ഇവ രണ്ടും. അവയിപ്പോൾ മുഖ്യ യുദ്ധക്കളങ്ങളായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ആർ.‌എസ്‌.എഫ് ഇതിനകം ആഴത്തിൽ വേരൂന്നിക്കഴിഞ്ഞു. അവിടെ ആർ‌.എസ്‌.എഫിന് കീഴടങ്ങാത്ത ദാർഫുറിലെ അവസാനത്തെ പ്രധാന നഗരമായിരുന്നു എൽ ഫാഷർ. ഈ ആഴ്ച അതും പിടിച്ചെടുത്തതോടെയാണ് രാജ്യം ആർ‌.എസ്‌.എഫ് നിയന്ത്രിത പടിഞ്ഞാറും എസ്‌.എ‌.എഫ് നിയന്ത്രിത കിഴക്കും ആയി വിഭജിക്കപ്പെട്ടത്. ആർ‌.എസ്‌എഫ് ദാർഫുറിലുടനീളം സമാന്തര സർക്കാർ പ്രഖ്യാപിച്ചു. അതേസമയം, കിഴക്കൻ, മധ്യ, വടക്കൻ ശക്തി കേന്ദ്രങ്ങളിലാണ് സുഡാനീസ് സൈന്യമിപ്പോൾ.

സുഡാന്റെ സ്വർണത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ദാർഫുർ മേഖല. എൽ ഫാഷർ പിടിച്ചെടുത്തതോടെ ചാഡ്, ലിബിയ, ദക്ഷിണ സുഡാൻ രാജ്യങ്ങളിലെ തന്ത്രപരമായതും വിശാലവുമായ അതിർത്തി പ്രദേശത്തിന്റെ മുഴുവൻ നിയന്ത്രണവും ആർ‌.എസ്‌.എഫിന് ലഭിച്ചുകഴിഞ്ഞു. ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പൊളിറ്റിക്കൽ സ്റ്റഡീസിന്റെ 2024ലെ ഒരു റിപ്പോർട്ടനുസരിച്ച്, സുഡാനിലെ സ്വർണത്തിനായുള്ള പോരാട്ടം യുദ്ധത്തിന്റെ ഒരു പ്രേരകശക്തിയാണെന്ന് സൂചിപ്പിക്കുന്നു.

ദാർഫുറിനടുത്തുള്ള നോർത്ത് കോർദോഫാൻ സംസ്ഥാനത്തിന്റെ എണ്ണ സമ്പന്നമായ തലസ്ഥാനമാണ് അൽ ഒബൈദ്. ഇത് ദാർഫുറിനും സുഡാൻ തലസ്ഥാനമായ ഖാർത്തൂമിനും ഇടയിലെ തന്ത്രപരമായ കണ്ണിയാണ്. നിലവിൽ എസ്.എ.എഫിന്റെ നിയന്ത്രണത്തിലുള്ള എൽ ഒബൈദിനെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ് വിമത സൈന്യം. അങ്ങനെയെങ്കിൽ ഖാർത്തൂം ബേസിനും വിമത ​സൈസന്യത്തിന്റെ പ്രദേശത്തിനും ഇടയിലുള്ള ഈ നിർണായക കേന്ദ്രം സുഡാൻ സൈന്യത്തിന്റെ കയ്യിൽ നിന്നും പോവുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.

ഒക്ടോബർ 25ന് എൽ ഒബൈദിൽ നിന്ന് വെറും 59 കിലോമീറ്റർ മാത്രം അകലെയുള്ള ബാര പിടിച്ചെടുത്തതായി ആർ.‌എസ്‌.എഫ് പ്രഖ്യാപിച്ചതോടെ ഇതിനുള്ള സാധ്യത ഏറിയിരിക്കുയാണ്. ബാരയിൽ നിന്നും എൽ ഒബൈദിനെതിരെ ആക്രമണം അഴിച്ചുവിടുകയും അതിനെ ഉപരോധിക്കാൻ ശ്രമിക്കുകയും ചെയ്ത് ആർ.എസ്.ഫ് ഇവിടേക്ക് കൂടുതൽ അടുക്കുന്നതായാണ് റി​​​പ്പോർട്ട്.

ആരാണ് ആർ‌.എസ്‌.എഫ്? അവരിപ്പോൾ ആർക്കു​വേണ്ടി പ്രവർത്തിക്കുന്നു?

