മരുഭൂമികൾ ഉണ്ടാകുന്നത്

കേരള സമൂഹത്തിൽ ചെറുപ്പക്കാരുെട ഇടയിൽ അക്രമവും ഹിംസയും മുെമ്പങ്ങുമില്ലാത്തവിധം തീവ്രമായി പടരുകയാണ്. എന്താണ് അതിന് കാരണം? സിനിമ അതിൽ സ്വാധീനം ചെലുത്തുന്നുണ്ടോ? ‘മാർക്കോ’ പോലുള്ള സിനിമകൾ സമൂഹത്തിൽ എന്തുതരം ചലനമാണുണ്ടാക്കുന്നത്? -മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ലേഖകന്റെ നിരീക്ഷണങ്ങൾ. ‘‘The crisis consists precisely in the fact that the old is dying and the new is powerless to be born; in this interregnum a great variety of morbid symptoms and monsters appear” -Antonio Gramsci, Prison notebook, 1930 1989ലാണ് ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’ ഉണ്ടാകുന്നത്. നാം ജീവിക്കുന്ന ലോകത്തിന്റെ അവസ്ഥ വിശദീകരിക്കാനാണ് ജോർജ് ഓർവെൽ ‘1984’ എഴുതിെവച്ചത്. അതുപോലെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’ ആനന്ദ് നമുക്ക് പകർന്നു നൽകിയ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
കേരള സമൂഹത്തിൽ ചെറുപ്പക്കാരുെട ഇടയിൽ അക്രമവും ഹിംസയും മുെമ്പങ്ങുമില്ലാത്തവിധം തീവ്രമായി പടരുകയാണ്. എന്താണ് അതിന് കാരണം? സിനിമ അതിൽ സ്വാധീനം ചെലുത്തുന്നുണ്ടോ? ‘മാർക്കോ’ പോലുള്ള സിനിമകൾ സമൂഹത്തിൽ എന്തുതരം ചലനമാണുണ്ടാക്കുന്നത്? -മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ലേഖകന്റെ നിരീക്ഷണങ്ങൾ.
‘‘The crisis consists precisely in the fact that the old is dying and the new is powerless to be born; in this interregnum a great variety of morbid symptoms and monsters appear” -Antonio Gramsci, Prison notebook, 1930
1989ലാണ് ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’ ഉണ്ടാകുന്നത്. നാം ജീവിക്കുന്ന ലോകത്തിന്റെ അവസ്ഥ വിശദീകരിക്കാനാണ് ജോർജ് ഓർവെൽ ‘1984’ എഴുതിെവച്ചത്. അതുപോലെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’ ആനന്ദ് നമുക്ക് പകർന്നു നൽകിയ ഒരു മുന്നറിയിപ്പാണ്. 35 വർഷം പിന്നിട്ടിട്ടും നാമത് വായിച്ചുതീർന്നിട്ടില്ല. 1989-2025 കാലത്ത് ‘മരുഭൂമി’കൾ അത്രമേൽ നമ്മുടെ പച്ചപ്പുകളെ വിഴുങ്ങിക്കഴിഞ്ഞു. അത് പ്രതിരോധിക്കുന്നതിൽ നമുക്ക് സംഭവിച്ച തോൽവികളിൽനിന്നും ‘മാർക്കോകൾ’ ഉണ്ടാകുന്നു. ഇതാർക്കെങ്കിലും അറിയാത്തതല്ല. കണ്ടില്ല എന്ന് നടിക്കൽ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക രാഷ്ട്രീയ അതിജീവതന്ത്രങ്ങളിൽ ഒന്നായി മാറിപ്പോയതുകൊണ്ട് നാം മരുഭൂമികൾക്കൊപ്പം ജീവിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞ മനുഷ്യരായി പരിണമിച്ചു എന്നുമാത്രം.
2024 ഡിസംബർ 20നാണ് ‘മാർക്കോ’ തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ഏറ്റവും വയലന്റായ സിനിമ എന്ന അതിന്റെ ടാഗ് ലൈൻ കൊണ്ടുതന്നെ അതു കാണാൻ തോന്നിയിരുന്നില്ല. 2023ൽ ബോളിവുഡിൽനിന്നും ഇറങ്ങിയ ‘ആനിമൽ’ എന്ന സിനിമ കണ്ട് വെള്ളിത്തിരയിലെ അന്യായമായ വയലൻസിനോട് ഒരറപ്പ് തന്നെ തോന്നിയിരുന്നു.
2023 ഡിസംബർ ഒന്നിനാണ് ‘ആനിമൽ’ പുറത്തുവരുന്നത്. 2024ൽ ബോളിവുഡിനെ നിലനിർത്തിയ സിനിമകളിൽ ഒന്നായിരുന്നു അത്. ഒറ്റവാക്കിൽ കൊലപാതകങ്ങൾ വെള്ളിത്തിരയുടെ ആനന്ദമായി മാറ്റിയ സിനിമ. രൺബീർ കപൂർ നായകനായ ‘ആനിമൽ’ ഒരു തത്സമയ ‘കിക്ക്ഹിറ്റാ’യിരുന്നു: നായക പദവിയിൽനിന്നും പുറത്തായി മിക്കവാറും അദൃശ്യനായിരുന്ന, താരപുത്രൻകൂടിയായ ബോബി ഡിയോൾ ബോളിവുഡിന്റെ മുഖ്യധാരയിലേക്ക് ശക്തനായ വില്ലനായി തിരിച്ചെത്തി എന്നത് ‘ആനിമലി’ന്റെ പ്രധാന പാർശ്വഫലങ്ങളിൽ ഒന്നായിരുന്നു.
