റെഡ് നേപ്പിയർ; തീറ്റപ്പുൽത്തോട്ടത്തിലെ പുതുതാരം
text_fieldsകന്നുകാലി വളർത്തൽ സംരംഭങ്ങളുടെ നട്ടെല്ല് തീറ്റപ്പുല്‍കൃഷിയാണ്. തീറ്റപ്പുല്ലിന്‍റെ ഇടതടവില്ലാത്ത ലഭ്യതയും മേന്മയുമെല്ലാം ഫാമിൽ നിന്നുള്ള ഉൽപാദനത്തിൽ പ്രതിഫലിക്കും. ആവശ്യമായത്ര തീറ്റപ്പുല്‍കൃഷി സ്വന്തമായുണ്ടെങ്കില്‍ കാലിത്തീറ്റയുടെ അധികച്ചിലവ് കുറക്കാൻ സാധിക്കും.
കർഷകർക്ക് വളർത്താൻ അനിയോജ്യമായ നിരവധി തീറ്റപ്പുല്ലിനങ്ങളുണ്ട്, ഇതിൽ ഈയടുത്ത കാലത്തായി ഏറെ പ്രചാരത്തിലായ സങ്കര നേപ്പിയർ ഇനം തീറ്റപ്പുല്ലാണ് ആസ്ട്രേലിയൻ നേപ്പിയർ. തണ്ടിനും ഇലകൾക്കുമെല്ലാം ചുവപ്പുനിറമായതിനാൽ റെഡ് നേപ്പിയർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. 10 മുതൽ 11 അടി ഉയരത്തിൽ ഇടതൂർന്ന് വളരുന്ന പുല്ലിനമാണിത്. ഇലകൾക്ക് 115 സെന്റീമീറ്ററോളം നീളമുണ്ടാവും. 15 മുതൽ 18 ശതമാനം വരെ മാംസ്യം അടങ്ങിയിട്ടുള്ളതിനാൽ പോഷകസമൃദ്ധിയിലും ഒട്ടും പിന്നിലല്ല റെഡ് നേപ്പിയർ. കേരളം പോലെയുള്ള ഉഷ്ണമേഖല പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ വളരാൻ ഈ പുല്ലിന് കഴിയും. വരള്‍ച്ച പ്രതിരോധശേഷിയും മികച്ചതാണ്. റെഡ് നേപ്പിയർ തഴച്ചുവളരാൻ സൂര്യപ്രകാശം ധാരാളം ലഭിക്കേണ്ടതിനാൽ തെങ്ങിൻതോപ്പിലും മറ്റ് തോട്ടവിളകൾക്കിടയിലും ഇടവിളകൃഷിക്ക് ഇവ അനുയോജ്യമല്ല.
മഴയുടെ തീവ്രത കുറഞ്ഞാൽ കൃഷിക്കൊരുങ്ങാം
ഇപ്പോൾ പെയ്യുന്ന മഴയുടെ ശക്തിയും തീവ്രതയും കുറയുന്നതോടെ റെഡ് നേപ്പിയർ ഉൾപ്പെടെ തീറ്റപ്പുൽ കൃഷി തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിക്കാം. നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് ഉത്തമം. ഫാമിലെ ചാണകം, മൂത്രം, സ്ലറി എന്നിവയെല്ലാം തീറ്റപ്പുല്ലിന് വളമാക്കാം.
നടീൽ വസ്തുക്കളായി വേരുപിടിച്ച പുൽക്കടകളോ, മൂന്നുമാസമെ ങ്കിലും മൂപ്പുള്ള രണ്ടോ മൂന്നോ മുട്ടുള്ള തണ്ടുകളോ/ഫോഡർ സ്ലിപ് ഉപയോഗിക്കാം. റെഡ് നേപ്പിയർ തീറ്റപ്പുൽകൃഷി ചെയ്യുന്ന സർക്കാർ, സ്വകാര്യ ഫാമുകളിൽ നിന്ന് ഫോഡർ സ്ലിപ് ശേഖരിക്കാവുന്നതാണ്. നടീലിന് മുന്നോടിയായി ഉഴുതുമറിച്ച് പാകപ്പെടുത്തിയ കൃഷിയിടത്തിൽ 60 സെന്‍റീമീറ്റർ അകലത്തിൽ 15 സെന്‍റീമീറ്റർ വീതിയിലും 20 സെന്‍റീമീറ്റർ താഴ്ചയിലും ചാലുകളെടുക്കണം.
