തീ പടർന്ന ജുഡീഷ്യറി
text_fieldsകത്തിയ നോട്ടുകെട്ടുകളുടെ അവശിഷ്ടവും സ്റ്റോർ റൂമും
മാർച്ച് 14- നിറങ്ങൾ വാരിവിതറിയ ഹോളി ആഘോഷത്തിനൊടുവിൽ നഗരം ആലസ്യത്തിൽ അമർന്ന നേരത്താണ് കേന്ദ്രമന്ത്രിമാരും ന്യായാധിപന്മാരും അടക്കമുള്ള വി.വി.ഐ.പികൾ താമസിക്കുന്ന തുഗ്ലക്ക് ക്രസന്റ് റോഡിൽനിന്നൊരു ഫോൺ വിളി പൊലീസിന്റെ പി.സി.ആറിലെത്തുന്നത്. ഡൽഹി ഹൈകോടതിയിൽ സീനിയോറിറ്റിയിൽ ചീഫ് ജസ്റ്റിസിന് തൊട്ടു താഴെ നിൽക്കുന്ന ജസ്റ്റിസ് യശ്വന്ത് വർമയുടെ 30, തുഗ്ലക്ക് ക്രസന്റ് ബംഗ്ലാവിലെ സ്റ്റോർ റൂമിൽ തീ പിടിച്ചതറിയിക്കാനായിരുന്നു രാത്രി 11.30നുള്ള വിളി.
മധ്യപ്രദേശുകാരനായ ജസ്റ്റിസ് യശ്വന്ത് വർമ ഹോളി ആഘോഷിക്കാൻ ഭോപാലിലേക്ക് പോയതായിരുന്നു. ജഡ്ജിയുടെ ബംഗ്ലാവിന്റെ സ്റ്റോർ റൂമിൽ വെള്ളം അടിച്ച് തീപിടിത്തം ശമിപ്പിച്ച് കയറിച്ചെന്ന അഗ്നിശമന സേനാംഗങ്ങൾ ആ കാഴ്ച കണ്ട് ഞെട്ടി. വെറും ആക്രിസാധനങ്ങൾ നിക്ഷേപിക്കാൻ മാത്രം ഉപയോഗിക്കുന്നതെന്ന് ജസ്റ്റിസ് വർമ പറയുന്ന സ്റ്റോർ റൂമിൽ 500ന്റെ നോട്ടുകൾ കുത്തിനിറച്ച് ചാക്കുകളിലാക്കി വെച്ചിരിക്കുന്നു. കത്തിയ 500ന്റെ നോട്ടുകൾ കണ്ട് മഹാത്മാഗാന്ധിയാണല്ലോ ഈ തീയിൽ കിടക്കുന്നതെന്ന് അഗ്നിശമന സേനാംഗങ്ങളിലൊരാൾ വേദനയോടെ പറയുന്നത് സുപ്രീംകോടതി പുറത്തുവിട്ട ആ വിഡിയോയിൽ കേൾക്കാം.
തീപിടിത്തം കോടതി അറിയുന്നത് പിറ്റേന്ന്
ലഖ്നോവിൽ ഹോളി ആഘോഷിക്കാൻ പോയിരുന്ന ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയെ ഹോളിയുടെ പിറ്റേന്ന് വൈകീട്ട് 4.50നാണ് ഡൽഹി പൊലീസ് കമീഷണർ സഞ്ജയ് അറോറ സഹ ജഡ്ജിയുടെ വീട്ടിലെ തീപിടിത്തം അറിയിക്കുന്നത്. ഹൈകോടതി ചീഫ് ജസ്റ്റിസ് അപ്പോൾതന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. തീപിടിത്തം നടന്നുവെന്ന വിളി എവിടെനിന്നാണ് വന്നതെന്ന് പൊലീസിനോട് ആരായാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. ജഡ്ജിയുടെ വീട്ടിലുണ്ടായിരുന്ന പരിചാരകൻ വിവരമറിയിച്ചതിനെതുടർന്ന് ജഡ്ജിയുടെ പേഴ്സണൽ സെക്രട്ടറിയാണ് ഫോൺ വിളിച്ചതെന്ന് ഡൽഹി പൊലീസ് മറുപടിയും നൽകി. അന്ന് വൈകീട്ടുതന്നെ തന്റെ രജിസ്ട്രാർ കം സെക്രട്ടറിയോട് സ്റ്റോർ റൂം സന്ദർശിക്കാൻ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. രജിസ്ട്രാർ അവിടെ എത്തുമ്പോഴേക്കും ജസ്റ്റിസ് യശ്വന്ത് വർമ ഭോപാലിൽനിന്ന് ഡൽഹിയിലെ ബംഗ്ലാവിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പമാണ് തീപിടിച്ച മുറി രജിസ്ട്രാർ പോയി കണ്ടത്.
