ആനക്കമ്മിറ്റിയുടെ വരവ്!
text_fieldsആനക്കും കെ.പി.സി.സിക്കും അതിന്റെ വലുപ്പം അറിയില്ല. ഒരു പ്രസിഡന്റിന് രണ്ട് വർക്കിങ് പ്രസിഡന്റ്. ഒരു വർക്കിങ് പ്രസിഡന്റിന് ആറര വൈസ് പ്രസിഡന്റുമാർ... ഈ തോതിൽ നേതാക്കളെ അണിനിരത്താൻ കോൺഗ്രസിനല്ലാതെ മറ്റാർക്ക് കഴിയും കേരളത്തിൽ? 58 ജനറൽ സെക്രട്ടറിമാരുണ്ട്. ഒരു ജനറലിന്റെ കീഴിൽ രണ്ട് കേണൽ എന്ന നിരക്കിൽ സാദാ സെക്രട്ടറിമാർ ഇനി വരാനുമുണ്ട്. 116 സെക്രട്ടറിമാർ വരും. എങ്ങനെ ഹരിച്ചെടുത്താലും ഒരു നിയമസഭാമണ്ഡലത്തിൽ ഒന്നേകാൽ കെ.പി.സി.സി ഭാരവാഹികളുണ്ടാകും. ഓരോ ഭാരവാഹിക്കും ഹോംമണ്ഡലം വിജയിപ്പിച്ചെടുക്കണം എന്ന ടാർഗറ്റ് കൊടുത്താൽ നൂറിലേറെ സീറ്റോടെ ഭരണത്തിലേക്ക് എന്ന പ്രതിപക്ഷനേതാവിന്റെ സ്വപ്നം പുഷ്പംപോലെ യാഥാർഥ്യമാക്കാം. ഇനിയുമൊരു തുടർഭരണമെന്ന പിണറായിക്കിനാവ് ചുരുട്ടിക്കെട്ടി പരണത്തുവെക്കേണ്ടിവരും.
കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരൻ വന്നപ്പോൾ ആകപ്പാടെയൊരു ആനച്ചന്തം ഉണ്ടായിരുന്നുവെന്നും സണ്ണി ജോസഫിനെ എഴുന്നള്ളിക്കുമ്പോൾ അത് ഇല്ലെന്നും പറഞ്ഞ് കെറുവിച്ചവർക്ക് ഇപ്പോൾ വ്യത്യാസം മനസ്സിലായല്ലോ. അന്ന് ജംബോകമ്മിറ്റി വേണ്ടെന്നുപറഞ്ഞ് എത്ര കാലമാണ് സുധാകരൻ പാഴാക്കിക്കളഞ്ഞത്? ഇപ്പോൾ അങ്ങനെവല്ല കോലാഹലവുമുണ്ടോ? എല്ലാ പുനഃസംഘടനയിലും ഉണ്ടാവുന്നതുപോലെ അല്ലറചില്ലറ അതൃപ്തിയുണ്ടാവാം. അത് ഗ്രൂപ്പടിസ്ഥാനത്തിൽ പരിഗണിക്കാനൊന്നും ഇല്ലതാനും. പ്രബലമായിരുന്ന രണ്ടു ഗ്രൂപ്പുകൾക്കും പരാതിയില്ല. എ ഗ്രൂപ്പിനുമില്ല, ഐ ഗ്രൂപ്പിനുമില്ല. അങ്ങനെ രണ്ട് ഗ്രൂപ്പുകൾതന്നെയില്ല. ഗ്രൂപ്പുപരിശീലന കേന്ദ്രങ്ങളായിരുന്ന അതുരണ്ടും പഴയ പാരലൽ കോളജ് പ്രസ്ഥാനംപോലെ എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമായി.