കഴിഞ്ഞ ഏപ്രിൽ 11ന്, അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് സുഡാനിലെ നോർത്ത് ദർഫുറിലെ സംസം ഡിസ്‌പ്ലേസ്‌മെന്റ് ക്യാമ്പിലേക്ക് ഇരച്ചുകയറി കുടിലുകളും കടകളും കത്തിച്ചു. ഡോക്ടർമാരെയടക്കം വധിച്ചു. പലായനം ചെയ്യാൻ ശ്രമിച്ച സാധാരണക്കാർക്കു നേരെ വെടിയുതിർത്തു. അതിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ കുറഞ്ഞത് 500 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകളെ നിർബന്ധിതമായി കുടിയിറക്കുകയും ചെയ്തു. ഒരു സൈനിക ബാരക്കാണെന്നാണ് അതിനുമുമ്പ് ഇവർ സംസമിനെക്കുറിച്ച് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, ആർ‌.എസ്‌.എഫ് ഉപദേഷ്ടാവ് അലി മുസബെൽ തന്റെ അവകാശവാദത്തിന് തെളിവ് നൽകിയി​ട്ടില്ലെന്ന് അൽ ജസീറ ചൂണ്ടിക്കാട്ടുന്നു.

സംസമിനെ ഒരു സൈനിക മേഖലയായി മുദ്രകുത്തുന്നതിലൂടെ ഗസ്സ മുനമ്പിലെ ആശുപത്രികളിലും സ്കൂളുകളിലും ബോംബാക്രമണം ന്യായീകരിക്കാൻ ഇസ്രായേലിന്റെ അതേ മാതൃക പ്രയോഗിക്കാൻ ആർ‌.എസ്‌.എഫ് ശ്രമിക്കുകയാണെന്ന് സുഡാനിലെ മനുഷ്യാവകാശ അഭിഭാഷകനായ റിഫാത്ത് മകാവി പറയുന്നത്. ഇത് യാദൃച്ഛികമല്ലെന്നും പോരാളികളായോ യുദ്ധോപകരണങ്ങളായോ ആയി മുദ്രകുത്തി സാധാരണക്കാരുടെ നിയമപരമായ സംരക്ഷണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ബോധപൂർവമായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

വംശഹത്യക്കുള്ള മാതൃക എവിടെനിന്ന്?

സുഡാനിലെ ആഭ്യന്തരയുദ്ധത്തിലുടനീളം, യുദ്ധസമയത്ത് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിയമ ചട്ടക്കൂടായ അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ നിന്നുള്ള പദപ്രയോഗങ്ങൾ ക്രൂരതകൾ നടത്താൻ ആർ.എസ്.എഫ് തിരിച്ചു പ്രയോഗിച്ചു.

ഫലസ്തീനികളെ കൊല്ലുന്നതിനും അടിച്ചമർത്തുന്നതിനുമെതിരിലുള്ള വിമർശനങ്ങളെ ചെറുക്കാൻ വർഷങ്ങളായി ഇസ്രായേൽ ഈ രീതി ഉപയോഗിച്ചിരുന്നുവെന്ന് നിയമ വിദഗ്ധർ പറയുന്നു. 2023 ഒക്ടോബർ 7ന് ഗസ്സയിൽ വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം അത് ഇരട്ടിയായി.

ഗസ്സയിലെ ആശുപത്രികൾ ഹമാസിന്റെ ‘നിയന്ത്രണ-ആജ്ഞാ കേന്ദ്രങ്ങൾ’ ആണെന്ന് അവകാശവാദമുന്നയിച്ചാണ് ഇസ്രായേൽ തകർത്തത്. സംരക്ഷിക്കപ്പെടേണ്ട ആരോഗ്യ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനെ ന്യായീകരിക്കാൻ ഇതിലൂടെ അവർ ശ്രമിക്കുന്നു. സിവിലിയന്മാർക്കെതിരായ മനഃപൂർവവുമായ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിന് ഹമാസ് അവർക്കിടയിൽ ഒളിച്ചിരിക്കുന്നുവെന്നും അവരെ ‘മനുഷ്യ കവചങ്ങളായി’ ഉപയോഗിക്കുന്നുവെന്നുമാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.

