സഭാനാഥൻ അത്യുന്നതൻ!
text_fieldsരാവിലെ കൃത്യം ഒമ്പതിന്, സ്പീക്കറുടെ ചേംബറിൽനിന്ന് സഭാവേദിയിലെത്തി വാച്ച് ആൻഡ് വാർഡ് മാർഷൽ, ‘‘ബഹുമാനപ്പെട്ട സഭാംഗങ്ങളേ, ബഹുമാനപ്പെട്ട സഭാധ്യക്ഷൻ’’ എന്ന് വിളിച്ചറിയിക്കുന്നതോടെ നിയമസഭാതലം മറ്റൊരു വിതാനത്തിലേക്ക് ഉയരുകയാണ്. തുടർന്നങ്ങോട്ട് ‘ബഹുമാനപ്പെട്ട സഭ’യാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. പെരുമാറ്റമര്യാദയുടെ അൾത്താരയാണ്. ആചാരങ്ങൾ അതിമനോഹരമാണ്. അംഗങ്ങൾ പരസ്പരം പേരെടുത്ത് സംബോധനപോലും അരുത് എന്നാണ്. ഒരംഗത്തിന് മറ്റൊരംഗത്തെ പരാമർശിക്കണമെങ്കിൽ പേരല്ല മണ്ഡലമാണ് പറയേണ്ടത്. അതും ‘‘ബഹുമാനപ്പെട്ട’’ എന്നു ചേർത്തുവേണം. അതായത് അഡ്വ. എൻ. ഷംസുദ്ദീന്, ഡോ.കെ.ടി. ജലീലിനെ പരാമർശിക്കണം എന്നുണ്ടെങ്കിൽ ഷംസുദ്ദീൻ ’’ബഹുമാനപ്പെട്ട തവനൂർ അംഗം’’ എന്നാണ് പറയേണ്ടത്. തിരിച്ച് കെ.ടി. ജലീലും ‘‘ബഹുമാനപ്പെട്ട മണ്ണാർക്കാട് അംഗം’’ എന്ന് പറയണം. അതും പരസ്പരം മുഖത്തുനോക്കി പറയരുത് എന്നാണ്. സ്പീക്കറെ മാത്രമേ അംഗങ്ങൾ അഭിമുഖീകരിക്കാവൂ. അധ്യക്ഷനിലൂടെ വേണം അംഗങ്ങൾ സഭയോട് സംസാരിക്കാൻ. സംസാരം വ്യക്തിപരമാകാതിരിക്കാനും വികാരം വൈരമാകാതിരിക്കാനുമാണിത്. സഭയിൽ തർക്കമുണ്ടായാൽ കാമറകൾ സ്പീക്കറുടെ മുഖത്തേ നോക്കാവൂ. അവിടെത്തെളിയുന്നതാണ് സഭയുടെ വികാരങ്ങൾ. സ്പീക്കറാകട്ടെ, നിഷ്പക്ഷതയുടെ അതിലോലമായ തുഞ്ചത്താണ് നിൽക്കേണ്ടത്. വിക്രമാദിത്യകഥയിൽ വിധിപറയുന്ന നിഷ്കളങ്കനായ ബാലനെപ്പോലെ ഉയരത്തിലുള്ള ആ ഇരിപ്പിടത്തിൽ കയറിയിരുന്നാൽ എ.എൻ. ഷംസീറുപോലും അഭൗമമായ നീതിബോധത്തിൽ വിലയിച്ചുപോകും. അവിടെനിന്നിറങ്ങുന്നതുവരെ ജനാധിപത്യമര്യാദയാണ് സ്പീക്കറുടെ ജീവശ്വാസം. അൽപമെങ്കിലും പൊടികലർന്നാൽ ശ്വാസംകിട്ടാതെ പിടയും.
