Begin typing your search above and press return to search.

എന്തിനാണിങ്ങനെ ചീമേനിയുടെ ഉറക്കം കെടുത്തുന്നത്?

എന്തിനാണിങ്ങനെ   ചീമേനിയുടെ   ഉറക്കം കെടുത്തുന്നത്?
cancel

മുപ്പത്തിയഞ്ച്​ വർഷം മുമ്പ്​ ജനം ഒന്നിച്ചെതിർത്ത്​ തോൽപിച്ച ആണവനിലയം വീണ്ടും സ്​ഥാപിക്കാനൊരുങ്ങുകയാണ്​ സർക്കാർ. ചീമേനിയെ വീണ്ടും അസ്വസ്ഥതയിലേക്ക്​ തള്ളിവിട്ട ഇൗനീക്കത്തിനെതിരെ എതിർപ്പ്​ ശക്തമാകുകയാണ്​. ചീമേനിയിലെ അവസ്ഥകൾ എഴുതുന്നു.മൂന്നര പതിറ്റാണ്ടുമുമ്പ് കണ്ണൂർ ജില്ലയുടെ മലയോര ഗ്രാമമായ പെരിങ്ങോത്ത് ആണവനിലയം സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ആ തീരുമാനം തിരുത്തിക്കാൻ നാട്ടുകാർക്ക് സാധിച്ചുവെന്നത് കേരളത്തി​ന്റെ പാരിസ്ഥിതിക സമരചരിത്രത്തിലെ പുതിയ അടയാളമായി മാറി. ആണവനിലയത്തിനെതിരായ സമരം വിജയിപ്പിച്ച മണ്ണ് എന്ന പേര് അങ്ങനെ പെരിങ്ങോം ഗ്രാമത്തിന് സ്വന്തം. 1990 ഏപ്രിൽ 26നാണ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
 മുപ്പത്തിയഞ്ച്​ വർഷം മുമ്പ്​ ജനം ഒന്നിച്ചെതിർത്ത്​ തോൽപിച്ച ആണവനിലയം വീണ്ടും സ്​ഥാപിക്കാനൊരുങ്ങുകയാണ്​ സർക്കാർ. ചീമേനിയെ വീണ്ടും അസ്വസ്ഥതയിലേക്ക്​ തള്ളിവിട്ട ഇൗനീക്കത്തിനെതിരെ എതിർപ്പ്​ ശക്തമാകുകയാണ്​. ചീമേനിയിലെ അവസ്ഥകൾ എഴുതുന്നു.

മൂന്നര പതിറ്റാണ്ടുമുമ്പ് കണ്ണൂർ ജില്ലയുടെ മലയോര ഗ്രാമമായ പെരിങ്ങോത്ത് ആണവനിലയം സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ആ തീരുമാനം തിരുത്തിക്കാൻ നാട്ടുകാർക്ക് സാധിച്ചുവെന്നത് കേരളത്തി​ന്റെ പാരിസ്ഥിതിക സമരചരിത്രത്തിലെ പുതിയ അടയാളമായി മാറി. ആണവനിലയത്തിനെതിരായ സമരം വിജയിപ്പിച്ച മണ്ണ് എന്ന പേര് അങ്ങനെ പെരിങ്ങോം ഗ്രാമത്തിന് സ്വന്തം.

1990 ഏപ്രിൽ 26നാണ് കേരളത്തി​ന്റെ സമരചരിത്രത്തിൽ പുതിയ അധ്യായമെഴുതിയ പെരിങ്ങോം സമരത്തിന് തുടക്കം കുറിച്ചത്. ഗ്രാമത്തിലെ ആയിരക്കണക്കിന് സാധാരണക്കാർ അന്ന് തെരുവിലിറങ്ങി. സൈലന്റ് വാലി പ്രസ്ഥാനം ഉണ്ടാക്കിയ പാരിസ്ഥിതിക അവബോധത്തി​ന്റെയും ചെർണോബിൽ ദുരന്തത്തി​ന്റെ തീവ്രതയുടെയും ഫലംകൂടിയാണ് പെരിങ്ങോം ആണവനിലയത്തിനെതിരായ സമരത്തി​ന്റെ ഇന്ധനമായതെന്ന് വിലയിരുത്തപ്പെട്ടു.