കൂടാതെ, സിവിലിയന്മാരെ കൂട്ടത്തോടെ പുറത്താക്കുന്നതിനെ അവർ ‘മാനുഷിക ഒഴിപ്പിക്കലുകളായി’ മുദ്രകുത്തുകയും, ആളുകൾക്ക് അവരുടെ മുഴുവൻ ജീവിതവും രണ്ടു കൈകളിലേക്കെടുത്ത് ബോംബുകളിൽ നിന്ന് രക്ഷപ്പെടാൻ ഏതാനും മണിക്കൂറുകൾ നൽകുകയും അതിനിടയിൽ കൊന്നു തള്ളുകയും ചെയ്യുന്നു.

ആർ‌.എസ്‌.എഫ് ഇസ്രായേലിന്റെ ഇ​തേ തന്ത്രം കൂടുതലായി സ്വീകരിക്കുന്നുവെന്ന് പ്രാദേശിക നിരീക്ഷകരും നിയമ വിദഗ്ധരും പറയുന്നു. ‘സുഡാനിൽ ആർ‌.എസ്‌.എഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ ഗസ്സയിൽ ഇസ്രായേൽ ഉന്നയിക്കുന്ന അവകാശവാദങ്ങളുമായി സാമ്യമുള്ളതാണ്. കൂട്ടക്കൊലക്കും വംശഹത്യക്കും ഒരേ ഉറവിടത്തിന്റെ ആവിർഭാവത്തെ ഇത് വെളിപ്പെടുത്തുന്നു’വെന്ന് നോട്ടിംഗ്ഹാം ലോ സ്കൂളിലെ സീനിയർ ലക്ചറർ ലൂയിജി ഡാനിയേൽ പറഞ്ഞു.

ഇസ്രായേലിന്റെ ചരക്കുപാതക്കുള്ള കളമൊരുക്കൽ?

ഇതിനു പുറമെ, മറ്റു ചില സൂചനകൾ കൂടി റി​​പ്പോർട്ടുകൾ നൽകുന്നു. യമനിലെ ഹൂതികളുടെ ഉപരോധം ചെങ്കടലിലെ ഇസ്രായേലിന്റെ കപ്പൽ പാതകളെ ഞെരുക്കുന്നത് തുടരുന്ന സാഹചര്യത്തിൽ സുഡാനിലെ തുറമുഖം ഇസ്രായേലിലേക്കുള്ള ചരക്കുകളുടെ ഒരു പ്രധാന പാതയായി മാറിയിരിക്കുന്നു എന്നതാണത്. ഹൂതി നേതാവ് അൻസാറുല്ലയുടെ ഉപരോധം മറികടന്ന് തെക്കൻ ഇസ്രായേലിലെ തുറമുഖമായ എയ്‍ലാത്തിലേക്ക് കപ്പലുകൾക്ക് പോവാൻ സുഡാൻ തുറമുഖം ഉപയോഗിച്ചുവരുന്നു.

ഗസ്സയിൽ വംശഹത്യ ആരംഭിച്ചതുമുതൽ, ഇസ്രായേലും അതിന്റെ പങ്കാളികളും വ്യാപാര- ഊർജ കയറ്റുമതി നിലനിർത്താൻ ചെങ്കടലിന്റെ സമീപമുള്ള കര ഇടനാഴികളെയും ബദൽ തുറമുഖങ്ങളെയും ആശ്രയിച്ചിരുന്നു. ഗസ്സക്കുവേണ്ടി പ്രതിരോധമൊരുക്കാൻ യമൻ അടച്ചുപൂട്ടിയ സംവിധാനങ്ങൾ രാഷ്ട്രീയ ലാഭത്തിനും ആനുകൂല്യത്തിനും വേണ്ടി സുഡാനിലെ ജനറൽമാർ വീണ്ടും തുറന്നു നൽകിയെന്ന റിപ്പോർട്ടും പുറത്തുവരുന്നു.

‘ജൻ‌ജവീദി’ൽ നിന്ന് മനുഷ്യാവകാശ സംരക്ഷകരിലേക്ക്

ദാർഫുറിലെ നാടോടികളായ അറബ് മിലിഷ്യകളിൽ നിന്നാണ് ആർ.‌എസ്‌.എഫ് ഉയർന്നുവന്നത്. അവർ ചെയ്ത എണ്ണമറ്റ അതിക്രമങ്ങളുടെ പേരിൽ ‘ജൻ‌ജവീദ്’ (കുതിരപ്പുറത്ത് കയറുന്ന പിശാചുക്കൾ) എന്നറിയപ്പെട്ടു. അവരുടെ ക്രൂരതയിൽ സകലരും ഭയപ്പെട്ടു.

