ഗാന്ധി മൈതാനത്തെ ഭരണകൂട ഹിംസകൾ
text_fieldsപട്ന ഗാന്ധി മൈതാനിയിൽ വോട്ടർ അധികാർ യാത്രയുടെ സമാപന ദിനത്തിലെ ആദ്യ ചടങ്ങായ ഗാന്ധി സ്മാരകത്തിലെ പുഷ്പാർച്ചനക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എത്തുന്നതും കാത്തിരിക്കുകയാണ് ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷി നേതാക്കൾ. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ മൈതാനത്തുനിന്ന് പ്രവർത്തകർ ഗാന്ധി സ്മാരകത്തിലേക്ക് തള്ളിക്കയറാതിരിക്കാൻ ബാരിക്കേഡുകൾ കെട്ടി വലിയ കർട്ടൺ കൊണ്ട് മറച്ചിട്ടുണ്ട്. അവിടവിടെയായി ഒറ്റപ്പെട്ട പൊലീസുകാരെ നിർത്തിയതൊഴിച്ചാൽ രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളുടെ സംരക്ഷണത്തിന് യാതൊരുവിധ ഒരുക്കവുമില്ലായിരുന്നു. എന്നാൽ, ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഗാന്ധിസ്മാരകത്തിന് അടുത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ കർക്കശമായി തടഞ്ഞു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ.
ഡൽഹിയിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വാഹനവും ഗാന്ധി മൈതാനിയിലെ ഒന്നാം നമ്പർ ഗേറ്റിന് മുന്നിൽ തടഞ്ഞ പൊലീസ് കാൽനടയായി പോലും അകത്തേക്ക് കയറാൻ അവരെ അനുവദിച്ചില്ല. മാധ്യമ ചുമതലയുള്ള കോൺഗ്രസ് നേതാവ് അനിൽ ത്രിപാഠി എത്തി പറഞ്ഞിട്ടും പൊതുജനങ്ങൾക്ക് മൈതാനിയിൽ പ്രവേശിക്കാനുള്ള കവാടത്തിലൂടെ മാധ്യമപ്രവർത്തകരും അകത്തു കടന്നാൽ മതിയെന്ന് തർക്കിക്കുകയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. ഏറെക്കഴിഞ്ഞ് വലിയ വാക്കേറ്റത്തിന് ഒടുവിൽ പൂട്ടിയിട്ട ഗേറ്റ് തുറന്ന് മാധ്യമപ്രവർത്തകരെ ഗാന്ധിസ്മാരകത്തിന് അടുത്തേക്ക് പോകാൻ അനുവദിച്ചു. പിന്നാലെ ഇതേവഴിയിലൂടെ പൊതുജനങ്ങളെയും പൊലീസ് കടത്തിവിട്ടതോടെ അസ്വാഭാവികമായ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന തോന്നൽ ബലപ്പെട്ടു. ലോക്സഭാ-രാജ്യസഭാ പ്രതിപക്ഷ നേതാക്കളുടെയും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുടെയും ജീവൻതന്നെ അപകടത്തിലാക്കുംവിധത്തിൽ പരിപാടി അലങ്കോലമാക്കുന്നത് മാധ്യമപ്രവർത്തകർ കാണാതിരിക്കാനാണോ അവരെ തടഞ്ഞതെന്ന് തോന്നിക്കുന്ന തരത്തിൽ ആയി പിന്നീടുണ്ടായ സംഭവവികാസങ്ങൾ.