നാട്ടുയോഗങ്ങൾ, സെമിനാറുകൾ, സ്ലൈഡ് പ്രദർശനങ്ങൾ, സിനിമ പ്രദർശനങ്ങൾ, തെരുവുനാടകങ്ങൾ, സംവാദങ്ങൾ തുടങ്ങിയ ജനകീയ സമര ബോധവത്കരണങ്ങളിലൂടെയാണ് നാടിനെ അന്നു സമരസജ്ജമാക്കിയത്. 1991ലെ ഹിരോഷിമ ദിനത്തിൽ ആയിരക്കണക്കിനാളുകളാണ് ഗ്രാമത്തിലെ മുഴുവൻ സർക്കാർ കാര്യാലയങ്ങളും പിക്കറ്റ് ചെയ്തത്. നവംബർ ഒന്നിന്റെ കേരളപ്പിറവി ദിനത്തിൽ പെരിങ്ങോത്തുനിന്ന് ആരംഭിച്ച കലക്ടറേറ്റ് മാർച്ച് കാൽനടയായി നവംബർ നാലിനാണ് കണ്ണൂരിലെത്തിയത്.

പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ പെരിങ്ങോം ഗ്രാമത്തിലെത്തി പ്രതിഷേധ മാർച്ച് ഉദ്ഘാടനംചെയ്തു എന്നത് സമരത്തെ ഇന്ത്യയിലെതന്നെ വലിയ പ്രക്ഷോഭങ്ങളുടെ പട്ടികയിൽ അടയാളപ്പെടുത്താൻ സഹായിച്ചതായി വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവർ ഉൾപ്പെടെ പതിനായിരങ്ങളുടെ സമരസംഗമത്തിനാണ് കണ്ണൂർ നഗരം അന്ന് സാക്ഷ്യം വഹിച്ചത്.

‘‘വരും തലമുറകൾക്ക് ഇവിടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനായി നാം അവസാന ശ്വാസംവരെ ആണവനിലയങ്ങൾക്കെതിരെ സമരംചെയ്യണം’’ എന്ന കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ സമരസഖാക്കൾ ഒരേ സ്വരത്തിലാണ് ഏറ്റുചൊല്ലിയത്. ജനകീയ സമരത്തിന് ഐക്യദാർഢ്യവുമായി ഗുജറാത്തിൽനിന്ന് പെരിങ്ങോത്തേക്ക് അണുമുക്തി സംഘം നടത്തിയ പ്രതിഷേധ സൈക്കിൾയാത്രയും പോർമുഖത്ത് മറ്റൊരു ഊർജമായി.

ആണവവിരുദ്ധ പ്രവർത്തകരായ ഡോ. സുരേന്ദ്ര ഗാഡേക്കർ, ഡോ. സംഘമിത്ര ഗാഡേക്കർ എന്നിവർ സമരത്തിന് പിന്തുണയുമായി പെരിങ്ങോത്ത് എത്തിച്ചേർന്നു. ബിഷപ് പൗലോസ് മാർ പൗലോസും പെരിങ്ങോം സമരത്തിന് പിന്തുണയുമായെത്തി. അതിവേഗം വളർന്ന ജനരോഷത്തെ തുടർന്ന് പെരിങ്ങോം ആണവ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതമായി.

പെരിങ്ങോത്തുനിന്ന് ചീമേനിയിലേക്ക് അധികം ദൂരമില്ല. രണ്ടു പ്രദേശങ്ങളും രണ്ടു ജില്ലകളിലാണെങ്കിലും (ചീമേനി കാസർകോടും പെരിങ്ങോം കണ്ണൂർ ജില്ലയിലുമാണ്) ഒരു റോഡി​ന്റെ അകലം മാത്രമാണ് രണ്ടു ഗ്രാമങ്ങളെയും വേർതിരിക്കുന്നത്. പെരിങ്ങോം പറഞ്ഞുവിട്ട ആണവനിലയം ഇപ്പോൾ വീണ്ടും തൊട്ടടുത്ത ചീമേനിയിലേക്ക് വരുന്നുവെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.

