വൻതാര: വേണമെങ്കിൽ ‘നീതി’ വേഗത്തിലുമെത്തും
text_fields
ഇന്ത്യൻ നീതിന്യായ സംവിധാനവും കോടതികളും ഇത്രയും ചടുലമാണോ എന്ന് തോന്നിക്കുന്നതായിരുന്നു റിലയൻസിന്റെ സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വൻതാര’ക്കെതിരായ ഹരജികളിൽ അതിവേഗം കൈക്കൊണ്ട നടപടികൾ. അന്വേഷണത്തിന് ഉത്തരവിട്ട മൂന്ന് ആഴ്ചക്കുള്ളിൽ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന വന്യജീവി വ്യാപാര ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കി ക്ലീൻ ചിറ്റ് നൽകി നാലംഗ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും സുപ്രീംകോടതി ആ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇന്ത്യൻ നീതിന്യായ സംവിധാനവും കോടതികളും ഇത്രയും ചടുലമാണോ എന്ന് തോന്നിക്കുന്നതായിരുന്നു റിലയൻസിന്റെ സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വൻതാര’ക്കെതിരായ ഹരജികളിൽ അതിവേഗം കൈക്കൊണ്ട നടപടികൾ. അന്വേഷണത്തിന് ഉത്തരവിട്ട മൂന്ന് ആഴ്ചക്കുള്ളിൽ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന വന്യജീവി വ്യാപാര ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കി ക്ലീൻ ചിറ്റ് നൽകി നാലംഗ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും സുപ്രീംകോടതി ആ റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്ത് കേസ് തന്നെ ക്ലോസ് ചെയ്തുകളഞ്ഞു. ‘നീതിയുടെ അസാധാരണ ഉത്സാഹം’ എന്നാണ് മുൻ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് ജയറാം രമേശ് കോടതി നടപടികളെ വിശേഷിപ്പിച്ചത്. ഇത്രയും നിശ്ചയദാർഢ്യത്തോടെയും ഔൽസുക്യത്തോടെയും എല്ലാ കേസുകളും തീർപ്പാക്കിയിരുന്നെങ്കിൽ എന്ന് ഒരൽപം മുനവെച്ച് പറയുകയും ചെയ്തു അദ്ദേഹം.
ദശലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന പ്രമാദമായ നിരവധി കേസുകൾ വർഷങ്ങളോളം കെട്ടിക്കിടക്കുന്ന സുപ്രീംകോടതിയിൽ മൂന്നാഴ്ചകൊണ്ട് എല്ലാം തീർത്ത കഥയാണ് വൻതാരയുടേത്. അന്വേഷണത്തിന് മുൻ സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ഉണ്ടാക്കി വൻതാരക്കെതിരെ രാജ്യത്തിനകത്തും രാജ്യാന്തരതലത്തിലും ഉയർന്നുകേട്ട ഗൗരവമേറിയ പരാതികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയ സമയം ഈ മാസം 12 ആയിരുന്നു. സാധാരണ അന്വേഷണ സമിതികളെപോലെ കാലയളവ് ഒരിക്കൽപോലും നീട്ടിച്ചോദിക്കാതെ പറഞ്ഞ ദിവസത്തിനകം തന്നെ സംഘം മുദ്രവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് മൂന്ന് ദിവസത്തിനകം പരിഗണിച്ച് അതിവേഗം തീർപ്പാക്കിയ കേസ് ആയി മാറി വൻതാരയുടേത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഒരു എസ്.ഐ.ടി രൂപവത്കരിച്ച് ഇത്രയും ചുരുങ്ങിയ നാളുകൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചതും ആ റിപ്പോർട്ട് പരിഗണിച്ച് കേസ് തന്നെ അടച്ചതും ഇതാദ്യം.
