വേനലിലെ ആരോഗ്യപ്രശ്നങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും
text_fieldsവേനല്‍ക്കാലത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സൂര്യാഘാതവും നിര്‍ജലീകരണവും വഴി ജീവഹാനി സംഭവിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ ജാഗ്രത വേണം.
പകര്‍ച്ചവ്യാധികള്‍ പടരാമെന്നതിനാല്‍ വ്യക്തി ശുചിത്വത്തിനൊപ്പം പരിസര ശുചീകരണവും അടിയന്തര പ്രാധാന്യമുള്ളതാണ്. വേനൽ സൃഷ്ടിക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അറിയാം...
ശരീരവും ചൂടും
നമ്മുടെ ശരീരത്തിന് അകത്തുതന്നെ ഉപാപചയ പ്രക്രിയയുടെയും അന്തരീക്ഷത്തിൽനിന്ന് ആഗിരണം ചെയ്യുന്നതിന്റെയും ഭാഗമായി താപം രൂപപ്പെടുന്നുണ്ട്.
അമിത താപം മസ്തിഷ്കത്തിന്റെ നേതൃത്വത്തിൽ ബാഷ്പീകരണം (Evaporation), വികിരണം (Radiation), ചാലനം (Conduction), സംവഹനം (Convection) തുടങ്ങിയ പ്രക്രിയകളിലൂടെ അന്തരീക്ഷത്തിലേക്ക് ലയിപ്പിക്കുന്നു. ഈ സംവിധാനം അവതാളത്തിലാവുന്നത് ശരീരത്തെ മൊത്തം ബാധിക്കുന്ന ഗുരുതരാവസ്ഥയിലേക്ക് നയിച്ചേക്കാം.
സൂര്യാഘാതം
ശരീരത്തിന്റെ താപനിയന്ത്രണ വ്യവസ്ഥ നിർവീര്യമാകുന്ന അപകടകരമായ അവസ്ഥയാണ് സൂര്യാഘാതം. വെയിലിൽ അമിതമായി വ്യായാമമോ കഠിനാധ്വാനമോ ചെയ്യുമ്പോൾ ശരീര താപനില ഉയരുകയും ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം അവതാളത്തിലാകുകയും ചെയ്യുന്നു.
ഇത് ശരീര താപനില നിയന്ത്രണാതീതമായി ഉയരാനും അവയവ വ്യവസ്ഥകളുടെ പ്രവർത്തനം ദ്രുതഗതിയിൽ അവതാളത്തിലാകാനുമിടയാകുന്നു. ഇതിനെ ആയാസകരമായ സൂര്യാഘാതം (Exertional Heat Stroke) എന്ന് പറയുന്നു. സ്വതവേ ആരോഗ്യപൂർണരായ ചെറുപ്പക്കാരിലാണ് കൂടുതലും കാണപ്പെടുന്നത്.
പെട്ടെന്നുള്ള ഈ ആഘാതം ശരീരത്തിലെ പേശികൾക്ക് വിഘടനം സംഭവിക്കാനും (Rhabdomyolysis) വൃക്കകളുടെ പ്രവർത്തനം നിലക്കാനും (Renal Failure) വരെ കാരണമാകുന്നു.
കുട്ടികളിലും, ആരോഗ്യപ്രശ്നങ്ങളും പല മരുന്നുകളും മറ്റും കഴിച്ചുകൊണ്ടിരിക്കുന്ന വയോധികരിലും വ്യായാമമോ മറ്റോ ഇല്ലാതെത്തന്നെ ഉയർന്ന അന്തരീക്ഷോഷ്മാവുമൂലം സൂര്യാഘാതം സംഭവിക്കാം. ഇതിനെ സാർവത്രിക സൂര്യാഘാതം (Classic Heat Stroke) എന്ന് വിളിക്കുന്നു. ഉയർന്ന ശ്വാസോച്ഛ്വാസം, കൂടിയ ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മർദം, സ്വബോധം നഷ്ടപ്പെടൽ, ഉയർന്ന ശരീരോഷ്മാവ് തുടങ്ങിയവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
സൂര്യാഘാതം ബാധിച്ചയാൾക്ക് ദ്രുതഗതിയിൽ ചികിത്സ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രഥമ ശുശ്രൂഷ പരമപ്രധാനമാണ്. ഉടൻ അടുത്തുള്ള മെഡിക്കൽ എമർജൻസി വിഭാഗത്തെ അറിയിക്കുക. രോഗിയെ തണലിലേക്ക് മാറ്റിക്കിടത്തുക.
ശരീരം തണുപ്പിക്കാൻ തണുത്ത വെള്ളത്തിൽ കിടക്കുകയോ തണുത്ത വെള്ളത്തിൽ മുക്കിയ തുണികൊണ്ട് ശരീരം തടവുകയോ ചെയ്യുക. ഫാനോ മറ്റോ ഉപയോഗിച്ച് തണുത്ത കാറ്റ് ശരീരത്തിലേക്ക് വീശുക. എത്രയുംപെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക.
താപാപചയം (Heat Exhaustion)
ചൂടിൽ ശരീരത്തിന്റെ നിർജലീകരണവും ലവണ നഷ്ടവും (വിയർക്കുക വഴി) കാരണമായുണ്ടാകുന്ന അമിത ക്ഷീണമാണ് താപാപചയം (Heat Exhaustion). വെള്ളം മാത്രം കുടിക്കുന്നത് ശരീരത്തിലെ ലവണ നഷ്ടം നികത്താൻ പര്യാപ്തമാകില്ല.
