കോൺഗ്രസ് ‘ആപ്പി’ന്റെ അന്നം മുടക്കുമോ?
text_fieldsവൈകിയുണ്ടാക്കിയ സഖ്യം താഴെ തട്ടിൽ ഇരു പാർട്ടികളുടെയും പ്രവർത്തകരിലേക്ക് എത്തിയില്ലെന്നാണ് ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് കോൺഗ്രസ് വ്യാഖ്യാനം ചമച്ചത്. ഇപ്പോഴിതാ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യചരിതമെല്ലാം മാറ്റിവെച്ച് ആപ്പും കോൺഗ്രസും പരസ്പരം പോരിനിറങ്ങിയിരിക്കുകയാണ്
പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് കാലം. ഡൽഹിയിൽ ബദ്ധവൈരികളായ ആം ആദ്മി പാർട്ടിയും കോൺഗ്രസും ബി.ജെ.പിയെ ചെറുക്കാൻ ‘ഇൻഡ്യ’യായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നു. ട്രെൻഡ് നേരിട്ടറിയാൻ വടക്കു കിഴക്കൻ ഡൽഹിയിലെ ഭജൻപുര 202ാം നമ്പർ ബൂത്തിലൊന്ന് ചെന്നുനോക്കിയിരുന്നു. സി.പി.ഐ വിട്ട് കോൺഗ്രസിലെത്തിയ ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് കനയ്യ കുമാർ, ഭോജ്പുരി ഗായകനായ ബി.ജെ.പി സിറ്റിങ് എം.പി മനോജ് തിവാരിയിൽനിന്ന് മണ്ഡലം പിടിച്ചെടുക്കുമെന്ന് തോന്നിച്ച പ്രചാരണം വോട്ടുനാളിൽ എത്രത്തോളം പ്രതിഫലിക്കുന്നുണ്ടെന്ന് അറിയണമെന്നുണ്ടായിരുന്നു.
പോളിങ് ബൂത്തിലേക്കുള്ള വഴി വക്കിൽ ഒരു ടാർപോളിൻ പോലും വലിച്ചുകെട്ടാതെ വെയിൽ ഒഴിവാകാൻ കെട്ടിടങ്ങളുടെ തണൽ പറ്റി ഒരു മേശയും കസേരയുമിട്ടിരിപ്പുണ്ട് ആം ആദ്മി പാർട്ടി പ്രവർത്തകൻ ഇഷ്തിയാക്.
മുസ്ലിം വോട്ടർമാർ കൂടുതലുള്ള ബൂത്തിലേക്ക് കോൺഗ്രസിന്റെ കനയ്യകുമാറിന് വോട്ടുചെയ്യാനായി പോകുന്ന 400 വോട്ടർമാർക്കെങ്കിലും അതുവരെ സ്ലിപ് നൽകിയിട്ടുണ്ട് ഇഷ്തിയാക്. സഹായത്തിനായി ആപ്പിന്റെ മുനിസിപ്പൽ വാർഡ് പ്രസിഡൻറ് മുഹമ്മദ് ഇഖ്ബാലും ഉണ്ട്. ഈ ബൂത്തിൽ കനയ്യയുടെ ലീഡുറപ്പിക്കാനുള്ള പരിശ്രമത്തിനിടയിലും ഇഷ്തിയാകിന് ഒരു സങ്കടം ബാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 90 ശതമാനം പോളിങ് നടന്ന ബൂത്തിൽ കോൺഗ്രസിന്റെ ബൂത്ത് ഏജൻറില്ല, ബി.ജെ.പി ഏജൻറു മാത്രമേ ഉള്ളൂ.
‘ഇൻഡ്യ’ മുന്നണിയുടെ പോളിങ് ഏജൻറായി ബൂത്തിലിരിക്കാൻ അപേക്ഷ നൽകി തിരിച്ചറിയൽ കാർഡ് വാങ്ങിയ കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ മൊബൈൽ നമ്പറും ഇഷ്തിയാക് തന്നു. അതിൽ വിളിച്ചു നോക്കി. കോൺഗ്രസ് പ്രതീക്ഷ വെക്കുന്ന സീറ്റ് എന്ന് നാം കരുതിയ മണ്ഡലത്തിൽ വാശിയേറിയ വോട്ടെടുപ്പ് നടക്കവേ ബൂത്ത് ഏജൻറായി ഇരിക്കേണ്ട പ്രാദേശിക കോൺഗ്രസ് നേതാവ് വീട്ടിൽ വിശ്രമത്തിലാണ്. ഇതെല്ലാം കേട്ടു രോഷംകൊണ്ട പഴയ കോൺഗ്രസുകാരൻ സയ്യിദ് അഹ്മദ് ‘ഇൻഡ്യ’ക്ക് വോട്ടുചെയ്യാൻ തയാറുള്ള വോട്ടർമാരുടെ വോട്ടുറപ്പിക്കാൻ പോലും സഖ്യത്തിന് കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തി. മറുഭാഗത്ത് വോട്ടെടുപ്പ്ദിവസം സ്വന്തം വോട്ടർമാരെ ബൂത്തിലെത്തിക്കാനും എതിർവോട്ട് വീഴാതിരിക്കാനും ബി.ജെ.പി സർവ സന്നാഹങ്ങളും ഒരുക്കിയിരുന്നു. ഫലം വന്നപ്പോൾ ഏഴിൽ ഏഴ് സീറ്റും ബി.ജെ.പി സ്വന്തമാക്കുകയും ചെയ്തു.
