ചരിത്രത്തിന്റെ എക്സ്ട്രാലോജിക്!
text_fields‘ഞങ്ങൾക്കുണ്ടൊരു സമരകഥ
പിണറായിനാടിൻ സമരകഥ
പാറപ്രത്തിൻ സമരകഥ
മൊറാഴയുടെ സമരകഥ
കരിവെള്ളൂരിൻ സമരകഥ
പഴശ്ശിയുടെ സമരകഥ
തില്ലങ്കേരി സമരകഥ
അക്കഥ നിങ്ങൾക്കറിയില്ലെങ്കിൽ
നിങ്ങളെ ഞങ്ങൾ പഠിപ്പിക്കും’’
കേട്ടപ്പോൾ ആവേശം നുരഞ്ഞുപൊന്തിയ സമരകാഹളമാണിത്. മുദ്രാവാക്യം എന്നൊന്നും ഒതുക്കുന്നത് ശരിയല്ല. മുന്നറിയിപ്പുമല്ല. അതുക്കുംമേലെയാണ്. കാവ്യം സുഗേയം, കഥ വിജയനീയം, കർത്താവു രാജ്യസഭയിലുളവായ ദിവ്യൻ. ആവേശലബ്ധിക്ക് ഇനിയെന്തുവേണം? ഒന്നും വേണ്ട. ആവശ്യത്തിലേറെ ആവേശമുണ്ടായി. പിന്നെയുംപിന്നെയും കേൾക്കുകയുമുണ്ടായി. ആവേശത്തിന് അടിമയായിപ്പോകുമെന്ന് കണ്ടപ്പോഴാണ് നിർത്തിയത്. മൂത്തകള്ളിന്‍റെ ആവേശവും മുദ്രാവാക്യത്തിന്റെ ആവേശവും ഒരുപോലെയാണ്. അഡിക്റ്റാക്കികളയും. ഒരുവിധം തൂഫാൻകൊണ്ടൊന്നും അമരില്ല. വിളിക്കുന്നവൻ സൂക്ഷിച്ചില്ലെങ്കിലും കേൾക്കുന്നവൻ സൂക്ഷിക്കുന്നത് നല്ലതാണ്. വട്ടായാൽ നഷ്ടം അവനവനാണ്.
മൂത്തകള്ളിനും മുദ്രാവാക്യത്തിനും ഒരേ കുഴപ്പവുമുണ്ട്. ലഹരിയിറങ്ങിയാൽ കഴിഞ്ഞതൊക്കെ ഓർമവരും. സിനിമയുടെ റീൽ തലതിരിച്ച് ഇട്ടതുപോലെ പിറകിൽനിന്ന് മുന്നോട്ടേക്കാണത് വരുക. അവസാനവരി ആദ്യം വരും. ’’നിങ്ങളെ ഞങ്ങൾ പഠിപ്പിക്കും’’ എന്ന ആരവത്തിന്റെ വലയങ്ങളിൽ കിടന്നാണ് ആലോചിക്കുക... അക്കഥ ഏതാണ്? ബോധത്തിനും മുദ്രവാക്യത്തിന്റെ ലഹരിക്കുമിടയിൽ കിടക്കുമ്പോൾ അക്കഥ ഓർത്തുതുടങ്ങും. ശരിയാണ് തില്ലങ്കേരി സമരകഥയുണ്ട്. മനുഷ്യനുള്ള കാലം മറക്കരുതാത്ത സമരകഥയാണ്. ഒന്നല്ല, രണ്ട് വെടിവെപ്പിൽപെട്ട സമരമാണ്. ആദ്യത്തെ വെടിവെപ്പ് തില്ലങ്കേരിയിൽത്തന്നെയാണുണ്ടായത്. 1948 ഏപ്രിൽ 15. വിഷുക്കാലമായിരുന്നു. വെച്ചുകാണൽ ഒക്കെയുള്ള കാലമാണത്, കർഷകർ മുതലിങ്ങോട്ട് എല്ലാവരും അവനവൻ ഉണ്ടാക്കിയതെല്ലാം ജന്മിയുടെ മുറ്റത്ത് നിരത്തിവെച്ചു കാത്തുനിൽക്കണം. ആശാരിയാണെങ്കിൽ കയില്, കുംഭാരനാണെങ്കിൽ മൺകലം. കണ്ട് ബോധിച്ച ജന്മി കനിഞ്ഞുവല്ലതും തന്നാൽതന്നു.
