കുട്ടികളുടെ സൗഹൃദം: രക്ഷിതാക്കൾ അറിയാൻ ഒത്തിരിയുണ്ട്
text_fields‘‘എനിക്ക് എന്തിനേക്കാളും വലുത് എന്‍റെ കൂട്ടുകാർ തന്നെയാണ്. ഇനി ആരെന്തു പറഞ്ഞാലും അവരെ ഒഴിവാക്കാൻ പറ്റില്ല. അവരെ ഒഴിവാക്കിയാൽ പിന്നെ ഞാൻ സ്കൂളിൽ പോകില്ല’’ -ഒരു പതിനാറുകാരൻ മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ.
‘‘പുതിയ സ്‌കൂളിലേക്ക് എനിക്ക് പോകാനേ തോന്നുന്നില്ല. ക്ലാസിൽ ഒറ്റപ്പെടലാണ്. എന്‍റെ വൈബിനു പറ്റിയ ആരെയും കിട്ടുന്നില്ല. എന്നിട്ടും ഞാൻ അവരോട് കൂടാൻ ചെന്നിട്ടുണ്ട്, പക്ഷേ അവരൊക്കെ ഒരു ഡിസ്റ്റൻസ് ഇട്ടാണ് എന്നോട് പെരുമാറുന്നത്. പഠിപ്പിക്കുന്നത് ശ്രദ്ധിക്കാൻ പോലും പറ്റാതെ ഒരുതരം വീർപ്പുമുട്ടൽ ആണെനിക്ക്’’ -പുതിയ സ്‌കൂളിലേക്ക് എത്തിയത് മുതൽ പഠനത്തിൽ പിന്നാക്കം പോയ ഒരു കൗമാരക്കാരി പറഞ്ഞതിങ്ങനെ.
പലപ്പോഴും മാതാപിതാക്കൾ വളരെയധികം വിഷമിക്കുകയും എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാവുകയും ചെയ്യുന്നതാണ് ഇത്തരം സന്ദർഭങ്ങൾ. മക്കൾക്ക് മറ്റെന്തിനേക്കാളും വലുത് സുഹൃത്തുക്കളാണെന്ന് പറയുമ്പോൾ ഒരുതരത്തിലും അതംഗീകരിച്ചു കൊടുക്കാൻ പല മാതാപിതാക്കൾക്കും കഴിയാറില്ല. ‘എന്തിനു കൂട്ടുകാർക്ക് ഇത്ര പ്രാധാന്യം കൊടുക്കണം, സ്വന്തം കാര്യം/ ജീവിതമല്ലേ നോക്കേണ്ടത്’ എന്നതാണ് അവരുടെ പക്ഷം.
എന്തിനാണ് സൗഹൃദം?
പ്രീസ്കൂളിൽ ചേരുന്ന സമയം മുതൽ കുഞ്ഞുങ്ങൾ സൗഹൃദം ഉണ്ടാക്കാൻ തുടങ്ങുമെങ്കിലും ഏകദേശം ആറു വയസ്സ് കഴിയുന്നത് മുതൽ കൂടുതൽ സൗഹൃദങ്ങൾ സ്ഥാപിക്കാൻ ഇവർ ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങും.
കുട്ടികൾക്കിടയിൽ സമപ്രായക്കാരുമായുള്ള സൗഹൃദങ്ങൾ കേവലം കൂട്ടായ്മ എന്നതിനപ്പുറം അവരുടെ മാനസികവും സാമൂഹികവും വൈകാരികവുമായ വികാസത്തെ സ്വാധീനിക്കുന്ന ഘടകം കൂടിയാണ്. കൂട്ടുകൂടുക അല്ലെങ്കിൽ സൗഹൃദം ഉണ്ടാക്കുക എന്നത് ഏഴ് വയസ്സിനു മുമ്പുള്ള വികാസഘട്ടങ്ങളിൽ കുട്ടികൾ ആർജിച്ചെടുക്കേണ്ട പ്രധാനഗോൾ കൂടിയുമാണ്.
വളർച്ചയുടെ ഓരോ ഘട്ടത്തിലും മനുഷ്യന് വ്യത്യസ്തമായ വ്യക്ത്യാന്തര (ഇന്‍റർപേഴ്സനൽ നീഡ്സ്) ആവശ്യകതകള്‍ ഉടലെടുക്കുകയും അത് തൃപ്തിപ്പെടുത്താൻ സാമൂഹികബന്ധങ്ങൾ സൃഷ്ടിക്കേണ്ടി വരുകയും ചെയ്യുന്നു. ഉദാഹരണത്തിന് രണ്ട് വയസ്സ് വരെ കുട്ടികൾ മറ്റുള്ളവരിൽനിന്ന് പ്രാഥമികമായി ആഗ്രഹിക്കുന്നത് ആർദ്രത അല്ലെങ്കിൽ മമതയാണ്.