എന്തുകൊണ്ട് ചീമേനിയെ തന്നെ?

താപനിലയമായിരുന്നു ആദ്യം ചീമേനിയുടെ ഉറക്കം കെടുത്തിയത്. പിന്നീട് മൂന്നു ജില്ലകളിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റ്, ഇപ്പോൾ വീണ്ടും ആണവനിലയം. സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആണവനിലയം സ്ഥാപിക്കുകയാണ് പോംവഴിയെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർലാൽ ഖട്ടറാണ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. നിലയം സ്ഥാപിക്കാൻ ഏറ്റവും യോജിച്ച സ്ഥലം കാസർകോട് ചീമേനിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവരെ അദ്ദേഹം അറിയിച്ചു.

150 ഏക്കർ ഭൂമി കണ്ടെത്തിയാൽ നിലയം സ്ഥാപിക്കാൻ അനുമതി നൽകും. ഇതിനായി തൃശൂർ അതിരപ്പിള്ളിയിലും ചീമേനിയിലുമാണ് സ്ഥലംകണ്ടെത്തിയത്. എന്നാൽ, അതിരപ്പിള്ളിയിൽ വലിയ ടൂറിസം പദ്ധതി നടപ്പാക്കാൻ പോകുകയാണെന്ന് യോഗത്തിൽ പങ്കെടുത്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

ആണവനിലയം സ്ഥാപിച്ചാൽ ഒന്നര കിലോമീറ്റർ ബഫർ സോണിനുള്ളിൽ വിനോദസഞ്ചാര പദ്ധതി ഉൾപ്പെടെ വലിയ പദ്ധതികൾ പാടില്ലെന്നു വ്യവസ്ഥയുള്ളതിനാലാണ് ചീമേനിക്ക് നറുക്കു വീണത്. മാത്രമല്ല, ചീമേനിയിൽ പ്ലാന്റേഷൻ കോർപറേഷ​ന്റെ കൈവശം 980 ഹെക്ടർ ഭൂമിയുണ്ട്.

അതുകൊണ്ട് ആരെയും കുടിയൊഴിപ്പിക്കാതെ ഭൂമി ഏറ്റെടുക്കാം. നഷ്ടപരിഹാരവും കൊടുക്കേണ്ടതില്ല. ഈ സൗകര്യമാണ് ചീമേനിയെ ടാർജറ്റ് ചെയ്യാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പിന്നാക്ക ജില്ലയായ കാസർകോട്ടെ ഒരു സാധാരണ ഗ്രാമത്തിൽ അപകടകരമായ പദ്ധതികൾ അടിച്ചേൽപിക്കാൻ അധികം റിസ്കില്ല എന്നും അധികൃതർക്കറിയാം.

ചീമേനിക്ക് സമരം പുതിയ അനുഭവമല്ല. ഗ്രാമചരിത്രത്തോടൊപ്പം അടയാളപ്പെടുന്ന നിരവധി സമരങ്ങൾക്ക് വേദിയായ മണ്ണാണിത്. സമരഭൂമിയാണ് കയ്യൂർ. കർഷകസമരംകൊണ്ട് ചുവന്ന ഭൂമി. മുനയൻകുന്നും ആലപ്പടമ്പും കരിവെള്ളൂരും നടന്ന കർഷക സമരങ്ങളാണ് പ്രദേശങ്ങളെ കൂടുതൽ ചുവപ്പിച്ചത്.