അവസാനശ്വാസംവരെയും എ ഗ്രൂപ്പിന്റെ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് ചില പരിഭവങ്ങളുമുണ്ട്. അതുപക്ഷേ, എ ഗ്രൂപ്പിന്റെ പരാതിയായി കൂട്ടാൻ പറ്റുമോ? അങ്ങനെ പരിഗണിക്കണമെങ്കിൽ ആ പരാതി എ ഗ്രൂപ് ഉന്നയിക്കണമല്ലോ. അതുണ്ടായിട്ടില്ല. കെ. മുരളീധരൻ, കെ. സുധാകരൻ എന്നീ രണ്ട് മുൻ കെ.പി.സി.സി പ്രസിഡന്റുമാർക്കാണ് പിന്നെ പരാതിയുള്ളത്. രണ്ടും സമാന പരാതികളാണ്. അവരുടെ ആശ്രിതരെ ആനപ്പട്ടികയിൽപോലും കയറ്റാൻ പറ്റിയില്ല എന്നതാണത്. 116 സെക്രട്ടറിമാരുടെ പട്ടിക വരാനുള്ളതിനാൽ പാത്തുംപതുങ്ങിയും നിന്ന് അതിലെങ്കിലും കയറ്റിവിടാൻ ശ്രമിക്കുന്നതാവും രണ്ടുപേർക്കും നല്ലത്. വല്ലാതെ പരാതിപ്പെട്ടാൽ നേതാവിന്റെ കഴിവുകേടായാണ് സ്വന്തം അണികൾപോലും മനസ്സിലാക്കുക. അല്ലെങ്കിലും, ഈ രണ്ടുപേരും ഗ്രൂപ്പില്ലാത്തവരാണ് എന്ന് പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പില്ലാത്ത ഗ്രൂപ്പുനേതാക്കൾക്ക് ക്വോട്ടയുണ്ടാവില്ലല്ലോ.
ഇവർ രണ്ടുപേരും കെ.പി.സി.സി പ്രസിഡന്റായി വന്നപ്പോഴുണ്ടായ ആഘോഷം ഓർക്കുന്നില്ലേ. കോൺഗ്രസുകാരല്ലാത്തവർക്കുപോലും ആവേശമുണ്ടായിരുന്നു. എന്തോ ചെയ്യാൻപോകുന്നു എന്നൊരു തോന്നലുണ്ടായിരുന്നു. ശരിയാണ്, കെ. മുരളീധരൻ കെ.പി.സി.സി ഓഫിസിന് ഓഡിറ്റോറിയമുണ്ടാക്കി. കെ. സുധാകരൻ സെമി കേഡർ എന്നൊരു വാക്കുണ്ടാക്കി. അവസാനം എന്തുണ്ടായി? രണ്ടുപേരുടേയും ബാലൻസ്ഷീറ്റിൽ എന്തുണ്ട്? കെ. മുരളീധരൻ കോൺഗ്രസിന് പുറത്തുപോയി കളിച്ചുനോക്കി. തിരിച്ചുകയറാനായത് ഭാഗ്യം. കെ. സുധാകരന് പോകാതെ പിടിച്ചുനിൽക്കാനായതും ഭാഗ്യം.
