Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_right‘പ്രിയദർശിനി’ക്കുള്ള...

‘പ്രിയദർശിനി’ക്കുള്ള ഡൽഹി പാഠങ്ങൾ

text_fields
bookmark_border
‘പ്രിയദർശിനി’ക്കുള്ള ഡൽഹി പാഠങ്ങൾ
cancel

രാജ്യത്താദ്യമായി ഒരു സംസ്ഥാന സർക്കാർ എല്ലാ സർക്കാർ വാഹനങ്ങളിലും സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുന്നത് 2019ൽ രാജ്യതലസ്ഥാന ഭരണപ്രദേശമായ ഡൽഹിയിലാണ്. ലോകത്തെ വിവിധ നഗരങ്ങളിൽ 1960 തൊട്ട് പരീക്ഷിക്കുന്ന സൗജന്യ ബസ് യാത്രാ സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു 2019 ഒക്ടോബറിൽ കെജ്രിവാൾ നടപ്പാക്കിയ മാതൃക. സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കുന്നത് കുറച്ച് പരിസ്ഥിതി മലിനീകരണം തടയാനാണ് പ്രാഗിലും ബ്രസൽസിലും പാരിസിലുമെല്ലാം പദ്ധതി നടപ്പാക്കിയത്; മറ്റു ചില നഗരങ്ങളിൽ സ്വകാര്യ വാഹനങ്ങൾ വഴിയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനും. മറ്റു രാജ്യങ്ങളിൽ വിദ്യാർഥികൾക്കും മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും സൗജന്യ യാത്ര അനുവദിച്ചിരുന്നുവെങ്കിലും സ്ത്രീകൾക്ക് മാത്രമായി ഒരു പദ്ധതി ആദ്യമായി നടപ്പാക്കുന്നത് ഡൽഹിയിലാണ്. ഡൽഹി സർക്കാറിന്റെ ആസൂത്രണ വകുപ്പ് 2020ൽ നടത്തിയ സർവേ പ്രകാരം 4.2 ലക്ഷം സ്ത്രീകളും പെൺകുട്ടികളും ഇതിന്റെ ഗുണഭോക്താക്കളായി.

കെജ്രിവാളിന്റെ ഡൽഹി മോഡൽ

സുരക്ഷിതവും സുഖകരവുമായ യാത്രക്ക് പലപ്പോഴും കൂടുതൽ സമയവും പണവും വിനിയോഗിക്കുന്നവരാണ് സ്ത്രീകൾ. എന്നാൽ, പണച്ചെലവില്ലാത്ത സുരക്ഷിതമായ യാത്ര ഒരുക്കിയുള്ള സ്ത്രീ ശാക്തീകരണമായിരുന്നു ആം ആദ്മി പാർട്ടി സർക്കാറിനെ നയിച്ച മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലക്ഷ്യമിട്ടത്. രാജ്യത്ത് നിലവിൽ സ്ത്രീകൾക്ക് പ്രാപ്യമായ ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത സംവിധാനമാണ് ബസുകൾ. അത് സംസ്ഥാന സർക്കാറിന് കീഴിലാകുമ്പോൾ അവരിൽ സുരക്ഷിതത്വ ബോധവും വിശ്വസ്തതയുമേറും. അതിന് പുറമെ യാത്രയുടെ സാമ്പത്തിക ഭാരമില്ലാതാക്കുക കൂടി ചെയ്യുമ്പോഴുള്ള നേട്ടം സാധാരണ കുടുംബങ്ങളുടെ ബജറ്റിന് ആശ്വാസമേകുന്നുമുണ്ട്. സൗജന്യ യാത്ര തുടങ്ങിയ ശേഷം നടത്തിയ ഒരു പഠനമനുസരിച്ച് 2019-20 സാമ്പത്തിക വർഷം തുടങ്ങിയ പദ്ധതി 2022-23ലെത്തുമ്പോൾ സ്ത്രീ യാത്രക്കാർ 33ൽനിന്ന് 42 ശതമാനമായാണ് ഉയർന്നത്.

