മോഹമുക്തരായ കമ്യൂണിസ്റ്റുകാർ!
text_fieldsകമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസ് നമ്പൂതിരിപ്പാട് കോൺഗ്രസ് നേതാക്കളുടെ പി.ആർ ഡിസൈനറായിരുന്ന ചെറിയാൻ ഫിലിപ്പിന് ചാർത്തിക്കൊടുത്ത ഒരു പഴയ പട്ടമുണ്ട്: മോഹമുക്തനായ ഒരു കോൺഗ്രസുകാരൻ! രണ്ടുരണ്ടര പതിറ്റാണ്ട് മുമ്പാണ്. അന്നത് നല്ല തിളക്കമുള്ള ആദർശപ്പട്ടമായിരുന്നു. പിന്നീട് മോഹം മൂത്ത് ചെറിയാൻ മറുകണ്ടം ചാടിയതും പഴയ യജമാനനായ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചതും കാണാൻ ഇ.എം.എസ് കാത്തുനിന്നില്ല. ചെന്നുകയറിയ ചെറിയാനെ അടക്കാൻ നമ്പൂതിരിപ്പാടിന്റെ പാർട്ടി എന്തൊക്കെയാണ് കാഴ്ചവെച്ചതെന്ന് ആർക്കെങ്കിലും ഓർമയുണ്ടോ? കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം, കൈരളിയിൽ സ്ഥിരം പ്രതികരണം. നിയമസഭാ സീറ്റ് (ജയിക്കാൻ യോഗമില്ലാത്തതിന് ഒരു പാർട്ടിക്കും ഒന്നും ചെയ്യാനാവില്ലല്ലോ). എന്നിട്ടൊടുവിൽ, രാജ്യസഭാ സീറ്റ് മോഹിച്ചയുടൻ കിട്ടാത്തതിനാൽ സി.പി.എമ്മിൽനിന്ന് തിരിച്ചും ചാടി. രാഷ്ട്രീയത്തിലങ്ങനെയാണ്. പ്രേമമുദിക്കാത്തവനുപോലും മോഹമുദിക്കും. ആരും മോഹമുക്തരാണെന്ന് പറയാനാകില്ല. പറഞ്ഞത് സിനിമാഭാഷയിലാണെങ്കിലും പി.കെ. ശശി പറഞ്ഞതാണ് ആത്യന്തിക സത്യം. ‘‘കൊച്ചി പഴയ കൊച്ചിയല്ലായിരിക്കാം. ബിലാൽ പഴയ ബിലാൽതന്നെയാണ്’’- അതായത്, പാർട്ടി പുതിയ പാർട്ടിയായിട്ടുണ്ടാവാം. പക്ഷേ, പി.കെ.ശശി പഴയ പി.കെ. ശശിതന്നെയാണ്. ശശി മനസ്സിൽകണ്ടത് മരത്തിൽ കണ്ടതുകൊണ്ടാണല്ലോ വി.ഡി. സതീശൻ അടുത്ത പ്രൊജക്ടിന്റെ ട്രെയിലർ പ്രഖ്യാപിച്ചത്. വിസ്മയം! തെരഞ്ഞെടുപ്പിന് മുമ്പേ അത് കാണാനാകുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം.
മണ്ണാർക്കാട്ടെ വെടിക്കെട്ട്
‘‘മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം’’ എന്നാണ് പഴയ പാട്ട്. മാർഗഴിമാസം വരുന്നത് ഡിസംബർ പകുതിയോടെയാണ്. വി.ഡി. സതീശൻ പറഞ്ഞ വിസ്മയത്തിന്റെ സമയം ഒത്തുവരും. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് വിസ്മയകരമായ തരത്തിൽ യു.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അതെങ്ങനെയാണെന്ന് ഇപ്പോൾ ചോദിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. അല്ലെങ്കിലും, കാണാൻ പോകുന്ന പൂരം ചോദിച്ചറിയേണ്ട കാര്യമില്ലല്ലോ. ഒന്നുമാത്രം പറയാം, ഇക്കുറി മണ്ണാർക്കാട് മാത്രമായിരിക്കില്ല പൂരം. ഏരിയ, ലോക്കൽ അടിസ്ഥാനത്തിൽ പൂരമായിരിക്കും. മണ്ണാർക്കാട് പി.കെ. ശശിയുടെ പുറപ്പാടുണ്ടാകും. അത് തദ്ദേശതെരഞ്ഞെടുപ്പിൽ കാണാനാകും. യു.ഡി.എഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭ മുച്ചൂടും അഴിമതിയിൽ മുങ്ങിയെന്നുപറഞ്ഞ് നഗരസഭ പിടിച്ചെടുക്കാൻ സി.