1946ൽ ചീമേനിയിൽ സ്ത്രീകളുടെ മുൻകൈയിൽ നടന്ന തോൽവിറക് സമരം സ്വാതന്ത്ര്യസമരത്തിലെ വ്യതിരിക്തമായ പോരാട്ടമായിരുന്നു. രണ്ടാം ലോകയുദ്ധകാലത്തെ സാമ്പത്തിക മാന്ദ്യം കാരണം ജന്മിയായ താഴക്കാട്ട് മനക്കാർ തങ്ങളുടെ കൈവശമുള്ള 6036 ഏക്കർ ഭൂമിയുടെ നികുതിയടക്കാൻ പ്രയാസപ്പെട്ടു. ഈ സന്ദർഭത്തിലാണ് തിരുവിതാംകൂറിൽനിന്ന് കൊട്ടുകാപ്പള്ളി ജന്മി ചീമേനിയിലെത്തുന്നത്. കൊട്ടുകാപ്പള്ളി, താഴക്കാട്ട് മന ജന്മിയിൽനിന്ന് ഭൂമി വിലകൊടുത്തു വാങ്ങി.

വിശാലമായ ഈ ഭൂമിയിലെ വിറകും തോലുമാണ് (പച്ചിലവളം) ഗ്രാമത്തി​ന്റെ വിശപ്പകറ്റിയിരുന്നത്. പുതിയ ജന്മി വന്നതോടെ വിറകും തോലും ശേഖരിക്കുന്നതും വഴിയും തടഞ്ഞു. ഇതിനെതിരെയുള്ള തൊഴിലാളികളുടെ ചെറുത്തുനിൽപാണ് തോൽവിറക് സമരമായി പ്രസിദ്ധമായത്. കർഷകസംഘത്തി​ന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിലാണ് സംഘടിച്ച ജനങ്ങൾ സമരരംഗത്തേക്കു വന്നത്. കൂത്തൂർ പാട്ടിയമ്മയെപ്പോലുള്ള പെൺപോരാളികൾ അരിവാൾ കൈയിലേന്തി കേരളീയൻ എഴുതിയ സമരഗാനം പാടി മാർച്ച് ചെയ്തു.

 

1990ൽ പെരിങ്ങോത്ത്​ ആണവനിലയത്തിനെതിരെ നടന്ന ബഹുജന മാർച്ച്​

അവർ ഉറക്കെപ്പാടി:

‘‘തോലും വിറകും ഞങ്ങളെടുക്കും

കാലൻ വന്നു തടഞ്ഞെന്നാലും

ആരും സ്വന്തം നേടിയതല്ല

വാരിധിപോലെ കിടക്കും വിപിനം.

കാവൽക്കാരെ സൂക്ഷിച്ചോളൂ

കാര്യം വിട്ടു കളിച്ചീടേണ്ട

അരിവാൾ തോലരിയാനായ് മാത്രം

പരിചൊടു കൈയിൽ കരുതിയതല്ല.’’

ജനകീയ പ്രക്ഷോഭം ഫലം കണ്ടു. തോലും വിറകും ശേഖരിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കപ്പെട്ടു.

2009ലാണ് ചീമേനിയിൽ താപനിലയം സ്ഥാപിക്കാൻ ശ്രമം തുടങ്ങിയത്. ചീമേനി പോത്താങ്കണ്ടം മുതൽ ചാനടുക്കം കാക്കടവ് വരെയുള്ള പ്രദേശങ്ങളിലാണ് സർവേ നടന്നത്. ഇതിനെതിരെയും നാട്ടുകാർ സംഘടിച്ചു. താപനിലയ വിരുദ്ധ സമിതിക്ക് രൂപം നൽകി. സർക്കാർ മാറിയിട്ടും പദ്ധതി ഉപേക്ഷിച്ചില്ല. 2012ഓടെ സമരം ശക്തമായി.

ഉപവാസം, ധർണ, നിരാഹാര സമരം... വിവിധ സമരമാർഗങ്ങൾ ലൈവായി നിലനിന്നു. ഒടുവിൽ കലക്ടർ ഇടപെട്ടു. പദ്ധതി അടിച്ചേൽപിക്കുന്നതിനു മുമ്പ് നാട്ടുകാരുടെ അഭിപ്രായങ്ങൾ തേടണമെന്ന ആവശ്യം അംഗീകരിച്ചു. ചീമേനിയിൽ കലക്ടറുടെ നേതൃത്വത്തിൽ പബ്ലിക് ഹിയറിങ് നടന്നു. താപനിലയ വിദഗ്ധർ നിലയത്തിനുവേണ്ടി വാദിച്ചു. ഗുണങ്ങൾ വാഴ്ത്തിപ്പാടി. എന്നാൽ, പരിസ്ഥിതി പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടി. ജനകീയ പ്രതിഷേധത്തിനു മുന്നിൽ താപനിലയമെന്ന തീരുമാനം തണുത്തുറഞ്ഞു.

