ജെൻ–സി കോൺഗ്രസും കർമഫലവും
text_fields
കർമഫലം സത്യമാണ്. ഏറ്റവും നല്ല തെളിവാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ മരണവും നിയമസഭയിലെ ചരമോപചാരവും. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി വന്ന് കെ.പി.സി.സി പ്രസിഡന്റുവരെയായി 2025ൽ മരിച്ചപ്പോൾ വയസ്സ് 94. മുക്കാൽ നൂറ്റാണ്ട് സജീവരാഷ്ട്രീയത്തിൽ. ഇതിനിടെ രണ്ടുതവണ നിയമസഭാംഗമായി. മൂന്നുതവണ രാജ്യസഭാംഗവും. സഭാംഗമായിരുന്ന ഒരാൾ വിടപറഞ്ഞാൽ സഭയിൽ ഗുണഗണങ്ങൾ എടുത്തുപറഞ്ഞ് ഉപചാരമർപ്പിക്കും. അത് കീഴ്വഴക്കവും സഭയുടെ പാരമ്പര്യത്തിൽപെട്ടതുമാണ്....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കർമഫലം സത്യമാണ്. ഏറ്റവും നല്ല തെളിവാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ മരണവും നിയമസഭയിലെ ചരമോപചാരവും. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി വന്ന് കെ.പി.സി.സി പ്രസിഡന്റുവരെയായി 2025ൽ മരിച്ചപ്പോൾ വയസ്സ് 94. മുക്കാൽ നൂറ്റാണ്ട് സജീവരാഷ്ട്രീയത്തിൽ.
ഇതിനിടെ രണ്ടുതവണ നിയമസഭാംഗമായി. മൂന്നുതവണ രാജ്യസഭാംഗവും. സഭാംഗമായിരുന്ന ഒരാൾ വിടപറഞ്ഞാൽ സഭയിൽ ഗുണഗണങ്ങൾ എടുത്തുപറഞ്ഞ് ഉപചാരമർപ്പിക്കും. അത് കീഴ്വഴക്കവും സഭയുടെ പാരമ്പര്യത്തിൽപെട്ടതുമാണ്. സഭാ സമ്മേളനമില്ലാത്തപ്പോഴാണ് മരണമെങ്കിൽ പിന്നീട് സഭ സമ്മേളിക്കുന്ന ആദ്യദിവസം ചരമോപചാരമായിരിക്കും. തെന്നല ബാലകൃഷ്ണപിള്ള നിര്യാതനായശേഷം സഭ ചേർന്നത് 2025 സെപ്റ്റംബർ 15 തിങ്കളാഴ്ചയാണ്. തെന്നലയുടെയും മൺമറഞ്ഞ മറ്റ് സുകൃതികളുടെയും ഭാഗ്യത്തിന് ആദ്യദിവസം തെന്നല പരാമർശിക്കപ്പെട്ടില്ല. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദൻ ഉൾപ്പെടെ എട്ടുപേരുണ്ടായിരുന്നു പട്ടികയിൽ. അതിൽ മുൻ സ്പീക്കറുണ്ട്, നിലവിലെ സാമാജികനുണ്ട്. അവരെക്കുറിച്ചെല്ലാം കക്ഷിനേതാക്കൾക്ക് സംസാരിക്കാൻ സമയം കൊടുക്കണം. അതിനാൽ സ്പീക്കർക്ക് ചരമോപചാരം രണ്ടാക്കേണ്ടിവന്നു. ആദ്യദിവസം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, നിലവിൽ അംഗമായിരുന്ന വാഴൂർ സോമൻ എന്നിവർക്കുള്ള ഉപചാരം അർപ്പിച്ചു. 16ാം തീയതി ചൊവ്വാഴ്ചയാണ്, തെന്നലയുടെ ഊഴംവന്നത്. അതാണ് കർമഫലമെന്നും സുകൃതഗുണമെന്നും പറഞ്ഞത്. തെന്നലയെക്കുറിച്ച് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞത്: ‘‘ഗാന്ധിയൻ മൂല്യങ്ങൾ പ്രോത്സാത്സാഹിപ്പിച്ച, സൗമ്യനും മിതഭാഷിയും കളങ്കമേൽക്കാത്ത രാഷ്ട്രീയജീവിതത്തിന് ഉടമയുമായ തെന്നല സ്ഥാനലബ്ധിയിൽ അഭിരമിക്കാതെയും സ്ഥാനത്യാഗത്തിൽ വിജിതനാകാതെയും രാഷ്ട്രീയജീവിതം നയിച്ച നേതാവായിരുന്നു. ജനപ്രതിനിധിയെനിലയിലുള്ള സംശുദ്ധമായ ജീവിതവും ഹൃദ്യമായ പെരുമാറ്റവുംകൊണ്ട് ജനഹൃദയങ്ങളിൽ ഇടംപിടിച്ച കേരളരാഷ്ട്രീയത്തിലെ സൗമ്യമുഖം എന്ന് എക്കാലവും ഓർമിക്കപ്പെടുന്ന നേതാവിനെയാണ് നമുക്ക് നഷ്ടമായത്’’ എന്നാണ്. സത്യവും അർഹവുമായ ഉപചാരം. അതിനൊത്ത വാചകങ്ങൾ.