ഇനി ഏറെ കളിക്കാതിരിക്കുകയാണ് നല്ലത്. മുൻ കെ.പി.സി.സി പ്രസിഡന്റുമാരുടെ ഗോത്രം വലുതാവുകയാണ്. ഗ്രൂപ്പിന്റെയും ആദർശത്തിന്റെയും കണക്കുനോക്കിയാൽ എണ്ണംപറഞ്ഞ കെ.പി.സി.സി പ്രസിഡന്റുമാരായിരുന്നല്ലോ വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും. അവരെ കണ്ടുപഠിക്കണം. മുതിർന്ന പൗരന്മാർക്കുള്ള സംവരണത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പുറത്തെ കാഴ്ചകൾ ആസ്വദിച്ച് സൈഡ്സീറ്റിലങ്ങ് ഇരുന്നോളുക. വലിയ കോലാഹലത്തിനൊന്നും നിൽക്കേണ്ട. പിന്നെ ആശ്രിതന്മാരുടെ കാര്യം. കെ. സുധാകരന്റെ ശിഷ്യൻ റിജിൽ മാക്കുറ്റിയാണെങ്കിലും കെ. മുരളീധരന്റെ ശിഷ്യൻ കെ.എം. ഹാരിസാണെങ്കിലും പ്രായം തെറ്റിയിട്ടൊന്നുമില്ലല്ലോ. തലസ്ഥാനത്തെ പ്രമുഖ നേതാക്കളായ പാലോട് രവിയും ശരത്ചന്ദ്ര പ്രസാദും അതീശി ആയപ്പോഴാണ് കെ.പി.സി.സി ഭാരവാഹികളായതെന്ന് ആ ചെറുപ്പക്കാരോട് പറഞ്ഞുകൊടുക്കുക. കുറേക്കാലമൊക്കെ ഹെയർഡൈകൊണ്ടും പിടിച്ചുനിൽക്കാം. അതൊന്നും രാഷ്ട്രീക്കാരെ പഠിപ്പിച്ചിട്ടുവേണ്ടല്ലോ. ഏതായാലും ആശ്രിതവാത്സല്യം അതിരുകടക്കേണ്ട. ആ ശീലം അവസാനകാലത്ത് കെ. കരുണാകരനുപോലും കഷ്ടകാലംവരുത്തിയിട്ടുണ്ട് എന്ന് മുരളിയേട്ടൻ ഓർക്കണം.
പിന്നെ വ്യക്തിപരമായ ചില ദുഃഖങ്ങളാണ്. ചില മോഹഭംഗങ്ങൾ. അത് രാഷ്ട്രീയത്തിലുള്ളതാണ്. അതെങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാൻ അഡ്വ. അനിൽ ബോസിന്റെ ‘‘ഒരു ചേട്ടൻ അനുജത്തിക്ക് എഴുതിയ കത്ത്’’ വായിച്ചാൽ മതി. ജവഹർലാൽ നെഹ്റു രചിച്ച ‘‘അച്ഛൻ മകൾക്കെഴുതിയ കത്തുകൾ’’ എന്ന ക്ലാസിക്കൽ രാഷ്ട്രീയ പാഠപുസ്തകത്തേക്കാൾ ഇപ്പോൾ കോൺഗ്രസുകാർക്ക് ഗുണംചെയ്യുക അനിൽ ബോസ് ഷമാ മുഹമ്മദിന് എഴുതിയ പോസ്റ്റാണ്. ക്ഷമ ആട്ടിൻസൂപ്പിന്റെ ഗുണം ചെയ്യും എന്നു കേട്ടിട്ടില്ലേ, അതുതന്നെയാണ് അനിൽ ബോസ് ഷമയെ ഓർമിപ്പിക്കുന്നത്. ക്ഷമിക്കുക, ഇപ്പോഴുള്ള പദവിയിൽ ആശ്വാസം കണ്ടെത്തുക.
ഷമ കോൺഗ്രസ് വക്താക്കളുടെ നിരയിലുണ്ടല്ലോ. അതിൽ ആഹ്ലാദിക്കുക. ജംബോ പട്ടിക പുറത്തുവന്നപ്പോൾ തന്റെ പേരുകാണാത്തതിൽ പരിഭ്രാന്തരായി പ്രവർത്തകർ നിർത്താതെ വിളിച്ചെന്നും എന്നിട്ടും പരാതിയും പരിഭവവുമില്ലാതെ പിടിച്ചുനിൽക്കാൻ തനിക്ക് കഴിയുന്നുണ്ടെന്നും അനിൽ ബോസ് ഷമയോട് പറയുന്നുണ്ട്. ഷമയോടാണോ അതോ അനിൽ ബോസ് ക്ഷമയോടെ തന്നോടുതന്നെ പറയുകയാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നും ഫേസ്ബുക്കിലെ ആത്മോപദേശം വായിച്ചുപോകുമ്പോൾ. ചിലരൊക്കെ ഖദറുടുക്കില്ല എന്നു പറഞ്ഞെങ്കിലും കോൺഗ്രസിൽ ഗാന്ധിയന്മാരുടെ വംശം കുറ്റിയറ്റുപോയിട്ടില്ല. അനിൽബോസ് എന്ന കുറ്റിച്ചെടിയെങ്കിലും ബാക്കിയുണ്ട്. അതിന് വെള്ളവും വളവും ഉറപ്പാക്കിയാൽമതി.
