അടുക്കള തോട്ടത്തിലേക്ക് ആദ്യ ചുവട്
text_fieldsകാബേജ് കൃഷി
പച്ചക്കറികള്‍ നമ്മുടെ പോഷകാഹാര വ്യവസ്ഥയില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. നാരുകളും ധാതുക്കളും വൈറ്റമിനുകളും കൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധശേഷിക്കുമായി പച്ചക്കറികള്‍ നമ്മുടെ ആഹാരശീലത്തിന്‍റെ ഭാഗമായി ഇനിയും തുടരേണ്ടതുണ്ട്. ഒരാള്‍ ഒരു ദിവസം 350 ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർചിന്‍റെ ശിപാര്‍ശ.
എന്നാല്‍, കേരളത്തില്‍ ഒരാള്‍ ദിവസം ഏകദേശം 50 ഗ്രാം മാത്രമേ ആഹരിക്കുന്നുള്ളൂവെന്നാണ് കണക്ക്. നമ്മുടെ ഭക്ഷ്യശീലങ്ങളില്‍ സംഭവിച്ച മാറ്റത്തിന്‍റെ ഭാഗമാണത്. ജീവിതശൈലിരോഗങ്ങള്‍ നാട്ടില്‍ വര്‍ധിച്ചുവരുന്നത് അതിന്‍റെ തുടര്‍ച്ച തന്നെ. ജീവിത സാഹചര്യങ്ങളും ഭക്ഷണ ശീലങ്ങളും മാറിയതോടെ കേരളീയ ഗ്രാമീണ ജീവിതത്തിന്‍റെ ഭാഗമായിരുന്ന അടുക്കളത്തോട്ടങ്ങളും ഉപേക്ഷിക്കുകയായിരുന്നു നമ്മള്‍.
വിപണിയില്‍നിന്ന് വാങ്ങുന്ന വിഷാംശമുള്ള പച്ചക്കറികള്‍ക്കൊപ്പമാകട്ടെ രോഗങ്ങളും പടികയറിവന്നു. വീണ്ടുവിചാരത്തിനുള്ള സമയമാണിത്. ആഹാര വ്യവസ്ഥയില്‍ ശുദ്ധമായ പച്ചക്കറികള്‍ക്ക് കൂടുതല്‍ ഇടം നല്‍കുക. ഓരോ വീടും പച്ചക്കറിയുല്‍പാദനത്തില്‍ സ്വയം പര്യാപ്തമാകണം. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ ഏറിയാൽ നാലു സെന്‍റ് സ്ഥലം മതി. സ്ഥലത്തേക്കാളും പ്രധാനം നമ്മുടെ താൽപര്യവും അഭിരുചിയുമാണ്.
തയാറെടുപ്പുകള്‍
പച്ചക്കറികൃഷിക്ക് ആവശ്യമായ മൂന്ന് ഘടകങ്ങളാണ് സമൃദ്ധമായ സൂര്യ പ്രകാശം, വളക്കൂറുള്ള മണ്ണ്, വെള്ളം എന്നിവ. വീട്ടുവളപ്പില്‍ കൃഷിചെയ്യാന്‍ സ്ഥലപരമിതിയുള്ളവര്‍ക്ക് പച്ചക്കറികൃഷിക്കായി മട്ടുപ്പാവു മാറ്റിവെക്കാം. ഗ്രോബാഗും ചട്ടിയും ചാക്കും പഴയ ഓടുപയോഗിച്ചുള്ള തടങ്ങളും പെയിന്‍റ് ബക്കറ്റുമെല്ലാം ടെറസിലെ കൃഷിക്ക് ഉപയോഗിക്കാം. എന്നാല്‍, രണ്ടുകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. നനയും വളവും. നന അധികമായാല്‍ ഈര്‍പ്പം കോണ്‍ക്രീറ്റ് സ്ലാബിലൂടെ ഊര്‍ന്നിറങ്ങി വീടുചോരാന്‍ ഇടയാകും. മട്ടുപ്പാവുകൃഷിക്കുമുമ്പ് നിര്‍ബന്ധമായും ടെറസ് സിമന്‍റ് പ്ലാസ്റ്റര്‍ ചെയ്യുകയും ലീക്ക് പ്രൂഫ് കോമ്പൗണ്ട് അടിക്കുകയും വേണം.