അക്കൊല്ലം തില്ലങ്കേരിയിൽ പതിവുതെറ്റി. കാവുട്ടേരി അധികാരിയുടെ ഇല്ലത്തിന്റെ മുറ്റത്തേക്ക് ചെെങ്കാടിയുമായാണ് ആളുകളെത്തിയത്. അതാണ് വെച്ചുകാണിച്ചത്. മറ്റൊന്നും ഇനി നടക്കില്ലെന്ന് അവർ അധികാരിയെ ബോധ്യംവരുത്തി. വറുതിക്കാലമായിരുന്നു. നെല്ലും വിളവുമെല്ലാം ജന്മിമാർ പത്തായങ്ങളിൽ പൂഴ്ത്തിവെച്ചതാണ്. വെച്ചുകാണൽ നിർത്തിച്ചതിന്റെ ആവേശത്തിൽ കർഷകർ മുന്നോട്ടുതന്നെ പോയി. പൂഴ്ത്തിവെച്ച പത്തായപ്പുരകൾ തുറന്ന് നെല്ലെടുക്കണം. അങ്ങനെയങ്ങനെ ആലോചന മുന്നോട്ടുപോയി. അതേസമയം, ജന്മിമാർ പൊലീസിനേയും എം.എസ്.പിയേയും വിളിച്ചുവരുത്തിയിരുന്നു. ആ പട വന്നത് തോക്കുംവെടിയുമായാണ്. ആ വിഷുവിന് തില്ലങ്കേരിയിൽ പടക്കമല്ല പൊട്ടിയത്. എം.എസ്.പിക്കാരുടെ വെടിയാണ്. സി. അനന്തൻ, സി. ഗോപാലൻ, കുണ്ടാഞ്ചേരി ഗോവിന്ദൻ, പോരുകണ്ടി കൃഷ്ണൻ, നമ്പിടിക്കുന്നുമ്മൽ നാരായണൻ നമ്പ്യാർ, കാറാട്ട് കുഞ്ഞമ്പു എന്നീ അഞ്ചുപേർ വീണുമരിച്ചു വെള്ളുവക്കണ്ടി കുഞ്ഞിരാമൻ വെടിയേറ്റെങ്കിലും ഓടി ഒരുകിലോമീറ്റർ അപ്പുറം കാഞ്ഞിരാട്ട് വീണുമരിച്ചു. അവിടെയും തീർന്നില്ല. പിടികൂടിയവരെ സേലം ജയിലിലാണ് കൊണ്ടുപോയി അടച്ചിരുന്നത്. അവിടെയുമുണ്ടായി വെടിവെപ്പ്. 1950 ഫെബ്രുവരി 11 ന്. അതിലും മരിച്ചു തില്ലങ്കേരിമക്കൾ അഞ്ചുപേർ.
ആ വെടിയൊച്ചയും ആരവവുമെല്ലാം ഓർമയിലെത്തുമ്പോൾ മറ്റുസമരങ്ങളുമെത്തും. തില്ലങ്കേരിയുടെ തുടർച്ചയായിരുന്നു പഴശ്ശിയും. ചെറുത്തുനിൽപ്പിനെ കുറിച്ച് ആലോചിക്കാനും ഒളിയിടം ഒരുക്കാനുമായി കർഷകർ പഴശ്ശി ഇടവേലിക്കലെ മുക്കുറ്റിക്കുന്നിൽ ഒത്തുചേർന്നതായിരുന്നു. ചില സാധനങ്ങളെടുക്കാൻ വീട്ടിലേക്കുപോയ ഒരാൾ വഴിയിൽ പൊലീസിന്റെ മുന്നിൽപെട്ടു. വെടികൊണ്ടുവീണു. 1948 മേയ് 12ന് ആണത്. പിന്നെയങ്ങോട്ട് പഴശ്ശിയിലും പരിസരത്തും നായാട്ടായിരുന്നു. ഭാര്യയെ ചോദ്യംചെയ്യാനെന്നുപറഞ്ഞ് പൊലീസ് പിടിച്ചുകൊണ്ടുപോയിട്ട് തിരിച്ചെത്താത്തതിൽ മനംനൊന്ത് തൂങ്ങിമരിച്ച തൊഴിലാളിയും ഈന്തുമരത്തിൽ കെട്ടിയിട്ട് വെടിവെച്ചുകൊന്ന കർഷകനുമൊക്കെയുണ്ട് ആ സമരകഥയിൽ.
