ആ തരൂർ തന്നെയാണോ ഈ ശശി തരൂർ?
text_fieldsശശി തരൂരിന്റെ പുസ്തകങ്ങൾ നിരത്തിവെച്ചത് കാണുമ്പോഴൊക്കെ ഈ ചോദ്യം പൊന്തിവന്ന് തലയ്ക്ക് കുത്താറുണ്ട്. മിക്കവാറും അത് തലവേദനയിലാണ് എത്താറുള്ളത്. നിലമ്പൂർ ഇലക്ഷൻ ദിവസം തിരുവനന്തപുരത്തെ ഫ്ലാറ്റിന് താഴെനിന്ന് കോൺഗ്രസ് എം.പി മാധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടപ്പോഴും ആ ആന്തൽ വന്നു. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്ന പരിഭവത്തോടെയാണ് തുടങ്ങിയത്. പിന്നെ, കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ട് എന്ന വെളിപ്പെടുത്തലായി. ഒടുവിലൊരു വിമതന്റെ സ്വരത്തിലേക്ക് അതങ്ങ് ലയിച്ചു. അതോടെ ഉറപ്പായി. രണ്ടും ഒരാൾതന്നെ!. പണ്ട് എഴുതിയതൊക്കെ ഇപ്പോഴും തികട്ടിവരുന്നുണ്ട്.
‘‘രാഷ്ട്രപിതാവ് എന്ന നിലയിൽ സ്വാതന്ത്ര്യസമരമാകുന്ന കാൽപന്തുകളി ഔപചാരികമായി ഉദ്ഘാടനം ചെയ്ത ഒരു കിക്കോഫ് പ്രമാണി മാത്രമായിരുന്നു ഗാന്ധി’’-എന്ന പ്രസ്താവന വായിച്ച് തലകറങ്ങിയത് തരൂർ രചിച്ച നെഹ്റുവിന്റെ ജീവചരിത്ര പുസ്തകം തുറന്നപ്പോഴാണ്. അത് പി. ഗോവിന്ദപ്പിള്ള എഴുതിയ അവതാരികയിലെ വരിയാണല്ലോ എന്ന് സമാധാനിച്ചുകൊണ്ടാണ് ഉള്ളോട്ട് വായിച്ചത്. നെഹ്റുവിന്റെ മരണം കഴിഞ്ഞുള്ള ഭാഗത്ത് തരൂർ എഴുതുന്നു: ‘‘തന്റെ മേശപ്പുറത്ത് നെഹ്റു രണ്ടു ശിൽപങ്ങൾ സൂക്ഷിച്ചിരുന്നു - മഹാത്മാഗാന്ധിയുടെ സ്വർണരൂപവും എബ്രഹാം ലിങ്കന്റെ കൈയുടെ പിത്തള മാതൃകയും. മാനസിക സമ്മർദം കുറയ്ക്കാൻ ഇടക്കിടെ നെഹ്റു അതിൽ സ്പർശിക്കുമായിരുന്നുവത്രെ. എന്തായാലും ആ രണ്ടു രൂപങ്ങൾ നെഹ്റുവിന്റെ പ്രചോദനകേന്ദ്രങ്ങളെന്ന നിലയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഗാന്ധിയുടെ ഹൃദയവും ലിങ്കന്റെ കൈയും കൊണ്ട് പ്രശ്നങ്ങളെ നേരിടണമെന്ന് നെഹ്റു ഇടക്കിടെ പറയാറുണ്ടായിരുന്നു. നെഹ്റുവിന്റെ കാലം കഴിഞ്ഞുവെന്നത് ശരിതന്നെ. പക്ഷേ, ആ മേശപ്പുറത്തുണ്ടായിരുന്ന രണ്ടു ശിൽപങ്ങളും മ്യൂസിയത്തിലേക്ക് മാറ്റിയ നമ്മുടെ ബൗദ്ധികമൗഢ്യത അസാമാന്യം തന്നെയാണ്. അദ്ദേഹത്തിന്റെ പിൻഗാമികളാകട്ടെ ആ മേശമാത്രം സൂക്ഷിക്കുകയും ചെയ്യുന്നു’’.