ഗ്രോബാഗാണ് മട്ടുപ്പാവുകൃഷിക്ക് ഏറ്റവും അനുയോജ്യം. വളത്തിന്‍റെ ചാക്കുകള്‍, സിമന്‍റ് ചാക്കുകള്‍ എന്നിവയും കൃഷിക്കായി ഉപയോഗിക്കാം. നല്ലവണ്ണം കഴുകിയെടുക്കണമെന്നുമാത്രം. ഗ്രോബാഗിനുള്ളത്ര ആയുസ്സ് ചാക്കിനില്ല. പെട്ടെന്ന് കീറിപ്പോകും. കോണ്‍ക്രീറ്റ് ചട്ടികള്‍ പച്ചക്കറിക്കൃഷിക്കു നന്നല്ല. നല്ലത് മണ്‍ചട്ടികള്‍ തന്നെ. ഒരടി-ഒന്നരയടി വലുപ്പമുള്ള മണ്‍ചട്ടികള്‍ തിരഞ്ഞെടുക്കാം. ചട്ടിയുടെ ചുവട്ടിലെ ദ്വാരത്തിന് മീതെ ഉടഞ്ഞ ഓടുകഷ്ണങ്ങള്‍ വെച്ചതിനുശേഷം അതിനുമുകളില്‍ ഒരടുക്ക് കരിയിലയിട്ട് നല്ലതുപോലെ കൈകൊണ്ട് അമര്‍ത്തണം. അതിനു മീതെയായി ചട്ടിയുടെ വക്കില്‍നിന്ന് രണ്ടിഞ്ച് താഴെ വരെ നടീല്‍ മിശ്രിതം നിറച്ച ശേഷം പച്ചക്കറിത്തൈകള്‍ നടാം.
ടെറസില്‍ തടങ്ങള്‍ ഉണ്ടാക്കിയും കൃഷിചെയ്യാം. ഇതിനായി മേല്‍ക്കൂര പാകാന്‍ ഉപയോഗിക്കുന്ന ഓടാണ് ഏറ്റവും നല്ലത്. താഴെയുള്ള ഭിത്തികള്‍ വാര്‍ക്കയുമായി മുട്ടുന്ന ഭാഗം നോക്കി അവിടങ്ങളില്‍ തടങ്ങള്‍ ക്രമീകരിച്ച് കൃഷി ചെയ്യുന്നതാണ് ടെറസിനു സുരക്ഷിതം. മണ്‍തടത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ടെറസിന് ദോഷം ചെയ്യും. ടെറസിനു മുകളില്‍ ഓടുപാകി അതിനുമുകളിലായി രണ്ടുനിര ചകിരിത്തൊണ്ട് മലര്‍ത്തി അടുക്കിയാല്‍ ആദ്യഘട്ടമായി. തുടര്‍ന്ന് നാലു ഭാഗത്തും ഓടുവെച്ച് കെട്ടിയാല്‍ പച്ചക്കറിത്തടം തയാര്‍. അതില്‍ നടീല്‍ മിശ്രിതം നിറച്ച് തൈകള്‍ നടാം. ഒരു തടത്തില്‍ ഒരേയിനം പച്ചക്കറി ആയാല്‍ കീട രോഗബാധ നിയന്ത്രണം എളുപ്പമാകും.
ശാസ്ത്രീയമായിത്തന്നെ
40 സെന്‍റി മീറ്റര്‍ നീളവും 24 സെന്‍റിമീറ്റര്‍ വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് ടെറസിലെ പച്ചക്കറി കൃഷിക്ക് യോജിച്ചത്. ഓരോ ഘട്ടവും ശ്രദ്ധയോടെ ചെയ്യണം. വളക്കൂറുള്ള ചുവന്ന മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1-1-1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് നടീല്‍ മിശ്രിതം തയാറാക്കേണ്ടത്. മണലിനുപകരം ഉമി കരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്‍റെ പുളിരസം കളയാനായി 100 ഗ്രാം കുമ്മായം കൂടി ചേര്‍ക്കാം. ഇങ്ങനെ തയാറാക്കിയ മിശ്രിതം ഗ്രോബാഗിന്‍റെ മുക്കാല്‍ ഭാഗം വരെ നിറക്കാം.
രോഗപ്രതിരോധത്തിനായി ഓരോ ബാഗിലും 50 ഗ്രാം ട്രൈക്കോഡെര്‍മ എന്ന മിശ്രിതം ഇടക്ക് നനച്ചുകൊടുത്തും ഇളക്കിയും രണ്ടാഴ്ച തണലില്‍ വെച്ചതിനുശേഷം മാത്രമേ പച്ചക്കറി നടാവൂ. 75 മില്ലി വെള്ളത്തില്‍ 25ഗ്രാം സ്യൂഡോമൊണാസ് കലക്കിയെടുക്കുന്ന ലായനിയില്‍ ചുരുങ്ങിയത് ആറു മണിക്കൂര്‍ കുതിര്‍ത്തുവെക്കുന്നത് വിത്തിന്‍റെ ഗുണമേന്മ വർധിപ്പിക്കും.
