വെണ്ട വളര്‍ത്താം, എളുപ്പത്തില്‍
text_fieldsഅടുക്കളത്തോട്ടത്തില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന പച്ചക്കറിയാണ് വെണ്ട. പന്തല്‍ വേണ്ട എന്നതും വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെന്നതും വെണ്ടയുടെ പ്രത്യേകത. മേയ്- ജൂണ്‍, സെപ്റ്റംമ്പര്‍- ഒക്ടോബര്‍, ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ തുടക്കമിടാം.
ഇനങ്ങള്‍
സല്‍കീര്‍ത്തി, കിരണ്‍, അരുണ, സി.ഒ എന്നിവ അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങളാണ്. സുസ്ഥിര, അര്‍ക്ക അനാമിക, വര്‍ഷ, ഉപഹാര്‍, അര്‍ക്ക അഭയ, അഞ്ജിത എന്നിവ മൊസൈക രോഗത്തിനെതിരെ പ്രതിരോധ ശക്തിയുള്ളവ. കേരള കാര്‍ഷിക സര്‍വകലാശാല കേന്ദ്രങ്ങളിലും കൃഷിവകുപ്പ് ഫാമുകളിലും ഹോര്‍ട്ട്കോര്‍പ് വിപണന കേന്ദ്രങ്ങളിലും ഇവ ലഭ്യമാണ്.
നടീല്‍ രീതി
ഒരു സെന്‍റ് സ്ഥലത്തേക്ക് 30 ഗ്രാം വെണ്ട വിത്ത് മതിയാകും. രണ്ടടി അകലത്തിലായി നടുന്നതാണ് നല്ലത്. നല്ല വെയില്‍ കിട്ടുന്ന സ്ഥലം വെണ്ടക്ക് നിര്‍ബന്ധം. നന്നായി കിളച്ച് സെന്‍റൊന്നിലേക്ക് രണ്ടര കിലേഗ്രാം കുമ്മായം മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. രണ്ടാഴ്ചക്കു ശേഷം ഉണങ്ങി പൊടിഞ്ഞ കാലിവളമോ പൊടിഞ്ഞ കോഴിക്കാഷ്ഠമോ അടിവളമായി നല്‍കാം. ഗ്രോബാഗ് കൃഷിയാണെങ്കില്‍ 75 ഗ്രാം പൊടിഞ്ഞ കുമ്മായം ആദ്യംതന്നെ ചേര്‍ത്തുകൊടുക്കണം. നടുന്നതിന് മുമ്പായി വിത്ത് മിത്ര ബാക്ടീരിയയായ സ്യൂഡോമോണസ് ലായനിയില്‍ മുക്കിവെക്കണം. 75 മില്ലി വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്താണ് ലായനി തയാറാക്കേണ്ടത്. നട്ട് ഒരാഴ്ചക്കുള്ളില്‍ വിത്ത് മുളക്കും.
പരിപാലനമുറകള്‍
മേല്‍വളമായി 10 ദിവസത്തിലൊരിക്കല്‍ പൊടിഞ്ഞ കോഴിവളമോ പച്ചച്ചാണക ലായനിയോ ചേര്‍ത്തുകൊടുക്കാം. 10 ഗ്രാം പൊട്ടാഷ് എല്ലാ ആഴ്ചയും ചേര്‍ത്തുകൊടുക്കുന്നത് ഉല്‍പാദനം കൂട്ടും. മണ്ണില്‍ നനവില്ലെങ്കില്‍ ആവശ്യത്തിന് നനകൊടുക്കണം. ശീമക്കൊന്ന ഇല വെച്ച് പുതയിടുന്നത് കള നിയന്ത്രണത്തിന് ബെസ്റ്റ്.
ഇലകളില്‍ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞ നിറമാകുകയും ഞരമ്പുകള്‍ തടിച്ചിരിക്കുകയുമാണെങ്കില്‍ വൈറസ് രോഗമെന്ന് ഉറപ്പിക്കാം. വൈറസ് രോഗമായതുകൊണ്ടുതന്നെ രോഗലക്ഷണം കണ്ടാല്‍ ഉടന്‍തന്നെ പിഴുത് നശിപ്പിക്കണം. രോഗം ബാധിക്കാത്ത നല്ല ആരോഗ്യമുള്ള ചെടികളില്‍നിന്ന് മാത്രമേ വിത്ത് ശേഖരിക്കാവൂ. വൈറസ് വാഹകരായ വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനികള്‍ സ്പ്രേ ചെയ്യാം.
കോഴിമുട്ടയും ചെറുനാരങ്ങനീരും ചേര്‍ത്ത് തയാറാക്കുന്ന എഗ്ഗ് അമിനോ ആസിഡ് വെണ്ടക്ക് ഉത്തമ ടോണിക്. 10 ദിവസത്തിലൊരിക്കല്‍ രണ്ടു മില്ലി എഗ്ഗ് അമിനോ ആസിഡ് സ്പ്രേ ചെയ്യുന്നതിലൂടെ വെണ്ടച്ചെടിയുടെ കരുത്ത് കൂടുന്നത് കര്‍ഷകരുടെ അനുഭവം.