Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഡൽഹി ഡയറിchevron_rightഹൈ​ദ​രാ​ബാ​ദ്...

ഹൈ​ദ​രാ​ബാ​ദ് ഉ​ച്ച​കോ​ടി​യു​ടെ ആ​ഗോ​ള മാ​ന​ങ്ങ​ൾ

text_fields
bookmark_border
ഹൈ​ദ​രാ​ബാ​ദ് ഉ​ച്ച​കോ​ടി​യു​ടെ ആ​ഗോ​ള മാ​ന​ങ്ങ​ൾ
cancel
camera_alt

രാഹുൽ ഗാന്ധിയും ജിയാക്കോമോ ഫിലിബെക്കും വേദിയിൽ

ഉച്ചകോടി അവസാനിച്ച ശേഷവും അന്താരാഷ്ട്ര പ്രതിനിധികൾ യാത്രാ ബുദ്ധിമുട്ടുകൾ നേരിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മടക്കയാത്രക്കൊരുങ്ങവെ ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി യുവജന നേതാവിനെ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു

ഹൈദരാബാദിൽ തെലങ്കാന സർക്കാറുമായി സഹകരിച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ വിദേശകാര്യ വിഭാഗം സംഘടിപ്പിച്ച ഭാരത് സമ്മിറ്റ് ഒരു ഇന്ത്യാവിരുദ്ധ ഉച്ചകോടിയായിരുന്നുവെന്നും ദേശവിരുദ്ധ നിലപാടുള്ള ശക്തികളെ ഒരുമിച്ചുകൂട്ടാനുള്ള ശ്രമത്തിലാണ് രാഹുൽ ഗാന്ധിയെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്. ഉച്ചകോടി സമാപനച്ചടങ്ങിൽ യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടി സെക്രട്ടറി ജനറൽ ജിയാക്കോമോ ഫിലിബെക്ക് ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ എന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം പരാമർശിച്ചതും 70 രാജ്യങ്ങളിൽനിന്നായി എത്തിയ ആയിരത്തോളം പ്രതിനിധികൾ ഹർഷാരവത്തോടെ അതിനെ വരവേറ്റതുമാണ് ബി.ജെ.പിയെ കൂടുതൽ പ്രകോപിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും അടക്കമുള്ളവർ ഇതിനെ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിലുള്ള കൈകടത്തലായി വിമർശിച്ചു.

അതേസമയം, ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇറ്റാലിയൻ സോഷ്യലിസ്റ്റ് നേതാവിനെന്ത് കാര്യം എന്ന് ചോദിക്കാൻ ധാർമികമായി ബി.ജെ.പിക്കാകില്ല. യു.എസ് തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വേണ്ടി കാമ്പയിൻ നടത്തിയതോടെയാണല്ലോ ‘മൈ ഫ്രണ്ട്’ എന്നത് ട്രംപിന്റെ ഇന്ത്യൻ അപരനാമമായി മാറിയത്.