ഡൽഹിയിലെ സൗജന്യ യാത്രയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളായിരുന്നു. സൗജന്യ യാത്ര ചെയ്യുന്ന സ്‍ത്രീകൾക്കിടയിൽ ഡൽഹി ആസൂത്രണ വകുപ്പ് 2020ൽ നടത്തിയ സർവേ പ്രകാരം 95 ശതമാനം പേരും സാമ്പത്തിക പ്രയാസം ലഘൂകരിക്കുന്നതിന് സൗജന്യയാത്ര നടത്തിയവരാണ്. അതിൽ 50 ശതമാനം പേരും മാസം ചുരുങ്ങിയത് 500 രൂപയെങ്കിലും ഇതുകൊണ്ട് ലാഭിച്ച് കുടുംബ ബജറ്റിൽ അതിന്റെ പ്രയോജനമെത്തിക്കുന്നവരുമാണ്.

സൗജന്യ യാത്രയുടെ ഗുണഭോക്താക്കൾ

50 രൂപ തൊട്ട് ദിവസ വേതനത്തിന് വീട്ടുജോലിക്ക് പോകുന്ന സ്ത്രീകളുണ്ട് രാജ്യതലസ്ഥാനത്ത്. ഇവരുടെയൊക്കെ ജീവിതങ്ങളിൽ മാറ്റം കൊണ്ടുവന്നുവെന്നതാണ് ഡൽഹിയിലെ സൗജന്യ ബസ്‍ യാത്രയുടെ വലിയ നേട്ടം. ഒരു ദിവസം 10 കിലോമീറ്റർ ദൂരം വരെ സഞ്ചരിച്ച് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വീട്ടുവേല ചെയ്ത് മാസം തോറും 20,000 രൂപ വരെ ഇവരിൽ പലരും സമ്പാദിച്ചുതുടങ്ങി. വീട്ടിലെ പുരുഷന്മാരെ ആശ്രയിക്കാതെ സ്വന്തം നിലക്ക് യാത്ര നടത്താൻ ഡൽഹിയിലെ സാധാരണ കുടുംബങ്ങളിലെ സ്ത്രീകളെ ഈ പദ്ധതി പ്രാപ്തരാക്കി എന്നും ഈ സർവേ കണ്ടെത്തി. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ 7135 ബസുകളായിരുന്നു സർവേ കാലത്ത് സർവിസ് നടത്തിയിരുന്നത്. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന് കീഴിലുള്ള എ.സി, നോൺ എ.സി ബസുകളിലെല്ലാം യാത്രക്കാരിയുടെ സംസ്ഥാനമോ രാജ്യമോ പരിഗണിക്കാതെ എല്ലാ പ്രായക്കാരുമായ സ്‍ത്രീകൾക്ക് സൗജന്യയാത്രക്കുള്ള പിങ്ക് ടിക്കറ്റ് നൽകിയതു കൊണ്ടാണിത് സാധ്യമായത്.

മാസവേതനത്തിന് തൊഴിലെടുക്കുന്നവരോ ദിവസവേതനത്തിനും കൂലിപ്പണിക്കും പോകുന്നവരോ ആയ സ്ത്രീകൾ മാത്രമല്ല സൗജന്യയാത്രയുടെ ഗുണഭോക്താക്കൾ. ആശുപത്രികൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ, ഉറ്റവർക്കും ഉടയവർക്കും കൂട്ടിരിപ്പിനായി പോകുന്ന സ്ത്രീകൾക്കുപോലും ഈയൊരു സൗജന്യ യാത്ര നൽകുന്ന ആശ്വാസം ചെറുതല്ല എന്നതാണ് ഡൽഹി നൽകുന്ന പാഠം.

