സർവേ മുഖ്യമന്ത്രിയും 35 എം.എൽ.എമാരും
text_fieldsഅമിത്ഷാജി വരുന്നതും മാരാർജിഭവൻ തുറക്കുന്നതും കാത്തിരിക്കുകയായിരുന്നു ഇന്നലെവരെ. സംഗതി കഴിഞ്ഞപ്പോൾ അതിന്റെ ഹരംപോയി. ആശയക്കുഴപ്പവുമായി. തറക്കല്ലിട്ടപ്പോൾ കാണിച്ചുതന്ന പ്ലാൻ അനുസരിച്ചല്ല കെട്ടിടം പൊന്തിയത്! 2017ൽ തറക്കല്ലിട്ടപ്പോഴും 2024 ഫെബ്രുവരി 12ന് പാലുകാച്ചിയപ്പോഴും നേതാക്കൾ പറഞ്ഞിരുന്നത് സംസ്ഥാന പ്രസിഡന്റിന്റെ മുറിയോട് ചേർന്നുതന്നെ (ഭാവി) മുഖ്യമന്ത്രിക്ക് മുറിയുണ്ടായിരിക്കുമെന്നാണ്. സംസ്ഥാന പ്രസിഡന്റിനും മുഖ്യമന്ത്രിക്കും ഒരുമിച്ചുനിന്ന് പ്രജകളെ നോക്കി കൈവീശി ആനന്ദിക്കാനായി രണ്ടു മുറികൾക്കുമിടയിൽ ഒരു മട്ടുപ്പാവും ഉണ്ടായിരിക്കുമെന്നും പറഞ്ഞിരുന്നു. തുറന്നുകാണിച്ചപ്പോൾ മട്ടുപ്പാവുണ്ട്. പക്ഷേ, ഭാവിമുഖ്യമന്ത്രിക്ക് മുറിയില്ല! വാസ്തുപുരുഷൻ ചതിച്ചതാണോ, എന്തോ!
അതോ, സമീപഭാവിയിലൊന്നും ഭരണംകിട്ടില്ല എന്നായിരിക്കുമോ? അങ്ങനെയാവാൻ വഴിയില്ല. 2026ൽ കേരളം എൻ.ഡി.എ ഭരിക്കുമെന്ന് അമിത് ഷാജി ഇന്നലെകൂടി പറഞ്ഞതാണല്ലോ. അങ്ങേര് പറഞ്ഞാൽ അച്ചട്ടാ. തെരഞ്ഞെടുപ്പിൽ തോറ്റിട്ടും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പുതുച്ചേരിയിലും വരെ ഭരണത്താമര വിരിയിച്ചത് നമ്മൾ കണ്ടതുമാണ്. പക്ഷേ, കേരളത്തിലെ ബി.ജെ.പി നേതാക്കൾക്ക് അത്ര വിശ്വാസം പോരാ. മാരാർജിഭവൻ ഉദ്ഘാടന പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞത് ‘‘നൂതൻ കാര്യാലയ് കേരൾമേ എൻ.ഡി.എ സർക്കാർ ബനാനേ കി ശുരുവാത് സ്ഥാപിത് ഹോഗ’’ എന്നാണ്. പുതിയ ഓഫിസ് കേരളത്തിൽ എൻ.ഡി.എ സർക്കാർ ഉണ്ടാക്കുന്നതിന്റെ തുടക്കമാണ് എന്ന്. പക്ഷേ, പ്രസംഗം മലയാളത്തിലാക്കിയ കാര്യകർത്ത ആ മൊഴിതന്നെ മാറ്റിക്കളഞ്ഞു: ‘‘കേരളത്തിൽനിന്ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും പ്രതിനിധികളെ അയക്കാനുള്ള അവസരമാണ് കൈവന്നിട്ടുള്ളത്’’ എന്നാക്കി. 2026ൽ കേരളം ബി.ജെ.പി-എൻ.ഡി.എ സർക്കാർ ഭരിക്കുമെന്ന് അമിത് ഷാജി രണ്ടുവട്ടം പറഞ്ഞപ്പോഴും തർജമക്കാരൻ സംയമനം പാലിച്ച് ഒരുവട്ടമേ പറഞ്ഞുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുപത്തൊന്നായിരം വാർഡുകളിൽ മത്സരിച്ച് 25 ശതമാനം വോട്ട് നേടുമെന്ന് ഷാ ഹിന്ദിയിൽ പറഞ്ഞത് തർജമക്കാരൻ അങ്ങനെത്തന്നെ മലയാളത്തിലാക്കി. കേരളം ഭരിക്കുന്ന കാര്യത്തിലാണ് വശപ്പിശക്.