ഇത് രണ്ടാം ദിവസത്തേക്ക് മാറ്റിവെക്കപ്പെട്ടത് എങ്ങനെ ഗുണമായി എന്നല്ലേ? ആദ്യദിവസം സഭയിലൊരു അനുചിത സാന്നിധ്യമുണ്ടായിരുന്നു. കോൺഗ്രസ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാലക്കാട് അംഗം. തെന്നല ജീവിച്ചുകാണിച്ച പൊതുജീവിതമൂല്യങ്ങൾക്ക് എതിരായ രാഹുൽ മാങ്കൂട്ടത്തിൽ. അയാളുടെ സാന്നിധ്യത്തിൽ ഈ ഉപചാരം അരോചകമാകുമായിരുന്നു. തെന്നല ബാലകൃഷ്ണപിള്ള എന്ന വന്ദ്യവയോധികനായ കോൺഗ്രസ് നേതാവിന്റെ ജീവിതം എന്തായിരുന്നുവെന്ന് അയാൾക്ക് അറിയാത്തതല്ല. മരിച്ചദിവസം, മാങ്കൂട്ടത്തിൽ പറഞ്ഞത് കേട്ടുനോക്കൂ: ‘ഞാൻ ആദ്യം കാണുന്ന പൊതുപ്രവർത്തകരിലൊരാളാണ്. എന്റെ അച്ഛന്റെ വലിയച്ഛനാണ്. അദ്ദേഹം അടൂർ എം.എൽ.എ ആയിരിക്കുന്ന കാലത്ത് (ഞാനന്ന് ജനിച്ചിട്ടൊന്നുമില്ല). അന്നീ എം.എൽ.എമാർക്ക് ഓഫിസും കാര്യങ്ങളുമൊന്നുമില്ലല്ലോ. ഓരോ പ്രദേശത്തും ചില വീടുകളൊക്കെ കേന്ദ്രീകരിച്ചിട്ടായിരിക്കും എം.എൽ.എമാരുടെ ഓഫിസായി പ്രവർത്തിക്കുക. ഞങ്ങളുടെ ആ മേഖലയിൽ, ഞാൻ ജനിച്ചുവളർന്ന വീട്ടിലാണ് അദ്ദേഹം എത്താറുള്ളത്. അച്ഛൻ ചെറുതിലേതൊട്ട് അദ്ദേഹത്തോടൊപ്പമായിരുന്നു. പഠിപ്പിച്ചതൊക്കെ അദ്ദേഹമാണ്. വ്യക്തിപരമായിട്ട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എന്റെ സഹോദരി ഗ്രാജ്വേഷൻ കഴിഞ്ഞിട്ട് പോസ്റ്റ് ഗ്രാജ്വേഷന്, ഈ എം.ബി.എ ഭയങ്കരമായി ബൂമിൽനിൽക്കുന്ന സമയമാണ്. അന്ന് കോയമ്പത്തൂരിൽ അയ്യപ്പസേവാസംഘത്തിന്റെ സ്വാധീനത്തിലുള്ള ഒരു കോളജുണ്ട്. ഇദ്ദേഹം അയ്യപ്പസേവാസംഘം ഭാരവാഹിയാണ്. ഇദ്ദേഹം പറഞ്ഞാൽ ഉറപ്പായും കിട്ടും. ഞങ്ങളദ്ദേഹത്തോട് അഡ്മിഷൻ വേണമല്ലോ എന്ന് പറഞ്ഞു. ‘‘ഞാനെന്റെ കുടുംബത്തിലേക്കുതന്നെ പറഞ്ഞാൽ ആളുകൾ എന്താണ് വിചാരിക്കുക’’ എന്നുപറഞ്ഞ് ഒഴിയുകയാണദ്ദേഹം ചെയ്തത്.
