ഹിന്ദുമഹാമണ്ഡലകാലം!
text_fieldsധർമപരിപാലന ഹഠയോഗം ചെയ്താലും വെള്ളാപ്പള്ളി നടേശന് ടി.കെ. മാധവനോ, ഡോക്ടർ പൽപ്പുവോ ആകാൻ കഴിയില്ല. ആയുഷ്കാലം തപസ്സനുഷ്ഠിച്ചാലും സുകുമാരൻ നായർ കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ളയോ പി.കെ.നാരായണപണിക്കരോ ആകില്ല. എന്നാൽ, പിണറായി വിജയന് നിന്നനിൽപിൽ കെ. കരുണാകരനാകാൻ കഴിയും. സമുദായക്കളരിയും രാഷ്ട്രീയക്കളരിയും തമ്മിലുള്ള വ്യത്യാസം മാത്രമല്ല അത്. മലക്കംമറിച്ചിൽ വടക്കൻചിട്ടയാണ്. ഇതിലും പിണറായി വിജയൻ കെ.കരുണാകരനെ മറികടക്കുകയാണ്. ഏത് സമുദായ സംഘടനയുടെ നേതാവിനെയും അനുനയിപ്പിക്കാനും വേണ്ടിവന്നാൽ എല്ലാ സമുദായ നേതാക്കളെയും അണിനിരത്താനും പിണറായി വിജയന് സാധിക്കുമെന്ന് കണ്ടല്ലോ.
അയ്യപ്പസംഗമത്തോടെ ആരംഭിച്ച അനുനയ ഘോഷയാത്രയിൽ സർവശ്രീ വെള്ളാപ്പള്ളി നടേശൻ, ജി. സുകുമാരൻ നായർ തുടങ്ങിയവർ മാത്രമല്ല, ഒരു കാലത്ത് ആൾദൈവപ്പട്ടികയിൽ പെടുത്തിയിരുന്ന അമൃതാനന്ദമയി വരെയുണ്ട്. ഈ അണിനിരത്തൽ കേവല രാഷ്ട്രീയാഭ്യാസമല്ല, സർക്കാർമുദ്ര ശ്രദ്ധിക്കണം. പമ്പയിലെ അയ്യപ്പസംഗമ വേദിയിലാണല്ലോ ഇതാരംഭിച്ചത്. അങ്ങോട്ടേക്ക് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയെ ആനയിച്ചത് സർക്കാർ മുദ്രയുള്ള കാറിലാണ്. മുഖ്യമന്ത്രിയുടെ കാറിൽ. മുഖ്യമന്ത്രി വിളിച്ചിട്ടാണ് കയറിയതെന്ന് നടേശര് പറഞ്ഞിട്ടുമുണ്ട്, മാതാ അമൃതാന്ദമയി മലയാളത്തിൽ പ്രസംഗിച്ച മുഹൂർത്തത്തിന്റെ രജതജൂബിലി കണ്ടുപിടിച്ചാണ് സർക്കാർമുദ്ര സാംസ്കാരികമന്ത്രി സമർപ്പിച്ചത്. ആ മൂർധാവിലൊരു ചുംബനമുദ്രയും ചാർത്തി.
