മത്സ്യാവശിഷ്ടം വളമാക്കാം
text_fieldsദിവസവും മത്സ്യം കഴിക്കുന്നത് മലയാളിയുടെ പണ്ടേയുള്ള ശീലം. മത്സ്യാവശിഷ്ടം എവിടെയെങ്കിലും വലിച്ചെറിയുന്നത് നമ്മള്‍ അടുത്ത കാലത്തായി വികസിപ്പിച്ചെടുത്ത ദുശ്ശീലവും. ഈജിപ്തില്‍ പിരമിഡ് യുഗത്തില്‍ തന്നെ നൈല്‍ നദിയില്‍ നിന്ന് ലഭിച്ച മത്സ്യം കൃഷിക്ക് വളമാക്കിയിരുന്നതായി ചരിത്രം സൂചന നല്‍കുന്നു. അടിയന്തരമായും സുസ്ഥിരമായും മണ്ണിന്‍റെ വളക്കുറവ് കൂട്ടാന്‍ മത്സ്യത്തോളം പോന്നത് മറ്റൊന്നില്ലെന്ന് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മത്സ്യാവശിഷ്ടങ്ങള്‍ വളരെ എളുപ്പത്തില്‍ വളമാക്കാം. മൂടിയുള്ള മണ്‍ചട്ടിയിലോ ബക്കറ്റിലോ ഓരോ ദിവസത്തേയും മത്സ്യവശിഷ്ടവും വെണ്ണീരും കൂട്ടി കുഴച്ച് വെച്ച് വളമാക്കുന്നതാണ് പഴയ രീതി. വെണ്ണീരിന് ക്ഷാമമാണെങ്കില്‍ മത്സാവശിഷ്ടം കമ്പോസ്റ്റാക്കാം. ഇതിനായി വെള്ളം നിറച്ച ബേസിനില്‍ ബക്കറ്റിറക്കി വെക്കുക, ഏറ്റവും താഴെയായി മണ്ണിരയോട് കൂടിയ മണ്ണിര കമ്പോസ്റ്റ് ഒരു കിലോഗ്രാം ചേര്‍ക്കാം.
ഇനി ഓരോ ദിവസത്തെ മത്സ്യാവശിഷ്ടവും ഒപ്പം ശീമക്കൊന്ന ഇലയോ വാഴത്തടയോ നിക്ഷേപിക്കണം. ദിവസവും അരലിറ്റര്‍ വെള്ളം ഉപയോഗിച്ച് നേര്‍ത്ത നന നല്‍കണം. നനച്ച ചണച്ചാക്ക് ഉപയോഗിച്ച് കമ്പോസ്റ്റീകരിക്കുന്നതിനാല്‍ നാറ്റമുണ്ടാകില്ല. 25 ദിവസം കൊണ്ട് മണ്ണിര കമ്പോസ്റ്റ് റെഡിയാകും.
മത്സ്യവും ചാണകവും ഉപയോഗിച്ച് തയാറാക്കുന്ന കമ്പോസ്റ്റാണ് പച്ചക്കറികള്‍ക്ക് ഉത്തമം. മൂന്നടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ മീന്‍ വേസ്റ്റും ചാണകവും ആയിട്ടാണ് മീന്‍ വളം തയാറാക്കുക. മത്സ്യാവശിഷ്ടവും വെള്ളവും ചേര്‍ത്ത് തയാറാക്കുന്ന ഫിഷ് അമിനോ ആസിഡ് പച്ചക്കറിക്കുള്ള ടോണിക്കാണ്.
മത്സ്യാവശിഷ്ടം പ്രത്യേകിച്ചും മത്തി ചെറുതായി നുറുക്കി അതേ തൂക്കത്തില്‍ വെല്ലവുമായി കൂട്ടി കുറച്ച് കുപ്പിയിലെടുക്കാം. കുപ്പിയുടെ വായ തുണിവെച്ച് മൂടികെട്ടിവെക്കണം. ചൂടും വെയിലുമേല്‍ക്കാത്ത സമയത്ത് സൂക്ഷിക്കുന്ന കുപ്പിയില്‍ ആറാഴ്ചകൊണ്ട് നല്ല മണമുള്ള മത്സ്യ ടോണിക് തയാറാകും.