മലയാളത്തിൽ ‘മാർക്കോ’ ചുരത്തിയ അക്രമ ‘വീര്യം’ തെലുഗുവിലേക്കും തമിഴിലേക്കും ബോളിവുഡിലേക്കുമൊക്കെ കത്തിപ്പടർന്നതിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ സമൂഹമാധ്യങ്ങൾ ആഘോഷമാക്കിയപ്പോഴും അത് കാണാൻ തോന്നിയിരുന്നില്ല. പിൻവാങ്ങലും ഒരു രാഷ്ട്രീയ പ്രവർത്തനമാണ് എന്ന വിചാരത്തിൽ വിട്ടുനിന്നു.
‘‘ഇത് റേഞ്ച് വേറെ... ഇന്ത്യക്കാർ കാത്തിരിക്കുന്നു മാർക്കോയെ... പട്ടികയില്‍ ആറാം സ്ഥാനത്താണ് ചിത്രമുള്ളത്. ലിസ്റ്റിൽ മറ്റൊരു മലയാള സിനിമയും ഇടംപിടിച്ചിട്ടില്ല...’’ എന്ന് ഏഷ്യാനെറ്റ് ഓൺലൈൻ ‘മാർക്കോ’യെ 2024 ഡിസംബർ 13ന് രേഖപ്പെടുത്തിയപ്പോൾ ഒരസ്വാസ്ഥ്യം തോന്നാതിരുന്നില്ല. തെലുഗുവിൽ ഒറ്റ ദിവസംകൊണ്ട് അത് 1.75 കോടി ഗ്രോസ് കലക്ഷൻ നേടി എന്ന് ഓൺലൈൻ പ്രമോഷൻ സൈറ്റുകൾ ലഹരികൊണ്ടു. ഏതെങ്കിലുമൊരു മലയാള സിനിമക്ക് കിട്ടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രോസ് ആണ് അത് എന്നും അവിടെ 300+ തിയറ്ററുകളിൽ സിനിമ കളിക്കുന്നു എന്നും വാർത്തകൾ പുറത്തുവന്നു.
അപ്പോഴാണ് ‘മാർക്കോ’ കണ്ട്, അതിലെ കൊലകൾ നൽകിയ ‘കിക്ക്’ കിട്ടിയ മകനെ കണ്ട് ചകിതനായി, എന്തുചെയ്യണം എന്നറിയാതെ, ചരിത്രകാരൻകൂടിയായ ഒരു പ്രിയസുഹൃത്ത് വിളിക്കുന്നത്. എന്തൊരു ലോകമാണ് നമ്മുടെ കുട്ടികൾക്കായി നാമിവിടെ ബാക്കിവെക്കുന്നത് എന്ന്, ഒരായുസ്സ് അവരെ ചരിത്രം പഠിപ്പിച്ച ചരിത്രകാരൻ ആശങ്കപ്പെട്ടു. ‘മാർക്കോ’ കാണാൻ തീരുമാനമെടുക്കുന്നത് അപ്പോഴാണ്.
തിയറ്ററിൽ അപ്പോൾ ആൾക്കൂട്ടമൊന്നും ഇല്ലായിരുന്നു. ഇത്ര കുറഞ്ഞ ആളെ െവച്ചും സിനിമ ഓടിക്കുവാൻ വൻകിട മൾട്ടിപ്ലക്സുകാർ തയാറാകുമെങ്കിൽ അടച്ചുപൂട്ടി പെട്ടിയിൽ കിടക്കുന്ന എത്രയോ സിനിമകൾക്ക് മോചനം ലഭിക്കുമായിരുന്നു എന്ന് ആ വലിച്ചുനീട്ടൽ കണ്ടപ്പോൾ തോന്നി.
സിനിമ വലിയ അത്ഭുതമൊന്നും ഉണ്ടാക്കിയില്ല. തമിഴിൽ ‘സുബ്രഹ്മണ്യപുരം’ (2008 ) മുതൽ പ്രതികാരത്താൽ കഴുത്തറുത്തു മാറ്റുന്നതിന്റെ ആനന്ദം പ്രസരിപ്പിച്ച എത്രയോ സിനിമകൾ കണ്ടിട്ടുണ്ട്. 2011ൽ ദക്ഷിണ കൊറിയയിൽനിന്നും ‘പിയാത്ത’യിലൂടെ കിം കി ഡ്യൂക് സൃഷ്ടിച്ച തരംഗം 2013ൽ ‘മൊബിയൂസി’ൽ എത്തിയപ്പോൾ തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെയിൽ കണ്ടുനിൽക്കാനാവാതെ കുഴഞ്ഞുവീണ കാണികളെയും കണ്ടിട്ടുണ്ട്. 2019ൽ മികച്ച സിനിമക്കുള്ള ഓസ്കർ അവാർഡ് നേടിയ ‘പാരസൈറ്റ്’ മനുഷ്യരെ കൊന്നുതള്ളുന്നതിൽ കാട്ടിയ അച്ചടക്കത്തിന് നിഗൂഢമായ ഒരുദ്ദേശ്യമുള്ളതായി തോന്നിയിട്ടുണ്ട്. അങ്ങനെ പറയാൻ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലുമുണ്ട്. എന്നാൽ അതിലല്ല കാര്യം. ഈ സ്വീകാര്യത ഒരു ലഹരിയായി മാറുന്നിടത്താണ്. അതിന്റെ വേരിലാണ് കാര്യം.