ഇതേ ഖണ്ഡിക തരൂർ മറ്റൊരു പുസ്തകത്തിൽ നേരത്തേ എഴുതിയതാണ്. ഇന്ത്യ അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട് എന്ന പുസ്തകത്തിൽ. ജീവചരിത്രം ഇംഗ്ലീഷിൽ വന്നത് 2003ലാണ്, മലയാള പരിഭാഷ 2008ലും. ‘ഇന്ത്യ അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്’ 1998ൽ പുറത്തുവന്നതാണ്. 2011ൽ പത്താം പതിപ്പിറങ്ങി.
ആ പുസ്തകത്തിൽ നെഹ്റുവിന്റെ പിൻഗാമികളെക്കുറിച്ച് മാത്രം ഒരധ്യായമുണ്ട്. ‘‘രണ്ട് കൊലപാതകങ്ങൾ, ഒരു ശേഷക്രിയയും: വംശവാഴ്ചയുടെ അന്ത്യം’’ എന്നാണ് തലക്കെട്ട്. 1996ലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ചിന്തകൾ എന്ന മട്ടിലാണ് അതാരംഭിക്കുന്നത്: ‘‘1991ലെയെന്നപോലെ 1996ലെയും പൊതുതെരഞ്ഞെടുപ്പിനുശേഷം പല ഇന്ത്യക്കാരുടെയും മനസ്സിലുയർന്ന വിചിത്രമായ ചോദ്യം ഇതായിരുന്നു. അവർ വരുമോ? വരില്ലേ?’’
‘അവർ’ മറ്റാരുമല്ല. നെഹ്റുവിന്റെ പിൻഗാമികളാണ്. അവരെ നിരത്തിനിർത്തി വിധിക്കുകയാണ് അതിൽ.
ഇന്ദിര ഗാന്ധിയിലാണ് തുടക്കം. അടിയന്തരാവസ്ഥയെപറ്റി വിദേശത്തിരുന്ന് അറിഞ്ഞതൊക്കെ വിവരിച്ചുകൊണ്ട് പറയുന്നു: ‘‘ഞാൻ ലജ്ജിച്ചു. ഇത്ര അധഃപതിച്ച ഒരു ഭരണത്തെയാണല്ലാ ഞാൻ ഇതുവരെ പിന്താങ്ങിയിരുന്നത്...എന്റെ രാഷ്ട്രീയബോധത്തിന് ഭാഷ്യം ചമച്ച ആദ്യത്തെ അനുഭവമായി അടിയന്തരാവസ്ഥ. അതിനെ സാധൂകരിക്കാൻ ഒരുങ്ങിപ്പുറപ്പെടുകയും അതൊരു പാഴ് വേലയാണെന്ന് മനസ്സിലാവുകയും ചെയ്തതോടെ മറ്റൊരു വസ്തുതയും എനിക്ക് ബോധ്യംവന്നു. ഞാൻ ജനിച്ചുവളർന്ന നാടിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ടായി. ഇന്ദിരയാണ് ഇന്ത്യയെന്നും ഇന്ത്യയാണ് ഇന്ദിരയെന്നുമുള്ള ആ വ്യാഖ്യാനം എനിക്ക് സ്വീകാര്യമായില്ല’’.
ഇന്ദിര ഗാന്ധി നേതൃത്വത്തിലേക്ക് ഉയർന്നുവന്നത് വിശകലനം ചെയ്യുന്നിടത്ത് തരൂർ അവരുടെ ഭർത്താവ് ഫിറോസ് ഗാന്ധിയെ വലിച്ചുകൊണ്ടുവരുന്നുണ്ട്. ഫിറോസ് പാഴ്സിയാണല്ലോ. പാഴ്സികൾ അവരുടെ തൊഴിൽതന്നെ ഇരട്ടപ്പേരായി സ്വീകരിച്ചിരുന്നത് പരാമർശിച്ചുകൊണ്ട് തരൂർ ചിരിക്കുന്നു: ‘‘ഇന്ദിരയുടെ പാഴ്സി ഭർത്താവിന്റെ പേര്, ഏറെ സൗകര്യപ്രദമായ ഗാന്ധി എന്നതിനു പകരം ‘ടോഡിവാല’ (മദ്യവിൽപനക്കാരൻ) എന്നായിരുന്നെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം വ്യത്യസ്തമാകുമായിരുന്നോ എന്നു ചിലപ്പോൾ ഞാനാലോചിക്കാറുണ്ട്’’.
