ട്രംപിന്‍റെ സമാധാന സമിതി യു.എന്നിന് പകരമാകുമോ?
text_fieldsദാവോസ്: ഗസ്സ ഭരണ മേൽനോട്ടത്തിനെന്ന പേരിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖരെ അംഗങ്ങളാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘സമാധാന സമിതി’ യു.എന്നിനെ വെട്ടാനെന്ന് ആശങ്ക. ഇതിനകം 35 രാജ്യങ്ങൾ പങ്കാളിത്തം പ്രഖ്യാപിക്കുകയും റഷ്യയടക്കം പ്രമുഖർ അംഗീകാരത്തിന് അരികെ നിൽക്കുകയും ചെയ്യുന്ന സമിതി ആഗോള വിഷയങ്ങളിൽ ഇടപെടാൻകൂടി ലക്ഷ്യമിട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
‘സമിതി രൂപവത്കരണം പൂർത്തിയാകുന്നതോടെ നാം ഉദ്ദേശിക്കുന്ന പലതും ചെയ്യാനാകും. യു.എന്നുമായി സഹകരിച്ച് അവ നാം ചെയ്യും’ എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. നിലവിൽ യു.എസ് ഒഴികെ യു.എൻ സ്ഥിരാംഗങ്ങളിൽ ഒരു രാജ്യവും ഇതിൽ അംഗത്വം പ്രഖ്യാപിച്ചിട്ടില്ല.
സ്ഥിരാംഗങ്ങളിൽ ഫ്രാൻസ് പൂർണമായി നിരസിച്ചപ്പോൾ ബ്രിട്ടൻ നിലവിൽ അംഗമാകാനില്ലെന്നാണ് തീരുമാനമെടുത്തത്. പഠിച്ചുവരികയാണെന്ന് റഷ്യ പറയുമ്പോൾ ചൈന ഒന്നും പ്രതികരിച്ചിട്ടില്ല. ഗസ്സ സമാധാന പദ്ധതിയെന്ന ട്രംപിന്റെ നീക്കത്തിന് യു.എൻ രക്ഷാസമിതി നേരത്തേ അംഗീകാരം നൽകിയതാണെങ്കിലും ഗസ്സ മാത്രമാണ് അധികാരപരിധിയെന്ന് യു.എൻ വക്താവ് റൊണാൾഡോ ഗോമസ് പറയുന്നു.
സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, തുർക്കിയ, ബെലറൂസ് തുടങ്ങി 35 രാജ്യങ്ങളാണ് നിലവിൽ സമിതിയിൽ അംഗത്വം പ്രഖ്യാപിച്ചത്. ട്രംപിന്റെ ഉറ്റസുഹൃത്തുക്കളായ ഇസ്രായേൽ, ഹംഗറി എന്നിവയും പങ്കാളികളാകുന്നുണ്ട്. സംഘർഷ മേഖലകളിൽ സ്ഥിരതയും സമാധാനവും കൊണ്ടുവരാൻ ഇടപെടുമെന്നാണ് സമിതി കരട് നിർദേശത്തിൽ പറയുന്നത്.
യു.എൻ ഉടമ്പടിയിൽ രക്ഷാസമിതിയെ പരമാധികാര സമിതിയാക്കുന്നുണ്ടെങ്കിൽ ഈ സമിതി അത്തരം അധികാരകേന്ദ്രങ്ങളെ കുറിച്ച് മിണ്ടുന്നില്ല. നിലവിൽ 60ഓളം രാജ്യങ്ങൾക്ക് ഇതിന്റെ ഭാഗമാകാൻ വൈറ്റ്ഹൗസിൽനിന്ന് നിർദേശം ലഭിച്ചിട്ടുണ്ട്. സ്ഥിരാംഗത്വം ലഭിക്കാൻ 100 കോടി ഡോളർ സംഭാവന നൽകണമെന്നാണ് ചട്ടം.