ചലച്ചിത്ര വിമർശനത്തിന് നമ്മുടെ മാധ്യമങ്ങളിൽ ഒരിടം ഇല്ലാത്തതായിട്ട് വർഷങ്ങളായി. സമൂഹമാധ്യമങ്ങളിൽ അത് കഷ്ടിച്ച് അതിജീവിച്ചിട്ടുണ്ട് എന്നു മാത്രം. നിർമാതാക്കളുടെ കൊലവിളിയും കോടതി കയറ്റലുമൊക്കെയായി അത് മിക്കവാറും വംശനാശം വന്ന ഒരു മാതൃകയാണ്. ഫെബ്രുവരി 25ന് ഫേസ്ബുക്കിൽ ഒരു പോസ്റ്റെഴുതി:
‘മാർക്കോ’ ഒരു യാദൃച്ഛികതയല്ല. കൊലയുടെ ആഘോഷത്തിന് സെൻസർ ബോർഡ് അനുമതി നൽകിയതും അത് സ്വീകാര്യമായതും ഒരു യാദൃച്ഛികതയല്ല. കൊലകൾ കണ്ടു മടുക്കാൻ, നമ്മെ പരുവപ്പെടുത്തപ്പെടുവാനുള്ള അധികാരത്തിന്റെ സാമൂഹിക പാഠങ്ങളാണ് അതെല്ലാം.
‘മാർക്കോ’ എത്തുന്നത് വെള്ളിത്തിരയിൽനിന്നല്ല. അത്തരമൊരു കഥാപാത്രം ഉണ്ടാകാൻ വളക്കൂറുള്ള മണ്ണൊരുക്കം നേരത്തേതന്നെ ഇവിടത്തെ ജീവിതം നടത്തിയിട്ടുണ്ട്. സമൂഹത്തിൽ നടമാടുന്ന കൊടിയ അസമത്വങ്ങളും അന്യായങ്ങളും നിയമശൂന്യതയും ആണത്ത ഉദ്ഘോഷങ്ങളും അതിന്റെ വിളനിലമാണ്.
കൊലകളാണ് കുട്ടികൾ വിഡിയോ ഗെയിമിൽ കളിക്കുന്നത്. ആ കളികളിലെ കൊലകൾ രാഷ്ട്രങ്ങൾ നടത്തുന്ന യുദ്ധങ്ങളുടെ, കൂട്ടക്കൊലകളുടെ മിമിക്രികളാണ്. ആ കുട്ടികൾ മുതിരുമ്പോൾ, മിമിക്രി ഒരു സംസ്കാരമാകുമ്പോൾ മനുഷ്യർ എന്തുമാകും, ആരുമാകും. കൊലകളും ക്വട്ടേഷൻ റേപ്പുകളും വെള്ളിത്തിരയിലും ജീവിതത്തിലും സ്വീകാര്യമാകും. ചരിത്രം അതിനുമുമ്പേ ഉന്മൂലനംചെയ്യപ്പെടുന്നു; ഓർമകളും.
പൾസർ സുനിയുടെ സ്പോൺസർമാർ ആരാണ്? അതിൽ എല്ലാം ഉണ്ട്. അഫാൻ ഓർമകൾ നഷ്ടമായ വിഡിയോ ഗെയിമുകളിൽനിന്നും ‘മാർക്കോ’യിൽനിന്നും ഇറങ്ങിനടക്കുന്നു. അഡോണോ പണ്ടേ ചൂണ്ടിക്കാട്ടിയ സംസ്കാര വ്യവസായത്തിന്റെ വിപര്യയങ്ങൾ അനുഭവിക്കാൻ നാം ബാധ്യസ്ഥരാണ്. ‘സൈക്കോപാത്തുകൾ’ പെരുകുന്നുണ്ട് എന്നറിയാൻ നെറ്റ്ഫ്ലിക്സിലെ ‘ഡക്സ്റ്റർ’ പരമ്പരകൾ കാണേണ്ടതില്ല, ഈ ലോകത്തേക്ക് നോക്കിയാലും മതി.
രാഷ്ട്രീയം സമ്പൂർണ മൂല്യശൂന്യതയുടെ ആഘോഷമാകുമ്പോൾ അത് സൈക്കോകൾക്ക് ഏത് രംഗത്തും തഴച്ചുവളരാനുള്ള ഒരു പാകനിലമാണ്.’’
