അർബുദരോഗികൾക്ക് ‘പ്രത്യാശ’യായി ഒരു ഡോക്ടറമ്മ
text_fieldsഡോ. കുസുമ കുമാരി പ്രത്യാശയിലെ കുട്ടികളോടൊപ്പം. ചിത്രങ്ങൾ: മുസ്തഫ അബൂബക്കർ
അർബുദം കാർന്നുതിന്നുന്ന കുഞ്ഞുങ്ങളുടെ മാത്രമല്ല, മക്കളുടെ രോഗം തിരിച്ചറിയുന്നതോടെ തളരുന്ന മാതാപിതാക്കളുടെയും അമ്മയാണ് ഡോ. കുസുമ കുമാരി
ആമുഖമേതും ആവശ്യമില്ലാത്ത കാരുണ്യത്തിന്‍റെ മുഖമാണിത്. ഭൂമി അമ്മയാണെങ്കിൽ ഈ അമ്മ ആകാശത്തോളം വിശാലം. അർബുദം കാർന്നുതിന്നുന്ന കുഞ്ഞുങ്ങളുടെ മാത്രമല്ല, മക്കളുടെ രോഗം തിരിച്ചറിയുന്നതോടെ തളരുന്ന മാതാപിതാക്കളുടെയും അമ്മയാണ് ഡോ. കുസുമ കുമാരി.
രാജ്യത്ത് ആദ്യം മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ച രണ്ട് സൂപ്പർ സ്പെഷാലിറ്റി പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിൽ ഒന്നിനൊപ്പം നടന്നയാൾ. സ്വകാര്യ ചികിത്സയോ ആശുപത്രി പ്രാക്ടിസോ ചെയ്തിരുന്നെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാമായിരുന്ന മേൽവിലാസം.
സർവിസ് കാലത്ത് തുടങ്ങിവെച്ച സേവനങ്ങളുടെ തുടർച്ചയായി ‘പ്രത്യാശ’യെന്ന കൂട്ടായ്മയുമായി 73ാം വയസ്സിലും കർമനിരത. തിരുവനന്തപുരം റീജനൽ കാൻസർ സെന്‍ററിൽ (ആർ.സി.സി) ചികിത്സക്കെത്തുന്ന കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും താങ്ങും തണലും.
മറ്റു ക്ഷേമപ്രവർത്തനങ്ങൾക്കു പുറമെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സ കാലയളവിൽ താമസം, ആഹാരം, കൗൺസലിങ് എന്നിവ സൗജന്യമായി നൽകുന്നു ‘പ്രത്യാശ’. ഒരേസമയം 10 കുടുംബമാണ് പ്രത്യാശയിൽ കഴിയുന്നത്.
ഒരു കുടുംബത്തിന് പ്രതിമാസം 15,000 രൂപയോളം ചെലവു വരും. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള കുമാരപുരത്ത് ചെറിയൊരു വീട്ടിലാണ് പ്രത്യാശ. വിദൂര ദേശങ്ങളിൽനിന്ന് അർബുദ ചികിത്സക്കായി ആർ.സി.സിയിൽ എത്തുന്ന പാവപ്പെട്ടവരുടെ ‘പ്രത്യാശ’യാണ് ആ വീടും അതിന്‍റെ രക്ഷാധികാരി ഡോ. കുസുമ കുമാരിയും.
1984ൽ ഒരു ഡോക്ടറും കുറെ കുഞ്ഞുങ്ങളും മാത്രമായി തുടങ്ങിയതാണ് തിരുവനന്തപുരം ആർ.സി.സിയിലെ കുട്ടികളുടെ വാർഡ്. രണ്ടു കസേരയും ഒരു മേശയുമടങ്ങുന്ന ഒറ്റമുറി. അതിനെ വലിയൊരു നഴ്സറി സ്കൂളുപോലെയാണ് അന്ന് വിഭാവനം ചെയ്തത്.