പി.എം കോപ്പുകൂട്ടുമ്പോഴാണല്ലോ പി.കെ. ശശി പുതിയ കുപ്പായമണിഞ്ഞ് യു.ഡി.എഫ് നേതാക്കളോടൊപ്പം നഗരസഭയുടെ വേദിയിൽതന്നെ അരങ്ങേറിയത്. എന്നിട്ട് സി.പി.എമ്മുകാർക്ക് ഒരു ക്ലാസും കൊടുത്തു. ’’അഴിമതി ചൂണ്ടിക്കാട്ടുന്നതൊക്കെ കൊള്ളാം. പക്ഷേ, ചൂണ്ടിക്കാട്ടുന്നവൻ പരിശുദ്ധനായിരിക്കണം. അഴിമതിയുടെ മാലിന്യത്തിൽ മുങ്ങിക്കിടന്നുകൊണ്ട് കരയിൽ നിൽക്കുന്നവനെ നോക്കി, അതാ കുപ്പായത്തിലൊരു കറുത്ത കറ’’ -എന്നു വിളിച്ചുപറയരുതെന്ന്. ഇതുകേട്ട് പാർട്ടി ആദ്യമൊന്ന് മുക്കറയിട്ടു. എ.ഐ.എസ്.എഫുകാരെയൊക്കെ വിരട്ടി നിർത്തി പരിചയമുള്ള വിദ്യാർഥി നേതാവാണ് ശശിയെ അടക്കാൻ ആദ്യമിറങ്ങിയത്. പിന്നീട് പാലക്കാട് ജില്ലാ സെക്രട്ടറി ലളിതമായൊരു കണക്കുപറഞ്ഞു. ജില്ലയിലെ 44,322 മെംബർമാരിൽ ഒരു മെംബർ മാത്രമാണ് ശശി എന്ന പാർട്ടി സത്യം. സംഗതി കെ.ടി.ഡി.സി ചെയർമാനൊക്കെയാണെങ്കിലും പാർട്ടിയിൽ പി.കെ. ശശി ഇപ്പോൾ അംഗം മാത്രമാണ്. നടപടിയെടുത്ത് തരംതാഴ്ത്തിയിട്ട് ആഗസ്റ്റ് 18ന് ഒരുവർഷം തികയും. പ്രവർത്തനകേന്ദ്രമായി നിശ്ചയിച്ചുകൊടുത്തത് കോട്ടോപ്പാടം ലോക്കലിന് കീഴിലെ നായാടിപ്പാറ ബ്രാഞ്ചാണ്. കുലുക്കിലിയാടാണ് ശശിയുടെ ബ്രാഞ്ച്. അവിടെ നിർത്തിയില്ല. ചുമതലയുള്ളിടത്ത് ബ്രാഞ്ച് സമ്മേളനത്തിലും ലോക്കൽ സമ്മേളനത്തിലുമൊക്കെ മത്സരം നടന്നു. ശശിപക്ഷം തോറ്റെങ്കിലും അടിത്തട്ടുമുതൽ മത്സരം ട്രെന്റായിമാറി. അതാണ് ശശി പറഞ്ഞ ഡയലോഗിന്റെ പൊരുൾ: ഒരു കളിക്കുള്ള കോപ്പൊക്കെ ഇപ്പോഴും തന്റെ കൈയിലുണ്ട് എന്ന്. ആ കൈയിലിരിപ്പിന്റെ ഏതാണ്ടൊരു രൂപം ലോക്സഭാ തെരഞ്ഞടുപ്പിൽ പാർട്ടി കണ്ടതാണ്. ശശിയുടെ തട്ടകമായ മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം 32,000 വോട്ടാണ്. 2004ൽ എൻ.എൻ. കൃഷ്ണദാസ് 98,158 വോട്ടിനും 2014ൽ എം.ബി. രാജേഷ് ലക്ഷത്തിലേറെ വോട്ടിനും ജയിച്ച സീറ്റിൽ 2024ൽ എ. വിജയരാഘവനെതിരെ വി.കെ.ശ്രീകണ്ഠൻ നേടിയത് മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. അങ്ങനെ പല കണക്കുകളും അടിയിലുള്ളതുകൊണ്ടാണ് ശശി ചുവന്നകുപ്പായം ഒഴിവാക്കി വെള്ളക്കുപ്പായമിട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയോടൊപ്പം കയറിച്ചെന്ന് വേദിയിലിരുന്നപ്പോൾ ശ്രീകണ്ഠൻ വെള്ള ഖദർ കുപ്പായത്തിന്റെ കഥ പറഞ്ഞത്. തറവാട്ടുകാർ ഖദറഴിച്ചുതുടങ്ങിയെങ്കിലും വിരുന്നുകാർക്ക് കൊടുക്കാൻ ഖദറുണ്ട്. എന്തായാലും കളി അങ്ങാടിയിൽ വേണ്ട എന്ന് കൃഷ്ണദാസിനെക്കൊണ്ട് പറയിപ്പിച്ച് തൽക്കാലം പാർട്ടി സുല്ലിട്ടു. പക്ഷേ, തദ്ദേശതെരഞ്ഞെടുപ്പിന് മണ്ണാർക്കാടൊരു പൂരംതന്നെയായിരിക്കും.