അങ്ങനെയൊരു പിടച്ചിലാണ് ഒക്ടോബർ എട്ടിന് ബുധനാഴ്ച സ്പീക്കർ എൻ.എം. ഷംസീർ പിടഞ്ഞത്. പ്രതിപക്ഷനേതാവിനോടായി സ്പീക്കർ പറഞ്ഞത് ഓർക്കുന്നില്ലേ: ‘‘ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനോട് പ്ലീസ്, ഒന്നുപറഞ്ഞോട്ടെ, ഇന്നലെ ഈ ഗാലറിയിൽ മുഴുവൻ കുട്ടികളായിരുന്നു! അവര് കണ്ടുപഠിക്കേണ്ടത് ഇതാണോ, ഇതാണോ പാർലമെന്ററി പ്രൊസീഡിങ്സ്? കേരളത്തിൽ നിന്നെമ്പാടും കുട്ടികൾ ഇന്നലെ ഈ ഗാലറിയിൽ വന്നിരുന്നപ്പോൾ അവര് കണ്ടത്, നിങ്ങളുടെ പ്രതിഷേധമായിരുന്നു, സ്പീക്കറുടെ മുഖം മറച്ചുകൊണ്ട്. ജനാധിപത്യത്തിന് ഭൂഷണമല്ല അത്. ഒരു നിയമസഭാ സ്പീക്കറുടെ മുഖം മറയ്ക്കുക! ഇതാണോ, കുട്ടികൾ നാളെ പഠിക്കേണ്ടത്? നിങ്ങളിൽനിന്നാണോ ജനാധിപത്യം പഠിക്കേണ്ടത്? പാർലമെന്ററി പ്രൊസീഡിങ്സ് പഠിക്കേണ്ടത്? കേരളത്തിലെ സ്കൂളുകളിൽനിന്ന് കുട്ടികൾ നിയമസഭ കാണാൻ വന്നപ്പോൾ അവര് കണ്ടത് സ്പീക്കറെ ആക്ഷേപിക്കുന്നതാണ്. സ്പീക്കറുടെ മുഖം മറയ്ക്കുന്നതാണ്. ഇതാണോ...?’’. സ്പീക്കർ പ്രതിപക്ഷനേതാവിനെ ചട്ടം പഠിപ്പിച്ച് നാഴികനേരം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തുള്ള ഒരു അംഗത്തെ ‘എട്ടുമുക്കാൽ അട്ടിവെച്ചതുപോലെ’’യുള്ള ആൾ എന്ന് ആക്ഷേപിച്ചത്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പാർട്ടിക്കാരോ പറയുന്നില്ല. അത് ആക്ഷേപമാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല എന്നേയുള്ളൂ. പ്രതിപക്ഷം ഉദ്ദേശിച്ചയാളെയല്ല താനുദ്ദേശിച്ചത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പറയാൻ ഉദ്ദേശിച്ചതുതന്നെയാണ് പറഞ്ഞത് എന്നർഥം. അല്ലെങ്കിലും പറയാനുദ്ദേശിച്ചത് കൃത്യമായി പറയുന്ന രാഷ്ട്രീയക്കാരനാണദ്ദേഹം. പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങൾ അറിയാതെ വന്നതല്ല. മുമ്പൊരിക്കൽ സഭക്കകത്ത് ഒരംഗത്തെ ’’എടോ’’എന്നുവിളിച്ചിട്ട് സുന്ദരമായി ന്യായീകരിച്ചിട്ടുണ്ട്. ‘‘എടോ’’എന്ന് വിളിക്കേണ്ടവരെ എടോ എന്നുതന്നെ വിളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എങ്കിലും സഭയുടെ പരിശുദ്ധിയോർക്കുമ്പോൾ ഇപ്പോഴത്തേതിൽ രണ്ട് പ്രശ്നങ്ങളുണ്ട്. (ഒന്ന്) ബോഡിഷെയ്മിങ് കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ നിയമനിർമാണത്തിലേക്ക് നീങ്ങുന്ന സർക്കാറാണിത്. കരട് തയാറാക്കിക്കഴിഞ്ഞു. (രണ്ട്) മുഖ്യമന്ത്രി സഭാനേതാവാണ്. അധ്യക്ഷനായ സ്പീക്കർ സഭ മുന്നോട്ടുകൊണ്ടുപോകുന്നത് സഭാനേതാവിന്റെ നിർദേശങ്ങളനുസരിച്ചാണ്. അങ്ങനെയാകുമ്പോൾ സ്പീക്കർ ആവലാതിപ്പെട്ടതിനെക്കാൾ അപ്പുറത്താണ് കാര്യങ്ങൾ. ജനാധിപത്യമര്യാദയും പാർലമെന്ററി പ്രൊസീഡിങ്സും കാത്തുസൂക്ഷിക്കേണ്ടത് പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷവും കൂടിയാണ്. പക്ഷേ, ഇപ്പോഴത്തെ സ്പീക്കർക്ക് പ്രതിപക്ഷനേതാവിനെ മാത്രമേ ഗുണദോഷിക്കാനാകൂ. മാനുഷികമായ നിസ്സഹായതകൾ എ.എൻ. ഷംസീറിനും വകവെച്ചുകൊടുക്കണമല്ലോ.
