Begin typing your search above and press return to search.
exit_to_app
exit_to_app
തൃണമൂലിനെ തീർത്ത് മണ്ഡല പുനർനിർണയം
cancel
camera_alt

വിമത തൃണമൂൽ എം.പിമാർ രാജ്‌ഘട്ട് സന്ദർശിച്ചപ്പോൾ

രണ്ടു പതിറ്റാണ്ടുകാലത്തോളം പശ്ചിമബംഗാൾ പോലൊരു സംസ്ഥാനം ഭരിച്ച പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികളായി മത്സരിച്ചു ജയിച്ച് പാർലമെന്റിലെത്തിയ 20 എം.പിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് ഒപ്പിട്ടു നൽകിയതെന്ന് പറഞ്ഞ് വാർത്താ ഏജൻസിയായ എ.എൻ.ഐ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച ‘സുപ്രധാന രേഖ’യാണ് ചിത്രത്തിൽ. തങ്ങൾ ലയിച്ചുവെന്ന് പറയുന്ന നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻ.സി.പി.ഐ) എന്ന പേരും ഹൗറയിൽ പേരിനൊരു വിലാസവുമുള്ള പാർട്ടിയെക്കുറിച്ച് എന്തെങ്കിലും പറയാനോ ആശയവിനിമയം നടത്താനോ ഈ വിമത എം.പിമാർ തയാറാവാത്ത സാഹചര്യത്തിൽ ആ പ്രസ്ഥാനത്തെക്കുറിച്ച് വിശദമായിത്തന്നെ പറഞ്ഞുതരാം.

ലയനം മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ പാർട്ടി

2022-ൽ ശ്വേലി കുണ്ഡു എന്ന വനിതാ അഭിഭാഷക സ്ഥാപക പ്രസിഡന്റായി രൂപവത്കരിച്ച അംഗീകാരമില്ലാത്ത രജിസ്റ്റേഡ് രാഷ്ട്രീയപാർട്ടി എന്ന നിലക്ക് തെരഞ്ഞെടുപ്പ് കമീഷൻ രേഖകളിലുള്ളതാണ് നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ. 2023-ലെ ത്രിപുര തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ മത്സരിച്ച് 833 വോട്ട് നേടിയതും അതേവർഷം പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചിടത്തെല്ലാം തോറ്റതുമാണ് ഈ പാർട്ടിയുടെ പാർലമെന്ററി ചരിത്രം. ഇതാണ് മികച്ച പാർലമെന്റേറിയന്മാരായിരുന്ന സുദീപ് ബന്ദോപാധ്യായയും കകോളി ഘോഷും ശതാബ്ദി റോയിയും ക്രിക്കറ്റ് താരം യൂസുഫ് പഠാനുമെല്ലാം അടങ്ങുന്ന 20 പ്രഗൽഭ എം.പിമാർ തൃണമൂലിനെയും മമതയെയും ത്യജിച്ച് തങ്ങൾ വരിച്ചെന്ന് പറയുന്ന പാർട്ടിയുടെ വലുപ്പം. അഭിഭാഷക ജോലിയുടെ തിരക്കിനിടയിൽ പാർട്ടി കൊണ്ടുനടക്കാൻ കഴിയാതെ താൻ പ്രസിഡന്റ് പദവി രാജിവെച്ചൊഴിഞ്ഞുവെന്നും അതിനുശേഷം എൻ.സി.പി.ഐക്ക് എന്തു സംഭവിച്ചുവെന്നറിയില്ലെന്നുമാണ് ശ്വേലി കുണ്ഡു പറഞ്ഞത്. പാർട്ടി ദേശീയ ഓർഗനൈസിങ് സെക്രട്ടറി എന്നവകാശപ്പെട്ട് രംഗത്തുവന്ന പശ്ചിമബംഗാളിലെ 24 പർഗാനാസ് ജില്ലയിലെ ശാന്തനു ദേയും 20 തൃണമൂൽ എം.പിമാർ തന്റെ പാർട്ടിയിൽ ചേർന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്.

ഇല്ലത്തുനിന്ന് പുറപ്പെട്ട് അമ്മാത്ത് എത്താത്തവർ

തൃണമൂലിൽനിന്ന് രാജിവെക്കാനുള്ള ബി.ജെ.പിയുടെ കൽപന ശിരസ്സാവഹിച്ച ശേഷം എവിടെ നിൽക്കണമെന്ന കാര്യത്തിൽ നിർദേശത്തിനായി കാതോർത്തു നിൽക്കുന്ന വിമതർക്ക് തങ്ങളുടെ കാര്യത്തിൽ ബി.ജെ.പി ഒരു തീരുമാനമെടുക്കുന്നതുവരെ നിൽക്കാനുള്ള കേവലമൊരു ഇടത്താവളം മാത്രമാണ് എൻ.സി.പി.ഐ. ബംഗാൾ ബി.ജെ.പി ഘടകം ഇങ്ങോട്ട് കയറ്റേണ്ടെന്ന് പറഞ്ഞതിനാൽ ‘ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല’ എന്ന അവസ്ഥയിലായിപ്പോയതാണവർ.