വിഭാഗീയതയുടെ വികേന്ദ്രീകരണ കാലം
ഇക്കുറി കളി മണ്ണാർക്കാട്ട് മാത്രമായിരിക്കില്ല. പലയിടത്തുമുണ്ട് ബിലാലുമാർ. നാലഞ്ച് സംസ്ഥാന സമ്മേളനങ്ങളിലായി സമാപനദിവസം വാർത്തസമ്മേളനത്തിൽ സെക്രട്ടറി നടത്തിവരുന്ന പ്രഖ്യാപനമുണ്ട്. വിഭാഗീയത പൂർണമായി ഇല്ലാതാക്കിയെന്ന്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.വി. ഗോവിന്ദൻ മാഷ് എന്നിവരൊക്കെ ഇത് ആവർത്തിച്ചത് കേട്ടിട്ടുണ്ട്. അതിലൽപം സത്യമുണ്ട്. സംസ്ഥാനതലത്തിൽ വിഭാഗീയതയുടെ സംഘടിത സ്വാഭാവം ഇല്ലാതായിട്ടുണ്ട്. വിഭാഗീയതയുടെ വികേന്ദ്രീകരണ കാലമാണിപ്പോൾ. കഴിഞ്ഞ സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ എടുക്കാതെ പുറത്തുനിർത്തിയിരുന്ന വടകരയിലെ പി.കെ. ദിവാകരൻ മാഷെ കഴിഞ്ഞയാഴ്ചയിലാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. പി. മോഹനൻ മാഷെപ്പോലുള്ള ഘടാഘടിയന്മാർ നിരന്നുനിന്ന് തടുത്തിട്ടും ദിവാകരൻ മാഷ് ക്ക് തിരിച്ചുകയറാൻ കഴിഞ്ഞത് ഇനി മണിയൂരിലുംകൂടി ഒരു ഒഞ്ചിയം താങ്ങാൻ പാർട്ടിക്ക് കെൽപില്ലാത്തതുകൊണ്ടാണ്.
ഇതൊന്നും വെറും വടക്കൻ വീരഗാഥയല്ല. തെക്കൻഭാഗത്തും പുതിയ വീരന്മാർ കളംപിടിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടം ഏരിയാ കമ്മിറ്റി കഴിഞ്ഞദിവസം മേൽ കമ്മിറ്റി പ്രതിനിധിയായി ചെന്ന കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ യോഗം ചേരുമ്പോഴാണ് ഏരിയാ കമ്മിറ്റി അംഗവും മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മേടയിൽ വിക്രമൻ താൻ കമ്മിറ്റിയിൽ ഇല്ലെന്നും രാജിവെക്കുകയാണെന്നും പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത്. ആറ്റിപ്ര അശോകൻ, അജയകുമാർ എന്നിവരെ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതാണ് അവിടെ കലാപത്തിന് കാരണം. അവർക്ക് യോഗ്യതയില്ലാത്തതല്ല, അധിക യോഗ്യതയാണ് പ്രശ്നമായത്. ഇരുവരും സി.പിഎം വിട്ട് സി.പി.ഐയിൽ ചേർന്നിരുന്നു. അവിടെ മണ്ഡലംതലത്തിൽ സ്ഥാനവും അലങ്കരിച്ചിരുന്നു. തിരിച്ചുവന്നപ്പോൾ ഗംഭീര സ്വീകരണം നൽകി ഏരിയാ കമ്മിറ്റിയിലെടുത്തതാണ് ചില സഖാക്കളെ ചൊടിപ്പിച്ചത്.’’ എന്നാൽ, സി.പി.ഐക്കാരെ വെച്ച് നടത്തിക്കോ’’ എന്നും പറഞ്ഞാണ് വിക്രമന്മാർ ഇറങ്ങിപ്പോയത്. പോകുന്ന വിക്രമന്മാർക്ക് ആറ്റിങ്ങലിൽ മുല്ലശ്ശേരി മധുവും ആലപ്പുഴയിൽ ബിപിൻ സി. ബാബുവും പത്തനംതിട്ടയിൽ അരുൺ കിഴക്കുപുറവുമൊക്കെ വെട്ടിത്തെളിച്ച വഴിയുണ്ടല്ലോ മുന്നിൽ. നേരെ ബി.ജെ.പിയിൽ ചെന്നുകയറാം. എന്നാൽ, സി.പി.ഐ വിടുന്ന സഖാക്കളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം, അൽപം ഉളുപ്പ് ബാക്കിയുള്ളതുകൊണ്ട് അവർക്ക് വേറൊരു കമ്യൂണിസ്റ്റ് പാർട്ടിയിലേ കേറാൻപറ്റൂ. അതുകൊണ്ടാണവർ വരുന്നത്. അപ്പോഴേക്ക് കെറുവിച്ചാലോ?