ചുമരിൽ ചിത്രപ്പണികൾ, കളിക്കോപ്പുകൾ, തിയറ്റർ അങ്ങനെ. മൂന്നര പതിറ്റാണ്ടിന്‍റെ സേവനം കഴിഞ്ഞ് ഡോ. കുസുമ കുമാരി 2017ൽ വകുപ്പു മേധാവിയായി വിരമിക്കുന്നതുവരെ ആ വാർഡ് കുട്ടികൾക്ക് പള്ളിക്കൂടവുമായിരുന്നു. ആ കാൻസർ വാർഡിൽനിന്ന് 40 വയസ്സ്.
ഡോ. കുസുമ കുമാരി കുടുംബത്തോടൊപ്പം
കുട്ടികളുടെ കാൻസർ വാർഡ്
ആർ.സി.സിയിൽ കുട്ടികളുടെ കാൻസർ വാർഡ് തുടങ്ങുമ്പോൾ ആർക്കും കാര്യമായി ഒന്നും അറിയില്ലായിരുന്നു. സ്ഥലംമാറ്റം ഇല്ലാതിരിക്കാൻവേണ്ടി മാത്രമാണ് ഡോക്ടർ ആ ജോലി സ്വീകരിക്കുന്നത്.
ആദ്യം അധ്യാപകരെല്ലാം അവരെ നിരുത്സാഹപ്പെടുത്തിയെങ്കിലും മൂന്നു വയസ്സു മാത്രമുള്ള സ്വന്തം കുഞ്ഞിനെ നോക്കണമെങ്കിൽ ഇവിടെ നിൽക്കണമെന്നായിരുന്നു അവരുടെ തീരുമാനം. അതിലൂടെ കുട്ടികളുടെ അർബുദം ചികിത്സിക്കുന്ന മികച്ചൊരു ഡോക്ടറെ കേരളത്തിന് ലഭിച്ചു.
ഒരു മുറിയും മൂന്നോ നാലോ രോഗികളുമായിരുന്നു അന്ന് കാൻസർ വാർഡിനുണ്ടായിരുന്നത്. പൂർവ മാതൃകകളൊന്നുമില്ല. മരുന്നിനും ക്ഷാമം. ഒന്നോ രണ്ടോ മാസം കഴിയുമ്പോഴേക്കും പലരും മടുത്ത് ചികിത്സ ഉപേക്ഷിച്ചു പോകും. ആ കുട്ടികൾ പിന്നെന്തായിക്കാണും എന്ന് ആലോചിക്കുമ്പോൾ ഇന്നും അവരുടെ ഉള്ളുപിടയുന്നത് മനസ്സിലാകും.
അർബുദം വന്ന ആരെങ്കിലും ഇതുവരെ രക്ഷപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തോടെയാണ് പലരും ആശുപത്രിയിലെത്തുക. ചികിത്സയെടുത്താൽ മാറും എന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും ആരുമത് വിശ്വസിക്കാറില്ല. തുടക്കത്തിലൊന്നും അസുഖം മാറി തിരിച്ചുപോയവരെ കാണിച്ചുകൊടുക്കാൻ കഴിയില്ലായിരുന്നുവെന്ന് ഇടറിയ സ്വരത്തിൽ ഡോക്ടർ ഓർക്കുന്നു.
എൻജോയ് വിത്ത് കാൻസർ
കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട ഡോക്ടറുടെ അനുഭവം ഒരു പാഠമാണ്. 2013 ജൂണിലാണ് ഡോക്ടർക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. എൻജിനീയറായിരുന്ന ഭർത്താവ് ചന്ദ്രശേഖരൻ നായർ വി.എസ്.എസ്.സിയിൽനിന്ന് വിരമിച്ച് സ്വകാര്യ കോളജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചിരുന്നു ആ സമയം. കോളജിൽ ക്ലാസ് തുടങ്ങുന്നതിനു മുമ്പേ ആയതിനാൽ അദ്ദേഹം ഒരു സെമസ്റ്റർ അവധിയെടുത്തു. ഒപ്പം ഡോക്ടറും അവധിക്ക് അപേക്ഷിച്ചു.