2023ലാണ് മാലിന്യ പ്ലാന്റുമായി സർക്കാർ ചീമേനിയുടെ മണ്ണിലെത്തിയത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ മാലിന്യങ്ങൾ സംസ്കരിക്കാൻ സർക്കാർ കണ്ടെത്തിയത് പോത്താങ്കണ്ടത്തെ ചരിത്രപ്രസിദ്ധമായ അരിയിട്ടപാറ. നാട് എതിർത്തു. സർക്കാർ തൽക്കാലം പിൻവാങ്ങി. എന്നാൽ, ഉത്തരവ് ഫയലിൽ വിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഏതു നിമിഷവും തലപൊക്കാം. ജാഗ്രതയിലാണ് ചീമേനിക്കാർ.

ആണവനിലയത്തിനെതിരെ വീണ്ടും

ആണവനിലയത്തിനെതിരെയുള്ള സമരപാതയിലാണിപ്പോൾ ചീമേനിക്കാർ. കഴിഞ്ഞ ഡിസംബർ 22ന് വ്യാപാരിഭവനിൽ ചേർന്ന നാട്ടുകാരുടെ യോഗം ആണവവിരുദ്ധ ജനകീയ കർമസമിതിക്ക് രൂപം നൽകി. കൂടംകുളം സമരനായകൻ എസ്. ഉദയകുമാറാണ് ഉദ്ഘാടനംചെയ്തത്.

ഡോ. ഡി. സുരേന്ദ്രനാഥാണ് ചെയർമാൻ. എൻ. സുബ്രഹ്മണ്യൻ കൺവീനർ. ആദ്യപടിയായി കണ്ണൂർ, കാസർകോട് ജില്ലകളിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ എന്നിവർക്ക് നിവേദനം നൽകാനാണ് തീരുമാനം. ലഘുലേഖകൾ തയാറാക്കി ജനങ്ങളെ ബോധവത്കരിക്കും. ഫെബ്രുവരിയിൽ ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ പരിസ്ഥിതി പ്രവർത്തകരെ പങ്കെടുപ്പിച്ച് ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

കാസർകോട് ജില്ലയിലെ ഐ.ടി പാർക്കിന് സ്ഥലം കണ്ടെത്തിയത് ചീമേനിയിലായിരുന്നു. ഇതിനായി ചീമേനി ടൗണിനടുത്ത് റോഡരികിൽ 100 ഏക്കർ സ്ഥലം പ്ലാന്റേഷൻ കോർപറേഷൻ ഐ.ടി വകുപ്പിന് കൈമാറി. മൂന്നു കോടി രൂപ ചെലവിൽ ചുറ്റുമതിലും കവാടവും നിർമിച്ചു. അഡ്മിനിസ്ട്രേഷൻ ഓഫിസ് പണി തുടങ്ങി. എന്നാൽ, തുടർന്നുവന്ന സർക്കാർ ചീമേനിക്ക് ഐ.ടി പാർക്ക് യോജിച്ചതല്ലെന്ന് വിധിയെഴുതി. മൂന്നുകോടി പോയതു മിച്ചം. നൂറ് ഏക്കർ ഇപ്പോൾ കാടുമൂടിക്കിടക്കുന്നു.