ഗുജറാത്തിലെ ജാം നഗറിൽ റിലയൻസിന്റെ വന്യജീവി പുനരധിവാസ കേന്ദ്രമായ ‘വൻതാര’ ഉണ്ടാക്കിയതിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിഞ്ഞമാസം 26നാണ് സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് വൈവിധ്യമാർന്ന ജന്തുജാലങ്ങളെ കൊണ്ടുവന്നത് അനധികൃത വന്യമൃഗ വ്യാപാരത്തിലൂടെയാണെന്നും ഇവയുടെ ഇറക്കുമതിയിലും ഇടപാടിലും സുതാര്യത ഇല്ലെന്നും മാധ്യമപ്രവർത്തകരും മൃഗസ്നേഹികളും പരിസ്ഥിതി പ്രവർത്തകരും രാജ്യത്തിനകത്തും രാജ്യാന്തരതലത്തിലും പരാതിപ്പെട്ടതിനിടയിലായിരുന്നു അത്. ഈ ആശങ്കകളാണ് സുപ്രീംകോടതിയിൽ ഹരജികളായി വന്നത്. വൻതാര ഒരുക്കിയതിൽ വന്യമൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട അന്തർദേശീയ കൺവെൻഷനുകളുടെയും രാജ്യത്തിനകത്തെ നിയമങ്ങളുടെയും ലംഘനം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹരജികളാണ് സുപ്രീംകോടതി മുമ്പാകെ എത്തിയത്.

വംശനാശം നേരിടുന്ന വന്യ ജന്തുജാലങ്ങളുടെ അന്തർദേശീയ വ്യാപാരം സംബന്ധിച്ച കൺവെൻഷന് അനുസൃതമായാണോ ഈ വന്യജീവികളുടെ ഇടപാടുകൾ നടന്നതെന്ന് അന്വേഷിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ഇതിനു പിന്നിലെ സാമ്പത്തിക ഇടപാടുകളും വൻതാരയിലെ വന്യജീവി സംരക്ഷണ മാനദണ്ഡങ്ങളും പരിശോധിക്കണമെന്നും ഹരജികൾ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ പങ്കജ് മിത്തലും പി.ബി. വരാലെയും നാലംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത് .മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വർ അധ്യക്ഷനായ സമിതി ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രമായ വസ്തുതാന്വേഷണം നടത്തി സെപ്റ്റംബർ 12 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.
വൻതാരയുമായി ബന്ധപ്പെട്ട വാർത്തകൾ ഏതാനും ചില സമാന്തര പ്രസിദ്ധീകരണങ്ങളല്ലാതെ മുഖ്യധാരാ ഇന്ത്യൻ മാധ്യമങ്ങളൊന്നും തന്നെ പുറത്തുകൊണ്ടുവന്നില്ല എന്ന് ആക്ഷേപമുയർന്നിരുന്നു. പ്രാദേശിക മാധ്യമങ്ങളിൽ വന്ന പല വാർത്തകളാവട്ടെ, നിയമനടപടിയും സമ്മർദങ്ങളും മൂലം പലപ്പോഴും അപ്രത്യക്ഷമായി. വാർത്ത നൽകിയ ഹിമാൽ സൗത്ത് ഏഷ്യൻ മാഗസിനെതിരെ റിലയൻസ് മാനനഷ്ടക്കേസും കോടതിയലക്ഷ്യക്കേസും കൊടുത്തു. അതിനിടയിലും ജർമനി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് അന്തർദേശീയ മാധ്യമങ്ങളിൽ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരുന്നു. കോലാപ്പൂരിലെ ക്ഷേത്രത്തിൽനിന്നുള്ള മഹാദേവി എന്ന ആനയെ വൻതാരയിലേക്ക് മാറ്റിയത് വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കി. ബ്രിങ്ബാക്ക് മഹാദേവി എന്ന കാമ്പയിൻ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും റിലയൻസിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയരുകയും ചെയ്തു.
