കേരളത്തിൽനിന്നൊരു ആഗോള സമാധാന പ്രസ്ഥാനം!
text_fieldsസമാധാനപരമായ സഹവർത്തിത്വം എന്നൊരു വിദ്യയുണ്ട്. കമ്യൂണിസ്റ്റുകാർക്ക് പൊതുവിലും സി.പി.ഐക്കാർക്ക് വിശേഷിച്ചും ഹൃദ്യമാണത്. അതിന്റെ ഹൈസ്കൂളിലാണല്ലോ സി.പി.ഐ പഠിച്ചത്, സോവിയറ്റ് യൂനിയനിൽ.(സഹവർത്തനം എന്നാണ് സോവിയറ്റ് മലയാളം) സഖാവ് സ്റ്റാലിന്റെ അപ്രതീക്ഷിത നിര്യാണത്തിനുശേഷം പാർട്ടിയിലും രാജ്യത്തും ആധിപത്യം സ്ഥാപിച്ചെടുത്ത നികിതാ ക്രൂഷ്ചേവ് ലോകരാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണത്. സമാധാനപരമായ സഹവർത്തിത്വം! പറഞ്ഞുവരുമ്പോൾ, സഹവർത്തിത്വം, (സഹവർത്തനമായാലും) സംഗതി സമാധാനപരമല്ലേ എന്നു തോന്നാം. എന്നാൽ, അത് ശത്രുവിനോടൊപ്പമാണെങ്കിലോ? അപ്പോൾ ‘സമാധാനപരമായ’ എന്ന് എടുത്തുപറയേണ്ടതുണ്ടല്ലോ. അതാണ് സംഗതി. ശത്രുവിനോടാണീ സഹവർത്തനം.
സ്റ്റാലിന്റെ മരണശേഷം പാർട്ടിയുടെ ഒന്നാം സെക്രട്ടറിയും അന്ന് പ്രസീഡിയം എന്നറിയപ്പെട്ടിരുന്ന പോളിറ്റ്ബ്യൂറോയുടെ ചെയർമാനും മന്ത്രിമാരുടെ കൗൺസിലിന്റെ തലവനും എല്ലാമായി വന്നത് ജോർജി മലങ്കോവായിരുന്നു. പക്ഷംപിടിച്ചുപറഞ്ഞാൽ സ്റ്റാലിൻ പക്ഷക്കാരനായിരുന്നു മലങ്കോവ്. അന്ന് മോസ്കോ പാർട്ടിയുടെ നേതാവ് മാത്രമാണ് ക്രൂഷ്ചേവ്. 1953 മാർച്ച് അഞ്ചിനാണ് സ്റ്റാലിന്റെ മരണം പ്രഖ്യാപിക്കപ്പെടുന്നത്. നാലുദിവസത്തെ രാജ്യവ്യാപക ദുഃഖാചരണത്തിനുശേഷം മാർച്ച് ഒമ്പതിന് ലെനിന്റെ ചാരത്ത് സ്റ്റാലിന്റെ ഭൗതികശരീരം വെച്ചു. മലങ്കോവ് ഉത്തരവാദിത്തങ്ങളെല്ലാമേറ്റു. പരത്തിപ്പറയേണ്ടല്ലോ, മാർച്ച് 14 ആയപ്പോഴേക്ക് മലങ്കോവിന് സ്ഥാനങ്ങൾ ഒഴിഞ്ഞുതുടങ്ങേണ്ടിവന്നു. നിക്കോളായി ബുൾഗാനിൻ തുടങ്ങിയവരുടെ പിന്തുണയോടെ ക്രൂഷ്ചേവിന്റെ കളി ലക്ഷ്യംകണ്ടു എന്നർഥം. സെപ്റ്റംബറായപ്പോഴേക്ക് ക്രൂഷ്ചേവ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി. അടിവെച്ചടിവെച്ച് പാർട്ടിയുടെയും രാജ്യത്തിന്റെയുമെല്ലാം മേധാവിയായി. മലങ്കോവിന് പണി വേറെ കിട്ടി. 