കേന്ദ്ര സർവകലാശാലക്കുവേണ്ടി ആദ്യം കണ്ടെത്തിയതും ചീമേനി. എന്നാൽ, അത് പെരിയയിലേക്ക് പോയി. ചീമേനിയിൽ ഇപ്പോൾ ഏതു സ്ഥാപനം വന്നാലും നാട്ടുകാർ പറയുന്നത്, അത് ആർക്കും വേണ്ടാത്തതായിരിക്കും എന്നാണ്. കാരണം, നല്ലതൊന്നും തേടിയെത്തില്ലെന്ന് അവർക്കറിയാം. ആണവനിലയ വിരുദ്ധ കർമസമിതി പ്രവർത്തകർ സുഭാഷ് ചീമേനി പറഞ്ഞു.

ചരിത്രത്തി​ന്റെ അടയാളങ്ങൾ

ശിലായുഗ കാലം മുതൽ മനുഷ്യവാസമുണ്ടായ പ്രദേശങ്ങളാണ് ചീമേനിയും പ്രാന്തപ്രദേശമായ ഏറ്റുകുടുക്കയും. കാലത്തി​ന്റെ മുദ്രകൾ അനാവരണംചെയ്‌ത പാറച്ചിത്രങ്ങൾ ഇവിടങ്ങളിലുണ്ട്. ഗോവയിലെ ഉസ്മാളിഗാൾ പാറച്ചിത്രങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ളതാണ് ചീമേനി ശിലാചിത്രങ്ങളെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാ ശിലാസംസ്കാര ശേഷിപ്പുകളായ കുടക്കല്ലുകളും പഴുതറകളും തൊപ്പിക്കല്ലുകളും കൽവൃത്തങ്ങളും നന്നങ്ങാടികളും ചീമേനിയിലെ അമൂല്യ നിധികളാണ്.

നീരുറവകളും അരുവികളും പുഴകളും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും നിറഞ്ഞ ചീമേനിക്കുന്നുകൾ ഏറെ മനോഹരമാണ്. ധർമശാസ്താംകാവ്, വണ്ണാത്തിക്കാനം കാവ്, ശൂലാപ്പ് കാവ് തുടങ്ങി ജൈവവൈവിധ്യത്താൽ സമ്പന്നമായ കാവുകൾ, നെയ്പുല്ലും ക്ടാരിപ്പുല്ലും ഇരപിടിയൻ സസ്യങ്ങളും തഴച്ചുവളരുന്ന പുൽമേടുകൾ എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. നൂറുകണക്കിന് നാട്ടുപക്ഷികൾ പറന്നുല്ലസിക്കുന്ന പച്ചപ്പുകളും പാറപ്പരപ്പുകളും പാറപ്പള്ളങ്ങളുമുള്ള വിശാലമായ ഹരിത തീരം. വ്യത്യസ്തയിനം ഉരഗങ്ങളുടെയും ഉഭയജീവികളുടെയും വിഹാര കേന്ദ്രങ്ങൾകൂടിയാണിവിടം.

ജി. അരവിന്ദ​ന്റെ മാസ്റ്റർപീസ് ചിത്രങ്ങളിലൊന്നായ ‘കുമ്മാട്ടി’യുടെ ചിത്രീകരണം നടന്നത് ചീമേനിയുടെ മണ്ണിലാണ്. നാലരപ്പതിറ്റാണ്ടു മുമ്പ് പ്രദർശനത്തിനെത്തിയ കുമ്മാട്ടിയിൽ ചീമേനിയുടെ ജൈവസമൃദ്ധി വെളിവാക്കുന്ന പ്രകൃതിദൃശ്യങ്ങൾ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെട്ടു. അടുത്തകാലത്ത് ‘അജയ​ന്റെ രണ്ടാം മോഷണം’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളും പിറന്നത് ഇവിടെയാണ്.