അങ്ങനെയുള്ള കാര്യങ്ങളിലൊക്കെ വളരെ കോൺഷ്യസ് ആയിട്ടുള്ള ആളാണ്. പിന്നെ, കോൺഗ്രസ് പാർട്ടിയിൽ തെന്നല ബാലകൃഷ്ണപിള്ള സമന്വയത്തിന്റെ ഒരു പാക്കേജാണ്. ആഭ്യന്തര പ്രശ്നങ്ങളും ഗ്രൂപ്പുമൊക്കെ കത്തിനിൽക്കുമ്പോൾ ആ തീ അണക്കാനുള്ള നല്ല തണുത്ത ജലമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന മനുഷ്യൻ. കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നമ്പർ എം.എൽ.എമാരെ സമ്മാനിച്ച പി.സി.സി പ്രസിഡന്റ് എന്ന തലത്തിലും ഓർക്കപ്പെടേണ്ടതായിട്ടുള്ള ആളാണ്. 2001ൽ നൂറു സീറ്റുമായി മുന്നണിയും പാർട്ടിയും അധികാരത്തിലേക്ക് വരുമ്പോൾ പി.സി.സിയുടെ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയാണ്. എന്നിട്ടും പാർട്ടിക്കകത്തെ ധാരണയുടെ ഭാഗമായിട്ട് അദ്ദേഹത്തോട് ഒഴിയാൻ പറഞ്ഞപ്പോൾ ഒരു ഇലയനങ്ങുന്ന ചലനം പോലുമില്ലാതെ അദ്ദേഹം മാറിയതാണ്.’’ അങ്ങനെയൊരുപാട് അനുസ്മരിച്ചശേഷം ‘‘അദ്ദേഹത്തിന്റെ മരണം കേരളത്തിന്റെ പൊതുരാഷ്ട്രീയത്തിന് വ്യക്തിപരമായി വലിയ നഷ്ടംതന്നെയാണ്’’ എന്നാണ് മാങ്കൂട്ടത്തിൽ വിലയിരുത്തിയത്.