ജസ്റ്റിസ് യശ്വന്ത് വർമ
മാർച്ച് 16ന് ലഖ്നോവിൽനിന്ന് ഡൽഹിയിലെത്തിയ ഹൈകോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നേരിൽ കണ്ടു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിർദേശപ്രകാരം ഡൽഹി ഹൈകോടതി ഗസ്റ്റ് ഹൗസിൽവെച്ച് ചീഫ് ജസ്റ്റിസ് ഉപാധ്യായ ജസ്റ്റിസ് യശ്വന്ത് വർയെ കണ്ടു. പഴയ സാധനങ്ങൾ കൊണ്ടുവെക്കാൻ ഉപയോഗിക്കുന്ന സ്റ്റോർ റൂം പൂട്ടിയിടാറില്ലെന്ന് പറഞ്ഞ യശ്വന്ത് വർമ അത് വേലക്കാർക്കും തോട്ടക്കാർക്കും പൊതുമരാമത്ത് പണിക്കാർക്കുമെല്ലാം കയറാവുന്ന നിലയിലാണെന്നും പറഞ്ഞ് രക്ഷപ്പെടാനുള്ള പഴുതിട്ടു. എന്നാൽ, പൊലീസ് കമീഷണർ വാട്സ്ആപ്പിൽ അയച്ച നോട്ടുകെട്ടുകളും അവ നിറച്ച ചാക്കുകളും കാണിച്ചതോടെ അവ തന്നെ കുടുക്കാൻ ആരെങ്കിലും കൊണ്ടുവന്നിട്ടതാകുമെന്ന ഗൂഢാലോചന സിദ്ധാന്തവും വർമ മുന്നോട്ടുവെച്ചു.
അനക്കമില്ലാത്ത അഞ്ചു നാളുകൾ
16ന് ജസ്റ്റിസ് വർമയുമായുള്ള ഈ കൂടിക്കാഴ്ചക്കുശേഷം പൊലീസ് കമീഷണറുടെ റിപ്പോർട്ടും ഹൈകോടതി ചീഫ് ജസ്റ്റിസിന് ലഭിച്ചു. കരി പിടിച്ച് വിള്ളൽ വീണ ചുമരുകളുള്ള റൂമിൽനിന്ന് തെളിവായ തീപിടിത്ത അവശിഷ്ടങ്ങൾ 15ന് രാവിലെതന്നെ നീക്കം ചെയ്തിട്ടുണ്ടെന്ന് കമീഷണറുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ജഡ്ജിയുടെ വീട്ടിലെ തീ ഡൽഹിയിലെ ഉന്നതവൃത്തങ്ങളിലാകെ നീറിപ്പുകഞ്ഞിട്ടും നാല് ദിവസത്തേക്ക് സുപ്രീകോടതിയുടെ ഭാഗത്തുനിന്ന് അനക്കമൊന്നുമുണ്ടായിരുന്നില്ല. വിവരം കൂടുതലാളുകൾ അറിഞ്ഞ് ജുഡീഷ്യറിയുടെ വിശ്വാസ്യതയിലേക്ക് തീ പടർന്നുതുടങ്ങിയതോടെ പൊലീസ് കമീഷണർ മാർച്ച് 15ന് വാട്സ്ആപ്പിലൂടെ ഹൈകോടതി ചീഫ് ജസ്റ്റിസിന് കൊടുത്ത തീപിടിച്ച സ്റ്റോർ റൂമിലെ നോട്ടുചാക്കുകളുടെ ചിത്രങ്ങളും വിഡിയോയും അയച്ചുകൊടുക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ കൊളീജിയത്തിന് മുന്നിലെത്തിപ്പോൾ പലരും കടുത്ത നിലപാടെടുത്തു. ജസ്റ്റിസ് യശ്വന്ത് വർമയെ മാതൃകോടതിയായ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം. എന്നാൽ, അത് പോരെന്നും കടുത്ത നടപടി അനിവാര്യമാണെന്നും രണ്ട് മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ ആവശ്യപ്പെട്ടു. 20ന് ഇരുന്ന കൊളീജിയത്തിലെ ആശയക്കുഴപ്പം 21ന് ഇതു സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളിലൂടെ പുറത്തുവന്നു. ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തുമെന്നും അതുവരെ അലഹബാദ് ഹൈകോടതിയിലേക്ക് മാറ്റുകയാണെന്നുമായിരുന്നു റിപ്പോർട്ട്.