ആം ആദ്മി പാർട്ടിയോട് പരമാവധി വിലപേശി വാങ്ങിയ ഡൽഹിയിലെ മണ്ഡലങ്ങളിൽ കോൺഗ്രസ് എന്തു ചെയ്തുവെന്നറിയാൻ ഇതിനുമപ്പുറം ഒരു ഉദാഹരണം ആവശ്യമില്ല.
സ്വന്തം വീഴ്ച കാണാതെ വൈകിയുണ്ടാക്കിയ സഖ്യം താഴെ തട്ടിൽ ഇരു പാർട്ടികളുടെയും പ്രവർത്തകരിലേക്ക് എത്തിയില്ലെന്നാണ് തെരഞ്ഞെടുപ്പ്തോൽവിക്ക് കോൺഗ്രസ് വ്യാഖ്യാനം ചമച്ചത്. ഇപ്പോഴിതാ നിയമസഭ തെരഞ്ഞെടുപ്പിന് കേളിമുഴങ്ങവേ സഖ്യചരിതമെല്ലാം മാറ്റിവെച്ച് ആപ്പും കോൺഗ്രസും വേർപെട്ട് പരസ്പരം പോരിനിറങ്ങിയിരിക്കുകയാണ്.
ആപ്പിന്റെ ഗൃഹപാഠം
വലിയ പ്രതീക്ഷക്കിടയിൽ ഇൻഡ്യ സഖ്യം കനത്ത തോൽവിയേറ്റുവാങ്ങിയ മഹാരാഷ്ട്രയിൽ നിന്നുള്ള പാഠങ്ങൾ പഠിച്ചാണ് ആപ്പിന്റെ ഓരോ കാൽവെപ്പും. മാസങ്ങൾക്കുമുമ്പെ അവർ മുന്നൊരുക്കം തുടങ്ങി. ശരത് പവാറിനൊപ്പമിരുന്ന് ബി.ജെ.പി പയറ്റിയ തന്ത്രങ്ങൾ പഠിച്ചു പ്രതിരോധം തീർക്കാനുള്ള പണി തുടങ്ങി.
ഒക്ടോബറിൽ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കരട് വോട്ടർ പട്ടിക വാർഡ് തലത്തിൽ അരിച്ചുപെറുക്കി ആപ്പിനുള്ള പതിനായിരക്കണക്കിന് വോട്ടുകൾ (വിശേഷിച്ചും ന്യൂനപക്ഷ വോട്ടുകൾ) കൂട്ടത്തോടെ വെട്ടിമാറ്റിയതിന്റെ പരാതിപ്പട്ടികകൾ തയാറാക്കി സമർപ്പിച്ചു.
ശഹാദറയിൽ 11,000 വോട്ടുകൾ വെട്ടിമാറ്റാൻ ബി.ജെ.പി നേതാവ് സ്വന്തം ലെറ്റർ ഹെഡിൽ നൽകിയ കത്തും ആപ് പുറത്തുവിട്ടു.
അന്തിമ വോട്ടർ പട്ടിക ജനുവരി ആറിന് പുറത്തുവിട്ട ശേഷവും ആപ് അടങ്ങിയിട്ടില്ല. ഡിസംബർ 16ന് ശേഷമുള്ള ഏതാനും നാളുകൾക്കുള്ളിൽ ഒന്നര ലക്ഷത്തോളം വോട്ടുകൾ വെട്ടിമാറ്റിയതും അഞ്ച് ലക്ഷത്തിൽപരം പുതിയ വോട്ടർമാരെ ചേർത്തതും പരാതിയും ചർച്ചയുമാക്കി പാർട്ടി ജനങ്ങളിലെത്തിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ന്യൂഡൽഹി നിയമസഭ മണ്ഡലത്തിൽ മാത്രം 12.26 ശതമാനം വോട്ട് പുതുതായി ചേർത്തതിലെ ദുരൂഹത ഉദാഹരണമായി ചൂണ്ടിക്കാട്ടി ഡൽഹി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമുണ്ടെന്ന് ആപ് ആരോപിക്കുന്നു. 3000 പേജുള്ള രേഖകളാണ് ഒടുവിൽ ആപ് കമീഷന് നൽകിയത്. എന്നാൽ, വെട്ടിമാറ്റിയത് രോഹിങ്ക്യകളുടെയും ബംഗ്ലാദേശികളുടെയും വോട്ടാണെന്നും തോൽവി ഭയന്നുള്ള മുൻകൂർ ജാമ്യമാണെന്നും എതിർ പ്രചാരണം നടത്തി വോട്ടർപട്ടിക വിവാദത്തെ നേരിടുകയാണ് ബി.ജെ.പി.