ബി.ജെ.പിയെ പ്രകോപിപ്പിച്ച ഇറ്റാലിയൻ സോഷ്യലിസ്റ്റ്

‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന ഏതൊരു ജനാധിപത്യത്തിന്റെയും ലളിതമായ സത്യത്തെ പ്രതിരോധിക്കുന്നതിന്, ആയിരങ്ങളുമായി രാംലീല മൈതാനിയിലേക്ക് മാർച്ച് നയിച്ച് ജനാധിപത്യത്തെ വിട്ടുകൊടുക്കില്ലെന്നും പ്രതിരോധിക്കുമെന്നുമാണ് ജനങ്ങളെ സാക്ഷിനിർത്തി രാഹുൽ പ്രഖ്യാപിച്ചതെന്ന് പറഞ്ഞാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ച പരാമർശം ജിയാക്കോമോ ഫിലിബെക്ക് നടത്തിയത്. ആധുനിക ഇന്ത്യക്ക് ജനാധിപത്യത്തിന്റെ അടിത്തറ പാകിയ കോൺഗ്രസ് അതിനെ സംരക്ഷിക്കാൻ പോരാടുമ്പോൾ എല്ലായിടങ്ങളിലുമുള്ള പുരോഗമന പാർട്ടികളും ചിന്താഗതിക്കാരും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്തംബൂൾ മേയറടക്കമുള്ള തുർക്കിയിലെ പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച ഭരണകൂട നടപടിക്കെതിരെ സംസാരിച്ച ശേഷമാണ് ഇന്ത്യൻ ജനാധിപത്യത്തിലേക്കും വോട്ടുകൊള്ളയിലേക്കും അദ്ദേഹം കടന്നത്. യൂറോപ്യൻ യൂനിയനിലെ ചില രാജ്യങ്ങളിലും യു.എസിലും ജുഡീഷ്യറിയും സ്വതന്ത്ര മാധ്യമങ്ങളും രാഷ്ട്രീയ സമ്മർദത്തിലാണെന്നും അദ്ദേഹം വിമർശിച്ചു. വളരെ ലളിതമാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ: അനീതിയുടെ അടിത്തറയിൽ സാമൂഹിക നീതിയുടെ നിർമിതി സാധ്യമല്ല. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുമ്പോൾ നിശ്ശബ്ദരായിരുന്ന് അതിനെ പ്രതിരോധിക്കാനും കഴിയില്ല. സംവദിക്കുകയും പരസ്പരം വെല്ലുവിളിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന നമ്മൾ നിയമവാഴ്ചയെ മാനിക്കുകയും അധികാരക്കൈമാറ്റം അനുവദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ജനാധിപത്യ സ്ഥാപനങ്ങളുടെ രാഷ്ട്രീയ മത്സരത്തിനും ആസൂത്രിതമായ നശീകരണത്തിനുമിടയിലുള്ള രേഖ നിലനിൽക്കുന്നിടത്തോളമാണത്. അധികാരം ഉപയോഗിക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനും ഇടയിലുള്ള ആ രേഖ മുറിച്ചുകടന്നാൽ അരുത് എന്ന് നാം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിൽ വിദ്യാർഥികളും യുവജനങ്ങളും പ്രതിപക്ഷ നേതാക്കളും വിദ്യാഭ്യാസ പരിഷ്കാരവും സുതാര്യതയും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയതുകൂടി പറഞ്ഞ ശേഷമായിരുന്നു ദശലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയതിനെതിരെ തെരുവിലിറങ്ങുന്ന കാര്യം ഫിലിബെക്ക് പറഞ്ഞത്. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ ഹൃദയഭാഗത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസും രാഹുൽ ഗാന്ധിയുടെ നേതൃത്വവുമാണെന്ന് സ്ഥാപിക്കുകയായിരുന്നു അദ്ദേഹം.

ഉച്ചകോടിയെ ബി.ജെ.പി ഭയന്നതെന്തിന്?

പ്രധാനമന്ത്രിയുടെ ഓരോ വിദേശ യാത്രയിലും കോടികൾ ചെലവിട്ട് ഇന്ത്യയിലെ വലതുപക്ഷ സർക്കാറിനെ മഹത്വവൽക്കരിക്കാൻ നടത്തുന്ന പരിശ്രമങ്ങളെ രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷനൽ കോൺഗ്രസും ഹൈദരാബാദ് ഉച്ചകോടിയും ആഗോള സഖ്യരൂപവത്കരണവും വഴി നിർവീര്യമാക്കുമോ എന്നതാണ് ഉച്ചകോടിക്ക് മുമ്പേ ബി.ജെ.പി ഭയന്നത്. 115 വിദേശ പ്രതിനിധികളെ അവസാന നിമിഷം വിസ റദ്ദാക്കിയും ഇ-വിസ പ്രതീക്ഷിച്ച് ഹൈദരാബാദ്, ഡൽഹി വിമാനത്താവളങ്ങളിൽ എത്തിയ ശേഷം തിരിച്ചയച്ചും പരിപാടിയുടെ ശോഭ കെടുത്താനുള്ള ശ്രമം നടത്തിയത് അതുകൊണ്ടാണ്. ഗ്രീൻ ചാനലുള്ള നയതന്ത്ര പാസ്‌പോർട്ടുമായി ഉച്ചകോടിക്ക് വന്ന ഐവറി കോസ്റ്റിന്റെ മുൻ പ്രധാനമന്ത്രി പാസ്‌കൽ അഫി എൻ ഗെസാനെ ഹൈദരാബാദ് വിമാനത്താവളത്തിൽ ആറു മണിക്കൂറോളം തടഞ്ഞുവെച്ചുവെന്നാണ് സംഘാടകർ പറഞ്ഞത്. എന്തിനാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്ന് ചോദിച്ച ഉദ്യോഗസ്ഥർ ഇന്ത്യൻ നാഷനൽ കോൺഗ്രസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമെന്തെന്നും ആരാഞ്ഞു. നയതന്ത്ര പ്രതിനിധികളുടെ അറസ്റ്റും തടങ്കലും 1961ലെ വിയന്ന കൺവെൻഷന്റെ 29-ാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണെന്ന കാര്യംപോലും വിസ്മരിച്ചായിരുന്നു ഈ നടപടി.

ഹൈദരാബാദ് ഉച്ചകോടി അവസാനിച്ച ശേഷവും അന്താരാഷ്ട്ര പ്രതിനിധികൾ യാത്രാസംബന്ധമായ ബുദ്ധിമുട്ടുകൾ നേരിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മടക്കയാത്രക്കൊരുങ്ങവെ ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി യുവജന നേതാവിനെ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ഉച്ചകോടിയിൽ എന്തിനാണ് പങ്കെടുത്തതെന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാണിക്കണമെന്നുമാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. മലേഷ്യ, ബ്രസീൽ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധരെ ഇമിഗ്രേഷനിൽ ഏകദേശം രണ്ട് മണിക്കൂർ തടഞ്ഞുവെച്ചെന്നും അവരുടെ ഫോണുകൾ പരിശോധിച്ചെന്നും സംഘാടകർ പറഞ്ഞു. ഇന്ത്യൻ വലതുപക്ഷത്തെ വിമർശിക്കുന്ന പോസ്റ്റുകളുണ്ടോയെന്നറിയാനാണ് ഫോണുകൾ പരിശോധിച്ചത്.

ഹൈദരാബാദിൽ തീരാത്ത ആഗോള രാഷ്ട്രീയ അജണ്ട

ലോകമെമ്പാടും അരങ്ങേറുന്ന വിദ്വേഷത്തിന്റെയും ഹിംസയുടെയും വലതുപക്ഷ ഏകാധിപത്യ രാഷ്ട്രീയത്തെ സ്നേഹത്തിന്റെയും അഹിംസയുടെയും പുരോഗമന ജനാധിപത്യ രാഷ്ട്രീയംകൊണ്ട് നേരിടണമെന്ന സന്ദേശമാണ് ദ്വിദിന ഉച്ചകോടി നൽകിയത്. പൊതുവായ ആഗോള വെല്ലുവിളികൾക്ക് പുരോഗമനപരമായ പരിഹാരങ്ങൾ തേടുന്നതിനുള്ള ഒരു അന്താരാഷ്ട്ര വേദിയുടെ സംസ്ഥാപനത്തിനും ഉച്ചകോടി സാക്ഷിയായി. അന്താരാഷ്ട്ര നയഗവേഷണത്തിനും തുടർസംവാദങ്ങൾക്കും വേദിയൊരുക്കാനായാണ് ‘അവർ വേൾഡ്’ എന്ന ആഗോള സ്ഥാപനത്തിന് മുൻ പോർച്ചുഗീസ് മന്ത്രി മരിയ ജോവോ റോഡ്രിഗ്സ്, കോൺഗ്രസ് വിദേശകാര്യ വകുപ്പ് അധ്യക്ഷൻ സൽമാൻ ഖുർഷിദ് എന്നിവർ ചേർന്ന് തുടക്കമിട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Hyderabad Rahul Gandhi Indian National Congress Politics 
News Summary - The Global Outreach of Hyderabad Summit: Rahul Gandhi and Progressive Politics
Next Story