തിടുക്കത്തിലൊരു തെരഞ്ഞെടുപ്പ്
text_fieldsനിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ
ഞായറാഴ്ച അപ്രതീക്ഷിതമായി അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വാർത്തസമ്മേളനത്തിൽ കേരളത്തിന്റെ തീയതിയിൽ മാത്രം എന്തിനിത്ര തിടുക്കം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോടുതന്നെ നേരിട്ട് ചോദിച്ചതായിരുന്നു. മാർച്ച് 26ന് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞ് ചിത്രം തെളിഞ്ഞാൽ പ്രചാരണത്തിന് രണ്ടാഴ്ച മാത്രമാണ് ബാക്കിയുണ്ടാവുകയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ചോദ്യം ഉന്നയിച്ചത്.
ചോദ്യങ്ങൾ പരിമിതപ്പെടുത്തിയ വാർത്തസമ്മേളനം കഴിഞ്ഞ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നേരിൽക്കണ്ട് ചോദിച്ചിട്ടും മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് കമീഷൻ ഉദ്യോഗസ്ഥരെക്കണ്ട് ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ, സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് പ്രചാരണത്തിന് കൂടുതൽ ദിവസങ്ങളെന്തിനാണെന്നൊരു മറുചോദ്യം ചോദിച്ച് ഒഴിയുകയാണ് ചെയ്തത്.
പരിമിതപ്പെടുന്ന പ്രചാരണ ദിനങ്ങൾ
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് തിരക്കിട്ട് നടത്തുന്നത് അസമിലും പുതുച്ചേരിയിലുമാണ്. അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് താരതമ്യേന ശക്തമായ സാന്നിധ്യമുള്ളത് ഈ മൂന്നിടങ്ങളിലുമാണ്. അതു കൊണ്ടാണ് ബി.ജെ.പിയും കമീഷനും ചേർന്ന് നടത്തിയ കളിയാണിതെന്ന് കോൺഗ്രസ് ആരോപിക്കുന്നത്. മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾ ഒരുമിച്ച് ജനസംഖ്യയുടെ പകുതി വരുന്ന കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രചാരണത്തിനായി കിട്ടുന്ന വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ റമദാൻ, ഈദുൽ ഫിത്ർ, പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ തുടങ്ങിയവയെല്ലാം കടന്നുപോകണം.
ഇതിൽ മത്സര രംഗത്തുള്ള സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞ ശേഷമാണ് ക്രൈസ്തവരുടെ വിശുദ്ധവാരം വരുന്നത്. ചുരുക്കത്തിൽ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഏപ്രിൽ ഏഴുവരെ പരമാവധി 10 ദിവസമേ പരസ്യ പ്രചാരണത്തിന് ലഭിക്കൂ. സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ വൈകിയ കോൺഗ്രസിനെയാണ് ഇതേറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുക. കമീഷൻ ബി.ജെ.പിക്കുവേണ്ടി കളിക്കുന്നുവെന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും സ്ഥാനാർഥി നിർണയം ഇങ്ങനെ നീട്ടിക്കൊണ്ടുപോയത് കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേട് തന്നെയാണ്. ഇത്തരം ദൗർബല്യങ്ങളെ സസൂക്ഷ്മം പിന്തുടർന്നാണല്ലോ കോൺഗ്രസിന്റെ പരാജയം ബി.ജെ.പി ഉറപ്പുവരുത്തുന്നത്.
യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ്
പതിവിൽനിന്ന് ഭിന്നമായി വോട്ടർമാരെ കൂടുതൽ ചേർക്കുന്നതിനുപകരം നിലവിലുള്ളവരെ പോലും രേഖകൾ ചോദിച്ച് എസ്.ഐ.ആറിലൂടെ നിരവധി പേരെ വോട്ടർപട്ടികയിൽനിന്ന് അരിച്ചൊഴിവാക്കി നടത്തുന്ന തെരഞ്ഞെടുപ്പിൽ ആ പട്ടികയിൽ പേരുള്ളവർക്കുപോലും വോട്ടുചെയ്യാൻ സാധിക്കാത്ത വിധം യുദ്ധകാലാടിസ്ഥാനത്തിലാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത്.
കൂടുതൽ വോട്ടർമാരെ പോളിങ് ബൂത്തുകളിലെത്തിക്കാൻ കോടികൾ ചെലവിട്ട് ബോധവത്കരണം നടത്തുന്ന തെരഞ്ഞെടുപ്പ് കമീഷൻ കേരളത്തിന്റെ കാര്യത്തിൽ കൂടുതൽ വോട്ടർമാർ ബൂത്തിലെത്താനുള്ള സാവകാശം പോലും തീയതി നിശ്ചയിച്ചപ്പോൾ നൽകിയില്ല. മലയാളികൾ തൊഴിലിനായി പോയ ഗൾഫ് രാജ്യങ്ങളിൽനിന്ന് വോട്ടിനായി നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാവകാശവും ലഭിക്കാത്ത നാളുകൾ നോക്കിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് എന്നുപോലും തോന്നിപ്പോകും.
എസ്.ഐ.ആർ വേളയിൽ ഫോം 6 എ ഉപയോഗിച്ച് പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാമെന്ന് ആശ്വസിപ്പിച്ചിരുന്ന കമീഷൻ അതിന് ശേഷം നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സാഹചര്യമില്ലാതാക്കുകയാണ് തിടുക്കപ്പെട്ട് തീയതി പ്രഖ്യാപിച്ചതിലൂടെ ചെയ്തത്. പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കേരളത്തിലെ പ്രവാസി വോട്ടർമാർക്ക് നാട്ടിലെത്താൻ എന്ത് സംവിധാനമാണ് വ്യോമയാന മന്ത്രാലയം ഒരുക്കിയതെന്ന് രാജ്യസഭയിൽ സന്തോഷ് കുമാർ എം.പി ചോദിച്ചെങ്കിലും മന്ത്രിയുടെ പക്കൽ മറുപടിയില്ലായിരുന്നു. ഓരോ വോട്ടും നിർണായകമാകുന്ന മണ്ഡലങ്ങളിലേക്ക് ചാർട്ടർ ചെയ്ത വിമാനങ്ങളിൽപോലും പ്രവാസികൾ വോട്ടുചെയ്യാൻ വരാറുള്ള കേരളത്തിൽ അവസാനിക്കാത്ത പശ്ചിമേഷ്യൻ യുദ്ധം അതിന് തടസ്സമാകും.


