പുകയടങ്ങാതെ ഹിമാലയൻ താഴ്‌വര
text_fieldsകാർഗിലിൽ പാകിസ്താനോട് യുദ്ധം ചെയ്ത് ശത്രുരാജ്യത്തിന്റെ തോക്കിൽനിന്ന് രക്ഷപ്പെട്ട ധീരജവാന്, സ്വന്തം രാജ്യത്തെ പൊലീസിന്റെ വെടിയേറ്റ് മരിക്കേണ്ടിവന്നു എന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നേതാവ് സജ്ജാദ് കാർഗിലിക്ക് പറയേണ്ടിവന്നു. ലഡാക്കിൽ നിരാഹാര സമരം നയിച്ച സോനം വാങ്ചുകിനെ ദേശസുരക്ഷാ നിയമം ചുമത്തി ജയിലിലടച്ചതിന് പാക് ബന്ധം ന്യായീകരണമായി പറഞ്ഞപ്പോഴായിരുന്നു സജ്ജാദിന്റെ ഈ പ്രതികരണം. ലഡാക്കിലെ സമരം അടിച്ചമർത്താൻ പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജങ്ങളിൽ വീണുപോകരുതെന്ന് അദ്ദേഹം ഡൽഹിയിലെത്തി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
2019ൽ ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കുകയും ജമ്മു -കശ്മീരിനെ രണ്ടായി വിഭജിച്ച് ഏറ്റവും വലിയ ഭൂപ്രദേശമായ ലഡാക്കിനെ ഒരു കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തതോടെയാണ് ഈ പ്രശ്നങ്ങൾക്ക് കേന്ദ്ര സർക്കാർ തിരികൊളുത്തിയത്. കശ്മീരികളുടെ ഭരണത്തിൽനിന്ന് മോചിപ്പിച്ച്, ലഡാക്കുകാർ ഭരിക്കുന്ന സംസ്ഥാനം നൽകുമെന്ന് മോഹിപ്പിച്ചാണ് കേന്ദ്രം അന്ന് ഈ വിഭജനത്തിന് അംഗീകാരം നേടിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2020ൽ നടന്ന ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിലും ബി.ജെ.പി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ലഡാക്കിന് പൂർണ സംസ്ഥാന പദവി. പിന്നീട് കേന്ദ്രമന്ത്രിയും ഇക്കാര്യം ഉറപ്പുനൽകി. എന്നിട്ടെന്തുണ്ടായി?
കഴിഞ്ഞ ആറ് വർഷത്തിനിടെ ഒരു ഗസറ്റഡ് തസ്തികയിൽപോലും ഒരു ലഡാക്കുകാരനെ നിയമിച്ചിട്ടില്ല. പബ്ലിക് അഡ്മിനിസ്ട്രേഷൻ തസ്തികകളിലോ പൊലീസിലോ പുതിയ നിയമനങ്ങൾ നടക്കുന്നില്ല. കേന്ദ്രം നിയമിക്കുന്ന ഉദ്യോഗസ്ഥർ, അതീവ പരിസ്ഥിതിലോല പ്രദേശമായ ലഡാക്കിന്റെ പാരിസ്ഥിതിക സവിശേഷതകൾ കണക്കിലെടുക്കാതെയും പ്രാദേശിക ജനവിഭാഗങ്ങളുമായി കൂടിയാലോചിക്കാതെയും ഭരണം നടത്തുന്നു. ഹിമാലയൻ നദികളോടും വനമേഖലയോടും ചെയ്യുന്ന അതിക്രമത്തിന് തങ്ങളാണ് ഇപ്പോൾ പിഴയൊടുക്കുന്നതെന്ന് ജനം പറയുന്നു. ഹിമാലയൻ ഗ്ലേസിയറുകളുടെ കേന്ദ്രമായതിനാൽ ‘മൂന്നാം ധ്രുവം’ എന്നാണ് ഇവിടം അറിയപ്പെടുന്നതുതന്നെ. ഉത്തരവാദിത്തരഹിതമായ ടൂറിസം പദ്ധതികളും വൻകിട നിർമാണങ്ങളും മേഖലയിലെ ആവാസവ്യവസ്ഥയെയും ജലലഭ്യതയെയും തകിടം മറിക്കുമെന്ന് പ്രദേശവാസികളും വിദഗ്ദ്ധരും ഏറെക്കാലമായി ആശങ്കപ്പെടുന്നുണ്ട്.
തങ്ങൾ ജനാധിപത്യം മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് ലഡാക്കുകാർ ചൂണ്ടിക്കാട്ടുന്നത്. ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകുക, 370ാം അനുച്ഛേദം റദ്ദാക്കിയതോടെ നഷ്ടപ്പെട്ട ഭൂമിക്കുമേലുള്ള അധികാരം ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തി പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. അതായത്, 2019ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കെങ്കിലും എത്തിച്ചാൽ മതിയെന്ന് ജനം ആവശ്യപ്പെടുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നു. യുവജനങ്ങൾക്കിടയിലെ രൂക്ഷമായ തൊഴിലില്ലായ്മയും അന്തരീക്ഷം കലുഷിതമാക്കുന്നു. ചൈനയും പാകിസ്താനുമായി അതിർത്തി പങ്കിടുന്ന, അതീവ തന്ത്രപ്രധാനമായ പ്രദേശമായ ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേസിയർ. ഈ മേഖലയിലെ ജനങ്ങൾക്കിടയിലുള്ള അസംതൃപ്തി രാജ്യസുരക്ഷക്കുതന്നെ ആഘാതം തീർത്തേക്കാം.