ഈ ചാലുകളിൽ അടിവളം/ചാണകപ്പൊടി ചേർത്ത് മണ്ണിട്ടുമൂടി, 15 സെന്‍റീമീറ്റർ ഉയരത്തിൽ വരമ്പുകളാക്കി മാറ്റണം. ഈ വരമ്പുകളിൽ 60 സെന്‍റിമീറ്റർ അകലത്തിൽ വേരുപിടിച്ച പുൽക്കടകളോ തീറ്റപ്പുൽതണ്ടുകളോ നടാം. 50 മുതൽ 75 സെന്റീമീറ്റർ വരെ അകലത്തിൽ ചെറിയ കുഴികളെടുത്ത് അതിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടിയതിനുശേഷവും നടാവുന്നതാണ്.
25 സെന്റിന് 50 കിലോഗ്രാം എന്ന കണക്കിൽ ചാണകപ്പൊടി അടിവളമായി ചേർക്കാം. പുൽക്കടകൾ ഒരു മുട്ട് തറനിരപ്പിനു മുകളിൽ വരുന്ന രീതിയിൽ തണ്ട് ചെരിച്ചാണ് നടേണ്ടത്. ഒരു സെന്റിൽ ഏകദേശം 100-110 കമ്പുകൾ വരെ നടാം. പുൽതണ്ടുകൾ വേരുപിടിച്ച് നാലോ അഞ്ചോ ഇലകൾ കിളിർത്തുതുടങ്ങുമ്പോൾ സംയോജിത വളപ്രയോഗം തുടങ്ങാം. വളപ്രയോഗത്തിന് മുമ്പ് മണ്ണ് പരിശോധിക്കുന്നതും ഉചിതമാണ്. പൊതുവിൽ 25 സെൻറ് സ്ഥലത്ത് 11 കിലോഗ്രാം യൂറിയ മേൽവളമായി ചേർക്കാം. ഇലകൾ കിളിർത്തുതുടങ്ങുമ്പോൾ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും സ്ലറി പുൽതോട്ടത്തിൽ അടിക്കുന്നത് പുല്ലിന്റെ വളർച്ച മികമുള്ളതാക്കും.
വീട്ടിൽ കോഴിയുണ്ടെങ്കിലും റെഡ് നേപ്പിയർ വളർത്താം
രണ്ടര മാസമെത്തുമ്പോള്‍ റെഡ് നേപ്പിയർ ആദ്യ വിളവെടുപ്പിന് തയാറാവും. 20 സെന്റിമീറ്റർ ഉയരത്തിൽ ചുവട് നിർത്തിയ ശേഷം ബാക്കി ഭാഗം അരിഞ്ഞെടുക്കാം. ആദ്യ വിളവെടുപ്പിനു ശേഷം ഒന്നരമാസത്തിലൊരിക്കല്‍ തീറ്റപ്പുല്ല് മുറിക്കാം. ഒരു വർഷം 7- 8 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. നന്നായി വെള്ളവും വളവും നല്‍കി വളര്‍ത്തുമ്പോള്‍ ഒരേക്കറില്‍ നിന്ന് വര്‍ഷം 120-150 ടണ്‍ വരെ വിളവ് കിട്ടും. ഒറ്റ ചുവടിൽ നിന്ന് തന്നെ 6-10 കിലോഗ്രാം വരെ വിളവ് തരാൻ റെഡ് നേപ്പിയർ തീറ്റപ്പുല്ലിന് ശേഷിയുണ്ട്.
വിളവെടുപ്പിനു ശേഷം കള നിയന്ത്രണം നടത്തണം. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം ചാണക ഗോമൂത്ര സ്ലറി തളിക്കുന്നത് നല്ലതാണ്. ചെടികൾ കിളിർത്തുതുടങ്ങുന്ന സമയത്ത് ചാണക സ്ലറി തളിക്കാൻ ശ്രദ്ധിക്കണം. മുതിർന്ന പുല്ലിൽ തളിച്ചാൽ പിന്നീട് പുല്ല് അരിഞ്ഞ് കാലികൾക്ക് നൽകുമ്പോൾ ചാണകത്തിന്റെ മണം പ്രശ്നമാവാം. തീറ്റപ്പുല്ലിന് വളർച്ച കുറവുണ്ടെങ്കിൽ മണ്ണിൽ യൂറിയ ചേർത്ത് നൽകാം. ആകെ ലഭ്യമായ സ്ഥലത്ത് തീറ്റപ്പുല്ല് നടുന്നതിനും മുറിക്കുന്നതിനും ഒരു ക്രമമുണ്ടാക്കാന്‍ സാരംഭകൻ ശ്രദ്ധിക്കണം. ഇലകൾക്കും തണ്ടുകൾക്കും ഇളംമധുരമുള്ളതിനാൽ കാലികൾക്ക് മാത്രമല്ല കോഴി, താറാവ്, ടർക്കി മുയൽ തുടങ്ങിയ വളർത്തുജീവികൾക്കും കഴിക്കാൻ ഏറെ താല്പര്യമുള്ള തീറ്റപ്പുല്ലാണ് റെഡ് നേപ്പിയർ.