പ്രവർത്തകർക്കും ഗ്രൂപ്പുകൾക്കുമുള്ള പരാതി എങ്ങനെയും കൈകാര്യംചെയ്യാം. അവഗണിക്കുകയുമാവാം. എന്നാൽ, ജാതികൾക്കും ഉപജാതികൾക്കുമുണ്ടാകുന്ന പരാതികൾ അങ്ങനെ പോരാ. ഗൗരവത്തിലെടുക്കണം. അല്ലെങ്കിൽ അപകടംപറ്റും. മറ്റു രാഷ്ട്രീയ പാർട്ടികളുടേതുപോലെ ജാതിയാണ് കോൺഗ്രസിന്റെയും അടിത്തറ. അതു മറക്കരുത്. നായർ നേതാവായ മന്നത്തു പത്മനാഭനും ഈഴവ നേതാവായ ആർ. ശങ്കറും ചേർന്ന് ഹിന്ദുമണ്ഡലമുണ്ടാക്കുകയും രണ്ടുപേരും കിട്ടാവുന്നിടത്തോളം അണികളുമായി കോൺഗ്രസ് വിട്ട് ഹിന്ദുമഹാമണ്ഡലത്തിന്റെ ഇറയത്ത് ഡെമോക്രാറ്റിക് കോൺഗ്രസ് ഉണ്ടാക്കുകയും ചെയ്തിരുന്നു. കഷ്ടിച്ച് ഒരു ഉപതെരഞ്ഞടുപ്പുകാലത്തേ അത് കൊണ്ടുനടക്കാനുള്ള മൂലധനം ഇറക്കേണ്ടിവന്നുള്ളൂ. അടുത്ത പൊതുതെരഞ്ഞെടുപ്പായപ്പോഴേക്ക് ഹൈകമാൻഡ് നേരിട്ടുവന്ന് സമവായമുണ്ടാക്കി രണ്ടാളെയും തിരിച്ചെടുത്താദരിച്ച അധ്യായമുണ്ട് കേരളത്തിൽ. ജാതിശക്തി അവർ തെളിയിച്ചു. അതുതന്നെ കാരണം.
അതൊക്കെ ഐക്യകേരളം വരുംമുമ്പല്ലേ എന്ന് ആശ്വസിക്കാനാവില്ല. അതിനുശേഷവും അങ്ങനെത്തന്നെയായിരന്നു. 1957 ജൂൺ 27ന് പുനഃസംഘടിപ്പിച്ച കെ.പി.സി.സി നോക്കൂ. പ്രസിഡന്റായി കെ.എ. ദാമോദര ‘മേനോൻ’. എ.പി. ഉദയഭാനുവും ജോസഫ് മാത്തനും ജനറൽ സെക്രട്ടറിമാർ (ഈഴവനും കത്തോലിക്കനും). കെ.സി.എം ‘മേത്തർ’ ഖജാഞ്ചി. കൃത്യമാണേ. 1964ൽ മന്നത്തു പത്മനാഭൻ കത്തോലിക്കരോടൊപ്പം നായന്മാരേയും അണിനിരത്തി കേരള കോൺഗ്രസ് ഉണ്ടാക്കിയതും ആവേശംകെട്ടപ്പോൾ നായൻമാരോട് കോൺഗ്രസിലേക്ക് തിരിച്ചുപോകാൻ ആഹ്വാനം ചെയ്തതും ഓർക്കണം. ആർ. ബാലകൃഷ്ണപിള്ളയെയും കെ. നാരായണ കുറുപ്പിനെയും പോലെ ഒന്നുരണ്ടു നായന്മാർ മാത്രമാണ് അതനുസരിക്കാതെ കേരള കോൺഗ്രസിൽ തങ്ങിയുള്ളൂ. അവരുടെ മക്കൾ അവിടെത്തന്നെയാണ്.