2019ൽ സംഘ്പരിവാറിന്റെ സർക്കാർവിരുദ്ധ സംഗമത്തിൽ പങ്കെടുത്ത് അയ്യപ്പസ്വാമീ കീ സിന്ദാബാദ് വിളിച്ച അമൃതാന്ദമയിയെ സ്ഫുടം ചെയ്തെടുക്കുകയാണ് ബഹു. മന്ത്രി സജി ചെറിയാൻ ചെയ്തത്. പിന്നെയുള്ളത് സംഹാരശേഷി ഇച്ചിരി കൂടുതലുള്ള ജി. സുകുമാരൻ നായരാണ്. നായർക്ക് അങ്ങോട്ടല്ല, നായർ സർക്കാറിന് ഇങ്ങോട്ടാണ് അംഗീകാരമുദ്ര ചാർത്തിക്കൊടുത്തിട്ടുള്ളത്. ശബരിമലയിലെ ആചാരസംരക്ഷണമടക്കം പിണറായി വിജയന്റെ മന്ത്രിസഭ ചെയ്ത എല്ലാം കാര്യങ്ങളിലും സംതൃപ്തിയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഇംഗ്ലീഷിലും മലയാളത്തിലും സമ്മതിച്ചു. അടുത്തകാലത്തൊന്നും എൻ.എസ്.എസിന്റെ സംതൃപ്തിമുദ്ര പതിഞ്ഞൊരു സർക്കാർ കേരളം ഭരിച്ചിട്ടില്ല. നായന്മാർക്ക് കിട്ടുന്ന സർവിസ് നോക്കിയേ സൊസൈറ്റി തൃപ്തി രേഖപ്പെടുത്താറുള്ളൂ. ഈ സർക്കാറിലുള്ള തൃപ്തി സുകുമാരൻ നായർ എണ്ണിപ്പറഞ്ഞിട്ടുണ്ട്. എന്തിനേറെ ഒറ്റയെണ്ണം മതിയല്ലോ, സവർണ സംവരണം!
ഒക്കെയും ആരംഭിച്ചത് ആഗോള അയ്യപ്പസംഗമത്തോടെയാണ്. അത് സർക്കാർ സംഗമമല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എഴുപത്തഞ്ചാം വാർഷികത്തിന് ബോർഡ് സംഘടിപ്പിച്ചതാണെന്നും സി.പി.എം നേതാക്കൾ വ്യക്തമാക്കിയതാണ്. ബോർഡിന്റെ പരിപാടിയിൽ മുഖ്യമന്ത്രി വരുന്നു. മറ്റൊരു ക്ഷണിതാവായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും വരുന്നു. ഒരേ സത്രത്തിൽ താമസിക്കുന്നു. ആ രാത്രിയിലാവാം നടേശർക്ക് പിണറായിയുടെ ഭക്തി ബോധ്യപ്പെട്ടത്. രാവിലെ കുളിച്ചുപുറപ്പെട്ടപ്പോൾ, ഇനി യാത്ര ഒന്നിച്ചാകാമെന്ന് രണ്ട് ഭക്തരും തീരുമാനിക്കുന്നു. രണ്ടുപേരുമങ്ങനെ ഒരുപാടുദൂരം പോകുന്നതിനുമുമ്പേ, പെരുന്നയിൽനിന്ന് സമുദായാചാര്യൻ ഓടിച്ചെന്ന് കൂടെച്ചേരുന്നു. സംഗമവേദിയിൽ ഹാജരായില്ലെങ്കിലും പ്രതിനിധിയെ അയച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി വെളിപ്പെടുത്തിയല്ലോ. ഇതിന്റെയൊക്കെയും മൂലകാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എഴുപത്തഞ്ചാം വാർഷികമാണ്, അതാഘോഷിച്ചത് അയ്യപ്പസംഗമത്തോടെയാണ്, വേദി പമ്പയിലാണ്, ഇതൊന്നും യാദൃച്ഛ്യാ സംഭവിച്ചതല്ല. കേരളത്തിലേക്ക് രാഷ്ട്രീയഹിന്ദുത്വം മറനീക്കിവന്ന ചരിത്ര മുഹൂർത്തത്തിന്റെ തനിയാവർത്തനമാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡും ഹിന്ദുരാഷ്ട്രീയവും ഇരട്ടകളാണ്.