ആ നഷ്ടം നികത്താൻ വ്യക്തിപരമായിക്കൂടി ബാധ്യതയുള്ള കോൺഗ്രസുകാരനാണല്ലോ മാങ്കൂട്ടത്തിൽ. പാർട്ടിയിലും നിയമസഭയിലും ആ പരമ്പര്യം പുലർത്തേണ്ടയാൾ എന്തുകൊണ്ട് പൊതുജീവിതത്തിൽ ആ മൂല്യങ്ങൾക്ക് പുറംതിരിഞ്ഞുനടക്കുന്നു എന്നൊരു ചോദ്യമുയരുന്നുണ്ടല്ലോ. അതിനുള്ള ഉത്തരമാണ് പാർട്ടിയെ നാണംകെടുത്താനായി മാത്രം നിയമസഭയിൽ ഹാജരായതിലൂടെ കിട്ടുന്നത്. സസ്പെൻഡ് ചെയ്യുക മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനിച്ചതാണയാളെ. ഇപ്പോൾ നിയമസഭാംഗത്വം രാജിവെപ്പിക്കാതിരിക്കുന്നത് ആ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ നേരിടാനാവാത്തതുകൊണ്ടാണ്. അത്രക്കുണ്ടല്ലോ സിറ്റിങ് മെംബറുടെ സൽപ്പേര്. നിവൃത്തിയില്ലാതെ നിലനിർത്തിയെങ്കിലും സഭയിൽ വരാതിരിക്കാനുള്ള ഔചിത്യം അംഗം കാണിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ കരുതി. അത് അവരുടെ പിഴ. തങ്ങളുടെ പിന്നാലെ വരുന്ന തലമുറയെപ്പറ്റി ഇപ്പോഴത്തെ നേതാക്കൾക്കുള്ള ധാരണയിലെ പിശക്. മുമ്പൊക്കെ കോൺഗ്രസ് നേതാക്കളെ പിന്തുടർന്നത് യൂത്ത് കോൺഗ്രസുകാരും കെ.എസ്.യുക്കാരുമാണ്. ഇപ്പോഴതല്ല. പിന്നാലെ വരുന്നത് ജെൻസിയാണ്. ഇല്യൂമിനാറ്റി. വഴിതെറ്റാനുമുണ്ട് അവകാശം എന്ന് ഉറച്ചുവിശ്വസിക്കുന്നവർ. ‘‘തനിനിറമെടുത്ത് അണിയണം നെഞ്ചിൽ, കാട്ട് തോന്ന്യാസം’’ എന്ന് പാർട്ടി യോഗങ്ങളിൽ പാടുന്നില്ലെങ്കിലും അവരത് കാട്ടുന്നുണ്ട്. അതാണല്ലോ, സെപ്റ്റംബർ 15ന് നിയമസഭയിൽ കണ്ടത്. പാർട്ടി സസ്പെൻഡ് ചെയ്ത് പുറത്തുനിർത്തിയ ആളെയാണ്, സഭയിൽ വരാതിരിക്കട്ടെ എന്ന് ഏവരും പ്രാർഥിക്കുന്ന നേരത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അകമ്പടി സേവിച്ച് സഭയിൽ എത്തിക്കുന്നത്. ആഹാ! ആർമാദം. ഇന്ദിരാഭവനും കന്റോൺമെന്റ് ഹൗസും കത്തിച്ചിട്ടില്ലാ എന്നൊഴിച്ചാൽ മറ്റെല്ലാം ഈ ജെൻ-സി കലാപത്തിലും അരങ്ങേറി. ചില നേതാക്കളുടെ വീട്ടിലുള്ളവർ വെന്തുരുകുകയാണ്. ഈ കലാപത്തിന്റെയും ന്യൂക്ലിയസ് സോഷ്യൽ മീഡിയയാണ്. കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ ഗ്യാങ്.
പത്തുവർഷത്തെ പ്രതിപക്ഷച്ചുഴി കടന്ന് ആഞ്ഞുതുഴഞ്ഞാൽ ഭരണക്കരയിലെത്താം എന്ന് ആശ്വസിക്കുമ്പോഴാണ് കോൺഗ്രസിൽ ഈ ജെൻസി കലാപം എന്നോർക്കണം. കാലം തിരിഞ്ഞുകുത്തുകയാണ്. 1967ൽ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി മന്ത്രിസഭ മഹാഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസിന് നിയമസഭയിൽ ഒമ്പത് അംഗങ്ങളേയുള്ളൂ. കോൺഗ്രസ് ‘‘മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലുപോലെയായി’’ എന്നാണ് പനമ്പിള്ളി ഗോവിന്ദമേനോൻ പറഞ്ഞത്. നിയമസഭാ കക്ഷി നേതാവ് ആകാൻപോലും ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെയാണന്ന് കെ. കരുണാകരന് ലീഡർ പദവി കൈവന്നത്. അക്കാലത്ത് യൂത്ത് കോൺഗ്രസുകാർ വിളിച്ചൊരു മുദ്രാവാക്യമുണ്ട്:
‘‘വർഷം പത്തുകഴിഞ്ഞോട്ടെ
പിള്ളേരൊന്നു വളർന്നോട്ടെ
ഇ.എം.എസിനെ ഈയ്യംപൂശി
ഇയ്യലുപോലെ പറപ്പിക്കും’’.