വളരെ പെട്ടെന്ന് തന്നെ വലിച്ചെടുക്കാനും ഉപയോഗപ്പെടുത്താനും സാധിക്കുന്നതാണ് മത്സ്യവളത്തിന്‍റെ മേന്മ. മത്തി ഉള്‍പ്പെടെയുള്ള കടല്‍ മത്സ്യങ്ങളില്‍ പ്രോട്ടീന്‍ വിറ്റാമിന്‍ മൂലകങ്ങള്‍, ഫാറ്റി ആസിഡ് എന്നിവ സമതുലിതമായുണ്ട്. അതുകൊണ്ട് തന്നെ ഇവ അഴുകിയുണ്ടാവുന്ന മത്സ്യവളത്തില്‍ സൂക്ഷ്മ മൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള 70 ഓളം മൂലകങ്ങളും അടങ്ങിയിരിക്കുന്നു. മത്സ്യത്തില്‍ മേല്‍ പറഞ്ഞ എല്ലാ മൂലകങ്ങളും പ്രോട്ടീനുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വിളകള്‍ക്ക് എളുപ്പം വലിച്ചെടുക്കാം.
നൈട്രജന്‍ സാധാരണ ഗതിയില്‍ വിളകളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് പറയും. എന്നാല്‍, മിക്കവാറും എല്ലാ രാസവളങ്ങളിലും നൈട്രജന്‍ നൈട്രേറ്റ് രൂപത്തിലാണ് കാണപ്പെടുക. ഇത് വളര്‍ച്ച കൂട്ടും. ഒപ്പം കീടരോഗത്തെ ക്ഷണിച്ച് വരുത്തും. എന്നാല്‍, മത്സ്യവളത്തിലെ നൈട്രജന്‍ വിളകളിലെ പ്രോട്ടീന്‍ രൂപവത്കരണം എളുപ്പമാക്കുന്നു. മണ്ണിലെ പോഷകാംശം കൂട്ടാന്‍ മാത്രമല്ല, സൂക്ഷ്മാണുക്കളുടെ എണ്ണം കൂട്ടി ജൈവമണ്ഡലത്തെ സക്രിയമാക്കാനും മത്സ്യവളത്തിന് കഴിയും.
സൂക്ഷ്മാണുക്കളായ മൈക്കോസോറുയും ആക്ടിനോമൈസൈറ്റ്സും രോഗകാരികളായവരെ പ്രതിരോധിക്കുന്നതിന് മുന്നോട്ട് വരും. മണ്ണിന്‍റെ സൂക്ഷ്മ മൂലക പരിശോധനയില്‍ മലബാര്‍ മേഖലയില്‍ കാത്സ്യം, മഗ്നീഷ്യം സിങ്ക്, ബോറോണ്‍, തുടങ്ങിയ മൂലകങ്ങള്‍ തുലോം കുറവാണെന്ന സൂചന നല്‍കിക്കഴിഞ്ഞു. ഇത്തരം മണ്ണിന് ശാപമോക്ഷം നല്‍കാന്‍ മത്സ്യ വളങ്ങള്‍ക്ക് കഴിയും.
അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ ഇലകളില്‍ തളിക്കുന്നതാണ് ഉത്തമം. തളിച്ച് രണ്ടു ദിവസത്തിനകം അമിനോ ആസിഡിതല എന്‍സൈം ചെടികള്‍ക്കകത്തെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കും. ക്ലോറോഫില്‍ രൂപവത്കരണത്തിനും അമിനോ ആസിഡ് ഉല്‍പാദനത്തിനും പോഷകമൂലകങ്ങള്‍ പരമാവധി ലഭ്യമാക്കുന്നതിനും മൂലക നഷ്ടം ചെറുക്കുന്നതിനും ഫിഷ് അമിനോ ആസിഡിന് കഴിവുണ്ട്.
വെയിലുള്ള സമയത്തോ കാറ്റത്തോ ഫിഷ് അമിനോ ആസിഡ് തളിക്കരുത്. വിളകളുടെ വളര്‍ച്ച കാര്യക്ഷമമാക്കുന്നതിന് വൈകുന്നേരങ്ങളില്‍ സ്പ്രേ ചെയ്യണം. കറിവേപ്പ്, ചീര തുടങ്ങിയ ഇലക്കറികളില്‍ ചെറിയ ഇടവേളകളില്‍ സ്പ്രേ ചെയ്താല്‍ കീടരോഗ പ്രതിരോധ ശേഷിയും മണവും ഗുണവും കൂടും.