പിന്നെ കരിവെള്ളൂർ. പട്ടിണിയാണന്ന് നാട്ടുനടപ്പ്. പി.സി.സി സൊസൈറ്റികൾ രൂപവത്കരിച്ചിരുന്നെങ്കിലും നെല്ല് സൊസൈറ്റികൾക്ക് നൽകാൻ ജന്മിമാർ തയാറായില്ല. അതിനു സമരം വേറെ വേണ്ടിവരും എന്ന സ്ഥിതിയാണ്. 1946 ഡിസംബറിൽ സമരമായി. കരിവെള്ളൂരിൽനിന്നുള്ള നെല്ല് ചിറക്കൽ കോവിലകത്തേക്ക് കൊണ്ടുപോകാൻ ജന്മി ഒരുങ്ങി. നെല്ല് ന്യായവിലയ്ക്ക് കരിവെള്ളൂരിലും പരിസരത്തുമുള്ളവർക്ക് നൽകണമെന്ന് കർഷകസംഘം ജന്മിയായ ചിറയ്ക്കൽ രാജയോട് ആവശ്യപ്പെട്ടു. എ.വി. കുഞ്ഞമ്പുവാണ് കർഷകരുടെ നേതാവ്. രണ്ട് പ്ലാറ്റൂൺ എം.എസ്.പിയെയും വളപട്ടണത്തുനിന്ന് ചുമട്ടുകാരെയും വരുത്തുകയാണ് രാജ ചെയ്തത്. തോണിയിൽ നെല്ല് കടത്തുകയായിരുന്നു പദ്ധതി. കർഷകർക്ക് ബദൽപദ്ധതിയുണ്ടായിരുന്നു. അവർ കുണിയൻ പുഴക്കരയിലെ പത്തായപ്പുരയിലെത്തി. 1946 ഡിസംബർ 20ന് ആണത്. ആദ്യം ലാത്തി. അത് നാട്ടുകാർ തടഞ്ഞപ്പോൾ തോക്കുകൾ തീതുപ്പി. തിടിയിൽ കണ്ണനും കീനേരി കുഞ്ഞമ്പുവും മരിച്ചുവീണു. 196 പേരെ പ്രതിചേർത്ത് കേസെടുത്തിരുന്നു. എ.വി. കുഞ്ഞമ്പുവിനെ അഞ്ചുകൊല്ലത്തേക്കാണ് ശിക്ഷിച്ചത്.