1956ൽ പാർട്ടി കോൺഗ്രസ് ആയപ്പോഴേക്ക് ക്രൂഷ്ചേവ് സർവാധിപതിയായി. ആ കോൺഗ്രസിൽവെച്ചാണ് സ്റ്റാലിനിസത്തെ തള്ളിപ്പറഞ്ഞതും താനടക്കം കൂടെനിന്ന് ‘ശുദ്ധീകരണ’ത്തിന്റെ പേരിൽ നടത്തിക്കൊടുത്ത പാർട്ടിക്കൊലപാതകങ്ങൾ സ്റ്റാലിന്റെ മാത്രം കണക്കിലെഴുതിയതും. അതുവിടാം, വെറും ഉൾപ്പാർട്ടിപ്രശ്നം. ആ കോൺഗ്രസിലൊരു അന്താരാഷ്ട്ര പ്രഖ്യാപനമുണ്ടായി. അതാണ് വാർത്ത. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും സോവിയറ്റ് യൂനിയ ന്റെയും തലവനെന്ന നിലയിൽ ക്രൂഷ്ചേവ് ഒരു ഗംഭീരപ്രഖ്യാപനം നടത്തി. ‘‘പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളെ ഞങ്ങൾ കുഴിച്ചുമൂടും’’ എന്ന പ്രഖ്യാപനം. മൂടിയില്ല. അതിനുമുമ്പേ യു.എസ് വൈസ് പ്രസിഡൻറ് റിച്ചാർഡ് നിക്സൺ സോവിയറ്റ് യൂനിയൻ സന്ദർശിച്ചു. നല്ല രസമായിരുന്നു സ്വീകരണം. അടുക്കളപോലെ തയാറാക്കിയ വേദിയിൽവെച്ചായിരുന്നു നിക്സൺ- ക്രൂഷ്ചേവ് ചർച്ചകൾ. അടുക്കളച്ചർച്ച എന്നാണത് അറിയപ്പെടുന്നത്. കിച്ചൺ ഡിബേറ്റ്! അതിന്റെ രുചികൊണ്ടായിരിക്കണം, ക്രൂഷ്ചേവിനെ യു.എസിലേക്ക് ക്ഷണിച്ചിട്ടാണ് നിക്സൺ തിരിച്ചുപോയത്. 1959 സെപ്റ്റംബർ 15ന് സോവിയറ്റ് യൂനിയൻ തലവൻ നികിതാ ക്രൂഷ്ചേവ് യു.എസിലെത്തി. 13 ദിവസം ആ രാജ്യത്ത് തലങ്ങുംവിലങ്ങും യാത്രനടത്തി. പ്രസിഡൻറ് ഐസനോവർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടു. ആ യാത്രയിൽ അമേരിക്കയിൽവെച്ച് ക്രൂഷ്ചേവ് പ്രഖ്യാപിച്ചു: ‘‘മുതലാളിത്ത രാജ്യങ്ങൾക്ക് ഞങ്ങൾ സമാധാനപരമായ മത്സരം ഓഫർ ചെയ്യുന്നു’’. അങ്ങനെയാണ് ‘സമാധാനപരമായ സഹവർത്തനം’ ഭുവനപ്രശസ്തമായത്. അതിന്റെ കാരണഭൂതൻ ക്രൂഷ്ചേവാണ്. മത്സരമാവാം പക്ഷേ, യുദ്ധം ഒരു അനിവാര്യ സംഗതിയല്ല എന്ന് ക്രൂഷ്ചേവ് വിശദീകരിച്ചു. അതായിരുന്നു പിന്നീട് കുറേക്കാലം കമ്യൂണിസ്റ്റുകാരുടെ പാട്ട്. അവർ അതിപ്പോഴും മറന്നിട്ടില്ല.
