തദ്ദേശ തെരഞ്ഞെടുപ്പല്ല എസ്.ഐ.ആറാണ് മുഖ്യം
text_fieldsഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ബിഹാറിൽ പോയത് വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) പ്രയോഗതലത്തിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ കൂടിയായിരുന്നു. 68.66 ലക്ഷം പേരെ വെട്ടിമാറ്റുകയും 21 ലക്ഷം പേരെ കൂട്ടിച്ചേർക്കുകയും ചെയ്തതോടെ 90 ലക്ഷം വോട്ടുവ്യത്യാസം വോട്ടർ പട്ടികയിലുണ്ടായ ഒരു സംസ്ഥാനത്ത് അതുണ്ടാക്കുന്ന പ്രത്യാഘാതം അറിയാൻ തെരഞ്ഞെടുപ്പോളം അനുയോജ്യമായൊരു സന്ദർഭമില്ലല്ലോ. വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയായതിനാൽ ഓരോ മണ്ഡലത്തിലും എസ്.ഐ.ആർ വരുത്തിയ പ്രത്യാഘാതങ്ങൾ സംബന്ധിച്ച കൃത്യമായ സ്ഥിതിവിവരക്കണക്ക് പാർട്ടികളുടെ പക്കലുണ്ടാകുമെന്ന് കരുതുകയും ചെയ്തു. എസ്.ഐ.ആർ കേവലം വോട്ടർപട്ടികയിൽ പേരുചേർക്കൽ പ്രക്രിയ അല്ലെന്നും പൗരത്വ പരിശോധന കൂടിയാണെന്നും വ്യക്തമായതോടെ രാജ്യമൊട്ടുക്കുമുള്ള ദേശീയ പൗരത്വ പട്ടിക എന്ന സംഘ്പരിവാർ അജണ്ടയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്നതെന്ന് ബി.ജെ.പിയും സഖ്യകക്ഷികളും അല്ലാത്ത എല്ലാവരും പറഞ്ഞുകൊണ്ടിരുന്നതുമാണ്.
വെട്ടിമാറ്റം അറിയാത്ത പാർട്ടി ഓഫിസുകൾ
തലസ്ഥാനമായ പട്നയിൽ ചെന്ന് പ്രതിപക്ഷ പാർട്ടികളുടെ സംസ്ഥാന ഓഫിസുകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളോട് എസ്.ഐ.ആറിൽ വെട്ടിമാറ്റിയ വോട്ടുകളുടെയും കൂട്ടിച്ചേർത്ത വോട്ടുകളുടെയും മണ്ഡലം തിരിച്ചുള്ള കണക്ക് ചോദിച്ചപ്പോൾ ഇല്ലെന്ന മറുപടികേട്ട് ശരിക്കും അമ്പരന്നു. വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയവരുടെ പട്ടിക സുപ്രീം കോടതിയിൽ പോയി ചോദിച്ചുവാങ്ങിയ പ്രതിപക്ഷ പാർട്ടികൾക്കുപോലും ഓരോ നിയമസഭാ മണ്ഡലത്തിലുമുള്ള ബൂത്തുകളിലെ വെട്ടിമാറ്റിയതും കൂട്ടിച്ചേർത്തതുമായ വോട്ടുകളെക്കുറിച്ച് ഒന്നുമറിയില്ല. കമീഷൻ വോട്ടുമാറ്റിയ വോട്ടർമാരെ കുറിച്ച് എങ്ങനെയറിയും എന്ന ചോദ്യത്തിന് വോട്ടെടുപ്പ് ദിവസം വോട്ടുചെയ്യാനാകാതെ ആളുകൾ തിരിച്ചുപോകുമ്പോൾ മാത്രമേ അറിയാനാകൂ എന്നായിരുന്നു ബിഹാറിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ ആർ.ജെ.ഡിയുടെയും കോൺഗ്രസിന്റെയും നേതാക്കളുടെ മറുപടി. വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രാദേശിക നേതാക്കളോടന്വേഷിച്ചപ്പോൾ, വെട്ടിമാറ്റിയ വോട്ടുകളുടെയും കൂട്ടിച്ചേർത്ത വോട്ടുകളുടെയും കണക്കുകൾ അവരുടെ പക്കലുമില്ല. പാർട്ടി കേഡറുകൾ താഴെത്തട്ടിലിറങ്ങി പ്രവർത്തിക്കുമെന്ന് നാം കരുതുന്ന സി.പി.ഐ(എം.എൽ), സി.പി.ഐ, സി.പി.എം തുടങ്ങിയ ഇടതു പാർട്ടികൾക്കും ഇതുസംബന്ധിച്ച ഒരു സ്ഥിതിവിവരക്കണക്കുമുണ്ടായിരുന്നില്ല. പൗരത്വ നിയമത്തിനും എൻ.ആർ.സിക്കുമെതിരെ സമരം നടത്തിയ അസദുദ്ദീൻ ഉവൈസിയുടെ എം.ഐ.എമ്മിന്റെ പ്രവർത്തകരുടെ പക്കലും അവർക്ക് സ്വാധീനമുള്ള സീമാഞ്ചൽ മേഖലയിലെയെങ്കിലും വെട്ടലും ചേർക്കലും സംബന്ധിച്ച ബൂത്തുതിരിച്ച സ്ഥിതി വിവരക്കണക്കില്ലായിരുന്നു.