എപ്പോഴും ഒരു കൂട്ടുണ്ടാവുക എന്നത് പ്രധാന ആവശ്യമായി മാറുന്നത് രണ്ടു മുതൽ ആറു വയസ്സ് വരെയുള്ള ഘട്ടത്തിലാണ്. എന്നാൽ, ഈ ഘട്ടത്തിൽ ആ ആവശ്യം ഏറക്കുറെ മാതാപിതാക്കളിൽനിന്നും വീട്ടിലെ മുതിർന്നവരിൽനിന്നുമൊക്കെ സാധ്യമാകുന്നുണ്ട്.
എന്നാൽ, ആറു വയസ്സിനു ശേഷം മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുക, തീവ്രമായ സ്നേഹബന്ധം സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആവിർഭവിക്കുന്നതോടെ സമപ്രായക്കാർക്ക് കൂടുതൽ പ്രാധാന്യം കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകുന്നു.
മൊട്ടിട്ടു തുടങ്ങുന്ന സൗഹൃദം
ആദ്യമായി സ്‌കൂളിലെത്തുന്ന കുഞ്ഞുങ്ങളെ സംബന്ധിച്ച് സൗഹൃദങ്ങൾ എന്നത് അവരോടൊപ്പം സമയം ചെലവഴിക്കുകയും കളിക്കുകയും ചെയ്യുന്ന ആരുമാകാം. ചില കുട്ടികൾ പെട്ടെന്ന് തന്നെ മറ്റു കുട്ടികളുമായി ഇടപഴകി കളിക്കാനും സുഹൃത്തുക്കളുടെ പേര് ഓർത്തു പറയാനും ഒക്കെ കഴിയുന്നവരായിരിക്കും.
എല്ലാവരോടും ഓടിനടന്നു മിണ്ടുകയും കളിക്കുകയും ചെയ്യുന്നവരുമുണ്ടാകും. അടുത്ത ദിവസം ക്ലാസിൽ എത്തുമ്പോൾ തന്‍റെ സുഹൃത്തുക്കൾ എത്തിയോ എന്ന് അവർ ശ്രദ്ധിക്കുകയും ചെയ്യും. എന്നാൽ, മറ്റു ചിലർ വളരെ സാവധാനമാകും കൂട്ടുകൂടി തുടങ്ങുക. ചിലർ അധ‍്യാപകരുടെ അടുത്തുനിന്ന് മാറാതെ നിൽക്കുന്നവരും ഒറ്റക്ക് കളിക്കുന്നവരുമൊക്കെയാകും.
ഓരോ ദിവസവും അന്നന്നു കൂടെ കളിക്കാൻ കിട്ടുന്നവരാകും സുഹൃത്തുക്കള്‍. എന്നാൽ, നാല് വയസ്സാകുന്നതോടെ മിക്കവരും ‘ഇവരൊക്കെയാണ് എന്‍റെ സുഹൃത്തുക്കൾ’ എന്ന് പറയുന്ന രീതിയിൽ സൗഹൃദങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. സൗഹൃദങ്ങൾ ഉണ്ടാകുമെങ്കിലും അവ നിലനിർത്താൻ വേണ്ട പല കഴിവുകളും ഈ പ്രായത്തിലുള്ളവർ നേടിയെടുക്കേണ്ടതുണ്ട്.
അതിനാൽ, തന്‍റെ ഊഴം കാത്തുനിൽക്കുക, കളിപ്പാട്ടങ്ങളും മറ്റും പങ്കുവെക്കുക, കളികളിലും മറ്റ് പ്രവൃത്തികളിലും സഹകരിക്കുക, വികാരങ്ങൾ നിയന്ത്രിക്കുക, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുക തുടങ്ങി പലകാര്യങ്ങളിലും അധ‍്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയും പ്രോത്സാഹനവും ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ട്.