ഉത്തർപ്രദേശിലെ വിദൂര ഗ്രാമങ്ങളിൽനിന്ന് നിറം മങ്ങിയ സഞ്ചികളിൽ എക്സ്റേ, സ്കാൻ റിപ്പോർട്ടുകളുമായി ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും ജി.ബി പന്ത് ആശുപത്രിയിലേക്കുമെല്ലാം അതിരാവിലെ രോഗികളുമായെത്തി വരി നിൽക്കുന്ന ഒരുപാട് സ്ത്രീകളെ കാണാം. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ സൗജന്യ ബസ് യാത്ര ഇവർക്ക് വലിയൊരാശ്വാസമായിരുന്നു. എയിംസിന് മുന്നിൽ ഒരു ഗ്ലാസ് ചായക്ക് 10 രൂപയുള്ള സമയത്ത് അഞ്ചുരൂപക്ക് അര ഗ്ലാസ് ചായ വാങ്ങി മൊത്തിക്കുടിച്ച് അന്നത്തെ പ്രാതൽ അതിൽ മാത്രമൊതുക്കുന്ന ഈ മനുഷ്യർക്ക് 10ഉം 20ഉം രൂപയുടെ സൗജന്യ യാത്ര നൽകുന്ന ആശ്വാസം എന്തുമാത്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

രണ്ടുതരം സ്ത്രീകളുമായി ബി.ജെ.പിയുടെ മോഡൽ

ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാറിനെയും അരവിന്ദ് കെജ്രിവാളിനെയും ഭരണത്തിൽ നിന്നിറക്കിയത് സദ്ഭരണം കാഴ്ചവെക്കാനാണെന്ന് വമ്പ് പറഞ്ഞിരുന്ന ബി.ജെ.പി ഇവരുടെയൊക്കെ വയറ്റത്തടിച്ച് സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിൽ വെള്ളം ചേർക്കുകയാണിപ്പോൾ. സൗജന്യ ബസ് യാത്ര നിർത്തിയെന്ന പേരുദോഷം ഒഴിവാക്കി, പദ്ധതിയെ ആശ്രയിക്കുന്ന ബഹുഭൂരിഭാഗം ഗുണഭോക്താക്കളെയും വെട്ടിമാറ്റി ചടങ്ങിന് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് ഡൽഹിയിലെ ബി.ജെ.പി സർക്കാറിന്റെ തീരുമാനം.

ഡൽഹി ട്രാൻസ്‌പോർട് കോർപറേഷൻ ബസിലെ വനിതാ യാത്രികർ

ജൂലൈ ഒന്നുമുതൽ ‘സഹേലി കാർഡ്’ ഉള്ളവർക്ക് മാത്രമായി ഡൽഹിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പരിമിതപ്പെടുത്തും. ഡൽഹിയിലെ വിലാസത്തിൽ ആധാർ കാർഡുള്ള സ്ത്രീകൾക്ക് മാത്രമേ ‘സഹേലി കാർഡ്’ നൽകൂ. മറ്റുള്ളവരെല്ലാം ടിക്കറ്റ് എടുക്കണം. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള വരുമാനം കുറഞ്ഞ സ്ത്രീകളാണ് സൗജന്യ ബസ് യാത്രയുടെ ഗുണഫലമനുഭവിച്ചുകൊണ്ടിരിക്കുന്നവരിലേറെയും എന്നറിഞ്ഞുകൊണ്ടുള്ള നീക്കമാണിത്.

‘പ്രിയദർശിനി’ പദ്ധതി വിജയിക്കണമെങ്കിൽ

ഗതാഗത സൗകര്യങ്ങളിൽ ഉള്ളവൾക്കും ഇല്ലാത്തവൾക്കും തുല്യനീതി ഉറപ്പുവരുത്താൻ കഴിയുന്ന പദ്ധതിയാക്കി മാറ്റുമ്പോൾ മാത്രമേ ‘പ്രിയദർശിനി’ കൊണ്ടുള്ള സ്ത്രീ ശാക്തീകരണം സാധ്യമാകൂ. തൊഴിലിനും വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷക്കുമെല്ലാം കൂടുതൽ ദൂരം സഞ്ചരിക്കാൻ ഈ സൗജന്യ യാത്ര സ്ത്രീകളെ പ്രാപ്തരാക്കും. ആം ആദ്മി ഭരണകാലത്ത് വിജയകരമായി നടപ്പാക്കിയ പദ്ധതിയിൽ വെള്ളം ചേർത്ത ബി.ജെ.പി സർക്കാറിന്‍റെ രീതി ഒരിക്കലും പിന്തുടരരുത്. ഒരു വിധത്തിലുള്ള വിവേചനവും കേരളത്തിൽ അനുവദിക്കരുത്. സൗജന്യയാത്രക്കെത്തുന്ന സ്ത്രീകളോട് ബസ് ജീവനക്കാർ പുലർത്തുന്ന പുച്ഛവും പെരുമാറ്റ ദൂഷ്യവും സുരക്ഷിതത്വത്തിന് ഭീഷണിയായ അനുഭവം ഡൽഹി സർവേയിൽ 59 ശതമാനം സ്ത്രീ യാത്രക്കാർ പങ്കുവെച്ചിരുന്നു.