രാജീവ് ഗാന്ധിയിലെത്തുമ്പോൾ പുച്ഛമാണ്: ‘‘നമ്മെ ഭരിക്കാൻ യാതൊരു ഭരണപരിചയവുമില്ലാത്ത നാൽപതുകാരനായ ഒരു പൈലറ്റിനെക്കാൾ യോഗ്യനായ മറ്റൊരാളെയും കിട്ടാത്തതിൽ എന്നെപ്പോലുള്ള ഇന്ത്യക്കാർ നിരാശരായിരുന്നു. എന്തു ചെയ്യാം, ഇന്ദിരയുടെ കീഴിൽ അപചയം സംഭവിച്ച കോൺഗ്രസിൽ കൂടുതൽ യോഗ്യനായ മറ്റൊരാൾ ഉണ്ടായിരുന്നില്ല. രാജീവ് ഗാന്ധിയെപ്പോലെ വോട്ട് പിടിക്കാൻ പറ്റിയ മറ്റൊരു പേരില്ല എന്നതായിരുന്നു വാസ്തവം. ആ തെരഞ്ഞെടുപ്പിനെ ജനം അംഗീകരിച്ചു. സഹതാപതരംഗത്തിൽ മറ്റേതൊരു പ്രധാനമന്ത്രിക്കും ലഭിച്ചതിനെക്കാൾ വർധിച്ച ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധി അധികാരത്തിൽവന്നു’’.
രാജീവ് ഗാന്ധി ഭരണം തുടങ്ങി ആഴ്ചകൾക്കുള്ളിൽ തന്റെ നിരാശ പ്രത്യാശക്ക് വഴിമാറിയെന്ന് തരൂർ പറയുന്നുണ്ട്. എന്നാൽ, അത് വെറുതെയായത്രെ: ‘‘തനിക്ക് പാകമല്ലാത്ത ഒരു കുപ്പായത്തിൽ കയറിക്കൂടാൻ പരമ്പരാഗത ഇന്ത്യൻ രാഷ്ട്രീയനേതാവിന്റെ ഭാഗം അഭിനയിക്കാൻ രാജീവ് ശ്രമിക്കുകയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചക്രം തിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ എങ്ങോട്ടാണ് പോകേണ്ടതെന്ന് അദ്ദേഹം മറന്നു’’.
രാജീവ് ഗാന്ധി ദാരുണമായി കൊല്ലപ്പെട്ടശേഷമുള്ള കോൺഗ്രസിനെ കുത്തുമ്പോൾ തരൂരിന് ആവേശം കൂടുകയാണ്: ‘‘1991ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട വിധി പ്രഖ്യാപനമുണ്ടായത് ബാലറ്റ് പെട്ടിയിലൂടെയല്ല, ശവപ്പെട്ടിയിലൂടെയായിരുന്നു’’- എന്നാണ് തരൂരിന്റെ പരിഹാസം. അതുകഴിഞ്ഞ് സോണിയ ഗാന്ധിയുടെ നേരെ:
‘‘രാജീവ് ഗാന്ധിയുടെ സ്വാധീനത്തിന്റെ ശക്തിയും ദൗർബല്യവും ഒരേസമയം വെളിവാകുന്നതാണ്, അദ്ദേഹത്തിന്റെ പദവി വിധവയായ സോണിയക്ക് നൽകാനുള്ള തീരുമാനം. ഇറ്റലിയിൽ ജനിച്ച, രാഷ്ട്രീയക്കാരിയല്ലാത്ത, ഈ വനിതയെ അവരോധിക്കാനുള്ള വിചിത്രമായ നീക്കത്തിൽനിന്ന് തെളിയുന്നത് രാജീവ് ഗാന്ധിയുടെ നേതൃഗുണം കൊണ്ടല്ല ആ പേരിന്റെ വശ്യതകൊണ്ടാണ് അദ്ദേഹത്തെ നേതാവാക്കിയത് എന്നത്രെ’’.