കുറച്ചുകൂടി മുതിര്‍ന്നു കഴിയുമ്പോള്‍ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കൂടെ കൂടുന്നവരാകും സുഹൃത്തുക്കള്‍ ആവുക. അതൊരു മിഠായി പങ്കുവെക്കുന്നതോ ബസില്‍ സീറ്റ് പിടിച്ചുവെക്കുന്നതോ എന്തുമാകാം. ഈ പ്രായത്തിലാണ് കുട്ടികള്‍ സൗഹൃദത്തില്‍ വിലപേശൽ നടത്തുന്നത്. ‘നീ അത് ചെയ്താല്‍ ഞാന്‍ നിന്‍റെ സുഹൃത്ത് ആകാം’ എന്ന് പറയുന്നതു ഈ പ്രായക്കാര്‍ക്കിടയില്‍ സാധാരണയാണ്.
പ്രൈമറി ക്ലാസുകളിലേക്ക് എത്തുന്നതോടെ കുട്ടികള്‍ സുഹൃത്തിന്‍റെ കാഴ്ചപ്പാടുകള്‍ കൂടി മനസ്സിലാക്കാന്‍ തുടങ്ങുന്നു. മാത്രമല്ല, താന്‍ സുഹൃത്തിന് ഒരു മിഠായി കൊടുത്താല്‍ മറ്റൊരവസരത്തില്‍ അയാളും തനിക്കതുപോലെ തിരിച്ചു തരണം എന്നവര്‍ പ്രതീക്ഷിക്കുന്നു. അത് കിട്ടിയില്ലെങ്കില്‍ അയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയും ചെയ്യാം. ഒരേ താൽപര്യമുള്ളവര്‍ കൂട്ടംചേര്‍ന്ന് ചെറിയ ഗ്രൂപ്പുകളും ഈ പ്രായത്തില്‍ ഉണ്ടാക്കാറുണ്ട്.
സൗഹൃദം കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു?
ഒരാളുടെ ജീവിതത്തിൽ സൗഹൃദത്തിനുള്ള പങ്കിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. നല്ല രീതിയിലും മോശം രീതിയിലും ഒരു വ്യക്തിയെ സ്വാധീനിക്കാനുള്ള കഴിവ് സുഹൃത്തുക്കള്‍ക്കുണ്ട്. കുട്ടികളെ സംബന്ധിച്ചാണെങ്കിൽ പ്രീസ്‌കൂളിൽ ചേരുന്നതോടെയാണ് അവർ ആദ്യമായി സ്വന്തം കംഫർട്ട് സോൺ വിട്ട് മറ്റൊരു സ്ഥലത്ത് നിൽക്കേണ്ടിവരുന്നത്.
ഈ സമയത്ത് പൊരുത്തപ്പെടാനാവശ്യമായ സാമൂഹിക നൈപുണികളും വൈകാരിക പിന്തുണയുമൊക്കെ സമപ്രായക്കാരോടുള്ള ഇടപഴകലുകളിൽനിന്ന് ലഭിക്കുന്നുണ്ട്. ഒരാൾ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുന്നതും ഒരാളോട് കാര്യങ്ങൾ എപ്പോൾ, എങ്ങനെ പറയണമെന്നതും ബന്ധങ്ങൾ നിലനിർത്താൻ വേണ്ട കഴിവുകളാണ്. ഈ കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ സൗഹൃദങ്ങൾ നൽകുന്നു.
സമപ്രായക്കാരെ അനുകരിക്കാനുള്ള പ്രവണത കുട്ടികൾക്കുള്ളത് കൊണ്ടുതന്നെ സുഹൃത്തുക്കളുടെ നല്ലതോ ചീത്തയോ ആയ പല ശീലങ്ങളും കുട്ടികളിലേക്ക് എത്താം. മദ്യം, മയക്കുമരുന്ന്, അക്രമ പ്രവർത്തനങ്ങൾ തുടങ്ങി പലകാര്യങ്ങളിലും ഏർപ്പെടുന്നത് സുഹൃത്തുക്കളുടെ സ്വാധീനവും സമ്മർദവും കാരണമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ സൗഹൃദങ്ങളെ ഭയപ്പെടാൻ തുടങ്ങിയതും കൂട്ടുകെട്ടുമൂലം കുട്ടികൾ പല അപകടങ്ങളിലും അകപ്പെടാൻ തുടങ്ങിയതോടെയാണ്. എന്നാൽ, ഈ അമിതഭയം കാരണം കുട്ടികളെ ആരോടും ഇടപെടാൻ അനുവദിക്കാതെ വളർത്തിയാൽ അതിലേറെ പ്രശ്നങ്ങൾ ഉണ്ടാകാം.
