
പെട്രോൾ വിലയും ലക്ഷദ്വീപും... പ്രതിഷേധങ്ങളിൽ രാജ്യം
text_fieldsഅണയാത്ത ജ്വാലയായി ധീരസൈനികർ
ഡിസംബർ എട്ട് രാവിലെ 11.48ന് കോയമ്പത്തൂരിനടുത്ത സുലൂർ എയർഫോഴ്സ് സ്റ്റേഷനിൽനിന്ന് പറന്നുപൊങ്ങിയ ഹെലികോപ്ടറിൽ ഇന്ത്യയുടെ ആദ്യ സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും 12 ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. കുന്നൂർ വെലിങ്ടണിലെ സൈനിക കോളജായിരുന്നു ലക്ഷ്യം. ഏകദേശം 80 കിലോമീറ്ററാണ് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള റഷ്യൻ നിർമിത എംഐ 17 വി 5 ഹെലികോപ്ടറിന് പറക്കാനുണ്ടായിരുന്നത്. ലക്ഷ്യത്തിലെത്തുന്നതിന് 10 കിലോമീറ്റർ മുമ്പ്, സമയം 12.08ന് ഹെലികോപ്ടർ അജ്ഞാതകാരണത്താൽ തകരുകയായിരുന്നു.
നീലഗിരി ജില്ലയിലെ കുന്നൂർ നഞ്ചപ്പൻസത്രം കോളനിക്ക് സമീപമാണ് ഹെലികോപ്ടർ തകർന്നുവീണത്. പ്രദേശവാസികളുടെ സമയോചിത ഇടപെടൽകൊണ്ടും മറ്റും മണിക്കൂറുകൾക്കകം എല്ലാവരെയും ആശുപത്രിയിലെത്തിക്കാനായെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.
സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലാൻസ് നായ്ക് വിവേക് കുമാർ, നായ്ക് ഗുരുസേവക് സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ ഗുൽദ്വീപ്സിങ്, റാണ പ്രതാപ് ദാസ്, തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫീസർ പ്രദീപ് അറക്കൽ, ജിതേന്ദർ കുമാർ, ലഫ്. കേണൽ ഹർജീന്ദർ സിങ്, ഹവിൽദാർ സത്പാൽ രാജ്, ലാൻസ് നായ്ക് ബി.എസ്. തേജ, ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഹെലിേകാപ്ടർ അപകടത്തിന്റെ ചുരുളഴിക്കാൻ വ്യോമസേനാ പരിശീലനകേന്ദ്രം മേധാവി മാർഷൽ മാനവേന്ദ്ര സിങ് നയിക്കുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇന്ധനവിലയ്ക്ക് 'തീപിടിച്ച' വർഷം
ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയ്ക്ക് ഇന്ത്യക്കാർ പെട്രോളും ഡീസലും പാചകവാതകവും എന്തിനധികം മണ്ണെണ്ണ വരെയും വാങ്ങി ഉപയോഗിച്ച വർഷമാണ് 2021. വർഷം തുടങ്ങുേമ്പാൾ ഒരു ലിറ്റർ പെട്രോളിന് 83 രൂപയുണ്ടായിരുന്നത് 110ഉം കടന്ന് കുതിച്ചു. ഡീസലാകട്ടെ 73 രൂപയുണ്ടായിരുന്നത് 100 കടക്കുകയും ചെയ്തു. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും സ്ഥിതിയും വ്യത്യസ്തമല്ല.
നേരത്തെ, ക്രൂഡോയിൽ വിലയിൽ ആഗോളവിപണിയിലുണ്ടായ കുറവ് ഉപഭോക്താക്കൾക്ക് നൽകാതിരിക്കാൻ കേന്ദ്രസർക്കാർ പലയാവർത്തി വർധിപ്പിച്ച എക്സൈസ് നികുതി, വില വർധനവുണ്ടായപ്പോൾ കുറക്കാൻ തയാറാകാത്തതാണ് വിലവർധനക്ക് കാരണമായത്. 2014 ൽ മോദിസർക്കാർ അധികാരമേൽക്കുേമ്പാൾ ഒരു ലിറ്റർ പെട്രോളിന് ചുമത്തിയിരുന്ന എക്സൈസ് നികുതി 9.48 രൂപയായിരുന്നു. ഇത് മൂന്നു മടങ്ങിലധികം വർധിപ്പിച്ച് 32.9 രൂപയോളം ഈടാക്കുന്ന അവസ്ഥയുണ്ടായി. 3.56 രൂപ മാത്രമാണ് ഒരു ലിറ്റർ ഡീസലിന് 2014ൽ ചുമത്തിയിരുന്ന എക്സൈസ് നികുതി. ഇത് പത്തു മടങ്ങോളം വർധിപ്പിച്ച് 31.8 രൂപയോളം ഈടാക്കി.