സ്വാതന്ത്ര്യത്തിനുമുമ്പ് തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്ഷേത്രങ്ങൾ രാജഭരണത്തിന് കീഴിലായിരുന്നു. രണ്ടും ഹിന്ദുരാജ്യങ്ങളുമായിരുന്നു. ക്ഷേത്രകാര്യങ്ങൾക്ക് മുട്ടുണ്ടായിരുന്നില്ല. ക്ഷേത്രങ്ങൾക്ക് ധാരാളം ഭൂസ്വത്ത് ഉണ്ടായിരുന്നു. ബ്രിട്ടീഷ് മേൽക്കോയ്മ പിടിമുറുക്കുകയും റസിഡൻറ് പദവിയിൽ മാത്രമല്ല, ദിവാൻ പദവിയിൽകൂടി ബ്രിട്ടീഷുദ്യോഗസ്ഥർ വരുകയും ചെയ്തതോടെ കഥമാറി. ബ്രിട്ടീഷുദ്യോഗസ്ഥർ ക്രൈസ്തവ മിഷനറി സംഘങ്ങളുടെ രക്ഷകർത്താക്കളുമാണ്. കേണൽ മൺറോ ദിവാനായപ്പോൾ ക്ഷേത്രസ്വത്തുക്കൾ സർക്കാറിലേക്ക് മുതൽക്കൂട്ടി. ക്ഷേത്ര നടത്തിപ്പിൽ ദുർഭരണം ആരോപിച്ചാണ് ഇതു ചെയ്തത്. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ക്ഷേത്രങ്ങളുടെ സ്വത്തുക്കളും ഭരണവും ഹിന്ദുക്കളെ തിരിച്ചേൽപിക്കണം എന്ന് ആവശ്യമുയർന്നു. 1949 മേയ് മാസത്തിൽ ഇന്ത്യാ ഗവൺമെന്റും തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാരും തമ്മിലെ ഉടമ്പടിപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപവത്കരിച്ചു.
പ്രതിവർഷം 51 ലക്ഷംരൂപ ഗ്രാൻറും നിശ്ചയിച്ചു. ബോർഡിൽ രാജപ്രമുഖന്റെയും മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരുടെയും ഹിന്ദുസാമാജികരുടെയും പ്രതിനിധികൾ വേണമെന്നും തീരുമാനമായി. ഹിന്ദു മന്ത്രിമാരുടെ പ്രതിനിധിയായി മന്നത്ത് പത്മനാഭനും ഹിന്ദു എം.എൽ.എമാരുടെ പ്രതിനിധിയായി ആർ.ശങ്കറും രാജപ്രതിനിധിയായി ശങ്കരനാരായണ അയ്യരുമായിരുന്നു അംഗങ്ങൾ. മന്നം പ്രസിഡന്റ്. അദ്ദേഹം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും ശങ്കർ എൻ.എൻ.ഡി.പി ജനറൽ സെക്രട്ടറിയുമായിരുന്നു. മൺറോ സായിപ്പ് ഏറ്റെടുക്കുന്നതിനുമുമ്പ് ക്ഷേത്രങ്ങളായിരുന്നു ഓരോ പ്രദേശത്തെയും സാമൂഹിക ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്തെന്ന് അവകാശപ്പെട്ടുകൊണ്ട് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ജാഗരണ പ്രവർത്തനങ്ങൾക്കാണ് മന്നവും ശങ്കറും തുനിഞ്ഞത്. അതാരംഭിച്ചപ്പോഴേക്ക് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച തിരു-കൊച്ചി സംസ്ഥാനം പ്രാബല്യത്തിൽ വന്നു. 1949 ജൂലൈ ഒന്നിനാണ് തിരുകൊച്ചിയായത്. പേരിനുപോലും രാജാധിപത്യം ഇല്ലാതായി.
ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയാണ് ഭരിക്കുന്നത്. പൊതുഖജനാവിൽനിന്ന് ദേവസ്വം ബോർഡിന് ഫണ്ടുകൊടുക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാക്കൾ പലരും പറഞ്ഞുതുടങ്ങി. ഹിന്ദുക്കൾക്കും അഹിന്ദുക്കൾക്കും സർക്കാർ ഖജനാവിൽ തുല്യ അവകാശമുണ്ടെന്ന് കോൺഗ്രസ്ഘടകങ്ങൾ പ്രമേയം പാസാക്കാനും തുടങ്ങി. അതേസമയംതന്നെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വിശ്വാസികളുടെ യോഗങ്ങൾ വിളിച്ച് മന്നം-ശങ്കരന്മാർ (അന്നങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്) കാടിളക്കി പ്രചാരണം നടത്തി. അതിനിടയിൽ ടി.കെ. നാരായണപിള്ളയുടെ സർക്കാർ പുതിയ ദേവസ്വംബില്ല് തയാറാക്കുന്നുണ്ടായിരുന്നു. ബോർഡ് അംഗങ്ങളുടെ അധികാരം പരിമിതപ്പെടുത്തുക, കാലാവധി വെട്ടിക്കുറക്കുക എന്നിവയൊക്കെയാണ് നിയമമായിവരുന്നത്. മന്നവും ശങ്കറും എതിർനീക്കങ്ങൾ ശക്തമാക്കി. ഹിന്ദുവികാരമാണ് ആയുധമാക്കിയത്. 1949 ഡിസംബർ 25ന് എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും സംയുക്ത നേതൃയോഗം ചേർന്നു. പിന്നാലെ ചങ്ങനാശ്ശേരിയിൽ ഹിന്ദുസമ്മേളനം ചേർന്ന് ഹിന്ദുമഹാമണ്ഡലം എന്ന സംഘടന പ്രഖ്യാപിച്ചു.
ജാതിരഹിതമായ ഹൈന്ദവസംഘടന എന്നാണ് വിശേഷിപ്പിച്ചത്. 1950 ഫെബ്രുവരി രണ്ടാംതീയതി പത്രങ്ങളിൽ ഇതിന്റെ തുടർകർമം വാർത്തയായി. മന്നത്തു പത്മനാഭപിള്ള ജാതിവാൽ മുറിച്ചുകളഞ്ഞു! എം.പി. മന്മഥൻ പിള്ള, വി.കെ. വേലപ്പൻ നായർ, വി.ഗംഗാധരൻ നായർ തുടങ്ങിയവരും മന്നത്തിന് കൂട്ടുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരേക്കാൾ മുമ്പ് ഡീക്ലാസിങ് തുടങ്ങിയത് കേരളത്തിൽ എൻ.എസ്.എസ് നേതാക്കളാണ്!! ഏറെത്താമസിയാതെ 1950 മേയ് മാസത്തിൽ ദേവസ്വം ബോർഡ് പിരിച്ചുവിട്ടു. തന്നെയുമല്ല, ‘‘ബോർഡിനെ തകർക്കാനിറങ്ങിയ സാമുദായിക ശക്തികൾതന്നെ മന്നം-ശങ്കരന്മാരെ വർഗീയവാദികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു’’ എന്നൊരു പരിദേവനം മന്നത്തിന്റെ ജീവചരിത്രത്തിൽ കാണാം. ഇതിന്റെയൊക്കെ കാരണമായി ആർ.ശങ്കറിന്റെ ജീവചരിത്രത്തിൽ കാണുന്നത്: ‘‘സ്റ്റേറ്റ് കോൺഗ്രസിൽ ക്രിസ്ത്യൻ ഗ്രൂപ്പിനുണ്ടായ മുൻതൂക്കത്തിന് കാര്യമായ വ്യതിയാനം ഉണ്ടായില്ല’’ എന്നാണ്. ഹിന്ദുമഹാമണ്ഡല സമ്മേളനം ഒരാഴ്ചയാണ് കൊല്ലത്ത് നടത്തിയത്. ശ്യാമപ്രസാദ് മുഖർജിയടക്കമുള്ളവരെ കണ്ടതായി മന്നം ഡയറിയിലെഴുതിയിട്ടുണ്ട്. ദേവസ്വം കലാപം കോൺഗ്രസിൽ പിളർപ്പുണ്ടാക്കി. മന്നവും ശങ്കറും ചേർന്ന് ഡെമോക്രാറ്റിക് കോൺഗ്രസുണ്ടാക്കി. ഏറെ നിലനിന്നില്ല. രണ്ട് ഉപതെരഞ്ഞെടുപ്പുകളിലേ മത്സരിക്കേണ്ടിവന്നുള്ളൂ. 1952ലെ തെരഞ്ഞെടുപ്പായപ്പോഴേക്ക് കോൺഗ്രസ് അവരെ തിരിച്ചുവിളിച്ച് എല്ലാം സുല്ലാക്കി.