കൗമാരവും സൗഹൃദവും
കൗമാരപ്രായത്തിലേക്ക് എത്തുന്നതോടെ പരസ്പരം സഹായിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സൗഹൃദങ്ങള്‍ കൂട്ടാകുന്നു. അതുപോലെ ഈ പ്രായത്തില്‍ കുട്ടികൾക്ക് പല കാര്യങ്ങളും മാതാപിതാക്കളോട് പറയാൻ മടി തോന്നാം. മാതാപിതാക്കൾ എത്ര സ്വാതന്ത്ര്യവും സൗഹൃദവും നൽകുന്നവരാണെങ്കിലും എല്ലാ കാര്യങ്ങളും അവരോട് തുറന്നു പറയാൻ തോന്നണമെന്നില്ല.
അതുപോലെ കൂട്ടുകാർക്കാണ് തന്നെ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുന്നത് എന്ന തോന്നലും കൗമാരക്കാരുടെ പ്രത്യേകതയാണ്. പക്വതയുള്ള സൗഹൃദം ഉണ്ടാകാന്‍ തുടങ്ങുന്നത് യൗവനത്തിലേക്കു കടക്കുന്ന പ്രായത്തിലാണ്.
ആൺ-പെൺ സൗഹൃദങ്ങൾ
ആൺ-പെൺ സൗഹൃദങ്ങൾ ഇന്നത്തെ കുട്ടികൾക്കിടയിൽ സാധാരണയായ ഒന്നാണ്. എന്നാൽ, പല വീടുകളിലും പല സ്‌കൂളുകളിലും ആൺകുട്ടികളും പെൺകുട്ടികളും കൂട്ടുകൂടുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുകളുണ്ട്. സൗഹൃദത്തിന്‍റെ പേരുപറഞ്ഞു പലപ്പോഴും കുട്ടികൾ മാതാപിതാക്കളെ കബളിപ്പിക്കുന്നതാണ് അവരുടെ വിശ്വാസം നഷ്ടപ്പെടാനുള്ള ഒരു കാരണം.
ഈ പ്രായത്തിൽ പ്രണയവും സ്വാഭാവികമാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കുകയും അതിനെ പക്വതയോടെ കൈകാര്യം ചെയ്യാൻ കഴിയുകയും ചെയ്താൽ കുട്ടികൾ എതിര്‍ലിംഗത്തില്‍ ഉള്ളവരുമായുള്ള സൗഹൃദത്തിന്‍റെ കാര്യത്തില്‍ കള്ളം പറയുകയോ മറച്ചുവെക്കുകയോ ചെയ്യുന്നത് ഒരു പരിധി വരെ ഒഴിവാക്കാം.
മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന ഭയമുള്ളതിനാലാണ് കുട്ടികൾ പ്രണയവും എതിര്‍ലിംഗത്തിലുള്ളവരുമായുള്ള സൗഹൃദവും മറച്ചുവെക്കുന്നതെന്ന് മനസ്സിലാക്കുക. ആൺ-പെൺ സൗഹൃദങ്ങൾ എതിർലിംഗത്തിൽ ഉള്ളവരെ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു. മാത്രമല്ല പലപ്പോഴും എതിർലിംഗത്തിലുള്ള സുഹൃത്തുക്കളോട് കുട്ടികൾക്ക് കൂടുതൽ തുറന്ന് സംസാരിക്കാൻ കഴിയാറുണ്ട്.
മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍
● സൗഹൃദങ്ങൾ പ്രധാനപ്പെട്ടത് ആണെങ്കിലും കുടുംബവുമൊത്തു സമയം ചെലവഴിക്കേണ്ടതും അതുപോലെ പ്രാധാന്യമുള്ളതാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. കുടുംബവുമൊത്തു ചെലവഴിക്കുന്ന സമയങ്ങളിൽ കൂട്ടുകാരോട് ചാറ്റ് ചെയ്യുന്നതും സംസാരിക്കുന്നതും നിയന്ത്രിക്കണമെന്ന് കുട്ടികളും മനസ്സിലാക്കുക.
● സ്‌കൂളുകളിലെ വിശേഷ ദിവസങ്ങളിൽ മാതാപിതാക്കൾക്ക് പങ്കെടുക്കാൻ കിട്ടുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക. ഇത്തരം അവസരങ്ങളിൽ കുട്ടിയുടെ സുഹൃത്തുക്കളെ കാണാനും അവർ തമ്മിലുള്ള ഇടപഴകലുകൾ നിരീക്ഷിക്കാനും മാതാപിതാക്കൾക്ക് കഴിയും.