വിവിധ സംസ്ഥാനങ്ങളിലായി 30 നിയമസഭാ മണ്ഡലങ്ങളിലും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതോടെയാണ് അൽപമെങ്കിലും നികുതി കുറക്കാൻ കേന്ദ്രം തയാറായത്. ഡീസലിന് 10 രൂപയും പെട്രോളിന് അഞ്ചു രൂപയുമാണ് എക്സൈസ് നികുതിയിൽനിന്ന് കുറച്ചത്. അതിന് ശേഷവും വർഷാരംഭത്തിലെ വിലയുടെ 25 ശതമാനത്തിലധികം വില നൽകിയാണ് ഒാരോ ഇന്ത്യക്കാരനും ഇന്ധനം വാങ്ങുന്നത്.
ലക്ഷദ്വീപ് ഇളകിമറിഞ്ഞ കാലം
ലക്ഷദ്വീപിലെ ശാന്തസുന്ദരമായ സാമൂഹികാന്തരീക്ഷം കലങ്ങിമറിഞ്ഞ വർഷമാണ് കടന്നുപോകുന്നത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഗുജറാത്തിൽനിന്നുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പേട്ടൽ ചില നിയമങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിച്ചത് വലിയ എതിർപ്പുകൾക്കിടയാക്കുകയായിരുന്നു.
ക്രിമിനൽ കേസുകൾ ഇന്ത്യയിൽ ഏറ്റവും അധികം കുറവുള്ള മേഖലയായ ലക്ഷദ്വീപിൽ സാമൂഹികവിരുദ്ധ നടപടികൾ തടയാനെന്നപേരിൽ പ്രത്യേക നിയമം നടപ്പാക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കത്തെ ദ്വീപ് വാസികൾ ചെറുത്തു. മുൻകരുതലെന്നനിലയിൽ ആരെയും തടവിലാക്കാൻ അധികൃതർക്ക് അനുവാദം നൽകുന്ന നിയമം ഗൂഢ ഉദ്ദേശ്യത്തോടെ നടപ്പാക്കുകയാണെന്നാണ് നാട്ടുകാർ ആരോപിച്ചത്. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സംവിധായിക ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും വാർത്തയായി.
കാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് വളഞ്ഞ വഴിയിലൂടെ ബീഫ് നിരോധനം നടപ്പാക്കാനുള്ള ശ്രമവും ദ്വീപിലെ മദ്യനിരോധനം എടുത്തുകളയാനുള്ള നീക്കവും നിർമാണ പ്രവർത്തനങ്ങൾക്ക് ദ്വീപ് വാസികളുടെ ഭൂമി ഏറ്റെടുക്കാൻ അധികൃതർക്ക് അനുവാദം നൽകുന്ന നിയമം കൊണ്ടുവരാനുള്ള ശ്രമവും നാട്ടുകാരുടെ കടുത്ത എതിർപ്പുകൾക്കിടയാക്കി.
സൈന്യത്തിെൻറ വെടിയേറ്റ് 14 ഗ്രാമീണർക്ക് ദാരുണാന്ത്യം
ഡിസംബർ നാലിന് നാഗാലാൻഡിലെ മോൺ ജില്ലയിൽ സൈന്യത്തിെൻറ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ടു. ഖനി തൊഴിലാളികളെ നാഗാ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് വെടിവെക്കുകയായിരുന്നു. വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു ജവാൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മ്യാന്മറുമായി അതിർത്തിപങ്കിടുന്ന മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവം. കൽക്കരി ഖനനജോലി കഴിഞ്ഞ് പിക്അപ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആറ് ഗ്രാമീണരെ സൈന്യം വെടിവെക്കുകയായിരുന്നു.
പിന്നാലെ, രോഷാകുലരായ നാട്ടുകാർ സുരക്ഷാസേനയെ വളഞ്ഞു. തുടർന്ന് ജനക്കൂട്ടത്തിനുനേരെ നടത്തിയ വെടിവെപ്പിലാണ് അഞ്ചു ഗ്രാമീണർ കൂടി കൊല്ലപ്പെടുന്നത്. ഇതിൽ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനിടെ മൂന്നു സൈനിക വാഹനങ്ങൾ അഗ്നിക്കിരയാകുകയും ചെയ്തു.