2013ൽ, പ്രസിഡന്റ് ഒമർ അൽ ബഷീർ ജൻജവീദിനെ 100,000ത്തോളം അംഗങ്ങളുള്ള ആർ‌.എസ്‌.എഫ് ആയി ഔപചാരികമാക്കി. തുടർന്ന്, 2017ലെ നിയമത്തിലൂടെ സ്വതന്ത്ര സുരക്ഷാ സേന എന്ന നിലയിൽ അതിന് കൂടുതൽ അധികാരം നൽകി.

2019 ലെ ജനകീയ പ്രക്ഷോഭത്തിനിടെ അൽ ബഷീറിനെ അട്ടിമറിക്കാൻ ആർ‌.എസ്‌.എഫ് സഹായിച്ചു. അട്ടിമറിക്ക് തൊട്ടുപിന്നാലെ, മനുഷ്യാവകാശ പരിശീലനം നേടുന്നതിനായി ആർ‌.എസ്‌.എഫ് ഇന്റർനാഷണൽ കമ്മിറ്റി ഫോർ റെഡ് ക്രോസ് യുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. തുടർന്ന് 2021ൽ, സിവിലിയൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിനെ അട്ടിമറിക്കാൻ എസ്‌.എ‌.എഫുമായി സഖ്യമുണ്ടാക്കി. അങ്ങനെ സിവിലിയൻ സർക്കാറിനെയും അവസാനിപ്പിച്ചു. 2021 വരെ സുഡാൻ സൈന്യമായ എസ്.എ.എഫും ആർ.എസ്.എഫും അടുത്ത സഖ്യത്തിലായിരുന്നു.

സുഡാനിലെ സംഘർഷം എങ്ങനെയാണ് ആരംഭിച്ചത്?

എന്നാൽ, ആര് രാജ്യത്തെ നയിക്കും എന്നതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ സംഘർഷം വളർന്നു. ഇത് 2023 ഏപ്രിൽ 15 ന് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടാൻ കാരണമായി. സംഘർഷത്തിൽ ഇരുവിഭാഗവും അതിക്രമങ്ങൾ നടത്തിയതായി അവകാശ സംഘടനകൾ ആരോപിച്ചു. എന്നാൽ, ആർ‌.എസ്‌.എഫ് പിടിച്ചെടുക്കുന്ന ഏത് സ്ഥലത്തും കൂടുതൽ കൂട്ടക്കൊലകൾ നടക്കാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു.

എസ്‌.എ‌.എഫിന്റെ കമാൻഡറും രാജ്യത്തിന്റെ ഔദ്യോഗിക നേതാവുമായ ജനറൽ അബ്ദുൽ ഫത്തഹ് അൽ ബുർഹാൻ, ആർ‌.എസ്‌.എഫിന്റെ വ്യവസ്ഥാപിതമായ നശീകരണവും സിവിലിയൻ കൂട്ടക്കൊലയും ഒഴിവാക്കാനാണ് എൽ ഫാഷറിൽ നിന്ന് തന്റെ സൈന്യം പിൻവാങ്ങിയതെന്ന് പ്രഖ്യാപിച്ചു. ജനങ്ങൾക്കെതിരെ നടത്തിയ അതിക്രമങ്ങൾക്ക് പ്രതികാരം ചെയ്യുമെന്നും അ​ദ്ദേഹം പറഞ്ഞു. ആർ‌.എസ്‌.എഫിനെതിരെ നടപടിയെടുക്കാത്തതിന് അന്താരാഷ്ട്ര സമൂഹത്തെ കുറ്റപ്പെടുത്തി വിദേശകാര്യ മന്ത്രി ഹുസൈൻ അൽ അമീനും രംഗത്തുവന്നിരിക്കുകയാണ്.

Show Full Article
TAGS:sudan war Massacre in el Fasher Sudan Genocide israel-sudan 
News Summary - What is really happening in Sudan? Who is behind it?
Next Story