● സൗഹൃദങ്ങൾ തലവേദനയാകുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. ഉറ്റസുഹൃത്ത് എന്ന കാറ്റഗറിയിൽപെടുന്നവർ തന്നെയാകും പലപ്പോഴും ഇത്തരത്തിൽ ടോക്സിക് ബന്ധങ്ങൾ ആയി മാറുന്നത്. വഴക്കുകളോ ഉപദ്രവങ്ങളോ മാത്രമല്ല ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അമിതാശ്രയത്വം, പൊസസിവ്നെസ്, സുഹൃത്തിനെ അമിതമായി നിയന്ത്രിക്കുക തുടങ്ങിയവയൊക്കെയും അനാരോഗ്യകരമാണെന്ന് കുട്ടികളെ മനസ്സിലാക്കിക്കുക. ഒരു സൗഹൃദത്തിൽ രണ്ടുപേരിൽ ഒരാൾക്കെങ്കിലും ഇത്തരം ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
● എത്രമാത്രം ഉറ്റസുഹൃത്ത് ആണെങ്കിലും അവരോടൊപ്പം ചെലവഴിക്കേണ്ട സമയത്തിന് പരിധി നിശ്ചയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക.
● ഉറ്റസുഹൃത്തുക്കളായ കുട്ടികളുടെ കുടുംബത്തെ പരിചയപ്പെടുന്നതും സൗഹൃദം സൂക്ഷിക്കുന്നതും നല്ലതാണ്. കൂടാതെ കുട്ടികളുടെ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കുന്നതും അവരുടെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും മനസ്സിലാക്കാൻ സഹായിക്കും.
● സ്കൂൾ മാറുന്നതുകൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ ഉറ്റസുഹൃത്തിനെ വേർപിരിയേണ്ടിവരുന്നതോ നഷ്ടപ്പെടുന്നതോ കുട്ടികൾക്ക് വലിയ വേദന ഉണ്ടാക്കുന്നത് തന്നെയാണ്. അത് മനസ്സിലാക്കി ആ സമയം അവർക്കുവേണ്ട പിന്തുണ നൽകാം. അകന്നിരുന്നു കൊണ്ടും സൗഹൃദങ്ങൾ സൂക്ഷിക്കാൻ കുട്ടികളെ പരിശീലിപ്പിക്കാം.
● സുഹൃത്തുക്കൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടികൾക്ക് ജീവിതത്തിൽ പ്രതിസന്ധികളെ നേരിടാൻ കിട്ടുന്ന അവസരങ്ങളായി കരുതുക. അവരുടെ പ്രശ്നങ്ങൾ തുറന്നുപറയുമ്പോൾ മുൻവിധികളില്ലാതെ കുറ്റപ്പെടുത്താതെ സശ്രദ്ധം കേൾക്കുക. പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാതെ അഭിമുഖീകരിക്കാൻ പിന്തുണ നൽകുക.
അധ്യാപകർ ശ്രദ്ധിക്കേണ്ടത്
വലിയ ക്ലാസുകളിലേക്ക് എത്തുന്നതോടെ കുട്ടികൾക്ക് സ്കൂളിൽ കൂട്ടംചേർന്ന് സ്വതന്ത്രമായി കളിക്കാനുള്ള അവസരം കുറയുന്നു. സാധാരണയായി കളികളിൽ ഏർപ്പെടുമ്പോഴാണ് കുട്ടികളുടെ സൗഹൃദങ്ങളും മെച്ചപ്പെടുന്നത്. ഇടവേളകളിലും കളിക്കാനുള്ള സമയങ്ങളിലും കുട്ടികളെ സ്വതന്ത്രമായി കളിക്കാൻ അനുവദിച്ചാൽ സ്വാഭാവികമായും അവർ മറ്റു ക്ലാസുകളിലുള്ളവരുമായി പരിചയവും സൗഹൃദങ്ങളും സ്ഥാപിക്കും.
പല സ്‌കൂളുകളിലും പ്രത്യേകിച്ച് സ്വകാര്യ സ്‌കൂളുകളിൽ കണ്ടുവരുന്ന പ്രവണതയാണ് ഓരോ വർഷവും കുട്ടികളെ ഇടകലർത്തി ഡിവിഷൻ മാറ്റുക എന്നത്. ഓരോ വർഷവും കുട്ടി പഠിക്കുന്നത് പല ഡിവിഷനുകളിലായിരിക്കും. അതുകൊണ്ടുതന്നെ കൂട്ടുകാരും മാറിക്കൊണ്ടിരിക്കും. ഇത് പല കുട്ടികൾക്കും വലിയ വിഷമം ഉണ്ടാക്കാറുണ്ട്. അതോടെ സ്കൂൾ തുറക്കുമ്പോൾ പോകാനേ തോന്നുന്നില്ല എന്ന് പറയുന്ന കുട്ടികളുണ്ട്.