ഇനിയിപ്പം, ഭരണത്തിൽ വരുമ്പോൾ സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രിയും ഒരാൾതന്നെയായിരിക്കും എന്നതിന്റെ സൂചനയാണോ? അറ്റകൈക്ക് അവതരിച്ചളയും എന്ന വാക്യം അന്വർഥമാക്കി അവതരിച്ചയാളാണല്ലോ ഇപ്പോഴത്തെ പ്രസിഡന്റ്. കേരളത്തിൽ ബി.ജെ.പിയെ അധികാരത്തിലേറ്റുകയാണ് ദൗത്യമെന്ന് വന്നയുടൻ പ്രഖ്യാപിച്ചതുമാണ്. തിരുവനന്തപുരത്തുനിന്ന് പാർലമെന്റിലേക്ക് മത്സരിച്ചതുതന്നെ കേരളത്തിൽ സർക്കാറുണ്ടാക്കാൻ വേണ്ടിയാണ്. മുഖ്യമന്ത്രിയായി ഒരു ഫുൾമലയാളിതന്നെ വേണമെന്ന് ആരെങ്കിലും പറഞ്ഞാലും പ്രശ്നമില്ല. ആൾ മലയാളം പറയും, മുണ്ടുടുക്കും, വേണമെങ്കിൽ മുണ്ട് മാടിക്കെട്ടും. അതുവേണ്ടിവരുമല്ലോ, നിയമസഭയിലൊക്കെ പോകാനുള്ളതല്ലേ. തലസ്ഥാനത്ത് വീടും വാങ്ങിയിട്ടുണ്ട്. ജനിച്ചത് അഹ്മദാബാദിലാണെങ്കിലും വളർന്നത് രാജ്യത്ത് പലയിടത്തായിട്ടാണെങ്കിലും സംരംഭകനായപ്പോൾ താമസമുറപ്പിച്ചത് ബാംഗ്ലൂരിലാണെങ്കിലും തറവാട് കൊണ്ടിയൂരാണ്, തൃശൂർ ദേശമംഗലത്തിനടുത്ത്. കല്യാണം കഴിച്ചത് തലശ്ശേരിക്കാരിയെയാണ്. ഇത്രയും ആലഭാരത്തോടെ അധ്യക്ഷ്ജി ഒരുങ്ങിയിരിക്കുമ്പോൾ മുഖ്യമന്ത്രിക്കായി മറ്റൊരുമുറി വേണ്ടതില്ലല്ലോ.