പത്താണ്ടുകൊണ്ട് കെ.എസ്.യുക്കാരൊക്കെ യൂത്താകുമെന്നും അവർ ഒത്തുപിടിച്ചാൽ കോൺഗ്രസ് തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയായിരുന്നു ആ മുദ്രാവാക്യം. അതു പൂവിടുകതന്നെ ചെയ്തു. 1977ൽ കോൺഗ്രസിന് 38 എം.എൽ.എമാരുണ്ടായിരുന്നു. അതിനും ഏഴുവർഷം മുമ്പുതന്നെ കോൺഗ്രസിന്റെ യുവനിര നിയമസഭയിലും പുറത്തും അണിനിരന്നു കഴിഞ്ഞിരുന്നു. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കൊട്ടറ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി. ഷൺമുഖദാസ്, പി.സി. ചാക്കോ തുടങ്ങിയൊരു വൻനിര. വാലറ്റത്ത് വി.എം. സുധീരൻ, എം.എം. ഹസ്സൻ, കെ.സി. ജോസഫ് തുടങ്ങിയ കെ.എസ്.യു നിര. എല്ലാവർക്കും തലതൊട്ടപ്പന്മാരായി എം.എ. ജോണും വയലാർ രവിയും. അതങ്ങനെയൊരു കാലം. അവരുടെ ജീവിതലാളിത്യംപോലും സംസാരവിഷയമായിരുന്നു. വാച്ചുകെട്ടാത്ത എ.കെ. ആന്റണി. കീറിയ ഖദർ ധരിക്കുന്ന ഉമ്മൻ ചാണ്ടി. അങ്ങനെപോയി ആ അടയാളങ്ങൾ. പുതിയ ഖദർവസ്ത്രം വാങ്ങിയാൽ അത് കീറിത്തുന്നിയശേഷമേ ധരിക്കൂ എന്നായിരുന്നു ഉമ്മൻ ചാണ്ടിയേയും അനുയായികളെയും കുറിച്ചുള്ള ട്രോളുകൾ.
67 പോലൊരു കഷ്ടകാലക്കവലയിലാണിന്നും. ആന്റണി കാലാൾപ്പടയെന്ന് വിശേഷിപ്പിച്ചിട്ടുള്ള കെ.എസ്.യു-യൂത്ത് കോൺഗ്രസ് ബ്രിഗേഡുകൾ രംഗത്തിറങ്ങേണ്ട ഘട്ടം. അവരെ പക്ഷേ കാണാനില്ല. പിണറായി ഭരണത്തെ നിശിതമായി ചോദ്യം ചെയ്യാനുള്ള അവസരമായപ്പോൾ, ഒരു യൂത്ത് കോൺഗ്രസുകാരന്റെ ചോരയിലൂടെ പൊലീസിന്റെ രാക്ഷസസ്വഭാവം പുറത്തുവന്നപ്പോൾ, നിയമസഭാ മാർച്ച് നടത്താൻപോലും യൂത്ത് കോൺഗ്രസിന് നേതൃത്വമില്ല. സംസ്ഥാന പ്രസിഡന്റിനെ രാജിവെപ്പിച്ചിട്ട് മാസമൊന്നാകുന്നു. പകരം പ്രസിഡന്റിനെ നിയമിക്കാനാകുന്നില്ല. ബാക്കി ഭാരവാഹികൾക്ക് സംഘടനയെ ചലിപ്പിക്കാനാകുന്നില്ല. കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് എന്തുംചെയ്യാൻ ആളും അർഥവും ഉണ്ടുതാനും. കീറിയ ഖദറിടുന്ന യൂത്ത് കോൺഗ്രസിൽനിന്ന് ഖദറിടില്ലെന്ന് പ്രഖ്യാപിച്ച ജെൻസി കോൺഗ്രസിലേക്കുള്ള മാറ്റമാണിത്. ആദർശംപോലും. പോകാമ്പറയഡേയ്...