െഫബ്രുവരി 28ന് ഹോളിവുഡിൽ കാർഡുള്ള നടനും നിരവധി മലയാള സിനിമകളുടെ നിർമാതാവും നോവലിസ്റ്റുമൊക്കെയായ തമ്പി ആന്റണിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടി. ‘മാർക്കോ’ സ്വീകാര്യമായത് എല്ലാറ്റിലും പഴി കേൾക്കുന്ന ന്യൂ ജെൻസിന് മാത്രമെല്ലന്ന് ഇതിൽനിന്നും വ്യക്തമാണ്. തമ്പി ആന്റണിയുടെ പോസ്റ്റ് ശ്രദ്ധിക്കുക:
‘‘മലയാളം സിനിമ ‘മാർക്കോ’ മത സൗഹാർദത്തിന്റെ സിനിമ! കേട്ടാൽ ആരുമൊന്നു ഞെട്ടും
ഇന്നലെ ഞങ്ങൾ കണ്ടേപ്പാൾ ഞാനും ഒന്നു ഞെട്ടി. മറ്റൊന്നുമല്ല. വയലൻസിന്റെ അതിക്രമംകൊണ്ട് കാണുന്നില്ല എന്ന തീരുമാനമെടുത്ത സിനിമയായിരുന്നു ‘മാർക്കോ’. എന്നിട്ടും ആകാംക്ഷകൊണ്ടു മാത്രമാണ് കണ്ടത്. പ്രതികാരമാണ് കഥാതന്തു. പൊറുക്കാനാവാത്ത തെറ്റുകൾ ചെയ്ത ശത്രുക്കളോട് എങ്ങനെ പ്രതികാരം ചെയ്യും എന്നറിയാനാണ് പ്രേഷകർ അവസാനംവരെ കാത്തിരിക്കുന്നത്. അതുകൊണ്ട് ഇടക്കുള്ള രക്തം ചീറ്റലും തലവെട്ടലുമൊക്കെ വിസ്‌മൃതിയിലാണ്ടുപോകുന്നു. വയലൻസ് ഇഷ്ടമില്ലാത്ത പ്രേമക്കുപോലും അവസാനംവരെ മിണ്ടാട്ടമില്ലായിരുന്നു, എന്നതും ഒരത്ഭുതമായിരുന്നു.
എഴുത്തുകാരനും സംവിധായകനുമായ ഹനീഫ് ആദിനിക്കും നിർമാതാക്കളായ ഷരീഫ് മുഹമ്മദിനും ഉണ്ണി മുകുന്ദനും അഭിമാനിക്കാവുന്ന ചിത്രംതന്നെയാണ് ‘മാർക്കോ’. എഡിറ്റിങ്ങിൽ കാണിച്ച മായാജാലത്തിന് ചന്ദ്രു സെൽവരാജിനും ഷമീർ മുഹമ്മദിനും പ്രത്യേകം അഭിനന്ദനങ്ങൾ.
ഇനി ആദ്യം പറഞ്ഞ കാര്യം, ‘മതസൗഹാർദം’. സംഘിയായി ചാപ്പ കുത്തിയ ഉണ്ണിമുകുന്ദൻ നായകൻ. സുടാപ്പിയായി ചാപ്പ കുത്തിയവർ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമ. കൃസംഘി കുടുംബ പശ്ചാത്തലത്തിൽ പറയുന്ന കഥ. പിന്നെങ്ങനെ ഉണ്ണിമുകുന്ദൻ എയറിലാകും!
മറിച്ചായിരുന്നെങ്കിലോ? അതിനൊന്നും ഇപ്പോൾ പ്രസക്തിയില്ല. പടത്തിൽ കൊലപാതകത്തിന്റെയും മരണത്തിന്റെയും ഒരു ശൃംഖലതന്നെ ഉണ്ടായിട്ടും...
‘‘മരണം വരുമൊരു നാളിൽ
ഓർക്കുക മർത്ത്യാ നീ
കൂടെ പോരും നിൻ
ജീവിതചെയ്തികളും
സൽകൃത്യങ്ങൾ ചെയ്യുക നീ
അലസതകൂടാതെ...’’
എന്ന അന്ത്യദിനഗാനം കേട്ടിട്ടും ക്രിസംഘികൾപോലും ആത്മസംയമനം പാലിച്ചു. പടമാണെങ്കിലോ സൂപ്പർഹിറ്റ്!
ഇപ്പോൾ മനസ്സിലായല്ലോ, സിനിമയിലും കലാരംഗത്തും മതത്തിന്റെ മതിൽെക്കട്ടുകളില്ല എന്ന് തിലകൻ പറഞ്ഞതിൽ പതിരിെല്ലന്ന്. മമ്മൂട്ടിയെയും മോഹൻലാലിനെയുംപോലും മതത്തിൽ കെട്ടിയിട്ട് ആഘോഷിക്കുന്ന കൂലി എഴുത്തുകാർ ഇനിയെങ്കിലും മനസ്സിലാക്കുക. കലയിൽ ഒരു മതമേയുള്ളൂ, അത് കല മാത്രമാണ്. കലാരംഗത്ത് ഇപ്പോഴും മാനുഷിക മൂല്യങ്ങളുണ്ട് എന്നുള്ളതിന്റെ ഒന്നാന്തരം അടയാളമാണ് ‘മാർക്കോ’ എന്ന സിനിമയുടെ കൂട്ടായ്മ. പല ബെൽറ്റുകളും (TVM and Ekm) ഫാനുകളുടെ ക്രിയേഷനാണ്. കലാപരമായ എല്ലാ കൂട്ടായ്മകൾക്കും നന്മയുടെ അടയാളങ്ങൾ ഉെണ്ടന്ന കാര്യം പകൽപോലെ സത്യമാണ്.