അതേസമയം ആരോപണങ്ങളെല്ലാം തള്ളിയ റിലയൻസ് തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും പൂർണമായും നിയമപരവും സുതാര്യവുമാണെന്നും വന്യജീവി പുനരധിവാസത്തിന്റെയും സംരക്ഷണത്തിന്റെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ആണയിട്ടു. വാണിജ്യപരമായ മൃഗവ്യാപാരത്തിൽ തങ്ങൾ ഭാഗഭാക്കാകുന്നില്ലെന്നും എല്ലാ ജന്തുജാലങ്ങളുടെയും കൈമാറ്റം നടത്തിയത് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചും രേഖകളുടെ പിൻബലത്തിലുമാണെന്നും പറഞ്ഞ് കേന്ദ്ര സർക്കാറും അവർക്കൊപ്പം നിന്നു.

വൻതാരയുടെ മാത്രമല്ല ഭാവിയിൽ രാജ്യത്ത് നടക്കാവുന്ന ഇത്തരത്തിലുള്ള വന്യജീവികളുടെ ഇറക്കുമതിയെക്കുറിച്ചും സ്വകാര്യ വന്യജീവി സങ്കേതങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും മാർഗനിർദേശങ്ങൾ ഇറക്കുന്ന തരത്തിൽ ഒരു ഇടപെടലാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, തിങ്കളാഴ്ച മുദ്രവെച്ച കവറിൽ സമിതി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച സുപ്രീംകോടതി നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘം വൻതാരക്ക് നൽകിയ ക്ലീൻചിറ്റ് തങ്ങൾ സ്വീകരിക്കുകയാണെന്നും വ്യക്തമാക്കി.
വിവിധ ഏജൻസികളുമായി ഏകോപിച്ച് നടത്തിയ അന്വേഷണത്തിൽ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെയോ 2009 ലെ മൃഗശാല അംഗീകാര ചട്ടങ്ങളുടെയോ 1962ലെ കസ്റ്റംസ് നിയമത്തിന്റെയോ 1992ലെ വിദേശവ് വ്യാപാര നിയന്ത്രണ വികസന നിയമത്തിന്റെയോ 1999 ലെ വിദേശ വിനിമയ പരിപാലന നിയമത്തിന്റെയോ 2002ലെ അനധികൃത പണമിടപാട് നിരോധന നിയമത്തിന്റെയോ 2023ലെ ഭാരതീയ ന്യായ സൻഹിതയുടെയോ അന്തർദേശീയ കൺവെൻഷന്റെയോ ലംഘനം ഒന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സുപ്രീംകോടതി വെളിപ്പെടുത്തി.
സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘം തങ്ങൾക്ക് ക്ലീൻചിറ്റ് നൽകിയതിനെ വൻതാര സ്വാഗതം ചെയ്തു. ഒരു മാന്യമായ മൃഗക്ഷേമ ദൗത്യത്തിനുമേൽ ഉയർത്തിയ എല്ലാ സംശയങ്ങളും ആരോപണങ്ങളും പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ഇതോടെ തെളിഞ്ഞതായും അവർ അവകാശപ്പെട്ടു. പരമോന്നത കോടതിതന്നെ ആരോപണങ്ങളുടെയും പരാതികളുടെയും അധ്യായം അടച്ചുവെച്ചതോടെ ഇനിയൊന്നും ഭയക്കാതെ മുന്നോട്ടുപോകാൻ വൻതാരക്കാകും. നടപടികൾക്ക് ഒച്ചിഴയും വേഗം എന്ന പഴികേൾക്കുന്ന, വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ വർഷങ്ങളെടുക്കുന്ന നമ്മുടെ നീതിപീഠങ്ങൾക്ക് വേണമെന്ന് വെച്ചാൽ കേസന്വേഷണവും വിചാരണയും വിധിപ്രസ്താവനയുമെല്ലാം വിമാനവേഗത്തിൽ പൂർത്തിയാക്കാനുമാവും എന്ന് തന്നെയാണ് വൻതാരയുടെ കേസ് രാജ്യത്തെ നിയമവിദ്യാർഥികളെ പഠിപ്പിക്കുന്നത്.