വീട്ടിലെ കാര്യങ്ങൾ പൂർണമായും ഭർത്താവ് ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ഡോക്ടർക്ക് വീട്ടിലും ആശുപത്രിയിലും ഒരു ഉത്തരവാദിത്തവുമില്ല. അതോടെ ആറുമാസം ഫുൾടൈം ഹാപ്പി. ഇത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല -പൊട്ടിച്ചിരിച്ചുള്ള ഡോക്ടറുടെ സംസാരം കേട്ടാൽ ഇത്ര നിസ്സാരമോ അർബുദമെന്ന് ചിന്തിച്ചുപോകും.
ചിരിച്ചു നേരിട്ട സ്തനാർബുദം
അർബുദം കണ്ടെത്തിയാൽ കീമോയും റേഡിയോതെറപ്പിയുമെല്ലാം വേണ്ടിവരുമെന്ന് മനസ്സിലാക്കി അതിന് സ്വയം തയാറാകലാണ് ആദ്യഘട്ടം. കീമോ എടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം അതിന്‍റേതായ ബുദ്ധിമുട്ടുണ്ട്. അതിനെ എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ചാകും ചികിത്സയുടെയും ഫലം. കീമോ എടുത്താൽ വായിലെ തൊലി പോവുകയും ഓക്കാനാവും ഛർദിയും ഉണ്ടാവുകയും ചെയ്യും.
അതോടെ ആഹാരത്തിന് രുചിയുമുണ്ടാകില്ല. എരിവു കാരണം മിക്കതും കഴിക്കാനും കഴിയാത്ത അവസ്ഥ. ചികിത്സ തുടങ്ങുന്നതു മുതൽ ഇതൊക്കെ പ്രതീക്ഷിക്കണം. അതിനനുസരിച്ച് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തണം. ശരീരത്തിന്‍റെ നിലനിൽപിനും ആരോഗ്യത്തിനും ഡോക്ടർമാർ നിർദേശിക്കുന്ന തരത്തിലുള്ള ആഹാരം കഴിച്ചേ തീരൂ. തന്‍റെ ചികിത്സ കാലത്ത് തൈരായിരുന്നു ഡോ. കുസുമ ഇങ്ങനെ തിരഞ്ഞെടുത്ത ആഹാരം. തൈരിന് ഉപ്പും എരിവുമൊന്നുമില്ലെങ്കിലും പ്രയാസമില്ലാതെ കഴിക്കാം. ഒപ്പം അത്യാവശ്യം പ്രോട്ടീൻ കിട്ടുമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
ഡോക്ടർമാരുടെ നിർദേശപ്രകാരം ഇതുപോലെ ഓരോരുത്തരും അനുയോജ്യവും അനുവദനീയവുമായ ആഹാരം സ്വീകരിക്കാൻ തയാറാകണമെന്നാണ് ഡോക്ടർ നൽകുന്ന ഉപദേശം.
ഉറക്കമില്ലാത്ത രാവുകൾ
മരുന്നിന്‍റെയും തെറപ്പികളുടെയും തുടർച്ചയായി ചികിത്സനാളിൽ മിക്കവർക്കും ഉറക്കം നഷ്ടപ്പെടുന്നത് പതിവാണ്. വളരെ ലളിതമായാണ് ഡോക്ടർ ഈ പ്രശ്നത്തെയും നേരിട്ടത്. സാധാരണ നന്നായി ഉറങ്ങിയില്ലെങ്കിൽ അടുത്ത ദിവസം ശരിയായി ജോലി ചെയ്യാൻ പറ്റില്ല എന്നവർക്ക് ബോധ്യമുണ്ട്. ചികിത്സക്കായി അവധിയിലായതിനാൽ രാത്രി തന്നെ ഉറങ്ങണം എന്ന നിർബന്ധമില്ല. ഉറക്കമല്ലേ, എപ്പോഴെങ്കിലും വരുമ്പോൾ വരട്ടെയെന്നാണ് ഡോക്ടർ പറയുന്നത്.