മൊറാഴയുടെ സമരകഥ പറയേണ്ടല്ലോ. കൊലമരത്തിൽനിന്ന് നടന്നുവരുന്ന കെ.പി.ആർ. ഗോപാലനെ ഓർത്താൽ മതിയല്ലോ. 1940 സെപ്റ്റംബർ 15ന്റെ ഓർമയാണത്. കെ.പി.സി.സിയെന്ന പുറന്തോടുകൊണ്ട് കമ്യൂണിസ്റ്റുപാർട്ടി പന്തുകളിച്ച കാലം. അന്ന് പ്രതിഷേധ ദിനമായി ആചരിക്കാൻ കെ.പി.സി.സി സെക്രട്ടറി കെ. ദാമോദരൻ ആഹ്വാനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ജയിലിലായിരുന്നു. ആ ദിനംതന്നെ കർഷകസംഘത്തിന്റെ സമ്മേളനങ്ങളും തീരുമാനിച്ചു. കീച്ചേരിയിൽ യോഗം വെച്ചു. അത് പൊലീസ് നിരോധിച്ചപ്പോൾ മൊറാഴയിലേക്ക് മാറ്റി. ആളുകൾ ജാഥയായി അങ്ങോട്ട് നീങ്ങി. ചെങ്കൊടി ജാഥ പൊലീസ് തടഞ്ഞു. അടിയായി. പിന്നെ വെടിയായി. ജനക്കൂട്ടം കൈയിൽകിട്ടിയതെല്ലാം ആയുധമാക്കി നേരിട്ടു. കുട്ടികൃഷ്ണമേനോൻ എന്ന എസ്.ഐ സ്ഥലത്ത് മരിച്ചുവീണു. ആ കേസിലാണ് കെ.പി.ആർ. ഗോപാലനെ തൂക്കിക്കൊല്ലാൻ വിധിച്ചത്. ജഡ്ജി വിധിച്ചത് നടന്നില്ല. കെ.പി.ആർ നടന്നു. കൊലമരച്ചോട്ടിൽനിന്ന് തിരികെ ചരിത്രത്തിലേക്ക്. ആ ദൃശ്യത്തോടെ ചരിത്രം സ്റ്റക്കാവുകയാണ് സഖാക്കളേ! വി. ശിവദാസൻ എം.പിയുടെ മുദ്രാവാക്യം പശ്ചാത്തലത്തിൽ മുരളുന്നുണ്ട്. പാറപ്രത്തിൻ സമരകഥ...പിണറായിനാട്ടിൻ സമരകഥ.....
ഇല്ല. അക്കഥ അറിയില്ല. മുദ്രാവാക്യത്തിന്റെ ലഹരിയിൽ ഓർമ അറ്റുപോയതാണോ എന്നു പേടിച്ച് പുസ്തകത്തിൽ പരതി. ഇക്കാര്യത്തിൽ ആധികാരികമായ ചരിത്രപുസ്തകമുണ്ട്. ’കമ്യൂണിസ്റ്റ് കേരള’. എഴുതിയത് നമ്മുടെകാലത്തെ കെ. ബാലകൃഷ്ണൻ (തെക്ക് പഴയൊരാൾ ഉണ്ട്. അതവിടെ നിൽക്കട്ടെ) കണ്ണൂർക്കാരനാണ്. പഴയ ദേശാഭിമാനിക്കാരനുമാണ്.(അവരെ സൂക്ഷിക്കണം, യു.ഡി.എഫായിക്കളയും) കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം എന്ന ടാഗ് ലൈനുമുണ്ട് പുസ്തകത്തിന്. സമരങ്ങൾ എന്നൊരു അധ്യായമുണ്ട്. കയ്യൂർ സംഭവം എന്ന ഉപതലക്കെട്ടിലാണ് തുടങ്ങുന്നത്. കരിവെള്ളൂർ, കാവുമ്പായി, തില്ലേങ്കരി-പഴശ്ശി, പുന്നപ്ര-വയലാർ, ഒഞ്ചിയം, മുനയൻകുന്ന്, ശൂരനാട്, സേലംജയിൽ കൂട്ടക്കൊല, പാടിക്കുന്ന്. അവിടെതീരുകയാണ് പുസ്തകത്തിലെ ചരിത്രം. ദൗർഭാഗ്യത്തിന് എം.പിസഖാവിന്റെ തൊണ്ടയിൽനിന്നുള്ള രണ്ട് സമരങ്ങൾ ചരിത്രത്തിലില്ല. പിണറായിയും പാറപ്രവും!