അവസരം തുലച്ച പ്രതിപക്ഷം
ബി.ജെ.പി ആഗ്രഹിക്കുന്ന തരത്തിൽ ഒരു വോട്ടർ പട്ടിക ഉണ്ടാക്കാൻ തീരുമാനിച്ചപ്പോൾ ആ പ്രക്രിയയെ നിരന്തരം പിന്തുടർന്ന് കമീഷനുമേൽ തങ്ങൾ ആരോപിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിയുടെ സ്ഥിതിവിവരക്കണക്ക് ശേഖരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് ലഭിച്ച ഒന്നാന്തരം അവസരമായിരുന്നു എസ്.ഐ.ആർ. 2025ലെ വോട്ടർപട്ടിക പ്രകാരം ഓരോ ബൂത്തിലുമുള്ള വോട്ടുകൾ നോക്കി അവയിൽ നിന്ന് എത്ര വെട്ടിമാറ്റിയെന്നും എത്ര കൂട്ടിച്ചേർത്തുവെന്നും അതത് ബൂത്തുകളിലെ ഏജന്റുമാരെ നോക്കാൻ ഏൽപിച്ചാൽ മതിയായിരുന്നു. ഇത് ഒരു ദേശീയ പദ്ധതിയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിലെങ്കിലും അതിന്റെ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്ന സംസ്ഥാനത്ത് ഏതുതരത്തിലാണ് വോട്ടർമാരെ വെട്ടിയതെന്നും കൂട്ടിച്ചേർത്തതെന്നും പഠിച്ച് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഇതിനെ എതിർക്കുന്ന കോൺഗ്രസിനും ഇടത് പാർട്ടികൾക്കും ഉണ്ടായിരുന്നു. അത്തരമൊരു ധർമം നിർവഹിക്കുന്നതിൽ കോൺഗ്രസും ഇടതു പാർട്ടികളും ദയനീയമായി പരാജയപ്പെടുന്നതിന് കൂടിയാണ് ഈ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ് വേളയിൽ സാക്ഷ്യം വഹിച്ചത്.
വോട്ടർ അധികാർ യാത്രയിലൂടെ ‘‘വോട്ടു കള്ളാ സിംഹാസനമൊഴിയൂ’’ എന്ന മുദ്രാവാക്യം ബിഹാറിലെ കുട്ടികളെ കൊണ്ടുപോലും ചൊല്ലിച്ച് എസ്.ഐ.ആറിനെതിരെ ജനങ്ങളുടെ വികാരമുയർത്തിയ ശേഷം ബൂത്ത് തലത്തിൽ വോട്ടർ പട്ടികയിൽ നടത്തുന്ന വെട്ടലും ചേർക്കലും കണ്ടെത്താനോ പിടികൂടാനോ ആർ.ജെ.ഡിയും കോൺഗ്രസും ഇടതു പാർട്ടികളും തയാറാകാതിരുന്നത് അങ്ങേയറ്റം വിരോധാഭാസമായി. ബി.എൽ.ഒമാർക്കൊപ്പം ഓരോ ബൂത്തുകളിലേക്കും ബി.എൽ.എമാരെ അയക്കാനും അവർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ അനുവാദം പോലും ക്രിയാത്മകമായി ഉപയോഗിച്ച് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്ന ചിന്ത ഇവരിലുണ്ടായില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്ന് തങ്ങൾ കൂടി ആരോപിക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാമല്ലോ എന്നൊരു ചിന്ത പോലും പ്രതിപക്ഷ പാർട്ടികൾക്കുണ്ടായില്ല. വോട്ടുവെട്ടിമാറ്റിയവരെ അറിയാൻ വോട്ടെടുപ്പ് ദിവസം വരെ അവർ കാത്തിരുന്നു. കമീഷൻ നടത്തുന്ന ‘പൗരത്വ പരിശോധന’ക്കുശേഷം വോട്ടർപട്ടികയിൽ അവശേഷിക്കുന്നവരെ വെച്ച് ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ ഫലം എന്തായിരിക്കും എന്നതിന്റെ ഉദാഹരണമായി ബിഹാർ മാറുകയും ചെയ്തു.