അടുത്തകാലത്ത് ജപ്പാനിൽനിന്നും ‘കുമ്മാട്ടി’യുടെ ഭൂമിക കാണാനെത്തിയ മിസിഹോ ടെറാസാക്കിയും നാടിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചാണ് മടങ്ങിയത്. അരിയിട്ടപാറയിലെ ചലച്ചിത്ര ലൊക്കേഷൻ കാണാനെത്തുന്ന പ്രാദേശിക സഞ്ചാരികളും പാറച്ചിത്രങ്ങൾ തേടിയെത്തുന്ന ചരിത്രാന്വേഷികളും പോത്താംകണ്ടം ആനന്ദാശ്രമത്തിലെ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ഉൾപ്പെടെ പങ്കെടുക്കുന്ന നവരാത്രി സംഗീതോത്സവങ്ങൾ സാധ്യമാക്കുന്ന സാംസ്കാരിക വിനിമയവുമൊക്കെ ഇന്ധനമാക്കി വിനോദസഞ്ചാരമേഖലയിൽ വലിയ സാധ്യതകളുള്ള സ്ഥലമാണ് ചീമേനി. ഇവിടെയാണ് ലോകം ഏതാണ്ട് മാറ്റിനിർത്തിയ ആണവനിലയത്തിന് നിലമൊരുക്കുന്നത്.

ലക്ഷ്യം 440 മെഗാവാട്ട് വൈദ്യുതി

220 മെഗാവാട്ടിന്റെ രണ്ട് പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് കെ.എസ്.ഇ.ബി ലക്ഷ്യം. പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടത്തിൽ സ്ഥലമേറ്റെടുക്കാനുള്ള കടമ്പകൾ ഏറെയില്ലാതെ ഭൂമി എളുപ്പം ലഭ്യമാണെന്നതാണ് ചീമേനിയോടുള്ള അധികൃതരുടെ താൽപര്യത്തിനു പിന്നിലെ കാരണം.

താപനിലയം, പെട്രോകെമിക്കൽസ്, ഖരമാലിന്യ സംസ്കരണകേന്ദ്രം തുടങ്ങി അപകടകരമായ പല പദ്ധതികളും കൊണ്ടുവരാൻ ശ്രമിക്കുകയും ജനകീയ പ്രക്ഷോഭങ്ങൾ അവയൊന്നും അനുവദിക്കാതിരിക്കുകയും ചെയ്തിട്ടും ചീമേനിയെ വിടാതെ പിന്തുടരുന്നതിനു പിന്നിലെ ലക്ഷ്യമെന്ത് എന്ന ചോദ്യം പ്രസക്തമാവുകയാണ്.

എൻഡോസൾഫാൻ ദുരന്തഭൂമി കൂടിയാണ് ചീമേനി. വിഷമഴ വർഷിച്ചതി​ന്റെ ദുരന്തം പേറി ജീവിക്കുന്ന മനുഷ്യരുള്ള നാട്. മാരക കീടനാശിനിക്കെതിരെ രണ്ടു ദശകം നീണ്ട സമരം നടന്ന സ്ഥലം.

ചീമേനിയിൽ പി.സി.കെയുടെ ഭൂമിയിലൊരു ഭാഗം വിട്ടുകിട്ടിയ സ്ഥലത്താണ് കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ പ്രവർത്തിക്കുന്നത്. ഇതിനു പുറമെ ചീമേനി അരിയിട്ട പാറയിൽ കെ.എസ്.ഇ.ബിയും എസ്.ഇ.സി.ഐയും സംയുക്തമായി 100 മെഗാവാട്ട് സോളാർ പാർക്കും നിർമാണവഴിയിലാണ്. പിന്നെന്തിന് ആണവ പ്ലാന്റ് എന്നതാണ് ചോദ്യം.

ചീമേനിയിലെ നിർദിഷ്​ട ആണവനിലയത്തിനെതിരെ നടന്ന കൺ​െവൻഷൻ പരിസ്​ഥിതി പ്രവർത്തകൻ എസ്​.പി. ഉദയകുമാർ ഉദ്​ഘാടനം ചെയ്യുന്നു

 

എവിടെ ജലം?

ആണവനിലയം ഇതര ഊർജ വ്യവസായ മേഖലകളെ അപേക്ഷിച്ച് എറെ വെള്ളം ആവശ്യമായ സ്ഥാപനമാണ്. ന്യൂക്ലിയർ എനർജി വിഭാഗത്തി​ന്റെ കണക്കുപ്രകാരം ഒരു മെഗാവാട്ട് വൈദ്യുതിയുണ്ടാക്കാൻ മണിക്കൂറിൽ 1500 മുതൽ 3000 ലിറ്റർ വരെ വെള്ളം ആവശ്യമത്രെ. അതാണ് ആണവനിലയങ്ങൾ വലിയ നദിയോരങ്ങളിലും കടൽതീരത്തും നിർമിക്കാൻ കാരണം.