സ്റ്റോപ്പുകളിൽ സ്ത്രീകളെ കാണുമ്പോൾ ബസുകൾ നിർത്താതെ പോകുന്ന പ്രവണതയും ഡൽഹി സർവേയിൽ കണ്ടെത്തി. ഓരോ ബസിലും സ്ത്രീസുരക്ഷക്ക് മാർഷലുകളുടെ സേവനം ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഈ പരാതികൾ. ഇത്തരം പരാതികൾ കൂടി മുൻകൂട്ടി കണ്ടിട്ടാകണം കേരളത്തിലെ പദ്ധതി നിർവഹണം. സ്ത്രീകളുടെ സഞ്ചാരം കൂടി കണക്കിലെടുത്തുവേണം പ്രിയദർശിനി ബസുകളുടെ സമയക്രമവും റൂട്ടുകളും. ഓർഡിനറി ബസുകളുടെ ദൗർലഭ്യം നിലവിലുള്ള മേഖലകളിലെ സ്ത്രീകളോടുള്ള അനീതി പരിഹരിച്ചില്ലെങ്കിൽ വിവേചനത്തിന്റെ കടുത്ത ഉദാഹരണമായി അതവശേഷിക്കും.

സൗജന്യങ്ങളിലെ ഇരട്ടത്താപ്പ്

സൗജന്യങ്ങളെ കാടടച്ച് വിമർശിക്കുന്നവരെ അവരുടെ പാട്ടിന് വിടുന്നതാണ് നല്ലത്. സൗജന്യങ്ങൾ കൊടുത്തുകൊണ്ടിരുന്നാൽ പാവങ്ങൾ കൂടുതൽ ദരിദ്രരായി തീരുകയല്ലേ ചെയ്യുക എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നൽകിയ മറുപടി ശ്രദ്ധേയമാണ്. അംബാനിക്കും അദാനിക്കും ആയിരക്കണക്കിന് ഇരട്ടി സൗജന്യങ്ങൾ കൊടുത്തുകൊണ്ടിരിക്കുമ്പോൾ അതൊരു പ്രശ്നമായി തോന്നാത്തവർക്ക് എന്തുകൊണ്ടാണ് പാവങ്ങൾക്ക് പ്രയോജനമുള്ള സൗജന്യങ്ങൾ മാത്രം പ്രശ്നമാകുന്നത് എന്ന രാഹുലിന്റെ മറുചോദ്യത്തിന് ചോദ്യകർത്താവിന് ഉത്തരമില്ലായിരുന്നു. ഏതാനും വ്യവസായികളെ സഹായിക്കാൻ മാത്രമായി 16 ലക്ഷം കോടി രൂപ വരെ എഴുതിത്തള്ളുന്ന രാജ്യത്ത് അതിന്റെ ആയിരത്തിലൊന്നുപോലും പാവങ്ങൾക്കുള്ള സൗജന്യ പദ്ധതികൾക്ക് ചെലവിടുന്നില്ലെന്നും തന്റെ ഗാരന്റിയായ, സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയായ ‘പ്രിയദർശിനി’ കേരളത്തിൽ തുടങ്ങുന്നതിനുമുമ്പ് രാഹുൽ പറഞ്ഞുവെച്ചിട്ടുണ്ട്.

Show Full Article
TAGS:Madhyamam articles udf government Kerala Priyadarshini Free Bus Service Delhi Arvind Kejriwal VD Satheesan 
News Summary - Delhi lessons for 'Priyadarshini'
Next Story