സഭ ഇപ്പോഴും പവിത്രമാണെന്ന് വിശ്വസിച്ചാലേ പ്രശ്നമുള്ളൂ. 1970ൽ പിണറായി വിജയൻ നിയമസഭയിൽ എത്തുംമുമ്പേ പവിത്രത തകർന്നിട്ടുണ്ട്. 1967ൽ അധികാരത്തിൽ വന്ന രണ്ടാം ഇ.എം.എസ് സർക്കാറിന്റെ അവസാനകാലത്താണത്. രണ്ടായിപ്പിരിഞ്ഞ ഭരണസഖ്യത്തിന്റെ ആഭ്യന്തരയുദ്ധത്തിലാണ് നിയമസഭയുടെ പരിശുദ്ധി തകർന്നത്. സി.പി.എമ്മും സി.പി.ഐയും വേറെ അഞ്ചു പാർട്ടികളുമുള്ള മുന്നണി രണ്ടാംകൊല്ലം പിളർന്നു. സി.പി.എമ്മും ബി. വെല്ലിങ്ടൺന്റെ കർഷകത്തൊഴിലാളി പാർട്ടി (കെ.ടി.പി)യും മത്തായി മാഞ്ഞൂരാന്റെ കേരള സോഷ്യലിസ്റ്റ് പാർട്ടി(കെ.എസ്.പി)യുമാണ് മുഖ്യ ഭരണകക്ഷി. സി.പി.ഐയും ആർ.എസ്.പിയുമുള്ള കുറുമുന്നണി ഭരണത്തിലെ പ്രതിപക്ഷമാണ്. കെ. കരുണാകരന്റെ നേതൃത്വത്തിൽ പ്രതിപക്ഷം വേറെയുണ്ട്. അടിമൂത്തപ്പോൾ സി.പിഎമ്മിന്റെ കൈയാളായ ആരോഗ്യമന്ത്രി വെല്ലിങ്ടണ് എതിരെ സി.പി.ഐ ആരോപണം ഉന്നയിച്ചു. ആ തക്കത്തിന് ‘‘അഴിമതിയാരോപണങ്ങൾ അന്വേഷിക്കാനായി ഇടക്കാല സംവിധാനമുണ്ടാക്കാൻ സഭ തീരുമാനിക്കുന്നു’’ എന്നൊരു പ്രമേയം പ്രതിപക്ഷത്തെ എൻ.ഐ. ദേവസ്സിക്കുട്ടി കൊണ്ടുവന്നു, സ്പീക്കർ അനുവദിച്ചു. 1969 ആഗസ്റ്റ് 22നാണത്. അവതരിപ്പിക്കുംമുമ്പ് മന്ത്രി മത്തായി മാഞ്ഞൂരാൻ ചാടിയെഴുന്നേറ്റ് തടസ്സവാദം ഉന്നയിച്ചു. അത് തടയാൻ മറുപക്ഷം എഴുന്നേറ്റപ്പോൾ ബഹളമായി. സഭാനേതാവിന്റെ ചുമതലയുള്ള ഗൗരിയമ്മ പ്രമേയം അവതരിപ്പിക്കാൻ സമ്മതിക്കരുതെന്ന് സ്പീക്കറോട് നിർദേശിച്ചു. പ്രമേയം ചർച്ചക്കെടുക്കണമോ വേണ്ടയോ എന്ന് സഭ തീരുമാനിക്കട്ടെ എന്നായി സ്പീക്കർ. ‘സ്പീക്കർ അവിടെയിരിക്കേണ്ട’ എന്ന് സി.പി.എമ്മുകാർ വിളിച്ചുപറഞ്ഞു. സഭ അലങ്കോലമായി. തളർന്നുപോയ സ്പീക്കർ ഡി. ദാമോദരൻപോറ്റി അന്ന് പറഞ്ഞത് രേഖയിലുണ്ട്: ‘എനിക്ക് വളരെയധികം ഖേദമുണ്ട്, ഇങ്ങനെയൊരു സീൻ ഉണ്ടായതിൽ.... വിസിറ്റേഴ്സ് ഗാലറിയിൽ വളരെയധികം ആളുകളുണ്ട്. ഈ രീതിയിലുള്ള സീനൊക്കെ ഉണ്ടായ സന്ദർഭത്തിൽ ഈ കസേരയിൽ ഇരിക്കേണ്ടിവന്ന ദൗർഭാഗ്യത്തെക്കുറിച്ച് ഞാൻ ഈയവസരത്തിൽ ആലോചിച്ചുപോവുകയാണ്. എനിക്ക് വളരെയധികം സങ്കടവും വിഷമവുമുണ്ട്. എന്റെ വിവരവും ബുദ്ധിയും ഭാവനയും കോമൺസെൻസും എല്ലാം ഉപയോഗിച്ചാണ് ഞാൻ തീരുമാനങ്ങൾ എടുക്കുന്നത്. ഞാൻ വല്ല അപകടകാരിയുമാണെന്ന് തോന്നുകയും ഇങ്ങനെയുള്ള സീൻ തുടർന്നുകൊണ്ടുപോകാൻ ഉദ്ദേശിക്കുകയുമാണെങ്കിൽ എന്നെയങ്ങു മാറ്റിയേക്കൂ’’.
അങ്കം തീർന്നില്ല. ആരോഗ്യമന്ത്രിക്കെതിരായ അന്വേഷണത്തിന് ജഡ്ജിയെ നിയമിക്കണമെന്ന് ഒക്ടോബർ ഏഴിന് സി.പി.ഐയിലെ ഇ. ചന്ദ്രശേഖരൻ നായർ പ്രമേയം കൊണ്ടുവന്നു. സി.പി.എം പ്രവർത്തകർ ഗാലറിവഴി തള്ളിക്കയറുമെന്ന് കണ്ട് സ്പീക്കർ സന്ദർശകരെ വിലക്കി. പ്രമേയം വോട്ടിനിടുന്നത് തടയാൻ സി.പി.എം അംഗങ്ങൾ രംഗത്തിറങ്ങി. കോലാഹലത്തിനിടയിൽ സ്പീക്കർ അധ്യക്ഷവേദി വിട്ടു. പ്രമേയം പാസായോ ഇല്ലയോ എന്ന് വ്യക്തമായില്ല. പാസായെന്ന് സ്പീക്കർ പിന്നീട് നിയമസഭാ സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. സി.പി.എം സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊടുത്തു. ഒക്ടോബർ ഏഴിന് ഡപ്യൂട്ടി സ്പീക്കർ എം.പി.എം. ജാഫർഖാൻ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. ‘‘സംസ്കാരരഹിതമായ പെരുമാറ്റവും സഭ്യമല്ലാത്ത പദപ്രയോഗങ്ങളുംകൊണ്ട് അനുദിനം വഷളായിക്കൊണ്ടിരുന്ന സഭാ നടപടി സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരാൻ’’ ആയിരുന്നു ആ യോഗം!. അതിൽ മന്ത്രി മത്തായി മാഞ്ഞൂരാൻ പ്രതിപക്ഷത്തെ കെ.എം. ജോർജിനെ ഭീഷണിപ്പെടുത്തി. പ്രതിപക്ഷ എം.എൽ.എമാർക്ക് തോക്കും ലൈസൻസും വേണമെന്നുവരെ ആവശ്യമുയർന്നു. മുഖ്യമന്ത്രി ഇ.എം.എസ് വിദേശത്തുനിന്ന് മടങ്ങിയെത്തി നിർദേശിച്ചപ്പോൾ മാഞ്ഞൂരാൻ മാപ്പുപറഞ്ഞു. സ്പീക്കർക്കെതിരായ അവിശ്വാസവും സി.പി.എം പിൻവലിച്ചു. സി.പി.ഐ നേതാക്കളായ മന്ത്രിമാർക്ക് എതിരെക്കൂടി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഇ.എം.എസ് ഭരണം അവസാനിപ്പിച്ചല്ലോ. പക്ഷേ, നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. 