കവി പി.പി. രാമചന്ദ്രന്റെ പ്രസിദ്ധമായ ഒരു കവിതയാണ് ഇപ്പോൾ ഓർമ വരുന്നത്. ഇവിടെ പക്ഷിയാണ് പറയുന്നത്. കൂവലും തൂവലുമൊക്കെ അടയാളങ്ങളാണ്.
Symbolic Poem by P.P. Ramachandran
ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു കൂവല്‍ മാത്രം മതി
ഇവിടെയുണ്ടായി-രുന്നു ഞാനെന്നതി-ന്നൊരു വെറും തൂവല്‍താഴെയിട്ടാല്‍ മതി
ഇനിയുമുണ്ടാകു-മെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി...
നമ്മുടെ കലാകാരന്മാർക്കിപ്പോഴും ആ ചൂടുണ്ട്. നാരായണ ഗുരുവും ഇടമറുകും എ.ടി. കോവൂരും അയ്യൻകാളിയും തുടങ്ങിവെച്ച പ്രസ്ഥാനങ്ങളുടെ കൊടും ചൂട്, അതാണ് നമ്മുടെ കരുത്തും നേട്ടവും.’’
സ്വീകാര്യതയുടെ യുക്തികൾ ഇങ്ങനെയാണ് നിർമിക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ, മാർച്ച് 1ന് വീണ്ടും ഒരു ഫേസ്ബുക്ക് പോസ്റ്റ് കൂടി എഴുതി: ‘മാർക്കോ’കളുടെ ശബ്ദസന്ദേശങ്ങൾ പുറത്തുവരുമ്പോൾ: വീണ്ടും പറയുന്നു, ‘മാർക്കോ’ ഒരു യാദൃച്ഛികതയല്ല. അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത യുവാവും ഒരു യാദൃച്ഛികതയല്ല. താമരശ്ശേരിയിൽ പത്താം ക്ലാസിലെ ട്യൂഷൻ സെന്ററിലെ കുട്ടികൾ നിസ്സാര കാര്യങ്ങളെച്ചൊല്ലി നടത്തിയ ഏറ്റുമുട്ടലും കൊലയും ഒരു യാദൃച്ഛികതയല്ല. ‘മാർക്കോ’ ഒരു വിദൂരതയല്ല, ഒറ്റപ്പെട്ട സംഭവവുമമല്ല. ഒറ്റപ്പെട്ടതാക്കാനുള്ള വ്യഗ്രത എല്ലാ രാഷ്ട്രീയക്കാർക്കുമുണ്ടാകും, അത് സ്വാഭാവികവുമാണ്. ‘മാർക്കോ’ എന്ന് ഇവിടെ വ്യവഹരിക്കുന്ന ആ നിർദിഷ്ട സിനിമയെ അല്ല, ആ പ്രവണത കാട്ടുന്ന മാച്ചോ ‘ആനിമൽ’ സിനിമകളെ പൊതുവിലാണ്. അത് കൊലകൾ ആഘോഷമാക്കുന്ന ഡിജിറ്റൽ പൊളിക്കൽ ഗെയിമുകളിലാണ് അതിന്റെ നാരായവേര്.
തൊണ്ണൂറുകളിൽ ‘തമ്പുരാക്കൾ തിരിച്ചു വരുന്നു’ എന്ന എ. സോമന്റെ ലേഖനം അതെഴുതിയ കാലത്തിന്റെ സാംസ്കാരിക രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്തിയ ഓർമപ്പെടുത്തലായിരുന്നു. ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ ‘താരാപഥം’ ഫിലിം പേജിൽ ആ ലേഖനവും അതിനെ തുടർന്നു നടന്ന ചർച്ചകളും മാതൃഭൂമിക്ക് അകത്തും പുറത്തും വലിയ ചർച്ചയായിരുന്നു. ചർച്ച മുന്നോട്ടു പോയപ്പോൾ ‘തമ്പുരാക്കൾ’ ഇടപെട്ടു. ചർച്ച നിർത്തിെവച്ചു. തമ്പുരാക്കൾ തിരിച്ചുവന്നു കഴിഞ്ഞു എന്നതിന്റെ മാത്രമല്ല, പൊതു ഇടം കവർന്നെടുത്ത് അവർ എല്ലാ ചർച്ചകളും വഴിതിരിച്ചു വിടുന്നു എന്നതിന്റെയും സാക്ഷ്യമായിരുന്നു അത്. സിനിമയുടെ രാഷ്ട്രീയം പിന്നെ ‘താരാപഥം’ ചർച്ച ചെയ്തിട്ടില്ല. ആഴ്ചപ്പതിപ്പിലുമില്ല അതിനൊരിടം. ഒരു ചാനലിലുമില്ല അങ്ങനെ ഒരിടം. പൊതു ഇടങ്ങളുടെ ഉന്മൂലനം കൃത്യമായും തമസ്കരിക്കുന്നത് എന്ത് എന്നത് പുതിയ വിഷയനിർമിതികളിൽ തെളിഞ്ഞു കാണാം. അത് അതിന്റെ വിഗ്രഹങ്ങൾ ആഘോഷിക്കുന്നു.