സമാധാനപരമായ മത്സരം. ബി.ജെ.പി ഒരു ഫാഷിസ്റ്റ് പാർട്ടിയാണെങ്കിലും അല്ലെങ്കിലും, പിണറായി വിജയന്റെ പാർട്ടിയും ഗവൺമെന്റും അതിന് സമാധാനപരമായ മത്സരം ഓഫർ ചെയ്യുമ്പോൾ ആ നടപടിക്ക് ചരിത്രപരവും അന്താരാഷ്ട്രീയവുമായ പ്രസക്തിയുണ്ട്. സമാധാനപരമായ സഹവർത്തിത്വമെന്ന രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ചേതോഹരമായ പ്രയോഗമാണത്. അതിന്റെ അർഥമറിയാവുന്നതുകൊണ്ടാണ് ശിവൻകുട്ടി സഖാവ് അദ്ദേഹത്തിന്റെ വകുപ്പ് എന്ന പരിമിതമായ പരിധിയിലെങ്കിലും കേന്ദ്രവുമായി സമാധാനപരമായ സഹവർത്തിത്വത്തിന് കരാറൊപ്പിട്ടത്. അല്ലാതെ ഫണ്ട് കിട്ടാനല്ല. ഒരു യുദ്ധത്തിലേക്ക് പോയാൽ കാര്യം പിടിവിട്ടുപോകുമെന്ന് നിയമസഭയിൽ തെളിയിച്ചയാളാണദ്ദേഹം. പക്വതവന്ന കാലത്ത് എവിടെയും സമാധാനപരമായ സഹവർത്തനമാണ് പഥ്യം. തെറ്റുപറയാനാവില്ല. സി.പി.ഐ എന്ന പാർട്ടിയുടെ നേതാവായ ബിനോയി വിശ്വം ആദ്യമൊന്ന് കുതറി. അതുകണ്ട് പിണറായി സഖാവ് നടുങ്ങിയതായി അഭിനയിക്കുകയും ബിനോയ് സഖാവുമായി ചർച്ചക്ക് തയാറാവുകയും ചെയ്തു. ഒക്കെ ശരി. ആ കിച്ചൺ ഡിബേറ്റിനുശേഷം രണ്ടുപാർട്ടികളും സമാധാനപരമായ സഹവർത്തിത്വത്തിലേക്ക് വന്നത് കണ്ടില്ലേ. പിണറായിയുടെ നേതൃഗുണംകൊണ്ടല്ല, സി.പി.ഐയുടെ പാരമ്പര്യഗുണം കൊണ്ടാണത്. ബിനോയ് വിശ്വം ഇപ്പോഴിരിക്കുന്ന കസേരയിൽ ആദ്യമായി ഇരുന്നയാളെ, സി.പി.ഐയുടെ പ്രാക്തന സെക്രട്ടറിയെ, എം.എൻ. ഗോവിന്ദൻ നായരെ, കേരളം വിളിച്ചിരുന്നത് ‘കേരളാ ക്രൂഷ്ചേവ്’ എന്നാണ്. ചരിത്രം വരുന്ന വരവുകണ്ടോ!
ചരിത്രമവിടെ നിൽക്കട്ടെ. വർത്തമാനം നോക്കാം. സഹവർത്തന സിദ്ധാന്തത്തിന്റെ ശരിയായ പ്രയോഗം അവിടെ കാണാം. ബിനോയ് വിശ്വം പിണറായി വിജയനെ വിറപ്പിച്ചുവിട്ട ശേഷമുണ്ടായ സംഭവ പരമ്പര ശ്രദ്ധിച്ചില്ലേ? ശിവൻകുട്ടി നരേന്ദ്ര മോദി സർക്കാറുമായി കരാർ ഒപ്പിട്ടുകഴിഞ്ഞിരുന്നല്ലോ. ഇട്ടുപോയ ഒപ്പ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തിന് കത്തയക്കാം എന്നതായിരുന്നു പിണറായി– ബിനോയ് ഉച്ചകോടിയുടെ തീർപ്പായി പറഞ്ഞുകേട്ടത്. ആ കത്തയച്ചില്ല. അതിനിടയിൽ കരാറൊപ്പിട്ട വകയിലുള്ള കേന്ദ്രഫണ്ട് കിട്ടിയെന്നും കേട്ടു. കത്തയക്കാൻ താമസം നേരിടുന്നതിനെപ്പറ്റി ശിവൻകുട്ടി ശരിയായി വിശദീകരിക്കുകയും ചെയ്തു. അപ്പംചുട്ടെടുക്കുന്നതുപോലെ കത്തയക്കാൻ കഴിയില്ല എന്നാണത്. കൃത്യമാണ്. അപ്പംചുട്ടെടുക്കുമ്പോൾ ചിലപ്പോൾ കരിഞ്ഞുപോകും. കരിഞ്ഞ കത്ത് കേന്ദ്രത്തിലേക്കയച്ചിട്ട് കാര്യമില്ലല്ലോ. അതിനിടയിൽ കിട്ടിയ ഫണ്ടാണ് മറ്റൊരു പ്രശ്നം. സംസ്ഥാനം അതിദാരിദ്യ്രമുക്തമായി പ്രഖ്യാപിച്ച സ്ഥിതിക്ക് എത്ര ഫണ്ട് കിട്ടിയാലും മതിയാകില്ലെന്ന് ഏത് സി.പി.ഐക്കാരനുമറിയാം. അതിദാരിദ്യ്രം ഇല്ലാതായത് ഇടതുബദലിന്റെ പ്രായോഗിക വിജയമാണെന്ന് ബിനോയ് വിശ്വംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും കേന്ദ്രത്തിന് കത്തയച്ചില്ല എന്നൊരു പ്രശ്നം ബാക്കിയുണ്ടല്ലോ. അക്കാര്യം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ തീരുമാനിക്കുകയും അത് ഉന്നയിച്ച് സമാധാനഭംഗം ഉണ്ടാക്കേണ്ടതില്ലെന്ന് സെക്രട്ടറി സഖാവ് മന്ത്രിമാരെ തെര്യപ്പെടുത്തുകയും ചെയ്തു.