ദുരന്തം നടന്നാലും വേണം വെള്ളം. എന്നാൽ, ചീമേനിയുടെ സമീപത്തുള്ള ജലസാന്നിധ്യം കാരിയങ്കോട് പുഴ മാത്രമാണ്. ചിരസ്മരണയിൽ നിരഞ്ജന തേജസ്വിനിയെന്നു പേരിട്ട ഈ പുഴയിൽ ചീമേനിക്കു താഴെ മുക്കടയിൽ തടയിണയിട്ടാണ് ഏഴിമല നാവിക അക്കാദമിയിലേക്കും പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രത്തിലേക്കും വെള്ളമെത്തിക്കുന്നത്. വേനൽ കനക്കുമ്പോൾ വെള്ളം കിട്ടാത്തതിനാൽ ജപ്പാൻ കുടിവെള്ള പദ്ധതിയെ ആശ്രയിക്കേണ്ടി വരാറുണ്ട് ഈ സ്ഥാപനങ്ങൾക്ക്. പിന്നെവിടെനിന്ന് ആണവനിലയത്തിലേക്ക് വെള്ളമെത്തിക്കും എന്നാണ് പരിസ്ഥിതി പ്രവർത്തകർ ചോദിക്കുന്നത്.

കണ്ണൂർ, കാസർകോട് ജില്ലകളുടെ ജലസമൃദ്ധിയാണ് 20 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന കവ്വായി കായൽ. കായലി​ന്റെ പ്രധാന ജലവാഹകകൂടിയാണ് തേജസ്വിനി. ലോഗൻ ഏഴിമല പുഴകൾ എന്നു രേഖപ്പെടുത്തിയ രാമപുരം, പെരുമ്പ, കവ്വായി തുടങ്ങി ആറോളം പുഴകൾ കവ്വായി കായലി​ന്റെ ജലസമൃദ്ധിക്കു പിന്നിലുണ്ട്. ഇവയെല്ലാം ചീമേനിക്കു സമാന്തരമായ ഇടനാടൻ ചെങ്കൽക്കുന്നുകളുടെ സംഭാവനയാണ്. നിലയം വന്നാൽ ഇവയെയെല്ലാം പരോക്ഷമായെങ്കിലും തളർത്തും.

ആണവനിലയങ്ങളുടെ 30 കിലോമീറ്റർ ചുറ്റളവിൽ ആൾത്താമസം നിയന്ത്രണ വിധേയമാണ്. ഇത് കണ്ണൂർ, കാസർകോട് ജില്ലകളുടെയും കുടക് ജില്ലയുടെയും (കാവേരി നദിയുടെ പ്രഭവകേന്ദ്രം ഉൾപ്പെടെ) ഭൂരിഭാഗം ഭൂപ്രദേശങ്ങളും ഉൾപ്പെടുന്നതാണ്.

തോൽവിറക് സമരത്തിൽ പിടിച്ചത് ചെങ്കൊടിയായിരുന്നു. കയ്യൂരും കരിവെള്ളൂരും മുനയൻകുന്നും വ്യത്യസ്തമല്ല. അതുകൊണ്ട് ചീമേനിയെ ചാവുനിലമാക്കാൻ, അല്ലെങ്കിൽ നിലമൊരുക്കാൻ ഇടതുപക്ഷ സർക്കാർ നിന്നുകൊടുക്കുന്നത് ഭൂഷണമാണോ എന്ന് ചോദിക്കുന്നത് അവിടത്തെ സാധാരണക്കാരാണ്. ഉത്തരം പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. എം.വി. ഗോവിന്ദനും ബിനോയ് വിശ്വത്തിനുമുണ്ട്.

News Summary - Cheemeni Power Projector