കീമോതെറപ്പി തുടങ്ങിയാൽ മുടി പോകുന്നതിനെ കുറിച്ചാണ് ചിലരുടെ പ്രധാന പേടിയെന്ന് ഡോക്ടർ പറയുന്നു. മുടി പോകുമെന്ന് ആദ്യമേ എല്ലാവർക്കും അറിയാം. എങ്കിൽ പിന്നെ തളരേണ്ട കാര്യമില്ലല്ലോ എന്നാണ് ഡോക്ടറുടെ ചോദ്യം. മനുഷ്യശരീരത്തിന്‍റെ പ്രവർത്തനത്തിന് ദോഷകരമായി ഒന്നും സംഭവിക്കാത്ത പ്രവൃത്തിയാണ് മുടികൊഴിച്ചിൽ. മറ്റേതെങ്കിലും അവയവമായിരുന്നു പോകുന്നതെങ്കിലോ എന്ന് ആലോചിച്ചാൽ പോരേ. അങ്ങനെയാരും ചിന്തിക്കില്ല.
ഭയമല്ല വേണ്ടത് ധൈര്യം
അർബുദമെന്ന് കേട്ടാൽ ആദ്യം മനസ്സിലൊരു ഭാരം വന്നു പതിക്കുകയാണ് ചെയ്യാറെന്ന് പലരും തങ്ങളുടെ കാൻസർ അനുഭവത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. താനൊരു അർബുദ രോഗിയാണെന്ന് അറിഞ്ഞാൽ മറ്റുള്ളവരെന്ത് വിചാരിക്കും എന്ന് ആലോചിച്ച് വിഷമിക്കുന്നവരാണ് മിക്കവരും.
മറ്റേതൊരു രോഗത്തെയും പോലെയാണ് അർബുദമെന്ന് തിരിച്ചറിഞ്ഞ് അതിനെ നേരിടേണ്ടതിനു പകരം ഞാനത്രക്കും കരുതിയല്ലേ ജീവിച്ചത്, എനിക്കുമീ രോഗം വന്നോ, മറ്റുപലർക്കുമല്ലേ ഈ രോഗം വരേണ്ടത് എന്നൊക്കെയാണ് പലരും ചിന്തിക്കുക. എന്നാൽ, ഡോക്ടറെ ഇതൊന്നും ബാധിച്ചില്ല. അർബുദത്തെ ഭയക്കുന്നതാണ് പ്രധാന പ്രശ്നം. ആറുമാസം ഒരു ജോലിയും ചെയ്യാതെ ജീവിക്കാം എന്നോർത്ത് അത് നന്നായി ആസ്വദിച്ചങ്ങ് പോണം, അത്രതന്നെ -വീണ്ടും ശ്വാസം കിട്ടാത്തവിധം ചിരിക്കുന്ന ഡോക്ടറുടെ മുഖത്തപ്പോഴും പ്രകാശം.
അർബുദ ചികിത്സ കാലത്തെ അസഹ്യ വേദനയെ ചില മരുന്നെടുക്കുമ്പോൾ നല്ല വേദനയായിരിക്കുമെന്ന് ചുരുക്കിക്കൊണ്ട് ഡോക്ടർ തുടർന്നു. വേദനയുണ്ടാകുമെന്നത് അംഗീകരിച്ച് മനസ്സിനെ പാകപ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല. എനിക്ക് ഒരു മോനേ ഉള്ളൂ, മറ്റു പ്രാരബ്ധങ്ങളോ പ്രശ്നങ്ങളോ ഒന്നുമില്ല. വിവാഹം കഴിഞ്ഞ് മകൻ സെറ്റിലായിട്ടുമുണ്ട്. മറ്റു വിഷമങ്ങളൊന്നുമില്ല.
വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഭർത്താവ് സന്നദ്ധനാണ്. അങ്ങനെ ചില സൗകര്യം എനിക്കുണ്ട്. അതുകൊണ്ട് തന്നെ എല്ലാവർക്കും എന്നെപ്പോലെ ആകാൻ കഴിയണമെന്നില്ല എന്നു പറഞ്ഞ ഡോക്ടർ ചൂണ്ടിക്കാട്ടിയ ഉദാഹരണം ഹൃദയം നുറുങ്ങുന്നതാണ്. പത്തു വയസ്സിനു താഴെയുള്ള രണ്ടു കുഞ്ഞുങ്ങളുടെ ഒരമ്മ. നാലാമത്തെ സ്റ്റേജിലാണ് അവർക്ക് സ്തനാർബുദം തിരിച്ചറിയുന്നത്. ചികിത്സ ഫലിക്കുമോ എന്നുതന്നെ സംശയം.