പത്തനംതിട്ട ജില്ലയിലെ കഥ ഉദ്വേഗജനകമാണ്. ആരോഗ്യമേഖലയെ ലോകോത്തരനിലവാരത്തിൽ പിടിച്ചുനിർത്തുന്ന മന്ത്രി വീണക്കെതിരെ സോഷ്യൽ മീഡിയയിൽ പടവെട്ടിക്കൊണ്ടിരിക്കുന്ന ലോക്കൽ, ഏരിയാ ലെവൽ സഖാക്കൾക്കെതിരെ നടപടിയെടുക്കാൻ മേൽ കമ്മിറ്റി നിർദേശിച്ചു. ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗം പി.ജെ. ജോൺസൺ, ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗം എൻ. രാജീവ്, ഓതറയിൽ ലോക്കൽ കമ്മിറ്റിയംഗം രാഹുൽരാജ്, സുധീഷ് തുടങ്ങിയവർക്ക് എതിരെയായിരുന്നു നീക്കം. കമ്മിറ്റി കൂടി. മേൽ കമ്മിറ്റി നിർദേശം വെച്ചു. അപ്പോൾ സാദാ അംഗങ്ങളുടെ ചോദ്യം: ‘മുൻകാലങ്ങളിലെടുത്ത നടപടി എന്തായി സഖാക്കളേ?’’ പെട്ടെന്നൊരു ഉത്തരം കൊടുക്കാൻ സാധിക്കാത്തതിനാൽ യോഗം നിർത്തി മേൽ കമ്മിറ്റിക്കാർ സ്ഥലംവിട്ടു. രാഷ്ട്രീയബാഹ്യമായ മേഖലകളിൽ വിഹരിച്ചിരുന്ന ഒരാൾ വന്നുകയറി സഭാകമ്പം ഒട്ടുമില്ലാതെ എം.എൽ.എയും മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമൊക്കെ ആയതുമാത്രമല്ലെത്ര പത്തനംതിട്ടയിലെ പ്രശ്നം. അവരുടെ ഭർത്താവിന് സഭയോടുള്ള കമ്പവും പ്രശ്നമാണ്. പാവം, പരമ്പരാഗത സഖാക്കൾ എന്തുചെയ്യും. അരുൺ ചെയ്തതുപോലെയാണെങ്കിൽ കിഴക്കുപുറത്തുകൂടി ബി.ജെ.പിയിൽ പോകണം.
എന്നാൽ, അവരെയൊന്നും ബി.ജെ.പിയിലേക്ക് വിടില്ല എന്നതാണ് യു.ഡി.എഫ് പ്രഖ്യാപനത്തിന്റെ പൊരുൾ. എന്നുവെച്ചാൽ എൽ.ഡി.എഫ് കളിച്ചത് തിരിച്ചുകളിക്കുമെന്ന്, ‘‘പൊതുസ്വീകാര്യത’’ എന്ന ഷാൾ പുതപ്പിച്ചെടുത്ത് പരമാവധി സി.പി.എമ്മുകാരെ അണിനിരത്തുമെന്ന്. കൊല്ലത്ത് ഐഷാ പോറ്റിയും ആലപ്പുഴയിൽ ജി. സുധാകരനുമൊക്കെ അങ്ങനെയൊരു പൂതിക്ക് വളമിട്ടുകൊടുക്കുന്നുണ്ട്. അതുകണ്ട് സി.പി.എം പേടിച്ചിരിക്കുകയാണെന്ന് കരുതണ്ട. സാംസ്കാരികമന്ത്രി സജി ചെറിയാൻ നേരിട്ടിറങ്ങി പി.ജെ. കുര്യനെ ക്ഷണിക്കുന്നുണ്ട്. കോൺഗ്രസ് വിട്ടുവന്ന് കൃത്യമായ രാഷ്ട്രീയനിലപാടെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നല്ല രസമായിരിക്കും. അടുത്തപൂരം. പി.ജെ. കുര്യൻ എൽ.ഡി.എഫിലും പി.കെ. ശശി യു.ഡി.എഫിലും എഴുന്നള്ളട്ടെ. അവരുടെ സ്വീകാര്യത പറയണ്ടല്ലോ, പോരേ പൂരം!
●