ഒരു ബാച്ചിലെ എല്ലാ കുട്ടികളോടും പരിചയമുണ്ടാകും, കുട്ടികൾ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാൻ പഠിക്കും എന്നൊക്കെയുള്ള നല്ല വശങ്ങൾ പറഞ്ഞാണ് ഇത് ചെയ്യുന്നത് എങ്കിലും കുട്ടികൾക്ക് ഇത് വൈകാരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. ഒരു വ്യക്തിയുമായി ആത്മബന്ധം ഉണ്ടാക്കാനോ ദീർഘകാല സൗഹൃദം നിലനിർത്താനോ ഉള്ള സാഹചര്യമാണ് കുട്ടികൾക്ക് ഇതിലൂടെ നഷ്ടമാകുന്നത്.
ഒരു സുഹൃത്തുമായി ദീർഘകാല സൗഹൃദം നിലനിർത്താൻ പല ജീവിത നൈപുണികളും കുട്ടികൾ നേടേണ്ടതുണ്ട്. ഓരോ വർഷവും ഡിവിഷൻ മാറ്റുന്നതോടെ അതിനുള്ള അവസരം നഷ്ടമാകുന്നു. മാത്രമല്ല, സൗഹൃദം സ്ഥാപിക്കാൻ ഇത്തിരി സമയം എടുക്കുന്ന കുട്ടിയാണെങ്കിൽ അക്കാദമിക വർഷത്തിന്‍റെ പകുതിയോടടുക്കുമ്പോഴാകും സുഹൃത്തിനെ കിട്ടുക. ഒന്നടുത്തുവരുമ്പോഴേക്കും ആ വർഷം കഴിയുകയും ചെയ്യും.
ഓരോ വർഷവും മാതാപിതാക്കൾ തമ്മിലുള്ള സൗഹൃദങ്ങളും ഇതിലൂടെ മാറുകയാണ്. ഒരു ക്ലാസിലെ കുട്ടികളുടെ മാതാപിതാക്കൾ തമ്മിൽ ഒരു ആത്മബന്ധം ഉണ്ടെങ്കിൽ പരസ്പര സഹകരണത്തോടെ കുട്ടികൾക്ക് കൂടുതൽ സുരക്ഷ നൽകാനും തമ്മിൽ സംസാരിക്കുമ്പോൾ കുട്ടികളുടെ പല പ്രശ്നങ്ങളും അവർക്ക് നേരത്തേ അറിയാനും ഇടപെടാനും പരിഹരിക്കാനും കഴിയും.
സൗഹൃദവും ടെക്നോളജിയും
കാണാപ്പുറത്തെ സൗഹൃദങ്ങൾ സോഷ്യൽ മീഡിയയുടെ പ്രത്യേകതയാണ്. ലോകത്തിന്‍റെ ഏത് കോണിലുമുള്ള ആൾക്കാരുമായി സൗഹൃദം സ്ഥാപിക്കാൻ ഇന്ന് പ്രയാസമില്ല. നേരിട്ടുള്ള സൗഹൃദങ്ങളിലെപ്പോലെ തന്നെയുള്ള അടുപ്പവും ആത്മബന്ധവുമൊക്കെ പല ഓണ്‍ലൈന്‍ സൗഹൃദങ്ങളിലും ഉണ്ടാകാറുണ്ട്.
ഒരുപാട് നല്ല വശങ്ങൾ ഉണ്ടെങ്കിലും അതുപോലെ തന്നെ ചതിക്കുഴികളും നിറഞ്ഞതായതിനാല്‍ കുട്ടികള്‍ ഈ പ്ലാറ്റ്ഫോമിലെ സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യാജ ഐ.ഡികൾ വഴി സൗഹൃദവും പ്രണയവും നടിച്ചു കുട്ടികളെ അപായപ്പെടുത്തുന്നവർ മുതൽ മയക്കുമരുന്ന്, സെക്സ് റാക്കറ്റുകൾ വരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകാം എന്ന ബോധം കുട്ടികൾക്കുണ്ടാകണം.