അധ്യക്ഷ്ജിയല്ലാതെ പിന്നെ, മുഖ്യമന്ത്രിക്കസേരയിൽ വേറൊരാൾ വന്നുകയറാനുള്ളത് പൂജ്യനീയ സുരേന്ദ്രൻജിയാണ്. ആ സാധ്യതയും തള്ളിക്കളയാനാകില്ല. ഏതാണ്ടോരു 35-36 സീറ്റേ കിട്ടിയുള്ളൂവെങ്കിൽ മന്ത്രിസഭയുണ്ടാക്കാൻ സുരേന്ദ്രൻജി രംഗത്തിറങ്ങേണ്ടിവരും. 35 സീറ്റുകിട്ടിയാൽ മന്ത്രിസഭയുണ്ടാക്കാമെന്ന് അദ്ദേഹം നേരത്തേതന്നെ പറഞ്ഞതാണ്. 140 സീറ്റും പിടിക്കണം എന്നുറപ്പിച്ച് വീശിയാലേ 70ന് അടുത്തെങ്കിലും കിട്ടൂ. 71 ലക്ഷ്യംവെച്ച് എറിഞ്ഞാലേ 35നടുത്തെത്തൂ. ഒരു മിനിമലിസ്റ്റ് ആയതുകൊണ്ട് അന്ന് എറിഞ്ഞതുതന്നെ 35 മനസ്സിൽകണ്ടാണ്. കണക്കിന്റെ കണ്ണുകണ്ട ആളാണ് സുരേന്ദ്രൻജി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ കാശിന്റെ കണക്കും സീറ്റിന്റെ കണക്കും അദ്ദേഹം തനിച്ചാണ് നോക്കിയിരുന്നത്. തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിലും കൊടകരക്കുഴൽക്കേസൊക്കെ ധൂളിയാക്കുന്നതിൽ എ പ്ലസോടെ വിജയിച്ചു. മാരാർ ജി ഭവൻ ഉദ്ഘാടനത്തിന് ദീപം കൊളുത്താൻ അമിത് ഷാ ആംഗ്യംകൊണ്ട് ക്ഷണിച്ചിട്ടും സുരേന്ദ്രൻജിക്ക് വിളക്ക് കൈമാറാൻ പുതു പ്രസിഡന്റ് കൂട്ടാക്കിയില്ലെന്നാണ് ലൈവ് കണ്ടവർ പറയുന്നത്. പഴയ പ്രസിഡന്റുമാരായ സി.കെ.പി, രാജേട്ടൻ, കുമ്മനംജി എന്നിവരെക്കൊണ്ടെല്ലാം കൊളുത്തിച്ചു വിളക്ക്. പക്ഷേ, 2026ൽ 35 സീറ്റേ കിട്ടിയുള്ളൂവെങ്കിൽ മന്ത്രിസഭയുണ്ടാക്കാൻ സുരേന്ദ്രൻജിയെ വിളിക്കേണ്ടിവരും.
പിന്നൊരു സാധ്യത, മുഖ്യമന്ത്രിയായി പുറത്തുനിന്നൊരാൾ വന്നുകയറുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതാണ് ശരിക്കും സാധ്യത. അമിത് ഷാ വരുന്നതിന്റെ തൊട്ടുമുമ്പാണല്ലോ നിയമസഭ തെരഞ്ഞെടുപ്പിൽ എന്തുസംഭവിക്കുമെന്ന് വ്യക്തമാക്കുന്ന സർവേഫലം പൊട്ടിവീണത്. ഭരണവിരുദ്ധവികാരം ആളിക്കത്തി പിണറായി സർക്കാർ മുടിഞ്ഞുപോകും എന്നാണ് പ്രവചനം. എൽ.ഡി.എഫ് ഭരണത്തിൽ വരില്ലെന്ന് മാത്രമല്ല, ടീച്ചറമ്മ മുഖ്യമന്ത്രിയായിക്കാണണം എന്ന് ആഗ്രഹിക്കുന്നയത്ര ആളുകൾപോലും ഇനി പിണറായി മുഖ്യമന്ത്രിയായിക്കാണാൻ ആഗ്രഹിക്കുന്നില്ല പോലും. ശൈലജ ടീച്ചറെ 24.2 ശതമാനം ആളുകൾ പിന്തുണക്കുമ്പോൾ പിണറായിക്ക് 17.5 ശതമാനമേയുള്ളൂ. സർവേവശാൽ സാധ്യത യു.ഡി.എഫിനാണ്. 38.9 ആളുകൾ യു.ഡി.എഫ് ഭരണം ആഗ്രഹിക്കുന്നു. എൽ.ഡി.എഫിനെ ആഗ്രഹിക്കുന്നവർ 27.8 മാത്രമേയുള്ളൂ. തൊട്ടുപിന്നിൽ എൻ.ഡി.എയുണ്ട്- 23.1. ഇതാണ് മുന്നണിക്കണക്ക്. യു.ഡി.എഫിനെ കാത്തിരിക്കുന്നവരിൽ 28.3 ആളുകൾക്ക് ശശി തരൂരിനെ മുഖ്യമന്ത്രിയായി കിട്ടണം.