ലേ, കാർഗിൽ ജില്ലകൾക്കായി രണ്ട് ജനപ്രതിനിധികളെങ്കിലും പാർലമെന്റിൽ വേണമെന്നതാണ് മറ്റൊരു സുപ്രധാന ആവശ്യം. നിലവിൽ, ഭൂമിശാസ്ത്രപരമായി രാജ്യത്തെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലമാണ് ലഡാക്ക്. ഒരു എം.പിക്ക് മണ്ഡലത്തിലെ ഒരറ്റത്തുനിന്ന് മറ്റൊരിടത്ത് എത്തണമെങ്കിൽ ഒരു രാത്രിയും രണ്ട് പകലും യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഈ വാഗ്ദാന ലംഘനങ്ങളും അവഗണനയുമാണ് ലേ അപെക്സ് ബോഡിയെയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിനെയും ഒരുമിച്ചുള്ള പ്രക്ഷോഭത്തിലേക്ക് എത്തിച്ചത്. താപനില പൂജ്യത്തിന് താഴെയായിരുന്നപ്പോഴും ലേയിൽ ചൂടുപിടിച്ച, എന്നാൽ ഗാന്ധിയൻ മാർഗത്തിൽ തികച്ചും സമാധാനപരമായ സമരങ്ങൾ നടന്നിരുന്നു. ലഡാക്കിന്റെ പാരിസ്ഥിതിക സംരക്ഷണത്തിനും ആറാം പട്ടിക പദവിക്കുമായി വാങ്ചുക് നടത്തിയ കാലാവസ്ഥാ സംരക്ഷണ ഉപവാസങ്ങൾ ആഗോള ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന ജനകീയ സമരം ഇപ്പോൾ വെടിവെപ്പിലും നേതാക്കളുടെ അറസ്റ്റിലുമാണ് കലാശിച്ചിരിക്കുന്നത്. പൊലീസ് വെടിവെച്ചില്ലായിരുന്നുവെങ്കിൽ ലഡാക്ക് കത്തിയമരുമായിരുന്നു എന്നാണ് ലെഫ്റ്റനന്റ് ഗവർണറുടെ അവകാശവാദം. ഒരു പ്രദേശത്തെ കേന്ദ്രഭരണത്തിന് കീഴിലാക്കി ആറുവർഷമായിട്ടും അവിടത്തെ ജനതയുടെ അഭിലാഷങ്ങൾക്കൊത്ത് ഉയരാൻ കേന്ദ്രത്തിന് സാധിച്ചില്ല എന്നതിന്റെ കുറ്റസമ്മതമാണ് ഈ ന്യായീകരണം.
സർക്കാറും ലഡാക്ക് പ്രതിനിധികളും തമ്മിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും ജനകീയ ആവശ്യങ്ങളിൽ ഫലപ്രദമായ ഒരു തീരുമാനവും ഉണ്ടായില്ല. മേയ് 27ലെ അവസാന യോഗത്തിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചർച്ചകൾ മുന്നോട്ട് കൊണ്ടുപോയില്ല. സോനം വാങ്ചുക് തുടക്കത്തിൽ ലേ അപെക്സ് ബോഡിയിൽ ഇല്ലായിരുന്നെങ്കിലും പിന്നീട് അതിന്റെ ഭാഗമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായുള്ള അടുത്ത ചർച്ചയിൽ അദ്ദേഹത്തെക്കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച സമയത്താണ് അറസ്റ്റ്. പ്രതിഷേധങ്ങളെ വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിനും മറ്റ് 40 പേർക്കുമെതിരായ നടപടിയെന്ന് സമരക്കാർ പറയുന്നു.
എന്നാൽ, ഹിമാലയൻ സംസ്ഥാനങ്ങൾ ഒരു കുടക്കീഴിൽ അണിനിരന്ന് ചെറുത്തുനിൽക്കുമെന്ന് ലഡാക്ക് പ്രക്ഷോഭത്തെ പിന്തുണക്കുന്ന ‘പീപ്പിൾസ് ഓഫ് ഹിമാലയ’ എന്ന കൂട്ടായ്മ പറയുന്നു. ഹിമാലയൻ താഴ്‌വരയിലെ പ്രശ്നങ്ങളെ സാങ്കേതിക വിഷയങ്ങളായി മാത്രം കണ്ട് ഏകപക്ഷീയമായി പരിഹാരം നിർദേശിക്കുന്നത് അവസാനിപ്പിക്കണമെന്നും ഭരണപരവും നയപരവുമായ പ്രശ്നങ്ങളായാണ് ഇവയെ കാണേണ്ടതെന്നും അവർ ആവശ്യപ്പെടുന്നു.