കോൺഗ്രസിന്റെ വേറൊരു ഭാഗത്ത് സി. കേശവനുണ്ട്. ആർ.ശങ്കറിനെ പോലെതന്നെ എസ്.എൻ.ഡി.പി യോഗം നേതാവായിരുന്നെങ്കിലും ക്ഷേത്രകാര്യത്തിൽ സഹോദരനയ്യപ്പന്റെ പക്ഷത്തായിരുന്നു. ടി.കെ. നാരായണപിള്ളയുടെ ഭരണകാലത്താണ് ശബരിമല അമ്പലത്തിന് തീവെച്ചു എന്ന വിവാദസംഭവമുണ്ടായത്. 1950 മേയ് മാസത്തിൽ ധനുമാസ പൂജക്കായി നടതുറക്കാൻ മേൽശാന്തി എത്തിയപ്പോഴാണ് അമ്പലം കത്തിനശിച്ചതായി കണ്ടത്. തീയേക്കാൾ വേഗത്തിലന്ന് ആളിപ്പടർന്നത് ‘‘ഒരമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും’’ എന്ന സി.കേശവന്റെ പ്രതികരണമാണ്. തീവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ മദ്രാസ് സർവിസിലായിരുന്ന ഡി.ഐ.ജി കേശവമേനോനെ സർക്കാർ ചുമതലപ്പെടുത്തി. അന്നൊന്നും കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇത്യാദികാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല. 1948ൽ കൽക്കത്താ തീസീസോടെ ആരംഭിച്ച സായുധകലാപം നിർത്തി 1952ൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നേയുള്ളൂ. 1957ൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് തീപിടിത്ത റിപ്പോർട്ട് പുറത്തുവന്നത്. അതിന്മേൽ നടപടിയൊന്നുമുണ്ടായില്ല.
കാലം കറങ്ങിവന്നപ്പോൾ സി.കേശവനെപ്പോലൊരു നേതാവ് കോൺഗ്രസിലുമില്ല കമ്യൂണിസ്റ്റ് പാർട്ടിയിലുമില്ല. മന്നം-ശങ്കരന്മാർ കമ്യൂണിസ്റ്റ് പാർട്ടിയിൽ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുമഹാമണ്ഡലത്തിന്റെ ആവർത്തനം ഇപ്പോൾ സംഭവിക്കുന്നതും ഈ മണ്ഡലകാലത്ത് ഹിന്ദുവോട്ടിനായി ബി.ജെ.പി സി.പി.എമ്മിനോട് മത്സരിക്കുന്നതുമൊന്നും സംഭവിച്ചു കൂടാത്തതല്ല. ആൾദൈവമായിരുന്ന അമ്മദൈവത്തിന് മന്ത്രിസഖാവ് ചുംബനമർപ്പിക്കുന്നതിലും അത്ഭുതമൊന്നുമില്ല. മന്നത്തു പത്മനാഭപിള്ള മുറിച്ചുകളഞ്ഞപ്പോഴും മുറിച്ചുകളയാതെ ജാതിവാൽ സൂക്ഷിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും എം.എൻ. ഗോവിന്ദൻ നായരുടെയും പിൻഗാമികളല്ലെങ്കിൽ പിന്നെയാരാണ് ആചാരം സംരക്ഷിക്കുക. അവരല്ലെങ്കിൽ പിന്നെ ആരാണ് ഭക്തർ?
mullaanasar@gmail.com