അങ്ങനെ സ്ഥലങ്ങളുണ്ട്. ചരിത്രത്തിലുമുണ്ട്. ഈ പുസ്തകത്തിലുമുണ്ട്. ’കമ്യൂണിസ്റ്റു പാർട്ടി യാഥാർഥ്യമാവുന്നു’ എന്ന അധ്യായം അതിനാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട ചരിത്രമാണത്. ‘കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കാൻ അഖിലകേരളാടിസ്ഥാനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ്പാർട്ടി നേതൃകൺവെൻഷെൻ 1939 ഡിസംബർ അവസാനം പിണറായി- പാറപ്രത്ത് നടന്നത്’’- എന്ന് ചരിത്രകാരൻ രേഖപ്പെടുത്തുന്നു. കെ. ബാലകൃഷ്ണന്റെ എഴുത്തിന് ആധികാരികത പോരാത്തവർക്ക് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ’’കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ’’ എന്ന ബൃഹദാഖ്യായിക ആശ്രയിക്കാം. അതിൽ ’’... ഈ പ്രാഥമികപ്രവർത്തനങ്ങളുടെ പരിണാമമെന്ന നിലക്കാണ് 1939 ഡിസംബറിലോ 1940 ജനുവരി ആദ്യത്തിലോ തലശ്ശേരിക്കടുത്ത പിണറായിയിൽവെച്ച് വിപുലമായ ഒരു പ്രവർത്തകസമ്മേളനം ചേർന്ന് കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയെയാകെ കമ്യൂണിസ്റ്റ് പാർട്ടിയാക്കി മാറ്റാനുള്ള തീരുമാനമെടുത്തത്’’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടു ഗ്രന്ഥങ്ങളും ലഭ്യമാണെന്നിരിക്കെ കൂടുതൽ വിശദീകരിക്കേണ്ടതില്ല. വി. ശിവദാസൻ എം.പി തൊണ്ടപൊട്ടിച്ച് രേഖപ്പെടുത്തിയ സമരം നടന്നിട്ടില്ല. അത് കഥയാണ്.
നടന്നത് കൂട്ട ആൾമാറാട്ടമാണ്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃയോഗം വിളിച്ചുചേർത്ത് നാലുപേർ തങ്ങൾ മുമ്പേ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളാണ് എന്ന് പ്രഖ്യാപിക്കുന്നു. ഇപ്പറഞ്ഞ ഇ.എം.എസ്, നടേപ്പറഞ്ഞ കെ. ദാമോദരൻ, പി. കൃഷ്ണപിള്ള, എൻ.സി. ശേഖർ എന്നിവർ. ആ കമ്യൂണിസ്റ്റുകാർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കാരായി നടിച്ച് അതിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു, ആ പാർട്ടിയാണെങ്കിൽ കോൺഗ്രസിനകത്തായിരുന്നു. ഉപപാർട്ടി. ചുരുക്കത്തിൽ അതൊരു ഇരട്ടപ്പാർട്ടിമാറാട്ടമായിരുന്നു. പോട്ടെ, ലോകത്തെ മാറ്റിമറിക്കാൻ അങ്ങനെചില തമാശകളൊക്കെ വേണ്ടിവരും. സമ്മതിക്കാം. എന്നാലും തമാശക്കുപോലും പിണറായി പാറപ്രത്ത് നടന്നത് സമരമാണെന്ന് പറയാനാകില്ലല്ലോ. അതൊരു സമ്മേളനമല്ലേ? നടക്കാത്ത സമരത്തിന്റെ കഥ പഠിപ്പിക്കാനാകുമോ?
സഖാവ് എം.പി മുദ്രാവാക്യം രചിച്ച വേദി അറിഞ്ഞാൽ പ്രശ്നം തീരും. പിണറായി പാണ്ട്യാലമുക്കിൽ പിണറായിവിജയന്റെ വീടിന്റെ പുറത്തായിരുന്നു. സന്ദർഭം ഇ.ഡി റെയ്ഡ്. അത് എങ്ങനെ നേരിടണം എന്നൊക്കെ അവർ തീരുമാനിക്കട്ടെ. പിണറായി-പാറപ്രം കമ്യൂണിസ്റ്റ് പാർട്ടി ജനിച്ച നാട് എന്നതിനുപകരം സ്വന്തം നേതാവ് ജനിച്ച നാട് എന്ന് മാത്രം പഠിച്ചവർക്ക് സമ്മേളനം സമരമായി തോന്നാം. തോന്നൽ തിരുത്തണ്ട. വേറെ എന്തൊക്കെയുണ്ട് തിരുത്താൻ!
mullaanasar@gmail.com