എന്നാൽ, ജസ്റ്റിസ് വർമയെ കൊണ്ടുവന്നു തള്ളാൻ അലഹബാദ് ഹൈകോടതി കുപ്പത്തൊട്ടിയല്ലെന്ന് പറഞ്ഞ് അവിടത്തെ അഭിഭാഷകർ പരസ്യമായി രംഗത്തുവന്നു. പരമോന്നത കോടതി വീണ്ടുമൊരിക്കൽകൂടി ഉൾവലിയുന്നതാണ് പിന്നെയും കണ്ടത്. ജഡ്ജിയെ അലഹബാദിലേക്ക് മാറ്റിയിട്ടില്ലെന്നും മാറ്റാനുള്ള ആലോചന മാത്രമാണെന്നും അതാകട്ടെ വീട്ടിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയ സംഭവം കൊണ്ടല്ലെന്നും സുപ്രീംകോടതി പ്രത്യേകം കുറിപ്പിറക്കി. തീയണക്കാൻ പോയ അഗ്നിശമനസേന വർമയുടെ വീട്ടിൽനിന്ന് പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന പ്രതികരണവുമായി അഗ്നിശമനസേനാ മേധാവി അതുൽ ഗാർഗ് കൂടി രംഗത്തിറങ്ങിയതോടെ സംഭവംതന്നെ തേച്ചുമായ്ക്കാനാണ് നീക്കമെന്ന് തോന്നി. ദൃശ്യങ്ങൾ പകർത്തിയ അഗ്നിശമന സേനാംഗത്തിന്റെ മൊബൈലിൽനിന്ന് അത് മായ്ച്ചുകളഞ്ഞോ എന്ന് വ്യക്തമാക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യമുയർന്നു. പ്രതിരോധത്തിലായ അഗ്നിശമനസേനാ മേധാവി വിവാദമായപ്പോൾ മാറ്റിപ്പറയുകയും ചെയ്തു.
രാജിവെപ്പിക്കാനുള്ള സമ്മർദതന്ത്രങ്ങൾ
കാര്യങ്ങളൊന്നാകെ കുഴഞ്ഞുമറിയുകയാണെന്ന് തോന്നിച്ച ഘട്ടത്തിലാണ് ജഡ്ജിയെന്ന ചുമതലകളിൽനിന്ന് ജസ്റ്റിസ് വർമയെ നീക്കം ചെയ്ത് മൂന്നംഗ ജുഡീഷ്യൽ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടും കണ്ടെത്തിയ പണക്കൂമ്പാരത്തിന്റെ വിഡിയോയും സുപ്രീകോടതി വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ജനത്തിന് തോന്നുന്ന സന്ദർഭത്തിലാണ് പ്രധാന തെളിവായ വിഡിയോ സുപ്രീംകോടതി രാജ്യത്തിന് മുമ്പാകെ തുറന്നുവെച്ചു കൊടുത്തത്. ഇനിയും വഷളാക്കാതെ സ്വയം രാജിവെച്ചുപോകാൻ ജഡ്ജിക്കുമേൽ സമ്മർദം സൃഷ്ടിക്കാൻകൂടിയാണ് സമിതിയുടെ അന്വേഷണം തീരും മുമ്പ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കാരണം ഒരു ഒരു ഹൈകോടതി ജഡ്ജിയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഭരണഘടനാപരമായ നടപടി ഇംപീച്ച്മെന്റ് മാത്രമാണ്. ഏറെ സമയമെടുക്കുന്ന സങ്കീർണമായ അത്തരമൊരു നടപടിയിലൂടെ രാജ്യത്ത് ഇന്നുവരെ ഒരു ജഡ്ജിയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തിട്ടില്ല.