മാറ്റമില്ലാത്തത് കോൺഗ്രസിന് മാത്രം
കണ്ടിട്ടും കൊണ്ടിട്ടും കൊടും താപം അതിശൈത്യത്തിന് വഴിമാറിയിട്ടും ഡൽഹിയിൽ കോൺഗ്രസ് മാത്രം മാറിയിട്ടില്ല. മണ്ണിലിറങ്ങിയുള്ള അധ്വാനത്തിനൊന്നും തങ്ങളെ കിട്ടില്ലെന്നാണ് ഇതിനകം ആപ്പും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ പോരാട്ടമായി മാറിയ കളത്തിലേക്ക് ഒറ്റക്കിറങ്ങുന്ന കോൺഗ്രസ് ഡൽഹി ഘടകത്തിന്റെ
നിലപാട് അതേസമയം തങ്ങൾ മെയ്യനങ്ങിയില്ലെങ്കിലും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനും ബി.ജെ.പിയിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനും ജനം തങ്ങൾക്കുതന്നെ വോട്ടുചെയ്യണമെന്നാണ് കോൺഗ്രസിന്റെ മോഹം.
ഇതൊരു വ്യാമോഹമായി ഒടുങ്ങുന്നതിനിടയിൽ കോൺഗ്രസ് ആം ആദ്മി പാർട്ടിയുടെ അന്നം മുടക്കുമോ എന്നാണ് ഡൽഹി ഉറ്റുനോക്കുന്നത്.
അരവിന്ദ് കെജ്രിവാളിനെ മദ്യനയ കേസിൽ കേന്ദ്രം പിടികൂടി ജയിലിലാക്കിയപ്പോൾ രാംലീല മൈതാനിയിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിനെതിരെ സോണിയാ ഗാന്ധി അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത ‘ഇൻഡ്യ’ റാലി നടത്തിയത് ഒമ്പത് മാസം മുമ്പാണ്. ഒരു വർഷം പിന്നിടും മുമ്പെ കെജ്രിവാളിനെതിരായ മദ്യനയ അഴിമതി കേസ് യാഥാർഥ്യമാണെന്ന് ബി.ജെ.പിയെ പോലെ പ്രചാരണം നടത്തുകയാണിന്ന് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. കോൺഗ്രസും ബി.ജെ.പിയും തങ്ങൾക്കെതിരെ ധാരണയിലാണെന്ന് കെജ്രിവാൾ പറയുമ്പോൾ അരവിന്ദ് കെജ്രിവാളിനും നരേന്ദ്ര മോദിക്കും ഒരേ കാഴ്ചപ്പാടാണെന്നാണ് കോൺഗ്രസ് മറുപടി. ഏതായാലും ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ ദുർബലമാകുകയും കോൺഗ്രസ് അതിൽ ഒറ്റപ്പെടുകയും ചെയ്യുന്ന കാഴ്ചക്കും ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം സാക്ഷ്യം വഹിക്കുകയാണ്.
ഇതിനടിയിൽ ഡൽഹിയിൽ കോൺഗ്രസിനെ തള്ളി ആപിനെ പിന്തുണക്കുകയാണ് സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ ‘ഇൻഡ്യ’ സഖ്യത്തിലെ പ്രബല കക്ഷികൾ. ഒരു സംസ്ഥാനത്ത് ഏത് പ്രാദേശിക കക്ഷിയാണ് ശക്തം, ആ പാർട്ടിയുടെ നേതൃത്വത്തിലാണ് ബി.ജെ.പിയുമായി പോരാടണ്ടേത് എന്ന ധാരണയിലാണ് ‘ഇൻഡ്യ’യുണ്ടാക്കിയതെന്നും അതിനാൽ തങ്ങൾ ആപിനൊപ്പമാണെന്നുമാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞത്. ഇൻഡ്യ സഖ്യത്തിലെ പ്രാദേശിക കക്ഷികൾ ശക്തമായിടത്ത് അവരാണ് ബി.ജെ.പിക്കെതിരാത മുന്നണിക്ക് നേതൃത്വം നൽകേണ്ടതെന്ന് മമതയുടെ അനന്തിരവൻ അഖിലേഷ് ബാനർജിയും എൻ.സി.പി നേതാവ് ശരത് പവാറും ഇതിന് അടിവരയിടുന്നു.