തന്‍റെ രണ്ടു കുട്ടികളുടെ ഭാവിയും സ്വന്തം ജീവിതവും ആലോചിച്ച് ആ അമ്മ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കരയുന്ന ചിത്രം വിവരിക്കുമ്പോൾ ഡോക്ടറുടെ കണ്ണുനിറയുന്നു. ഇതുപോലുള്ളവർ ലാഘവത്തോടെ അസുഖം നേരിടണമെന്ന് പറയാനാവില്ലെന്നും കണ്ണുതുടച്ചുകൊണ്ടവർ കൂട്ടിച്ചേർക്കുന്നു.
എം.ബി.ബി.എസ് കഴിഞ്ഞ് ജീവിതത്തിൽ ഇത്രയും റിലാക്സ് ചെയ്തത് അർബുദ ചികിത്സക്കിടയിലെ ആ ആറുമാസക്കാലമാണെന്ന് ഉറപ്പിച്ചുപറയുന്ന ഡോക്ടർ എല്ലാവർക്കും നൽകുന്ന സന്ദേശവും അതുതന്നെ. കൃത്യമായ ചികിത്സയും ആത്മധൈര്യവും ഉണ്ടെങ്കിൽ അർബുദം ഭേദമാകുമെന്ന ആ ഉറപ്പ് വെറുമൊരു ചികിത്സകയുടെ മാത്രം ഉറപ്പല്ല; അർബുദ രോഗികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസലിങ് നൽകിയും അവർക്കൊപ്പം ചെലവഴിച്ചും ആർജിച്ച അനുഭവത്തിന്‍റെ ദൃഢവിശ്വാസമാണത്.
‘പ്രത്യാശ’യിലേക്കുള്ള വഴി
കുട്ടികളെയും അവരിലുണ്ടാകുന്ന അർബുദത്തെയും ഡോ. കുസുമ കുമാരി സമീപിച്ച രീതിതന്നെയാണ് ‘പ്രത്യാശ’എന്ന സാന്ത്വന പരിചരണ കേന്ദ്രംവരെ അവരെ എത്തിച്ചത്. കുട്ടികളിലെ അർബുദം മുതിർന്നവരിൽ കാണുന്നതിനേക്കാൾ വ്യത്യസ്തമാണെന്നും രോഗബാധിതരുടെ രക്ഷിതാക്കൾക്ക് അനുഭവിക്കേണ്ടിവരുന്ന മാനസികാഘാതവും ഡോക്ടർ വിശദീകരിക്കുന്നു. ‘‘ശരിയായ രീതിയിൽ ചികിത്സിച്ചാൽ 80 ശതമാനം കുട്ടികളെയും രക്ഷിക്കാൻ സാധിക്കും. പക്ഷേ, അതിന് കടമ്പകൾ പലതാണ്.
ചികിത്സച്ചെലവ് വളരെ കൂടുതലാണ്. ചികിത്സച്ചെലവ് എന്നുപറയുമ്പോൾ മരുന്നുകളുടെ വിലമാത്രമല്ല. താമസ സൗകര്യം, ഭക്ഷണം, യാത്ര എന്നിങ്ങനെ ധാരാളം ചെലവുകളുണ്ട്. ചികിത്സ കാലയളവിൽ പലർക്കും വരുമാനം നഷ്ടപ്പെടുന്നു. ചികിത്സയുടെ ദൈർഘ്യമനുസരിച്ച് ഈ ചെലവുകളും കൂടുന്നു.
പിന്നെയൊരു പ്രധാന പ്രശ്നം ഈ രോഗം നൽകുന്ന മാനസികാഘാതമാണ്. പലപ്പോഴും ശരിയായ തീരുമാനം എടുക്കാൻ പോലുമാവാത്തവിധം അവരുടെ മനോനില മാറിപ്പോകും. ഇതും ചികിത്സ ഫലത്തെ ബാധിക്കുന്ന പ്രശ്നം തന്നെയാണ്. ഈ രണ്ടു പ്രശ്നങ്ങളെ നേരിടാൻ മാതാപിതാക്കളെ സഹായിക്കുക എന്നതാണ് പ്രത്യാശയുടെ ഉദ്ദേശ്യം’’-ഡോക്ടർ തന്‍റെ ലക്ഷ്യം ഇങ്ങനെ ചുരുക്കി.
