തലശ്ശേരി കോഴികൾ; കേരളത്തിന്റെ ഒരേയൊരു കോഴിജനുസ്സ്
text_fieldsഇന്ത്യയിൽ കാണപ്പെടുന്ന 20 അംഗീകൃത നാടൻ കോഴി ജനുസ്സുകളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട ഒരേയൊരു ഇനമാണ് തലശ്ശേരി കോഴികൾ. ജനുസ്സുകൾക്ക് അംഗീകാരം നൽകുന്ന ദേശീയ സ്ഥാപനമായ നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക്സ് റിസോഴ്സസ് 2015ലാണ് തലശ്ശേരി കോഴികളെ ഒരു ജനുസ്സായി അംഗീകരിച്ചത്. പേര് സൂചിപ്പിക്കുന്നതുപോലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലും പ്രാന്തപ്രദേശങ്ങളിലുമാണ് ഈ കോഴികള്‍ ഉത്ഭവിച്ചതും ഉരുത്തിരിഞ്ഞതും എന്നാണ് കരുതപ്പെടുന്നത്.
തലശ്ശേരി കോഴികളുടെ തൂവലുകള്‍ക്ക് എണ്ണക്കറുപ്പിന്‍റെ വർണലാവണ്യമാണ്. കഴുത്തിലും പിന്‍വശത്തും അങ്കവാലിലുമെല്ലാമുള്ള തൂവലുകളില്‍ കറുപ്പില്‍ നീലിമ ചാലിച്ച തിളക്കം കാണാം. ചില കോഴികളുടെ കഴുത്തില്‍ സ്വർണവർണം നീലയില്‍ കലര്‍ന്ന തിളക്കവുമുള്ള ചെറിയ തൂവലുകള്‍ ഉണ്ടാവും. കണ്ണിന് ചുറ്റും കറുപ്പ് കലര്‍ന്ന ചുവപ്പ് നിറമായിരിക്കും.
കൊക്കുകള്‍ക്കാവട്ടെ തവിട്ടുകലർന്ന കറുപ്പ് നിറവും. കാലുകള്‍ തൂവലുകളില്ലാത്തതും കറുപ്പ് കലര്‍ന്ന ചാരനിറത്തിലുമായിരിക്കും. തൂവലുകള്‍ കണ്ടാല്‍ തലശ്ശേരി കോഴികള്‍ കരിങ്കോഴികളുടെ ഉറ്റ കുടുംബക്കാരാണെന്ന് സംശയിച്ച് പോവുമെങ്കിലും കരിങ്കോഴികളില്‍ നിന്ന് വ്യത്യസ്തമായി തലശ്ശേരിക്കോഴികളുടെ ത്വക്കിന് വെള്ള കലര്‍ന്ന ചാരനിറമാണ്. പൂവന്‍ കോഴികള്‍ക്ക് തലയില്‍ നല്ല വലുപ്പമുള്ള നിവര്‍ന്ന് നില്‍ക്കുന്ന പൂവാണുള്ളത്.
മുട്ടക്കും മാംസത്തിനും വളർത്താം
ആറ്, എട്ട് മാസം പ്രായമെത്തുമ്പോള്‍ തലശ്ശേരി കോഴികള്‍ മുട്ടയുൽപാദനം ആരംഭിക്കും. തുടര്‍ച്ചയായി 4-6 മുട്ടകള്‍വരെ ഇടുന്ന കോഴികള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ ചെറിയ ഇടവേളക്കുശേഷം വീണ്ടും മുട്ടയിടാന്‍ ആരംഭിക്കും. മുട്ടയിട്ട് കഴിഞ്ഞാല്‍ പിടക്കോഴികൾ കൊക്കിക്കൊക്കി വീട്ടുമുറ്റത്ത് ബഹളം തന്നെയായിരിക്കും. ഇത് തലശ്ശേരി കോഴികളുടെ തനത് സ്വഭാവമാണ്. കോഴിമുട്ടക്ക് ശരാശരി 40-45 ഗ്രാം തൂക്കമുണ്ടാകും.
ഇളം തവിട്ട് നിറമുള്ള ഈ മുട്ടകളുടെ മഞ്ഞക്കരുവിന് കടുംമഞ്ഞ നിറമായിരിക്കും. ഒന്നര മാസത്തോളം നീളുന്ന ഒരു മുട്ടയിടല്‍ കാലം കഴിഞ്ഞാല്‍ 21 ദിവസം അടയിരിക്കല്‍ (പൊരുന്നുകാലം) കാലമാണ്. നാലുമാസംവരെ നീളുന്ന ഒരു മുട്ടയുൽപാദന കാലയളവില്‍ 20 - 25 മുട്ടകള്‍ വരെ കിട്ടും. ഇങ്ങനെ ഒരു വർഷം ആകെ 60 - 80 മുട്ടകള്‍ വരെ ഒരു തലശ്ശേരി കോഴിയില്‍ നിന്നും കിട്ടും.