എ. സോമൻ ഇന്നുണ്ടായിരുന്നെങ്കിൽ ‘മാർക്കോകൾ ഉണ്ടാകുന്നത്’ എന്ന് ആശങ്കപ്പെട്ട് നടക്കുമായിരുന്നു.
‘തമ്പുരാക്കൾ’ എത്ര നിസ്സാരം, ഇത് ‘മാർക്കോ’കളുടെ കാലമാണ്. തൊട്ടയൽപക്കത്തെ ‘സൈക്കോ’ പിടിക്കപ്പെടുന്നതുവരെയും ഒരു ‘ചാമർ’മാത്രമാണ്. ഉള്ളിലെ ‘സൈക്കോ’ നിർണായക നിമിഷത്തിൽ പുറത്തുവരുന്ന രാഷ്ട്രീയ സാംസ്കാരിക കാലാവസ്ഥയാണ് പുറത്ത്. ആ ശൂന്യത രാഷ്ട്രീയ നേതൃത്വങ്ങളിൽനിന്നും കേൾക്കുന്നു. ദസ്തയേവ്സ്കിയുടെ ‘ഭൂതാവിഷ്ടരി’ൽ എന്നപോലെ അണികൾ ആ ഹിംസ ഏറ്റുപാടുന്നു. ‘‘The possessed!’’

ഈ ശൂന്യതയുടെ പരമമായ ആഘോഷമായി മാറുന്നു നമ്മുടെ രാഷ്ട്രീയം. ഇതിൽ നമ്മുടെ കടലുകൾ, കാടുകൾ, പുഴകൾ, ആകാശങ്ങൾ, സ്വപ്നങ്ങൾ, വിത്തുകൾ എല്ലാം അവർ വിറ്റുതുലക്കുന്നു. പകരം നമുക്ക് ‘കുംഭമേള’കൾ തരുന്നു. രാജ്യത്തെ ജനസംഖ്യയുടെ പാതി, 66 കോടിപ്പേർ (!) ആ ബോധശൂന്യതയുടെ മലിനജലത്തിൽ മുങ്ങിത്താഴാൻ എത്തി എന്ന കണക്കിൽ എത്ര വലിയ പെരുപ്പിക്കലുണ്ടായാലും ഒരു കാര്യം വാസ്തവമാണ്, ‘ഭൂതാവിഷ്ടർ’ തൂണിലും തുരുമ്പിലുമുണ്ട്. അത് എന്തുതരം ഫാഷിസമാണ് എന്ന് പഠിച്ചു തീർക്കാൻ ലോകാവസാനം വരെ കഴിയില്ല എന്ന് അതിനെക്കുറിച്ചു നടന്നുപോരുന്ന അടിത്തട്ടിലെ സംവാദങ്ങൾ കാട്ടിത്തരുന്നു. ഹംഗേറിയൻ സംവിധായകൻ സോൾട്ടാൻ ഫാബ്രിയുടെ ‘The Fifth seal’ (1976) എന്ന സിനിമയിൽ അത്തരമൊരു അനന്ത ചർച്ചയുണ്ട്. ‘ഫാഷിസം’ വിഴുങ്ങും മുമ്പുള്ള ‘മെറ്റാഫിസിക്സ്!’
അണികൾ എന്തും ന്യായീകരിച്ച് പരസ്പരം കടിച്ചുകീറുന്നു. എന്തൊരു ദുരന്തമാണിത്. Mass Psychology of Fascism വിൽഹം റീഹ് പഠിപ്പിച്ചത് ഹിറ്റ്ലർ വിഴുങ്ങുന്നതിന് മുമ്പുള്ള പഴയ ജർമൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുരവസ്ഥ കണ്ടാണ്. പോരാടിയതെല്ലാം സ്വീകാര്യമാകുന്നതിന്റെ ദുരവസ്ഥയിലേക്ക് പതിക്കുമ്പോഴും ന്യായീകരണങ്ങൾക്ക് ഒരിടർച്ച പോലുമില്ല എന്നത് അതെല്ലാം എത്രമാത്രം സ്വീകാര്യമായി എന്നതിന് കാലമാറ്റം കാത്തുെവച്ച തെളിവാണ്.