പാവങ്ങളായ രോഗികൾക്ക് അൽപം പ്രത്യാശ നൽകുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുമായി കൂടിയാലോചിച്ച് തുടങ്ങിയ കൂട്ടായ്മയാണ് ഇന്നത്തെ ‘പ്രത്യാശ’. 2003ൽ രജിസ്റ്റർ ചെയ്ത ആ കൂട്ടായ്മയിൽ തുടക്കത്തിൽ 200ഓളം രക്ഷിതാക്കളുണ്ടായിരുന്നു. അതിജീവിച്ച കുട്ടികളിൽ പലരും വലുതായി വിവിധ ജോലികളിൽ പ്രവേശിച്ചതും അന്നത്തെ രക്ഷിതാക്കളിൽ പലർക്കും പ്രായമായതോടെയും ഇപ്പോൾ പ്രത്യാശയുമായി സഹകരിക്കുന്ന രക്ഷിതാക്കൾ കുറഞ്ഞു.
ഇത്തരമൊരു സംഘടന നേരിട്ട് നടത്താൻ പറ്റിയില്ലെങ്കിലും മറ്റുള്ളവരുടെ സേവനം ഉപയോഗപ്പെടുത്താനും മറ്റും പണം ആവശ്യമാണ്.
ഹോട്ടലുകളിലും കടകളിലുമൊക്കെ സംഭാവനപ്പെട്ടികൾ സ്ഥാപിച്ചായിരുന്നു ആദ്യകാലത്ത് സമ്പാദ്യം കണ്ടെത്തിയത്. കുറെ ആളുകൾ നേരിട്ട് ആഹാരവും മറ്റും സംഭാവനയും നൽകുന്നുണ്ട്. കോവിഡ് വരുന്നതുവരെ കാര്യങ്ങൾ വലിയ പ്രയാസമില്ലാതെ മുന്നോട്ടുപോയിരുന്നു.
അതിനുശേഷം ഹോട്ടലുകളിലും കടകളിലും മറ്റും സ്ഥാപിച്ച ‘പ്രത്യാശ’പെട്ടിയിലൂടെ വരുന്ന വരുമാനം ഗണ്യമായി കുറഞ്ഞു. പിന്നീട് യു.പി.ഐ പേമെന്‍റ് ആയതോടെ ചില്ലറത്തുട്ടുകൾ പെട്ടിയിലിടുന്ന രീതി ഇല്ലാതായതും ‘പ്രത്യാശ’ക്ക് തിരിച്ചടിയായി.
ഇപ്പോ ഡ്രൈവറില്ലാത്തതിനാൽ കീമോതെറപ്പിക്കും മറ്റും നിത്യവും ആശുപത്രിയിൽ പോയിവരാൻ കുട്ടികൾക്ക് വലിയ തുക ഓട്ടോക്കും മറ്റുമായി ചെലവാകുന്നുണ്ട്. കൂടുതൽ പണം സംഭാവനയായി കിട്ടുമ്പോൾ മരുന്ന്, ആംബുലൻസ് തുടങ്ങി അധിക ചെലവിനുള്ള തുക റീ ഇംബേഴ്സ്മെന്റായി രക്ഷിതാക്കൾക്ക് തിരിച്ചുനൽകാറുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ്ങിന് ഒരാളെ വെക്കണമെന്ന ആഗ്രഹം ഡോക്ടർ മറച്ചുവെക്കുന്നില്ല. അവർ തന്നെയാണ് ഇപ്പോൾ കൗൺസലിങ് നൽകുന്നത്.