അതിനാൽ, ഉപ്പ് അടങ്ങിയ പാനീയങ്ങൾ കുടിക്കണം. തലവേദന, തലകറക്കം, സ്വബോധം നഷ്ടപ്പെടൽ, മനംപിരട്ടൽ, പേശി വേദന തുടങ്ങിയവ ഇതിൽ ഉണ്ടാവാം. ഇത് ദ്രുതഗതിയിൽ പരിഹരിച്ചില്ലെങ്കിൽ സൂര്യാഘാതത്തിലേക്ക് നീങ്ങാനിടയാക്കും.
പേശി വലിവ് (Heat Cramps)
ഇടവിട്ടുള്ള വേദനയോടുകൂടിയ പേശി വലിവാണ് ഇതിലുണ്ടാവുക. ചൂടുള്ള കാലാവസ്ഥയിൽ അമിതാധ്വാനം ചെയ്യുമ്പോൾ വിയർപ്പിലൂടെ ലവണാംശം നഷ്ടപ്പെടുന്നതാണ് കാരണമെന്ന് പറയപ്പെടുന്നു. അതിനാൽ, ഉപ്പുകലർന്ന പാനീയങ്ങൾ കുടിക്കണം.
സൂര്യാതപം
സൂര്യകിരണമേറ്റ് (പ്രത്യേകിച്ച് അൾട്രാവയലറ്റ് ബി, എ രശ്മികൾ) തൊലിയിൽ ഉണ്ടാകുന്ന വേദനയേറിയ നീർക്കെട്ടാണ് (Inflammation) സൂര്യാതപം. ചുവന്ന് തടിക്കുകയോ പൊള്ളലേൽക്കുകയോ ചെയ്യാം.
ചൂട് കാരണവും വെയിലേൽക്കുന്നതുമൂലവും പ്രതീക്ഷിക്കാവുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളാണ് ചൂടുകുരു (Prickly Heat), Polymorphous Light Eruption (വെയിലേൽക്കുന്ന ചർമഭാഗങ്ങളിൽ ചൊറിച്ചിലോടുകൂടി ചുവന്നു തുടിക്കുക), താപ മോഹാലസ്യം (Heat Syncope -ചൂടുകാരണം രക്തസമ്മർദം കുറഞ്ഞു മയങ്ങിവീഴുക), Hyperventilation Tetany (ചൂടുകാരണം ശ്വാസോച്ഛ്വാസം കൂടുകയും കൈകാലുകളിലെ പേശികൾ വലിഞ്ഞ് പ്രത്യേക രീതിയിൽ നിൽക്കുകയും ചെയ്യുന്ന അവസ്ഥ), Photosensitivity reactions, Photoaging (അകാലത്തിൽ ചർമത്തിൽ ചുളിവുകൾ വീഴുക) തുടങ്ങിയവ. ദീർഘകാലം വെയിലേൽക്കുന്നത് ചർമാർബുദങ്ങൾക്കും കാരണമായേക്കാം.
വേനലിൽ കണ്ടുവരുന്ന മറ്റ് അസുഖങ്ങളാണ് ചെങ്കണ്ണ്, മഞ്ഞപ്പിത്തം തുടങ്ങിയവ. കണ്ണുകൾ ചുവന്ന് വേദനയോടു കൂടിയുള്ള അവസ്ഥയാണ് ചെങ്കണ്ണ്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതിലൂടെയോ തണുത്ത തുറന്നുവെച്ച ആഹാരപദാർഥങ്ങളിലൂടെയോ പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വ്യക്തിശുചിത്വമാണ് മഞ്ഞപ്പിത്തം തടയാനുള്ള മാർഗം.
എങ്ങനെ തടയാം?
● വേനൽക്കാലങ്ങളിൽ നന്നായി വെള്ളം കുടിക്കുക.
● അമിതമായി വിയർക്കുന്ന ജോലികളിൽ ഏർപ്പെടുമ്പോൾ ഉപ്പിട്ട പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.
● കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
● സൺസ്ക്രീൻ ഉപയോഗിക്കുന്നത് വെയിൽ കാരണമുള്ള ചർമരോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു.
● ദിവസവും കുളിക്കുക.
● ദീർഘനേരം വെയിലിൽ നിൽക്കുന്നത് ഒഴിവാക്കുക.
● മദ്യം, ചായ, കാപ്പി തുടങ്ങിയവ കുറക്കുക. കാരണം, അവ നിർജലീകരണം വർധിക്കാൻ കാരണമാകുന്നു.
● സീസണൽ പഴങ്ങൾ ധാരാളമായി കഴിക്കുക.
● സ്കൂളുകളിലും മറ്റും വെയിൽ സമയത്തെ ഔട്ട് ഡോർ ആക്ടിവിറ്റികൾ, അസംബ്ലി തുടങ്ങിയവ ഒഴിവാക്കുക.
● എല്ലായിടത്തും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക.
● വരണ്ട ചർമം ഉള്ളവർ മോയിസ്ചറൈസറുകൾ ഉപയോഗിക്കുക.