ഒരു രാഷ്ട്രീയത്തെ മാത്രമായി കുറ്റപ്പെടുത്താനില്ല. അധികാരത്തിന്റെ ഭാഷയിലാണ് രാഷ്ട്രീയം സംസാരിക്കുന്നത്. എതിർത്താൽ തീർന്നു, അത് ഓർവെൽ ചൂണ്ടിക്കാട്ടിയ ചിന്താ കുറ്റമാണ്, ചിന്താക്കുറ്റത്തിന്റെ ശിക്ഷ ബാഷ്പീകരണമാണ്. എതിർക്കാതിരുന്നാൽ ‘മിണ്ടാക്കൂലി’ കിട്ടും എന്നത് ശരിയാണ്. പക്ഷേ, എത്രനാൾ ഈ ‘മിണ്ടാക്കൂലി’യും വാങ്ങി ഈ ‘മാർക്കോ’ രാഷ്ട്രീയം കണ്ടുനിൽക്കും എന്നത് ഒരു വലിയ വെല്ലുവിളിയാണ്. യെനസ്കോയുടെ ‘റിനോസറസ്സി’ന്റെ എന്നപോലെ ‘മാർക്കോ’കളുടെ മുക്രയിടൽ എത്രകാലം നാം കേട്ടിരിക്കും?
[പ്രിയ കവി സച്ചിദാനന്ദൻ (ഇപ്പോഴും സാഹിത്യ അക്കാദമി പ്രസിഡന്റും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവുമാണ്) ആശാ വർക്കർമാരുടെ തെരുവിലെ സമരത്തെ പിന്തുണച്ച് ‘ഒപ്പം’ എന്ന വോയ്സ് നോട്ട് പുറപ്പെടുവിച്ചു എന്നതാണ് ഈ ഇടവേളയിൽ കണ്ട ‘മിണ്ടാക്കൂലി’ക്ക് എതിരെ കവിത നടത്തിയ ഒരു സാർഥക കലാപം. ആശാവർക്കർമാരുടെ സമരം ന്യായമാണ്, അത് സർക്കാർ ഒത്തുതീർപ്പാക്കണം എന്നു പറഞ്ഞുള്ള ഒപ്പുകളിൽ ആദ്യത്തെ ഒപ്പ് കവിയുടേതായി. അതൊരു ചെറുപ്രത്യാശയാണ്, അനക്കങ്ങൾ ഉണ്ടാകാതിരിക്കില്ല എന്നതിന്റെ സൂചന.]
1985-86ലാണ് സോവിയറ്റ് റഷ്യയിൽ ഗോർബച്ചേവ് പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റും അഴിച്ചുവിട്ടത്. ആനന്ദിന്റെ ‘മരുഭൂമികൾ ഉണ്ടാകുന്നത്’ ബർലിൻ മതിലിന്റെ പതനത്തിന്റെ (1989 നവംബർ 9)പശ്ചാത്തലത്തിലാണ്. സോഷ്യലിസ്റ്റ് ഈസ്റ്റ് യൂറോപ്പും സോവിയറ്റ് യൂനിയനും ഭൂപടത്തിൽ പൊടിഞ്ഞുവീഴുന്നതിന്റെ ലക്ഷണങ്ങൾ അപ്പോൾ പ്രകടമായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ ആ പതനം പൂർണമായി. മുതലാളിത്തം അഴിച്ചുവിട്ട ‘ആഗോളീകരണം’ എന്ന വിപ്ലവ കൊടുങ്കാറ്റിൽ ഭൂപടം മാറിമറഞ്ഞു. ഇന്ത്യയും അതിൽനിന്നും വിട്ടുനിന്നില്ല. 1991ൽ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിൽ മൻമോഹൻ സിങ് ഇന്ത്യയുടെ മതേതര സോഷ്യലിസ്റ്റ് മുതലാളിത്ത രാഷ്ട്രശിൽപത്തിന്റെ അടിത്തറക്ക് തുരങ്കം പണിതു. ആ തുരങ്കപാതയിലൂടെ കടന്നുവന്നാണ് സംഘ്പരിവാർ ബാബരി മസ്ജിദ് തകർത്തത് (1992 ഡിസംബർ 6). 1947 ആഗസ്റ്റ് 15ന് തുടങ്ങിയ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാന ഭൂതകാല വിച്ഛേദമായിരുന്നു അത്.
‘‘പഴയ ലോകം മരിച്ചുവീഴുകയും പുതിയതിന് പിറക്കാനുള്ള ശക്തി ഇല്ലാതിരിക്കുകയും ചെയ്യുന്ന ആ അന്തരാള ഘട്ടത്തിൽ പലതരം രോഗാതുര ലക്ഷണങ്ങളും രക്തരക്ഷസ്സുകളും പ്രത്യക്ഷപ്പെടുന്നു’’ എന്ന് അന്റോണിയോ ഗ്രാംഷി തന്റെ ജയിൽ ഡയറിയിൽ കുറിച്ചിടുന്നത് 1930ലാണ്. ഇറ്റലിയിൽ അപ്പോൾ ഫാഷിസം എന്തെന്ന് തിരിച്ചറിയപ്പെട്ടിരുന്നു. എന്നാൽ, ഗാന്ധിജി ഇറ്റലി സന്ദർശിച്ച് മുസോളിനിയുമായി കൂടിക്കാഴ്ച നടത്തുന്നത് അതും കഴിഞ്ഞാണ്. 1931 ഡിസംബർ 12ന്. ഗ്രാംഷി അപ്പോൾ ജയിലിനകത്താണ്. ഇറ്റലിയിൽ കൂട്ടക്കൊലകൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മുസോളിനിയെ തള്ളിപ്പറയാൻ ഗാന്ധിജിക്ക് 1935 ആകേണ്ടിവന്നു. തിരിച്ചറിവുകൾ അങ്ങനെയാണ്. ഒരു ഫാഷിസവും പഴയ വേഷത്തിൽതന്നെ തിരിച്ചുവന്നുകൊള്ളണം എന്നില്ല.