‘‘ടോറിനോയിലെ ഒരു കരാറുകാരന്റെ മകൾ, കലാശാലാബിരുദമില്ലാത്തവൾ, പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള ജനജീവിതത്തെക്കുറിച്ച് വിവരമില്ലാത്തവൾ, തന്റെ സ്വകാര്യതയെ കർശനമായി കാത്തുസൂക്ഷിക്കാനിഷ്ടപ്പെടുന്നവൾ, വളരെ കുറച്ചുമാത്രം സംസാരിക്കുന്നവൾ, പൊതുവേദിയിൽവെച്ച് പുഞ്ചിരിക്കാത്തവൾ - ഈ സ്വഭാവമാണ് ‘ടൂറിനിലെ ശവക്കച്ച’ എന്ന ക്രൂരമായ വിശേഷണത്തിന് അവരെ പാത്രമാക്കിയത് - ഇങ്ങനെയെല്ലാമുള്ള ഒരു സ്ത്രീ ലോകത്തിലെ ഏറ്റവും സങ്കീർണവും ശബ്ദായമാനവും അക്രമാസക്തവുമായ ജനാധിപത്യത്തിന്റെ തലപ്പത്തിരുന്ന് 94 കോടി ജനങ്ങളെ നയിക്കുകയെന്നുവച്ചാൽ? അങ്ങനെയൊരു സാധ്യത - അസംഭവ്യമെന്ന് തോന്നാമെങ്കിൽപോലും- നെഹ്റു ഗാന്ധി കുടുംബവാഴ്ചയുടെ സ്വാധീനത്തിന്റെ ലക്ഷണമാണ്’’.
ആ ദിവസങ്ങളിൽ സോണിയ ഗാന്ധിയെ പിന്തുണച്ച കോൺഗ്രസുകാരെയും തരൂർ വെറുതെവിട്ടിട്ടില്ല. തന്റെ മണ്ഡലത്തിൽ ഏത് യോഗത്തിൽ ചെന്നാലും സോണിയാമ്മ പാർട്ടിയെ നയിക്കണമെന്ന് ജനം ആവശ്യപ്പെടുന്നതായി അന്ന് മണിശങ്കരയ്യർ പറഞ്ഞിരുന്നു. അതെടുത്തുകാട്ടി തരൂർ വിലയിരുത്തുന്നു: ‘‘വെറുമൊരു നാടൻ രാഷ്ട്രീയക്കാരനല്ല അയ്യർ. കേംബ്രിഡ്ജ് ബിരുദം നേടിയ മുൻ നയതന്ത്രജ്ഞനാണ്. എതിരാളികളെ അസ്തപ്രജ്ഞരാക്കാൻ കഴിവുള്ള മൂർച്ചയേറിയ നാവിന്നുടമയാണ്, ബുദ്ധിമാനാണ്. ഇദ്ദേഹത്തെ പോലൊരാൾ വിവാഹസർട്ടിഫിക്കറ്റിന്റെ മാത്രം യോഗ്യതയുള്ള ഒരു നേതാവിന് പിന്തുണ പ്രഖ്യാപിക്കാൻ ധൈര്യപ്പെടുന്നതു കാണുമ്പോൾ വംശാധിപത്യം അടുത്തെങ്ങും അവസാനിക്കുന്ന ലക്ഷണമില്ലെന്നേ പറയാനാവൂ’’.
