കൈകഴുകാൻ ആന്‍റി ബാക്ടീരിയൽ സോപ്പ് അനിവാര്യമാണോ? ഇങ്ങനെ കൈകഴുകിയാൽ അണുബാധ തടയാം
text_fieldsനല്ല ആരോഗ്യത്തിലേക്കുള്ള ആദ്യപടിയാണ് സ്വയം ശുചിയാക്കിക്കൊണ്ടുള്ള കൈകഴുകൽ പ്രക്രിയ. ഒരാളുടെ മലിനമായ കൈകളിൽനിന്നാണ് പകർച്ചവ്യാധികൾ മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയുദിക്കുന്നത്.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ശരിയായ രീതിയിൽ കഴുകി ശുചിയാക്കുന്നതുവഴി രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയവയുടെ വ്യാപനത്തെ ഒരു പരിധി വരെ തടയാൻ സാധിക്കും.
കൈകളുടെ ശുചിത്വം അനിവാര്യം
ചെറിയ കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കൈകഴുകലിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കണം. ആളുകൾക്ക് ഇടക്കിടെ സ്വന്തം കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിൽ അറിയാതെ സ്പർശിക്കാനുള്ള പ്രവണത ഉണ്ടാവുന്നുണ്ട്.
കണ്ണുകൾ, മൂക്ക്, വായ എന്നീ ഭാഗങ്ങളിലൂടെയാണ് രോഗാണുക്കൾ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും നമ്മെ രോഗികളാക്കി മാറ്റുന്നതും. നല്ല രീതിയിൽ കൈകഴുകുന്ന ശീലം രോഗങ്ങളെയും മറ്റ് അണുബാധകൾ പകരുന്നതിനെയും തടയുന്നു.
കൈകഴുകേണ്ടത് എപ്പോൾ?
ദിവസവും എത്ര തവണ ഒരാൾ കൈകഴുകണം എന്ന ചോദ്യമല്ല പ്രസക്തം, പകരം ഏതെല്ലാം അവസരങ്ങളിലാണ് ഒരാൾ കൈകൾ കഴുകേണ്ടത് എന്നതാണ് യഥാർഥ ചോദ്യം. ഏതെല്ലാം അവസരങ്ങളിലാണ് ഒരാൾ കൈകൾ കൃത്യമായി വൃത്തിയാക്കേണ്ടത് എന്നറിയാം.
● ടോയ്‌ലറ്റിൽ എപ്പോൾ കയറിയാലും ഇറങ്ങുന്നതിന് മുമ്പ് കൈകൾ കഴുകണം
● നാപ്കിൻ കൈകാര്യം ചെയ്ത ശേഷം
● പച്ചക്കറിയോ മാംസാഹാരമോ ഏതുതരം ഭക്ഷണങ്ങളും തയാറാക്കുന്നതിന് മുമ്പും ശേഷവും
● അസംസ്കൃതമോ അല്ലെങ്കിൽ പാകംചെയ്തതോ ആയ ഭക്ഷണങ്ങൾ കഴിക്കാൻ എടുക്കുന്നതിനു മുമ്പും കുട്ടികൾക്കു ഭക്ഷണം നൽകുന്നതിനു മുമ്പും
● വായും മൂക്കും ചീറ്റാനും ചുമക്കാനും ടിഷ്യു അല്ലെങ്കിൽ തൂവാല ഉപയോഗിച്ചശേഷം
● രോഗികളായ കുടുംബാംഗങ്ങളെ പരിചരിക്കുന്നതിന് മുമ്പും ശേഷവും
● പുകവലിച്ച ശേഷം
● മാലിന്യം കൈകാര്യം ചെയ്തശേഷം അല്ലെങ്കിൽ പൂന്തോട്ടത്തിൽ ജോലി ചെയ്തശേഷം
● വീട്ടിലെ മൃഗങ്ങളെ കൈകാര്യം ചെയ്തശേഷം
കൈകൾ ശരിയായി കഴുകാം
● കൈകളിൽ നന്നായി സോപ്പിട്ട് പതപ്പിച്ച് 20 സെക്കൻഡ് മുഴുവൻ തേച്ചുരക്കുക.
● വിരലുകൾക്കിടയിലെ ഭാഗവും നഖങ്ങൾക്ക് കീഴിലും വൃത്തിയാക്കാൻ മറക്കരുത്.
● സാധ്യമെങ്കിൽ, കൈകഴുകുന്നതിനുമുമ്പ് വളകളും വാച്ചുകളും നീക്കം ചെയ്യുക. അല്ലെങ്കിൽ അവയുടെ കീഴിൽ സൂക്ഷ്മാണുക്കൾ നിലനിൽക്കാൻ സാധ്യതയുണ്ട്.
● നന്നായി കഴുകിയശേഷം സോപ്പിന്‍റെ എല്ലാ അവശിഷ്ടങ്ങളും വെള്ളം ഉപയോഗിച്ച് കഴുകി നീക്കുക.
● വൃത്തിയുള്ള ടവൽ ഉപയോഗിച്ച് കൈകൾ തുടച്ച് വരണ്ടതാക്കുക.
● പേപ്പർ ടവലുകൾ അല്ലെങ്കിൽ നാപ്കിനുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
● കൈകഴുകാൻ ടാപ്പിലെ വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
● ബക്കറ്റിലും മറ്റും സൂക്ഷിച്ചുവെച്ച വെള്ളം തുടർച്ചയായ ഉപയോഗത്തിലൂടെ മലിനമാകാൻ സാധ്യത കൂടുതലാണ്.