1969 നവംബർ ഒന്നിന് അച്യുമേനോൻ മുഖ്യമന്ത്രിയായി. അതിനുശേഷം 1970 ജനുവരി ഒമ്പതിനാണ് സഭ സമ്മേളിച്ചത്. ഗവർണർ വി. വിശ്വനാഥൻ ഐ.സി.എസ് നയപ്രഖ്യാപനത്തിനായി എഴുന്നേറ്റപ്പോൾ ‘‘പലതരം ശബ്ദങ്ങൾ... പൂച്ചകരച്ചിൽ, ഓരിയിടൽ, കൂവൽ, ഒക്കെയുണ്ടായി. ഗവർണർക്കെതിരെ അസഭ്യവർഷവും’’. പിന്നീട് സി.പി.എമ്മിന് സമരകാലമാണ്. അതിനിടെ സി.പി.എം പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തതിനെക്കുറിച്ച് ഗൗരിയമ്മ അടിയന്തരപ്രമേയം കൊണ്ടുവന്നു. 1970 ജനുവരി 20നാണത്. ലാത്തിച്ചാർജ് നടന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി സി.എച്ച്. മുഹമ്മദുകോയ. ബഹളമായി. സഭക്ക് പുറത്ത് സി.ആർ.പിയെ വിന്യസിച്ചിരിക്കുന്നു എന്നു പറഞ്ഞ് സി.പി.എം ബഹളത്തിന്റെ ഗതിമാറ്റി. ഇ.കെ. ഇമ്പിച്ചിബാവ, സി.ബി.സി. വാര്യർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സി.പി.എമ്മുകാർ സ്പീക്കറുടെ വേദിക്കടുത്ത്. നൊടിയിടയിൽ ടി.എം. മീതിയൻ എന്ന സി.പി.എം അംഗം സ്പീക്കറുടെ മൈക്ക് പിടിച്ചെടുത്ത് മുദ്രാവാക്യം മുഴക്കി. ബാക്കിയുള്ളവരും വേദിയിലെത്തി. മേശപ്പുറത്തിരുന്ന കടലാസുകൾ പട്ടംപറത്തി. പേപ്പർ വെയിറ്റും ടൈംപീസുമെല്ലാം വലിച്ചെറിഞ്ഞു. സ്പീക്കറെ രക്ഷിക്കാൻ ശ്രമിച്ച പ്രൈവറ്റ് സെക്രട്ടറിയെയും സാർജന്റിനെയും ഗാലറിയിൽനിന്ന് ഓടിയെത്തിയ പൊലീസ് ഇൻസ്പെക്ടറെയുമെല്ലാം മർദിച്ചു. ‘‘അങ്ങനെയൊരു സംഭവം ചരിത്രത്തിൽ ആദ്യമായിരുന്നു’’ എന്നാണ് അന്നത്തെ സഭാ സെക്രട്ടറി ആർ. പ്രസന്നൻ രേഖപ്പെടുത്തിയിട്ടുള്ളത്.
ചരിത്രം ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും ആവർത്തിക്കുമെന്നാണല്ലോ. ദുരന്തമായി ആവർത്തിച്ചതാണ് 2015 മാർച്ച് 15ന് കണ്ടത്. കെ.എം. മാണിയുടെ ബജറ്റ് തടഞ്ഞ ദിവസം. ആ ചരിത്രപോരാളികൾ പലരും മന്ത്രിമാരാണിന്ന്. ഇതിനിടെ പ്രഹസനമായി എത്ര ആവർത്തിച്ചു. എന്നിട്ടും ഈ സഭ പരിശുദ്ധമാണെന്ന് പറയുന്നത് സി.പി.എം ഇന്ത്യൻ വിപ്ലവത്തിനുവേണ്ടി നിലകൊള്ളുമെന്ന് പറയുന്നതുപോലെ നിത്യസത്യമാണ്.