വിദ്വേഷ പ്രസംഗകനായ ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ്
ജസ്റ്റിസ് യശ്വന്ത് വർമയുടെ മാതൃകോടതിയായ അലഹബാദ് ഹൈകോടതിയിലെ മറ്റൊരു ജഡ്ജിയായ ശേഖർ കുമാർ യാദവ് വി.എച്ച്.പി വേദിയിൽ പോയി മുസ്ലിംകൾക്കെതിരെ കുപ്രസിദ്ധമായ വിദ്വേഷ പ്രസംഗം നടത്തിയിട്ടും മതനിരപേക്ഷ ഇന്ത്യയുടെയും ഭരണഘടനയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന ഒരു നടപടി സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യത തകർത്ത ഈ ജഡ്ജിയെ ഇംപീച്ച് ചെയ്യാൻ അനുമതി തേടി 50 രാജ്യസഭാംഗങ്ങൾ ഒപ്പിട്ട് മാസങ്ങൾക്ക് മുമ്പ് നോട്ടീസും സമർപ്പിച്ചിരുന്നു. ഇതുവരെയും ആ നോട്ടീസിൽ തീരുമാനമെടുക്കാത്തത് അതേ കോടതിയിലെ മറ്റൊരു ജഡ്ജികൂടി ജുഡീഷ്യറിയുടെ വിശ്വാസ്യത തകർത്ത ഘട്ടത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശ് രാജ്യസഭയിൽ ചോദ്യം ചെയ്തു. കാര്യങ്ങൾ നടപടിക്രമം അനുസരിച്ച് നീങ്ങുന്നുവെന്നാണ് ചെയർമാൻ ജഗ്ദീപ് ധൻഖർ അതിന് നൽകിയ മറുപടി.
യശ്വന്ത് വർമയുടെ ഭാവിയെന്ത്?
അന്വേഷണസമിതി റിപ്പോർട്ട് പ്രതികൂലമാണെങ്കിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഹൈകോടതി ജഡ്ജിയോട് രാജിവെക്കാൻ ആവശ്യപ്പെടാം. എന്നാൽ, കൽക്കട്ട ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സൗമിത്ര സെന്നിനോട് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബാലകൃഷ്ണൻ രാജിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. ഒടുവിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനോട് ഇംപീച്ച്മെന്റ് നടപടിയിലേക്ക് കടക്കാൻ ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന് എഴുതേണ്ടിവന്നു. തുടർന്ന് ഇംപീച്ച്മെന്റിന് രാജ്യസഭ സൗമിത്ര സെന്നിനെ വിളിച്ചുവരുത്തി കുറ്റപത്രം വായിച്ചുകേൾപ്പിച്ചുവെങ്കിലും അപ്പോഴേക്ക് അദ്ദേഹവും രാജിവെച്ചുപോകുകയാണ് ചെയ്തത്. അതിനാൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ സുപ്രീംകോടതിയുടെ നിർണായക നീക്കം ഫലപ്രദമാകുമോ എന്നറിയാൻ ഒന്നുകിൽ ജസ്റ്റിസ് യശ്വന്ത് വർമ സ്വമേധയാ രാജിവെക്കണം. അല്ലെങ്കിൽ ജുഡീഷ്യൽ സമിതി പ്രതികൂല റിപ്പോർട്ട് സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് രാജി ആവശ്യപ്പെടുകയും ചെയ്യണം.