അടുത്ത നിരയിലേക്കും കുഴൽ നീട്ടുന്നുണ്ട് തരൂർ: ‘‘അവരുടെ മകൻ 1970ൽ ജനിച്ച രാഹുലിനും രണ്ടു വയസ്സിനിളയ കുറേക്കൂടി അധികാരമോഹമുണ്ടെന്ന് പറയപ്പെടുന്ന, ഇന്ദിര ഗാന്ധിയുടെ തനിസ്വരൂപമെന്ന് ആരാധകരാൽ വാഴ്ത്തപ്പെടുന്ന പ്രിയങ്കക്കും പാർലമെന്റംഗങ്ങളാകാനുള്ള പ്രായമായിവരുന്നു. അവരിൽ ഒരാൾക്കുവേണ്ടി പിതാവിന്റെ സീറ്റ് സജ്ജമാക്കിവെക്കണമെന്ന് നിരീക്ഷകർ നിർദേശിക്കുന്നുണ്ട്". -ഇങ്ങനെയൊക്കെയാണ് എഴുത്തുകാരനായ ശശി തരൂർ നെഹ്റുകുടുംബത്തെ 1998ൽ വിലയിരുത്തിയിട്ടുള്ളത്.
ആ പുസ്തകത്തിന്റെ പതിപ്പുകൾ പിന്നെയും പിന്നെയും ഇറങ്ങിയിട്ടുണ്ട്. ഈ വിലയിരുത്തലുകൾ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്തതായി അറിവില്ല. 2011ലെ പതിപ്പിൽനിന്നാണ് ഇപ്പറഞ്ഞതൊക്കെ. 2009ലാണ് ശശി തരൂർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ ആദ്യമായി തിരുവനന്തപുരത്ത് വരുന്നത്. കുടുംബാധിപത്യത്തിന്റെ അന്ത്യം കാണാത്തതുകൊണ്ടും പാർലമെന്റിലെത്താൻ കോൺഗ്രസാണ് എളുപ്പവഴി എന്നറിയാൻ ബുദ്ധിയുള്ളതുകൊണ്ടും തരൂർ അതുവഴി കയറി. അതദ്ദേഹത്തിന്റെ മിടുക്ക്.
പ്രശ്നമതല്ല. 2009ൽ ഇറങ്ങിയ ഈ പുസ്തകം 2011നു മുമ്പ് കോൺഗ്രസുകാർ വായിച്ചിരുന്നില്ലേ? പത്തു പതിപ്പ് വന്നിട്ടും വായിച്ചില്ലേ? പുസ്തകാവലോകനം എഴുതാറുള്ള രമേശ് ചെന്നിത്തലക്കും ലിറ്ററേച്ചൽ ഫെസ്റ്റിവൽ വേദികളിൽ പ്രസംഗിക്കുന്ന വി.ഡി. സതീശനുമൊന്നും അറിയില്ലായിരുന്നോ ആ ശശി തരൂർ തന്നെയാണ് ഈ ശശി തരൂർ എന്ന്?
ടിക്കറ്റ് മുറിച്ചുകൊടുക്കുന്ന കോൺഗ്രസുകാർ വേറെയാണല്ലോ. 2011ൽ അഹമ്മദ് പട്ടേലും ഗുലാംനബി ആസാദുമൊക്കെയാണ് ആ പണി ചെയ്തിരുന്നത്. കണ്ടക്ടർമാരുടെ സ്വഭാവമാണ് ആ പണിയെടുക്കുന്നവർക്ക്. കാശു വാങ്ങുക, ടിക്കറ്റ് മുറിച്ചുകൊടുക്കുക. മറ്റൊന്നും നോക്കില്ല. അങ്ങനെയാവാം ശശി തരൂർ കോൺഗ്രസിൽ കടന്നുകൂടിയത്.
അഖിലേന്ത്യാ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ തോൽപിച്ചതു മാത്രമാണ് ഈ 14 വർഷത്തിനിടെ കോൺഗ്രസുകാർ ചെയ്ത ബുദ്ധിപരമായ ഏകകാര്യം. ഇനിയെന്തു ചെയ്യണമെന്ന് കോൺഗ്രസുകാർതന്നെ തീരുമാനിക്കട്ടെ. ഭാവിയിലെങ്കിലും ടിക്കറ്റ് മുറിച്ചുകൊടുക്കുന്നിടത്ത് പുസ്തകം വായിക്കുന്ന, വായിച്ചത് മനസ്സിലാക്കാൻ കഴിവുള്ളവരെ നിർത്തിയാൽ നന്ന്.