വിത്തിന്‍റെ വലുപ്പമാണ് വിത്തു നടാനുള്ള ആഴം. ഗ്രോബാഗിലാണെങ്കിലും പച്ചക്കറിവിത്തുകള്‍ ആഴത്തില്‍ നടരുത്. തൈകള്‍ ഗ്രോബാഗില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കി നടാം. ആദ്യത്തെ രണ്ടാഴ്ച തണലില്‍വെച്ച് രാവിലെയും വൈകുന്നേരവും നനക്കണം. ടെറസില്‍ ഇഷ്ടിക നിരത്തി അതിനു മുകളിലായി ഗ്രോബാഗ് വെക്കാം. രണ്ടു വരികള്‍ തമ്മിലും രണ്ടു ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കണം.
ശ്രദ്ധയോടെ പരിപാലനം
സീസണ്‍ നോക്കിയാവണം പച്ചക്കറികള്‍ കൃഷിയിറക്കേണ്ടത്. മേയ്-ജൂണ്‍ സീസണില്‍ വെണ്ട, പയര്‍, പടവലം, മുളക്, വഴുതിന, മത്തന്‍, മുമ്പളം, പച്ചച്ചീര, പാവല്‍ എന്നിവ നടാം. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ ഇവ വിളവെടുക്കാം. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലും മേല്‍പറഞ്ഞവയില്‍ പലതും വീണ്ടും കൃഷിയിറക്കാം. ഒപ്പം ശീതകാല പച്ചക്കറികളും. തക്കാളി, കാബേജ്, കോളിഫ്ലവര്‍, റാഡിഷ്, വള്ളിപ്പയര്‍, പാവല്‍, പടവലം, ചുരക്ക, സാലഡ് വെള്ളരി, തണ്ണിമത്തന്‍, വെണ്ട, വഴുതിന എന്നിങ്ങനെ ഒട്ടേറെ ഇനങ്ങള്‍ക്കു യോജ്യമാണ് ഈ സീസണ്‍.
അതുപോലെ ഫെബ്രുവരി- മേയ് കാലയളവ് പയര്‍, ചീര, വെള്ളരി, ചുരക്ക എന്നിവ കൃഷി ചെയ്യാനും യോജിച്ച സമയമാണ്. വര്‍ഷകാലത്ത് മഴമറയില്‍ കൃഷി ചെയ്താല്‍ മഴശല്യമില്ലാതെ കൃഷിയും വിളവെടുപ്പും തുടരാനാവും. ഫലത്തില്‍ വര്‍ഷം മുഴുവന്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ ലഭ്യമാവുകയും ചെയ്യും. ടെറസില്‍ വളര്‍ത്താവുന്ന പച്ചക്കറികളില്‍ പ്രധാനികളാണ് വെണ്ടയും പയറും ചീരയും വഴുതിനയും മുളകും. കമ്പികള്‍ ഉപയോഗിച്ച് പന്തല്‍ ഉണ്ടാക്കിയാല്‍ ടെറസില്‍ പാവലും പടവലവുമെല്ലാം കൃഷി ചെയ്യാം.
മിക്ക പച്ചക്കറിവിളകളും മൂന്നൂം നാലും മാസം വിള ദൈര്‍ഘ്യമുള്ളവയാണ്. അതുകൊണ്ടുതന്നെ ആരോഗ്യവും ഉല്‍പാദനമികവും നിലനിർത്തുന്നതിനായി പത്തു ദിവസത്തിലൊരിക്കല്‍ ജൈവവളക്കൂട്ടുകള്‍ തയാറാക്കി നല്‍കണം. ഒരേ വളം തന്നെ ചേര്‍ക്കാതെ പലതരം വളങ്ങള്‍ മാറിമാറി പ്രയോഗിക്കുക. ടെറസില്‍ രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
പൊടിഞ്ഞ കാലിവളം, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി, പുളിപ്പിച്ച പിണ്ണാക്കുകള്‍, സൂക്ഷ്മാണുവളങ്ങള്‍ എന്നിവയെല്ലാം ടെറസ് കൃഷിക്ക് ഉപയോഗിക്കാം. കാന്താരിമുളക്-ഗോമൂത്ര മിശ്രിതം നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നത് പൊതുവേ എല്ലാ കീടങ്ങളെയും അകറ്റാന്‍ സഹായിക്കും. സ്യൂഡോമൊണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തിലൊരിക്കല്‍ തളിക്കുന്നതും രോഗനിയന്ത്രണത്തിന് ഉത്തമം.
ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ച് കായീച്ചകളെയും വഴുതിനയുടെ തണ്ടുതുരപ്പന്‍ പുഴുക്കളെയും നിയന്ത്രിക്കാം. പച്ചത്തുള്ളന്‍, വെള്ളീച്ച എന്നിവയെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ മഞ്ഞക്കെണി പ്രയോഗിക്കാം. മഞ്ഞ പെയിന്റടിച്ച തകരപ്പാട്ട, ടിന്ന്, പ്ലാസ്റ്റിക് നാട എന്നിവയൊക്കെ എണ്ണയോ ഗ്രീസോ പുരട്ടി മഞ്ഞക്കെണിയാക്കി മാറ്റാം. പ്രകാശത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന പ്രാണികളെ (തണ്ടുതുരപ്പന്‍റെ ശലഭങ്ങള്‍, മുഞ്ഞ, പച്ചത്തുള്ളന്‍ മുതലായവ) വിളക്കുകെണിയുപയോഗിച്ച് ആകര്‍ഷിച്ച് നശിപ്പിക്കാം. അധികം ചലനശേഷിയില്ലാത്ത കീടങ്ങളെ കൈകൊണ്ടുതന്നെ പിടിച്ചു നശിപ്പിക്കുക.
പ്രകൃതിയോടുചേര്‍ന്ന്
റാഡിഷ്, ബീന്‍സ്, കാരറ്റ്, തക്കാളി തുടങ്ങിയ ഇനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ അവക്കിടയില്‍ രൂക്ഷഗന്ധമുള്ള ഉള്ളിയും വെളുത്തുള്ളിയും നട്ടുവളര്‍ത്തുക. ഇത് കീടങ്ങളെ അകറ്റും. പ്രധാന വിളകള്‍ക്കു ചുറ്റും കീടങ്ങള്‍ക്കു താല്‍പര്യമുള്ള മറ്റു ചില ഇനങ്ങള്‍ നട്ടുവളര്‍ത്തി പ്രധാന വിളകള്‍ക്കു നേരെയുള്ള കീടശല്യം കുറക്കുന്ന രീതിയുമുണ്ട്. ഉദാഹരണത്തിന്, തക്കാളിക്കുചുറ്റും ചോളം നട്ടാല്‍ തക്കാളിയെ ആക്രമിക്കാറുള്ള വെള്ളീച്ച ചോളത്തിനുനേരെ തിരിഞ്ഞുകൊള്ളും.
വെള്ളരിവര്‍ഗ വിളകള്‍ ചെറുതായിരിക്കുമ്പോള്‍ ഒപ്പം മുതിര വളർത്തിയാല്‍ മത്തന്‍ വണ്ടുകളുടെ ഉപദ്രവം മുതിരയുടെ നേര്‍ക്കാകും. മിത്രകീടങ്ങളെ ആകര്‍ഷിച്ച് അവയെ തോട്ടത്തില്‍ നിലനിര്‍ത്തി ശത്രുകീടങ്ങളെ പ്രതിരോധിക്കുന്ന രീതിയും ഫലപ്രദമാണ്. ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികള്‍വരെ മിത്രകീടങ്ങളെ ആകര്‍ഷിക്കുന്നവയാണ്. അവക്കും അടുക്കളത്തോട്ടത്തില്‍ ഇടം നല്‍കാം.
ഇക്കോളജിക്കല്‍ എന്‍ജിനയറിങ്ങ് എന്നു വിളിക്കുന്ന ഈ പരിസ്ഥിതി സൗഹൃദ കൃഷിമാര്‍ഗം അടുക്കളത്തോട്ടത്തില്‍ വിജയിപ്പിക്കാവുന്നതേയുള്ളു. കൃഷിയിടം ദിവസവും സന്ദര്‍ശിച്ച് ചെടികളുടെ വളര്‍ച്ചയും കീട, രോഗ സാധ്യതകളും കൃത്യമായി നിരീക്ഷിക്കുക. കൃഷിക്കായി കീടരോഗ പ്രതിരോധശേഷി കൂടിയ വിത്തിനങ്ങള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.