സുരക്ഷയുടെ കാര്യത്തിൽ വിശ്വാസമില്ലാതായാൽ
വോട്ടർ അധികാർ യാത്രക്കായി സംഘാടകർ ചെയ്തുവെച്ച എല്ലാ സജ്ജീകരണങ്ങളെയും മുന്നൊരുക്കത്തെയും അട്ടിമറിക്കുന്ന തരത്തിൽ പരിപാടി പൊളിക്കുന്ന നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് ശരിക്കും അമ്പരന്നു. ചടങ്ങ് അലങ്കോലമാക്കാൻ എത്തുന്നവരെ സഹായിക്കുകയാണ് പൊലീസെന്ന് വ്യക്തമായതോടെ സ്മാരക പരിസരത്ത് തമ്പടിച്ച പൊലീസുകാർ മുഴുവൻ മാറണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളുടെ സുരക്ഷക്കായി പാർട്ടി നിയോഗിച്ച ബൗൺസർമാർ ഗാന്ധി സ്മാരകത്തെ വലയം ചെയ്ത് നിൽപ്പുറപ്പിച്ചു. എല്ലാം കാമറയിൽ പകർത്തുകയായിരുന്ന പൊലീസുകാരനെപോലും സംഘാടകർ അവിടെനിന്ന് പിടിച്ചുമാറ്റി. സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തിയ ശേഷമാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഗാന്ധി സ്മാരകത്തിന്റെ പടി കയറി വന്നത്.
ഗാന്ധി മൈതാനത്തിൽ ഉള്ളവർ സ്മാരകത്തിലേക്ക് തള്ളിക്കയറി വന്നപ്പോൾ മൈതാനത്തിന് കാവൽ നിന്ന പൊലീസുകാർ എന്തും നടക്കട്ടെ എന്ന മട്ടിൽ പിന്നോട്ട് വലിഞ്ഞു. ഇതിനിടയിൽ പല സാമൂഹികവിരുദ്ധരും ആക്രമികളും ആൾക്കൂട്ടത്തിനിടയിൽ കയറി. ഗാന്ധിസ്മാരകത്തിൽ നിന്നിറങ്ങിയതോടെ നേതാക്കൾ വീണ്ടും പോലീസുകാരുടെ സംരക്ഷണ വലയത്തിലായി. അതോടെ വീണ്ടും കാര്യങ്ങൾ പിടിവിടുന്നതാണ് കണ്ടത്. നേതാക്കളെ ബോധപൂർവം ആക്രമിക്കാനെന്ന വണ്ണം അപ്രതീക്ഷിതമായ തിക്കും തിരക്കും സൃഷ്ടിക്കപ്പെട്ടു. രാഹുലും ഖാർഗെയും മാത്രമല്ല, കെ.സി. വേണുഗോപാൽ, ഡി. രാജ, എം.എ. ബേബി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി കേരളത്തിൽനിന്നുള്ള നേതാക്കളും അതിനിടയിൽപ്പെട്ട് ഞെരുങ്ങി.
ഖാർഗെയെ അപായപ്പെടുത്താൻ കാക്കിയിട്ടവർ
രാഹുലിനും ഖാർഗെക്കും എന്തു സംഭവിച്ചു എന്ന് അറിയാനുള്ള ആകാംക്ഷയിൽ സ്മാരകത്തിന്റെ തറയിൽ കയറി നോക്കുമ്പോൾ ഏതാനും പേർ ഖാർഗെയുടെ ഷർട്ട് പിറകിൽനിന്ന് ബലമായി വലിച്ച് അദ്ദേഹത്തെ വീഴ്ത്താൻ നോക്കുന്നു. 84 വയസ്സ് പിന്നിട്ട ആ വയോധികൻ കുതറി മാറുമ്പോഴും യൂനിഫോമിട്ടവർ പിറകിലേക്ക് പിടിച്ചു വലിക്കുന്നു. കാര്യം മനസ്സിലായ രാഹുൽ തിരിഞ്ഞുനിന്ന് ഖാർഗെയെ തന്നോട് ചേർത്ത് നിർത്തി പൊലീസ് ഉദ്യോഗസ്ഥരോട് മാറിനിൽക്കാൻ രോഷത്തോടെ ആവശ്യപ്പെടുന്നതും കണ്ടു. രാഹുലും തേജസ്വിയും ചേർന്ന് ഒരു വിധം ഖാർഗെയെ സുരക്ഷിതനാക്കുകയായിരുന്നു.
