പെൺപടയെ കൂട്ടി ന്യൂയോർക് ഭരിക്കാൻ മംദാനി
text_fieldsസൊഹ്റാൻ മംദാനി
ന്യൂയോർക് സിറ്റി: പണമെറിഞ്ഞും പ്രചാരണം കൊഴുപ്പിച്ചും യു.എസ് പ്രസിഡന്റ് ട്രംപ് നേരിട്ടിറങ്ങിയ തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റ് പ്രതിനിധി സൊഹ്റാൻ മംദാനിക്കൊപ്പം ന്യൂയോർക് സിറ്റി ഭരിക്കാൻ പെൺപട. എറിക് ആദംസ്, ബ്ലൂംബർഗ് തുടങ്ങി മുൻ മേയർമാർക്കൊപ്പം കരുത്ത് തെളിയിച്ച മുൻനിര ഉദ്യോഗസ്ഥരും നേതാക്കളുമാണ് മംദാനി പ്രഖ്യാപിച്ച ഭരണനേതൃത്വത്തിലുള്ളത്. മൂന്ന് ലക്ഷം ഉദ്യോഗസ്ഥരുള്ള, 10,000 കോടി ഡോളറിന്റെ ബജറ്റ് കൈകാര്യംചെയ്യുന്ന ന്യൂയോർക് സിറ്റി സർക്കാറിന്റെ ഡയറക്ടറായി മെലാനി ഹാർട്സോഗാണ് എത്തുക. മംദാനിക്ക് തൊട്ടുതാഴെ ഡെപ്യൂട്ടി മേയറായും ഹാർട്സോഗാകും.
എറിക് ആദംസ് മേയറായിരിക്കെ ഡെപ്യൂട്ടി മേയറായിരുന്ന മരിയ ടോറസ് സ്പ്രിംഗർ, യുനൈറ്റഡ് വേ ഓഫ് ന്യൂയോർക് സിറ്റി സി.ഇ.ഒ ഗ്രേസ് ബോനില, ഫെഡറൽ ട്രേഡ് കമീഷൻ മുൻ അധ്യക്ഷ ലിന ഖാൻ, പ്രമുഖ രാഷ്ട്രീയ നയവിദഗ്ധ എലാന ലിയോപോൾഡ് എന്നിവരും സംഘത്തിലുണ്ട്. അടുത്ത ജനുവരി ഒന്നിനാണ് ഇവരടങ്ങുന്ന പുതിയ സമിതി അധികാരമേറുക. പ്രഥമ ദക്ഷിണേഷ്യൻ വംശജനും മുസ്ലിമുമെന്ന ചരിത്രം കുറിച്ചാണ് മംദാനിയുടെ വിജയം. വിജയത്തിനു പിന്നാലെ സൗജന്യ ബസ് യാത്ര, ശിശു പരിരക്ഷ, സർക്കാർ നടത്തുന്ന ഗ്രോസറി സ്റ്റോറുകൾ, സാമൂഹ്യ സുരക്ഷ വകുപ്പ് സ്ഥാപിക്കൽ തുടങ്ങിയവയുടെ പ്രഖ്യാപനവും മംദാനി നടത്തിയിരുന്നു.
അതേസമയം, ഡെമോക്രാറ്റ് പ്രതിനിധിയായി വിജയിച്ച മംദാനിക്ക് മുന്നിൽ കടമ്പകളേറെയാണ്. ഫെഡറൽ ഫണ്ട് തടഞ്ഞുവെക്കുമെന്നതടക്കം ഭീഷണി ട്രംപ് ആവർത്തിച്ചിട്ടുണ്ട്. 740 കോടി ഡോളറാണ് 2026ൽ ഫെഡറൽ ഫണ്ടായി ന്യൂയോർക്കിന് ലഭിക്കേണ്ടത്. തുക പക്ഷേ, ന്യൂയോർക്കിന്റെ മൊത്തം ചെലവിന്റെ 6.4 ശതമാനമാണ്.
രാജ്യത്തുടനീളം ഡെമോക്രാറ്റുകൾ വിജയം നേടിയ ദിനത്തിലായിരുന്നു മംദാനിയുടെയും ഗംഭീര ജയം. ഗവർണർ പദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ന്യൂജഴ്സിയിൽ മികി ഷെറിലും വിർജീനിയയിൽ അബിഗെയ്ൽ സ്പാൻബെർഗറും വിജയം കണ്ടു. കാലിഫോർണിയയിൽ റിപ്പബ്ലിക്കൻ മേൽക്കോയ്മയുള്ള അഞ്ച് കോൺഗ്രസ് സീറ്റുകളിൽ ഡെമോക്രാറ്റുകൾക്ക് സാധ്യത നൽകുന്ന പരിഷ്കാരമായ ‘പ്രൊപോസിഷൻ 50’ക്ക് ജനഹിതം ലഭിച്ചതും ഇതേ ദിനത്തിലായിരുന്നു. മസാചൂസറ്റ്സിലെ സോമർവില്ലിൽ ഇസ്രായേലിന്റെ വംശവെറിക്ക് പിന്തുണ നൽകുന്ന കമ്പനികളുമായി വ്യാപാരം അവസാനിപ്പിക്കുന്ന കരാറിനും ജനം വോട്ടു നൽകി.