● തണുത്ത വെള്ളത്തേക്കാൾ നല്ലത് ചൂടുവെള്ളമാണ്.
● കൈകളിൽ നന്നായി സോപ്പ് പതപ്പിച്ച ശേഷം ചൂടുവെള്ളം ഉപയോഗിച്ചാണ് കഴുകുന്നതെങ്കിൽ കൈകൾ വേഗത്തിൽ അണുവിമുക്തമാകും. ഇത് ലഭ്യമാകാത്ത സാഹചര്യത്തിൽ തണുത്ത വെള്ളവും സോപ്പും ഉപയോഗിക്കാം.
സോപ്പ് മുഖ‍്യം
വെള്ളം മാത്രം ഉപയോഗിച്ചു കൈകഴുകിയതുകൊണ്ട് കാര്യമില്ല. സോപ്പ് ഉപയോഗിക്കുന്നത് കൂടുതൽ ഗുണം നൽകുകയും രോഗവാഹകരായ അണുബാധകളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
രാസവസ്തുക്കളടങ്ങിയ ചില സോപ്പുകൾ ചില ആളുകൾക്ക് ചർമത്തിൽ പ്രകോപനങ്ങൾ ഉണ്ടാക്കുന്നത് ശ്രദ്ധിക്കണം.
സോപ്പ് ഉപയോഗിക്കുമ്പോള്‍ ചര്‍മം വരളുമെങ്കില്‍ പകരം ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാം. ആഹാരം കഴിക്കുന്നതിനുമുമ്പും, കഴുകിക്കളയാന്‍ മാത്രം അഴുക്ക് കൈകളില്‍ ഉള്ളപ്പോഴും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കരുത്.
എല്ലാ സോപ്പുകളും ഒരുപോലെ ഫലപ്രദമാണ്. ആന്‍റി ബാക്ടീരിയൽ സോപ്പ് അനാവശ്യമാണ്. അല്ലെങ്കിൽ ലിക്വിഡ് സോപ്പുകൾ ഉപയോഗിക്കാം. പ്രത്യേകിച്ച് ജോലിസ്ഥലത്തും മറ്റിടങ്ങളിലുമൊക്കെ ആയിരിക്കുമ്പോൾ.
മോയ്സ്ചറൈസര്‍ പുരട്ടാം
കൈകഴുകിയശേഷം വെള്ളം ഒപ്പിക്കളയണം. കൈകളില്‍ വെള്ളമുണ്ടെങ്കില്‍ ചര്‍മത്തിന്‍റെ ഉള്‍പ്പാളികളില്‍നിന്ന് ജലാംശം ആഗിരണം ചെയ്യപ്പെടാം. അത് ചര്‍മം കൂടുതല്‍ വരളാന്‍ ഇടയാക്കും. ആവശ്യമെങ്കില്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക. അത് ചര്‍മത്തിന് ഈര്‍പ്പവും മൃദുലതയും പകരും.
സൗഹൃദത്തിനൊപ്പം രോഗാണുക്കളും
കമ്പ്യൂട്ടർ കീബോർഡ്, മൗസ്, പേന, പണം തുടങ്ങിയവയിലെല്ലാം രോഗാണുക്കൾ പറ്റിയിരിക്കും. ഓഫിസിനകത്തും പുറത്തും യാത്രക്കിടയിലും കൈ വൃത്തിയാക്കാതെ ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ ഒരു പറ്റം അണുക്കളും ഉള്ളിലെത്തുന്നു.
ഒരേ പ്ലേറ്റിൽനിന്ന് പലർ വാരിക്കഴിക്കുമ്പോൾ മറ്റുള്ളവരുടെ കൈകളിലെ അണുക്കൾ കൂടി നമ്മുടെ ഉള്ളിൽ ചെല്ലും. ഹസ്തദാനം ചെയ്യുമ്പോൾ പോലും സൗഹൃദത്തിനൊപ്പം കുറെയധികം രോഗാണുക്കളും നമ്മുടെ കൈകളിൽ എത്തുന്നുണ്ട്.
പരിരക്ഷിക്കാം കൈകളെ
കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുന്നത് ശുചിത്വത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. അണുബാധകളിൽനിന്ന് ചർമത്തെ ശ്രദ്ധാപൂർവം പരിപാലിക്കാൻ ചില കാര്യങ്ങൾ ചെയ്യേണ്ടത് പ്രധാനമാണ്. ചർമത്തിൽ അണുബാധകൾ അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ...
● കൈകളിൽ നിരന്തരം വെള്ളം അടിസ്ഥാനമാക്കിയുള്ള ഹാൻഡ് ക്രീം ഒരു ദിവസം മൂന്നോ നാലോ തവണ പ്രയോഗിക്കുക.
● കൈകൾക്ക് കൂടുതൽ സംരക്ഷണം നൽകാൻ പാത്രങ്ങൾ കഴുകുമ്പോൾ കൈയുറകൾ ധരിക്കുക. പൂന്തോട്ട പരിപാലനം നടത്തുമ്പോഴും കൈയുറകൾ ഉപയോഗിക്കാൻ മറക്കരുത്.
● സോപ്പുകളുടെ ഉപയോഗം മൂലം ചർമത്തിൽ എന്തെങ്കിലും പ്രകോപനം ഉണ്ടാകുകയാണെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക.
● എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചര്‍മ രോഗങ്ങള്‍ ഉള്ളവര്‍ സ്‌കിന്‍ ബാം ഉപയോഗിക്കുന്നത് നല്ലതാണ്.