ഇതെല്ലാം പ്രതീക്ഷിച്ചാണ് വന്നതെന്ന് എം.എ. ബേബി
അതിനുശേഷം സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയായി നിയമപാലകരുടെ ഉന്നം. പൊലീസുകാർ ബേബിയെ പിടിച്ചുവലിക്കുകയും തള്ളുകയും ചെയ്യുന്നതിന് മലയാളിയായ ഫോട്ടോ ജേണലിസ്റ്റ് പകർത്തിയ ചിത്രങ്ങൾ സാക്ഷി. പിടിച്ചു വലിക്കാനും തള്ളിയിടാനും ശ്രമിച്ചവർക്കിടയിൽനിന്ന് ഒരുവിധം കുതറി രക്ഷപ്പെട്ട് തൂവാലകൊണ്ട് മുഖം തുടയ്ക്കുന്ന ബേബിയോട് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ കണ്ണട പോയെന്നായിരുന്നു മറുപടി. മൊബൈൽ എവിടെ എന്ന് ചോദിച്ചപ്പോൾ ഇതെല്ലാം മുൻകൂട്ടി കണ്ടു അത് കൈയിലെടുത്തിട്ടില്ലായിരുന്നെന്നും ബേബി പറഞ്ഞു.
യാത്ര വഴിമുടക്കാനായി പിന്നീടുള്ള ശ്രമം. പുഷ്പാർച്ചന കഴിഞ്ഞെത്തിയ നേതാക്കൾക്ക് അവരുടെ വാഹനത്തിൽ ഗേറ്റ് കടക്കാൻ വഴിയൊരുക്കുന്നതിനു പകരം പൊലീസ് വാഹനങ്ങൾ തലങ്ങുംവിലങ്ങുമിട്ട് റോഡിൽ ഗതാഗതക്കുരുക്കുതന്നെ സൃഷ്ടിച്ചു. പരമാവധി യാത്ര മുടക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്ന് ഇതോടെ വ്യക്തമായി. എന്നാൽ, എന്തു നിലക്കും യാത്ര മുന്നോട്ടു കൊണ്ടുപോകുമെന്ന വാശിയിലായിരുന്നു രാഹുലും ഖാർഗെയും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ. ബിഹാറിൽ അടുത്തതവണ ഭരണം മാറുമെന്നും പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്നും മുന്നറിയിപ്പ് നൽകിയാണ് ഖാർഗെ പ്രസംഗം അവസാനിപ്പിച്ചത്.
അസഹിഷ്ണുക്കളുടെ അക്രമ ചേഷ്ടകൾ
പാർലമെൻറംഗങ്ങളും പ്രതിപക്ഷ നേതാക്കളുമടക്കം രാജ്യത്തെ പ്രമുഖ ദേശീയ പാർട്ടികളുടെ നേതാക്കൾക്ക് പോലും ജനാധിപത്യ രീതിയിൽ മുൻകൂട്ടി പ്രഖ്യാപിച്ച ഒരു പരിപാടി നടത്താൻ കഴിയാത്ത വിധം ഭരണവർഗം അസഹിഷ്ണുക്കളായി മാറിയിരിക്കുന്നു.
അവരുടേതല്ലാത്ത ഒന്നും ആരും കേൾക്കേണ്ട എന്ന തരത്തിൽ രാജ്യം മാറിക്കഴിഞ്ഞിരിക്കുന്നു. ഗാന്ധിയുടെ ആദർശത്തോടും നിലപാടിനോടും അസഹിഷ്ണുത പൂണ്ട് അദ്ദേഹത്തെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ അക്രമവിചാരധാരയുടെ വകഭേദമാണ് ഗാന്ധിമൈതാനത്തും അരങ്ങേറിയത്. റാലി കഴിഞ്ഞ് ഇതിനെക്കുറിച്ച് അനിൽ ത്രിപാഠിയോട് ചോദിച്ചപ്പോൾ നിങ്ങളെ കണ്ടതെല്ലാം ചെറുതെന്നും ഇതിലും വലുതെല്ലാം കഴിഞ്ഞാണ് യാത്ര പട്നയിൽ എത്തിയതെന്നുമായിരുന്നു മറുപടി.