കേരളത്തിൽ സംഭവിക്കാനിരിക്കുന്നത്
ബിഹാറിൽ കോൺഗ്രസും ഇടതുപാർട്ടികളും ചെയ്തത് എന്താണോ അത് തന്നെയാണ് കേരളത്തിൽ എസ്.ഐ.ആർ ഏറെ നിർണായകമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന തലത്തിലുള്ള മറ്റൊരു വോട്ടർപട്ടിക വെച്ച് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേള തന്നെ ഇതിനായി കമീഷൻ തിരഞ്ഞെടുത്തത് അത്ര നിഷ്‍കളങ്കമല്ല. എന്നിട്ടും പ്രവാസികൾ ഏറെയുള്ള കേരളത്തിൽ എസ്.ഐ.ആറിന്റെ കാര്യത്തിൽ ജനത്തിനുള്ള വേവലാതി കണക്കിലെടുക്കാതെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലും അതിന്റെ വോട്ടുചേർക്കലിലും വ്യാപൃതരായ പാർട്ടികളും നേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എസ്.ഐ.ആർ പട്ടിക സംബന്ധിച്ച ആകുലതകൾ പ്രസ്താവനകളിലൊതുക്കി. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ള ലക്ഷക്കണക്കിനാളുകൾക്ക് 2025ലെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടർപട്ടികയിൽ വോട്ടില്ലെന്ന കാര്യവും അവർ വിസ്മരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന ഡിസംബർ ഒമ്പതിനാണ് എസ്.ഐ.ആർ കരട് ഇറങ്ങുക. വോട്ടുറപ്പിക്കാൻ പായുന്ന ആ നേരത്ത് ഓരോ ബൂത്തിലെയും എസ്.ഐ.ആർ കരട് പട്ടിക ഈ പാർട്ടികൾ നോക്കുമോ ആവോ.
ബൂത്തുതലത്തിൽ എന്തു സംഭവിച്ചുവെന്നറിയാൻ കരട് പട്ടികയും 2025ലെയും വോട്ടർപട്ടികയും ചേർത്തുവെച്ച് നോക്കുകയല്ലാതെ നിവൃത്തിയുമില്ല. മാത്രമല്ല, എന്യൂമറേഷൻ ഫോമുകൾ കിട്ടാത്ത മുഴുവനാളുകളും പൂരിപ്പിച്ച് തിരിച്ച് നൽകാത്തവരും എല്ലാംതന്നെ ‘ഫോം -6’ പൂരിപ്പിച്ച് അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകേണ്ട സമയം കൂടിയായിരിക്കുമത്. കമീഷൻ ഒരുക്കിയ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കെണിയിൽ പാർട്ടികളെ പോലെ വീണുപോകാതെ എസ്.ഐ.ആറിന് എന്തു സംഭവിക്കുമെന്ന കാര്യത്തിൽ കേരള ജനത ജാഗ്രതപാലിച്ച് കാത്തിരിക്കേണ്ട നാളുകളാണ് വരാനിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ടുചോദിച്ച് വീട്ടിലേക്ക് വരുന്ന വിവിധ രാഷ്ട്രീയ പ്രാദേശിക നേതാക്കളോടും പ്രവർത്തകരോടും എസ്.ഐ.ആറിനായി അവർ നിയോഗിച്ച ബി.എൽ.എ (ബൂത്ത് തല ഏജന്റ്) ആരെന്നും ഓരോ പഞ്ചായത്തിലും നഗരസഭയിലും ഒരുക്കിയ സംവിധാനം എന്താണെന്നും ചോദിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയവും പരാജയവുമല്ല, എസ്.ഐ.ആർ പട്ടികയിലെ വെട്ടലും ചേർക്കലുമാണ് തങ്ങൾക്ക് മുഖ്യ വിഷയമെന്ന് അവരുടെ മുഖത്തുനോക്കി പറയേണ്ട സമയമാണിത്.