‘പ്രത്യാശ’യെ വിപുലമാക്കണമെന്നാണ് ഡോക്ടറുടെ ആഗ്രഹം. അതിന് സാമൂഹിക സാമ്പത്തിക പിന്തുണ തേടുകയാണ് പ്രത്യാശയും അതുമായി ബന്ധപ്പെട്ട കുറെ കുഞ്ഞു അർബുദ രോഗികളും അവരുടെ രക്ഷിതാക്കളും. സ്വന്തം കെട്ടിടം ഉണ്ടായാൽ പ്രത്യാശയുടെ വാർഷിക ചെലവിൽ വലിയ കുറവു വരുകയും ആ തുകകൂടി രോഗികളുടെ ക്ഷേമത്തിനായി ചെലവഴിക്കാമെന്നുമാണ് ഡോക്ടറുടെ പ്രത്യാശ.
സർക്കാർ തലത്തിലും പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ടും ‘പ്രത്യാശ’ക്ക് സ്വന്തം കെട്ടിടമെന്ന ലക്ഷ്യത്തിനായി ഏറെ പരിശ്രമിച്ചിരുന്നു. പല കാരണങ്ങളാൽ ഭൂമി കണ്ടെത്താനാവാതെ ആ ശ്രമങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ലയൺസ് ക്ലബിന്‍റേതാണ് ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടത്. അവർ വാഗ്ദാനം ചെയ്ത ഭൂമി മെഡിക്കൽ കോളജിൽനിന്ന് അൽപം ദൂരത്തിലായതിനാൽ തിരസ്കരിക്കേണ്ടിവന്നു.
മുതിർന്നവരുടെ റേഡിയോ തെറപ്പിയേക്കാൾ ജാഗ്രത വേണ്ടതാണ് കുട്ടികളിലേതെന്ന് ഡോക്ടർ പറയുന്നു. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ അരമണിക്കൂറിനുള്ളിലെങ്കിലും അടിയന്തര ചികിത്സ ലഭ്യമാക്കണമെങ്കിൽ ആർ.സി.സിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിലെങ്കിലും ആകണം.
രക്ഷിതാക്കൾക്കുള്ള കൈത്താങ്ങ്
രക്ഷിതാക്കളെ അവരുടെ മാനസികാഘാതത്തിൽനിന്ന് രക്ഷിക്കണമെങ്കിൽ അവർക്കെന്തെങ്കിലും ജോലിയോ മറ്റോ നൽകി പുനരധിവസിപ്പിക്കുക എന്ന പ്രതിവിധി ആവിഷ്കരിച്ചിരുന്നു. ഇതിലൊന്നായിരുന്നു അമ്മമാർക്ക് തയ്യൽ പരിശീലനവും കുട്ടികൾക്ക് ചിത്രരചനയിലും മറ്റും പരിശീലനം നൽകുന്ന പദ്ധതിയും.
ആക്കുളം റോഡിലെ ജയകുമാർ ഫിസിക്സ് ട്യൂഷൻ സെന്‍റർ ഉടമ ജയകുമാർ സൗജന്യമായി നൽകിയ വീട്ടിൽ ആറു തയ്യൽ മെഷീനുകൾ വെച്ചായിരുന്നു പരിശീലനം. ഇതോടൊപ്പം കുട്ടികൾക്ക് ചിത്രകലയിലും മറ്റും പരിശീലനം നൽകിയിരുന്നു.
ഡ്രൈവിങ് അറിയാവുന്ന രക്ഷിതാക്കളെ ഏതെങ്കിലും വാഹനത്തിൽ താൽക്കാലിക ജോലിക്ക് നിയോഗിക്കാനുള്ള സാധ്യതകളും പ്രത്യാശയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ആർ.സി.സിയിലെ വാഹനങ്ങളിലെ താൽക്കാലിക ഡ്രൈവറായോ അവിടത്തെ നിർമാണ പ്രവർത്തനങ്ങളിലോ ഒക്കെ ജോലി നൽകിയത് ആ രക്ഷിതാക്കൾക്ക് വലിയ ആശ്വാസമായിരുന്നു.
മനുഷ്യരിലെ വറ്റാത്ത നന്മയുടെ ഉറവ പലവിധത്തിലും നേരിട്ട് അനുഭവിച്ച ഡോക്ടർക്ക് ഇപ്പോഴും ‘പ്രത്യാശ’യുണ്ട്. ഹെൽപ്ലൈൻ: 9400619919.