കൊത്ത് മുട്ടകളുടെ വിരിയല്‍ നിരക്ക് 70 - 80 ശതമാനം വരെയാണ്. കുഞ്ഞുങ്ങളില്‍ മരണനിരക്കും തീരെ കുറവാണ്. നല്ല നാടന്‍ മാംസത്തിനും പേരുകേട്ടവയാണ് തലശ്ശേരിക്കോഴികള്‍. ഇവയുടെ കൊഴുപ്പ് കുറഞ്ഞ മാംസത്തിന് ആവശ്യക്കാര്‍ ഏറെയുണ്ട്. ഉത്തരമലബാറില്‍ പ്രസിദ്ധമായ പരമ്പരാഗത വൈദ്യത്തിലെ ഔഷധക്കൂട്ടുകളിലും തലശ്ശേരിക്കോഴികളുടെ മാംസം ഇടംപിടിച്ചിട്ടുണ്ട്.
പൂർണവളര്‍ച്ചയെത്തിയ തലശ്ശേരി പൂവന്‍കോഴികള്‍ക്ക് ശരാശരി 1.85-2.5 കിലോഗ്രാമും പിടക്കോഴികള്‍ക്ക് 1.25-1.5 കിലോഗ്രാമും തൂക്കമുണ്ടാകും. കോഴിവസന്ത പോലുള്ള സാംക്രമിക രോഗങ്ങള്‍ ഈ കോഴികളെ ബാധിക്കുന്നത് വളരെ അപൂർവമാണ്. പരിമിതമായ സാഹചര്യങ്ങളില്‍ വളര്‍ത്താവുന്ന, അടുക്കളമുറ്റങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന ഇനമാണ് തലശ്ശേരി കോഴികള്‍. തീറ്റയായി അടുക്കളയില്‍ ബാക്കിയാവുന്ന ആഹാരാവശിഷ്ടങ്ങളും വിലകുറഞ്ഞ ധാന്യങ്ങളും മാത്രം മതി. ചിക്കിച്ചികഞ്ഞ് ആഹാരം കണ്ടെത്തുകയും ചെയ്യും.
മികച്ച നാടൻ കോഴികളെ വികസിപ്പിച്ച് വെറ്ററിനറി സർവകലാശാല
തലശ്ശേരി കോഴികളുടെ പരിരക്ഷണത്തിനും വർഗോദ്ധാരണത്തിനുമായി വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി വെറ്ററിനറി കോളജില്‍ ഓള്‍ ഇന്ത്യ കോഓഡിനേറ്റഡ് റിസര്‍ച് പ്രോജക്ട് ഓണ്‍ പൗള്‍ട്രിക്ക് (എ.ഐ.സി.ആര്‍.പി.) കീഴില്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
തലശ്ശേരി കോഴികളിൽ നിന്നും കേരളത്തിലെ മറ്റ് നാടൻ കോഴികളിൽ നിന്നും ജനിതക മികവിന്റെ അടിസ്‌ഥാനത്തിൽ മികച്ച കോഴികളെ തിരഞ്ഞെടുത്ത് നടത്തിയ തുടര്‍ച്ചയായ ഗവേഷണങ്ങളുടെ ഫലമായി വര്‍ഷത്തില്‍ 150 -160 മുട്ടകള്‍വരെ ഇടാന്‍ ശേഷിയുള്ള നാടൻ കോഴികളെ ഈ കേന്ദ്രത്തില്‍ വികസിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഉരുത്തിരിച്ചെടുത്ത കോഴികൾക്ക് തലശ്ശേരി കോഴികളുടെ ഗുണം ഏറെയുണ്ട്. ഇവ നാലര മാസത്തില്‍ മുട്ടയിടാന്‍ ആരംഭിക്കും.
മണ്ണുത്തി വെറ്ററിനറി കോളജിലെ എ.ഐ.സി.ആര്‍.പി കോഴിവിൽപന കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ കൊത്തുമുട്ടകൾ കര്‍ഷകര്‍ക്ക് ലഭ്യമാവും (ബന്ധപ്പെടാനുള്ള നമ്പർ- 0487-2370237). കോഴിക്കോട് ചാത്തമംഗലത്ത് പ്രവർത്തിക്കുന്ന റീജനൽ പൗൾട്രി ഫാമിൽ നിന്നും തലശ്ശേരി കോഴികളെ ലഭ്യമാവും (ബന്ധപ്പെടാനുള്ള നമ്പർ- 0495-2287481).