മണ്ഡല പുനർനിർണയ ബിൽ പാസാക്കാൻ പിന്തുണ വേണമെന്നതിൽ കവിഞ്ഞ്, തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവെച്ച തങ്ങളെക്കൊണ്ട് ബി.ജെ.പി എന്താണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ ഈ എം.പിമാർക്ക് ഇപ്പോഴും ധാരണയില്ല. ഈ എം.പിമാരോട് ഒരു തവണയെങ്കിലും സംസാരിച്ചാൽ ഇവരനുഭവിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ആത്മസംഘർഷമെന്തെന്ന് ബോധ്യമാകും. തൃണമൂൽ വിട്ട് എൻ.സി.പി.ഐയിൽ ലയിച്ചുവെന്ന് പറയുന്ന 20ൽ 17 പേരും ഒക്ടോബറിൽ നടക്കുന്ന ദുർഗാപൂജക്ക് മുമ്പായി ബി.ജെ.പിയിൽ ചേരുമെന്ന് അവരിൽപ്പെട്ട ജഗദീഷ് ബസുനിയ പ്രസ്താവനയിറക്കി. യൂസുഫ് പഠാൻ, അബൂ താഹിർ, ഖലീലുർറഹ്മാൻ എന്നീ മുസ്‍ലിം എംപിമാരെ മാറ്റിനിർത്തിയാണ് 17 പേർ എന്ന് ജഗദീഷ് ബസുനിയ പറഞ്ഞത്. ഈ മൂന്നുപേർക്കാവട്ടെ ബി.ജെ.പിയോടുള്ള വിരക്തിയെന്നതിലുപരി തങ്ങളുടെ മണ്ഡലങ്ങളിൽ പോയി വോട്ടർമാരെ അഭിമുഖീകരിക്കാനുള്ള ഭയമാണ് താനും.

പുനരധിവാസം പുറമ്പോക്കിൽ

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ബംഗാളിൽ ബി.ജെ.പിയുടെ ഭാവി ശോഭനമാക്കണമെങ്കിൽ രാഷ്ട്രീയമായി മമതയുടെ കഥ കഴിച്ചേ തീരൂ. എസ്ഐ.ആറിലൂടെ 37 ലക്ഷം വോട്ടുകൾ വെട്ടിമാറ്റിയിട്ടും 41 ശതമാനം വോട്ടർമാർ മമതക്കൊപ്പമാണെന്നതാണ് അതിനു കാരണം. അതിനൊപ്പം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ പാസാക്കാനായാൽ രാജ്യത്തുടനീളം ബി.ജെ.പിയുടെ രാഷ്ട്രീയഭാവി ഭദ്രമാക്കാനുമാകും. അതുവരെയെങ്കിലും ഇവരെ ബി.ജെ.പിയുടെ പുറമ്പോക്കിലെങ്കിലും പുനരധിവസിപ്പിച്ചു കൂടെ നിർത്തേണ്ടതുണ്ട്. അതിനാണ് എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗമായ ‘മംഗൾ മിലനി’ൽ ഇവരെ വിളിച്ചിരുത്തിയതും. എന്നാൽ അതിനുശേഷവും ലോക്സഭയുടെയും സ്പീക്കറുടെയും കണക്കിൽ മമത ബാനർജിയുടെ എട്ടുപേർക്കൊപ്പം ഇവർ ഇപ്പോഴും തൃണമൂൽ കോൺഗ്രസ് എം.പിമാരാണ്.

സ്പീക്കറെക്കൊണ്ട് നോട്ടീസ് അയപ്പിച്ച് സുപ്രീംകോടതി

എൻ.സി.പി.ഐയിൽ ചേരാൻ വിമതർ നൽകിയ അപേക്ഷയിൽ സ്പീക്കർ തീരുമാനമെടുക്കാതിരിക്കുമ്പോഴാണ് അവരെ തൃണമൂൽ കോൺഗ്രസിൽനിന്ന് പുറത്താക്കിക്കിട്ടാൻ മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി സ്പീക്കർക്ക് കത്തു നൽകിയത്. ആ കത്തിൽ ഉടനടി നടപടിയെടുത്താൽ 20 വിമതരുടെ രാഷ്ട്രീയഭാവിക്കൊപ്പം സർക്കാറിന്റെ മണ്ഡല പുനർനിർണയ ബിൽ അജണ്ടയും അനിശ്ചിതത്വത്തിലാകുമെന്ന് മനസ്സിലാക്കിയതുകൊണ്ടാകാം അഭിഷേക് ബാനർജിയുടെ കത്തും സ്പീക്കർ ഗൗനിച്ചില്ല. ഒടുവിൽ അഭിഷേകിന് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. കേസ് പരിഗണിച്ചപ്പോൾ 20 എം.പിമാർക്ക് നോട്ടീസ് അയച്ചാലും സ്പീക്കറെ കക്ഷിയാക്കി നോട്ടീസ് അയക്കരുതേ എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർഥന. എന്നാൽ 20 എം.പിമാർക്കും നോട്ടീസ് അയച്ചതിനൊപ്പം, ഇവരെ പുറത്താക്കാനുള്ള അഭിഷേകിന്റെ പരാതിയിൽ കൈക്കൊണ്ട നടപടി വ്യക്തമാക്കണമെന്ന് സുപ്രീംകോടതി സ്പീക്കറോടും ആവശ്യപ്പെട്ടു. തങ്ങൾ എൻ.സി.പി.ഐയിൽ ലയിച്ചുവെന്ന് പറയുന്ന എം.പിമാരെ പുറത്താക്കാനുള്ള നടപടി സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതെന്തെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ഇതോടെ സ്പീക്കർ ഓം ബിർള ബാധ്യസ്ഥനായി.