ഇപ്പോഴും അങ്ങനെയൊക്കെയാണല്ലോ. ശാസ്ത്രീയ ജനാധിപത്യം പരീക്ഷിക്കാനായി തിരിച്ചറിയൽ കാർഡും അംഗത്വശീട്ടും മാനദണ്ഡമാക്കി രാഷ്ട്രീയ പണ്ഡിറ്റുകളുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പു നടത്തിയതാണല്ലോ യൂത്ത് കോൺഗ്രസിൽ. എന്നിട്ടോ, ആദ്യമൊരു നായർ യുവാവ് പ്രസിഡന്റായി. അത് വ്യാജവിജയമായിരുന്നുവെന്ന് ചലർ വാദിക്കുകയും ആ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. അതിനുമുമ്പേ ആ പ്രസിഡന്റിന് ഒഴിയേണ്ടിവന്നപ്പോൾ തെരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തെത്തിയ ആളല്ലല്ലോ പ്രസിഡന്റായത്. ജാതിസംവരണപ്രകാരം ഒരു ഈഴവ യുവാവിനെ പ്രസിഡന്റാക്കേണ്ടിവന്നല്ലോ. അപ്പോൾ, ജാതി സത്യമാണ്. സത്യത്തെ അവഗണിക്കരുത്. വേണമെങ്കിൽ ഗ്രൂപ്പുകൾ ജാതിയടിസ്ഥാനത്തിൽ സംഘടിപ്പിക്കാം. ഏതായാലും ജാതി വേണം, ഗ്രൂപ്പും വേണം. അതങ്ങ് സമന്വയിപ്പിച്ചാൽ മതിയല്ലോ.
പിന്നെ മൂന്ന് കാര്യങ്ങൾകൂടി നേതാക്കൾ ശ്രദ്ധിച്ചാൽ നന്ന്. (ഒന്ന്) 1950-60 കാലത്തുണ്ടായിരുന്ന കെ.പി.സി.സി ബുള്ളറ്റിൻ പുനരാരംഭിക്കണം. എന്തെന്നാൽ, ഇടക്കിടെ ജംബോ കമ്മിറ്റികൾ പ്രഖ്യാപിക്കുമ്പോൾ എല്ലാവരുടേയും പേര് അച്ചടിക്കാൻ പത്രങ്ങൾക്ക് പ്രയാസമാണ്. അവ എഡിഷൻ ക്രമത്തിൽ ഭാഗികമായി പ്രസിദ്ധീകരിക്കും. പട്ടിക മൊത്തത്തിൽ പ്രസിദ്ധീകരിക്കാൻ കെ.പി.സി.സി ബുള്ളറ്റിനു മാത്രമേ പറ്റൂ. (രണ്ട്) 1999ൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അച്ചടക്കസമിതി പോലെ ഒരു സദാചാര സമിതി ഉണ്ടാക്കണം. അതിന്റെ സൂക്ഷ്മപരിശോധനക്ക് ശേഷം ഭാരവാഹിപ്പട്ടികയുണ്ടാക്കുന്നതാണ് നല്ലത്. യൂത്ത് കോൺഗ്രസ് കമ്മിറ്റിക്കുണ്ടായ അനുഭവം കെ.പി.സി.സിക്ക് ഉണ്ടാകരുതല്ലോ. (മൂന്ന്) 116 സെക്രട്ടറിമാരുടെ പട്ടികയുണ്ടാക്കുമ്പോൾ 1160 പേരെങ്കിലും നിരാശരാകുമല്ലോ. അത്രയും തദ്ദേശ വാർഡുകളിൽ കോൺഗ്രസിന്റെ സാധ്യതയെ അത് ബാധിക്കും. അതിനാൽ, ആ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നു വെക്കണം.