ഭരണതലത്തിൽ ഇതൊക്കെ നടക്കുമ്പോഴാണ് സി.പി.ഐ സഖാക്കൾ സഹോദരന്മാരാണ് എന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ഡിക്രി വരുന്നത്. സോദരർ തമ്മിലെ പോരൊരു പോരല്ലല്ലോ. സൗഹൃദത്തിന്റെ കലങ്ങിമറിയൽ മാത്രമല്ലേ. അങ്ങനെ സമാധാനിക്കുമ്പോഴേക്ക് കൊല്ലത്തെ സി.പി.ഐയിൽനിന്ന് കലങ്ങി പുറത്തേക്കുമറിഞ്ഞ എണ്ണൂറോളം സഖാക്കളെ സി.പി.എമ്മിലെടുത്തുകഴിഞ്ഞിരുന്നു. അത് സി.പി.ഐക്ക് ഇച്ചിരി ദണ്ഡമുണ്ടാക്കി. അൽപമെങ്കിലും പാർട്ടിയുള്ള ജില്ലയാണ് കൊല്ലം. അതിൽതന്നെ കൊള്ളാവുന്ന മണ്ഡലങ്ങളാണ് കടയ്ക്കലും കുണ്ടറയുമൊക്കെ. അവിടെനിന്ന് എണ്ണൂറുപേർ സി.പി.എമ്മിൽ പോയാൽ പിന്നെ സി.പി.ഐയിൽ എത്രപേർ ബാക്കിയുണ്ടാകുമെന്ന് കണ്ടുപിടിക്കാൻ കാൽക്കുലേറ്ററിനുപോലും കഴിയില്ല. ആ പ്രഹേളികക്കൊരു സമാധാനമുണ്ടാക്കിയത് പ്രകാശ് ബാബുവാണ്. തങ്ങൾ അച്ചടക്ക നടപടിയെടുത്തു പുറത്താക്കിയവരെയാണ് സി.പി.എം സ്വീകരിച്ചത് എന്നാണ് പ്രകാശ് ബാബു പറയുന്നത്. രണ്ടു മണ്ഡലങ്ങളിൽനിന്നുമാത്രം എണ്ണൂറുപേരെ പുറത്താക്കാനുണ്ടെങ്കിൽ സി.പി.ഐ സാമാന്യം വലിയൊരു പാർട്ടിതന്നെയായിരിക്കുമല്ലോ. ഏതായാലും സി.പി.ഐ നേതാക്കളുടെ വിഷമം സി.പി.എമ്മുകാർക്ക് മനസ്സിലായിട്ടുണ്ട്. സി.പി.ഐ വിടുന്നവരെ സ്വീകരിച്ചില്ലെങ്കിൽ അവർ കോൺഗ്രസിലോ ആർ.എസ്.പിയിലോ പോയേക്കുമെന്നൊരു ആശങ്കയും സി.പി.എമ്മുകാർ പങ്കുവെച്ചു. സഹോദരന്മാരെ ഏറെ വിഷമിപ്പിക്കാതിരിക്കാൻ മറ്റൊരു വിദ്യകൂടി അവർ ചെയ്തു. സി.പി.ഐക്കാരെ സ്വീകരിക്കാനുള്ള യോഗങ്ങളിൽ പ്രകടനം ഒഴിവാക്കി! ആ മര്യാദ സി.പി.ഐക്കാർക്ക് ബോധിച്ചു. അവരൊരു മറുമര്യാദ കാണിച്ചു. കേന്ദ്രവുമായി കരാറൊപ്പിട്ട ശിവൻകുട്ടി സഖാവിന്റെ കോലംകത്തിച്ച എ.ഐ.എസ്.എഫുകാർക്കെതിരെ അച്ചടക്ക നടപടിയെടുത്തു. ഇനിയിപ്പം അവരും പാർട്ടിവിടും. സമാധാനപരമായ സഹവർത്തനത്തിനുവേണ്ടി ഇത്രയൊക്കെ സഹിക്കുന്ന സി.പി.ഐ അല്ലെങ്കിൽ പിന്നെ ഏതാണ് ലോകസമാധാന പ്രസ്ഥാനം?