ഈ സർവേയും കണക്കും നാടറിഞ്ഞത് തരൂർ എക്സിൽ പോസ്റ്റ് ചെയ്തപ്പോഴാണ് എന്നതൊരു കുറവായി കാണേണ്ട. ഇ.ഡി. മാത്യു എന്നൊരാളിട്ട പോസ്റ്റ് തരൂർ ഷെയർ ചെയ്തെന്നേയുള്ളൂ. താൻ ഏതാണ്ട് 28 ശതമാനത്തിലധികം മുഖ്യമന്ത്രിയായിക്കഴിഞ്ഞു എന്നൊരു വിവരം കണ്ടാൽ ആരും ഷെയർ ചെയ്യുമല്ലോ. ഈ മാത്യു ഇടക്കിടെ തരൂരിന്റെ മികവിനേയും സാധ്യതകളേയും ഓർമിപ്പിച്ചുകൊണ്ട് എഴുതാറുള്ള ആളാണ് എന്നതുമല്ല രസം, സർവേ ഫലം വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ കണ്ടുവെന്നുറപ്പുവരുത്താൻ പോസ്റ്റുചെയ്തപ്പോൾ അവർക്കൊക്കെ മെൻഷൻ ചെയ്തിട്ടുമുണ്ട് ഇ.ഡി ജി. എൽ.ഡി.എഫിന് തൊട്ടുപിന്നാലെ നിൽക്കുന്ന, 23.1 ജനങ്ങൾ ആഗ്രഹിക്കുന്ന എൻ.ഡി.എയിൽനിന്ന് മുഖ്യമന്ത്രി ആരാകണം എന്ന് സർവേയിൽ ചോദിച്ചിട്ടേയില്ല! രാജീവ് ചന്ദ്രശേഖറിനാണോ, കെ. സുരേന്ദ്രനാണോ, കേന്ദ്രമന്ത്രിയായിട്ടുള്ള വി. മുരളീധരനാണോ, ഗവർണറായി പരിശീലനം പൂർത്തിയാക്കിയ കുമ്മനം രാജശേഖരനാണോ പിന്തുണ കൂടുതൽ എന്നറിയാൻ ശ്രമിച്ചിട്ടേയില്ല. ഇവിടെയാണ് കെ. മുരളീധരന്റെ വിശകലനപാടവത്തെ നമിക്കേണ്ടിവരുന്നത്. യു.ഡി.എഫിൽ ശശി തരൂരിന് 28.3 പിന്തുണയുണ്ട് എന്നുകേട്ടപ്പോൾ തരൂർ ആദ്യം പാർട്ടിയേതാണെന്ന് തീരുമാനിക്കട്ടെ എന്നാണല്ലോ മുരളീധരൻ പറഞ്ഞത്. അതിന്റെ പിറ്റേന്നാണ് തരൂർ ലണ്ടനിൽ ഒരു ബി.ജെ.പി വ്യവസായിയുടെ വിരുന്നിൽവെച്ച് ഇന്ദിര ഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും പ്രാകി പ്രസംഗിച്ചത്.
കോൺഗ്രസിനെ പ്രാകിപ്രാകി തരൂർജി തെരഞ്ഞെടുപ്പിനു മുമ്പ് മാരാർജിഭവനിൽ എത്തിപ്പെട്ടാലോ! സുരേന്ദ്രൻജിയുടെ 35 സീറ്റും, യു.ഡി.എഫിൽപോലും 28.3 ശതമാനം ആളുകൾ കൊതിക്കുന്ന മുഖ്യമന്ത്രിയും ഒന്നിച്ചാൽ കേരളം എൻ.ഡി.എ ഭരിക്കും. അങ്ങനെയാണേലും ആ മുഖ്യമന്ത്രിക്ക് സംസ്ഥാന അധ്യക്ഷന്റെ തൊട്ടടുത്ത് മുറി കൊടുക്കുന്നതെങ്ങനെ? വേണ്ട, അങ്ങനെയൊരു മുറി വേണ്ട.