അന്നുതന്നെ സ്പീക്കർ 20 വിമത എം.പിമാർക്കും തൃണമൂൽ കോൺഗ്രസിൽനിന്ന് പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് കാണിച്ച് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു. മറ്റൊരു പാർട്ടിയിൽ ലയിച്ച 20 എം.പിമാരെ തൃണമൂൽ കോൺഗ്രസിൽനിന്ന് പുറത്താക്കാതിരിക്കാൻ വല്ല കാരണവുമുണ്ടോ എന്ന ലളിതമായ ചോദ്യത്തിന് മറുപടി നൽകാൻ ഒരാഴ്ചത്തെ സമയമാണ് നൽകിയിരുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ മൂന്നാഴ്ചകൂടി വേണമെന്ന് ആവശ്യപ്പെട്ട് 20 പേരും സ്പീക്കർക്ക് എഴുതുകയും അതനുവദിക്കപ്പെടുകയും ചെയ്തു. ആ മൂന്നാഴ്ചത്തെ സമയപരിധി സെപ്റ്റംബർ 21 തിങ്കളാഴ്ച തീർന്നിട്ടും തൃണമൂലിൽനിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ 20 പേർക്കും കഴിഞ്ഞിട്ടില്ല. 21-ന് രാത്രി ഒമ്പതു മണിക്ക് മറുപടി നൽകാൻ ഇനി നാലാഴ്ചകൂടി സമയം നൽകണമെന്ന് സ്പീക്കർക്ക് കത്തയച്ചിരിക്കുകയാണ് വിമതർ. തങ്ങളുടെ കാര്യത്തിൽ ബി.ജെ.പി എന്തു ചെയ്യുമെന്ന് അറിയുന്നതുവരെ സമയം നീട്ടി ചോദിക്കുകയല്ലാതെ അവർക്കൊന്നും ചെയ്യാനില്ല.

വിമതരെ അകത്താക്കി മമതയെ പുറത്താക്കും

മഹാരാഷ്ട്രയിൽ ശിവസേനയെയും എൻ.സി.പിയെയും വിമതരെ ഉപയോഗിച്ച് പിളർത്തി ഔദ്യോഗിക പാർട്ടിയും സംവിധാനങ്ങളും കൈപ്പിടിയിലാക്കിയ അതേ രീതിയാണ് ബി.ജെ.പി ബംഗാളിലും പയറ്റുന്നത്. തൃണമൂലിന്റെ ഔദ്യോഗിക നാമവും ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് മമതയെ തടഞ്ഞ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അതിനായി നിലമൊരുക്കിക്കഴിഞ്ഞു.

പാർട്ടിപേരും ചിഹ്നവുമെടുത്ത് മുൻ എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവായ തൃണമൂൽ വിമതൻ ഋതബ്രത ബാനർജിക്ക് കൊടുത്താൽ കമീഷന്റെ പണി പൂർത്തിയാകും. അക്കാര്യം സുപ്രീംകോടതികൂടി അംഗീകരിച്ചാൽ പിന്നെ 20 പേർ ഒപ്പിട്ട വെള്ളക്കടലാസുകൾ വേണ്ടിവരില്ല. സ്പീക്കർ ഓം ബിർള ഇപ്പോഴും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസായി കാണിക്കുന്ന 28 പേരിൽ 20 വിമതർ അകത്തും പാർട്ടി സ്ഥാപിച്ച മമത പുറത്തുമാകും. കൂറുമാറ്റ നിയമം മറികടന്ന് മണ്ഡല പുനർനിർണയ ബിൽ അനായാസം പാസാക്കാം. തൃണമൂലിന്റെ 11 അക്കൗണ്ടുകളിലായി കിടക്കുന്ന ആയിരക്കണക്കിന് കോടി രൂപകൂടി ബി.ജെ.പി നിയന്ത്രണത്തിലുള്ള വിമതരിൽ വന്നുചേരുന്നതോടെ മമതയുടെ ഭീഷണി എന്നെന്നേക്കുമായി തീരും. അതോടെ ഉത്തർപ്രദേശിലെ മായാവതിയെപ്പോലെയാകും ബംഗാളിലെ മമത.

Show Full Article
TAGS:TMC Rebel Om Birla West Bengal Politics mamatha banarji 
News Summary - TMC Rebel MPs and West Bengal's Political Crisis
Next Story