1984ലെ ലോക്സഭയിൽ ബി.ജെ.പിക്ക് വെറും രണ്ട് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അപ്പോഴാണ് ടി.കെ. രാമചന്ദ്രനെപ്പോലൊരു സാംസ്കാരിക രാഷ്ട്രീയ ചിന്തകൻ രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഹിന്ദുമത പുനരുത്ഥാന ശക്തികളാണ് എന്ന സിദ്ധാന്തം പറഞ്ഞുതുടങ്ങിയത്. അതാർക്കും എളുപ്പം ദഹിക്കുന്നതായിരുന്നില്ല അന്ന്. ‘‘പുലി വരുന്നേ പുലി വരുന്നേ’’ എന്ന് നിലവിളിക്കുന്ന കുട്ടിയെപ്പോലെ ടി.കെ. രാമചന്ദ്രന്റെ മുന്നറിയിപ്പുകൾ അന്നത്തെ നവീന ഇടത് പക്ഷമോ സി.പി.എമ്മോ സി.പി.ഐയോ സി.പി.ഐ എം.എൽ ഗ്രൂപ്പുകളോ കണക്കാക്കിയിരുന്നില്ല. ടി.കെയുടെ ഒരു ‘പാരനോയിക് ഡൗട്ട്’ എന്ന നിലക്കായിരുന്നു അടുത്ത സുഹൃത്തുക്കൾപോലും അതിനെ കണ്ടിരുന്നത്.

ഹെഗൽ നിരീക്ഷിച്ചതുപോലെ ചരിത്രത്തിൽനിന്നു നാം ഒന്നും പഠിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ചരിത്രപാഠം. സമകാലിക ജീവിതത്തിൽ കണ്ടുവരുന്ന പലതരം രോഗാതുരതകളെ, രക്തരക്ഷസ്സുകളെ ഭിന്ന രീതികളിൽ വ്യാഖ്യാനിച്ചു പോരുന്നുണ്ട്. അധികാരത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങൾക്കു തന്നെയാണ് ഇതിൽ ആധിപത്യം. അവർക്കാണ് ഭൂരിപക്ഷം. പ്രതിപക്ഷ ശബ്ദങ്ങളെ രാഷ്ട്രീയമായി നിശ്ശബ്ദരാക്കാൻ അധികാര/സർക്കാർ സംവിധാനങ്ങളുടെ വക്താക്കളുടെ ന്യായീകരണങ്ങൾ കടുത്തുവരുന്നത് നാം എന്നും കാണാറുണ്ട്. പ്രതിസന്ധികൾ മൂർച്ഛിക്കുമ്പോൾ ന്യായീകരണങ്ങളുടെ കാഠിന്യവും കടുക്കുന്നു.
1991 എന്നത് നമ്മുടെ ആകാശത്ത് ബഹുസ്വരതയുടെ പ്രതീകമായി വന്ന ചാനലുകളുടെ മാത്രമല്ല, ആഗോളീകരണത്തിന്റെ ഇടിച്ചുനിരത്തലുകൾ രാഷ്ട്രീയത്തെയും ഗ്രസിക്കാൻ തുടങ്ങിയ കാലമായിരുന്നു. അതിന് മൂന്നര പതിറ്റാണ്ട് തികയുമ്പോൾ എൺപതുകൾ ഉയർത്തിപ്പിടിച്ചിരുന്ന ജനാധിപത്യ ബോധത്തിൽ അധിഷ്ഠിതമായ സംവാദത്തിന്റെ അപചയം സർവ മണ്ഡലങ്ങളെയും വിഴുങ്ങുന്നതായി കാണാം. അതൊരു പരമശൂന്യത നമ്മുടെ ജീവിതത്തിൽ വളർത്തിയെടുത്തിട്ടുണ്ട്. പോരാട്ടങ്ങളുടെ ഓർമകൾ ചരിത്രത്തിൽനിന്നു തന്നെ ഉന്മൂലനംചെയ്യപ്പെടുന്നു. രാഷ്ട്രീയ പാർട്ടികൾ പ്രത്യയശാസ്ത്ര യുദ്ധങ്ങൾ അവസാനിപ്പിക്കുന്നിടത്ത് രക്തരക്ഷസ്സുകൾ തെരുവിൽ ചോര വാർക്കുന്നു. അത് അധികാരത്തിന്റെ അന്ധനിയമമാണ്. അതിൽനിന്ന് ആർക്കും രക്ഷപ്പെടാനാകില്ല. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ അങ്ങനെയാണ്. ‘മാർക്കോ’ ആ ശൂന്യതയുടെ സൃഷ്ടിയാണ്. ആ കുറ്റബോധത്തിൽനിന്നും നമുക്ക് രക്ഷപ്പെടാനാകില്ല.