കാൻസർ ചികിത്സക്ക് കീമോയെക്കാൾ ഫലപ്രദം... അറിയാം, പാർശ്വഫലങ്ങൾ വളരെ കുറഞ്ഞ ഇമ്യൂണോതെറപ്പിയെക്കുറിച്ച്
text_fieldsശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകവഴി കാൻസർ സെല്ലുകളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണ് ഇമ്യൂണോതെറപ്പി. ഈ രംഗത്ത് കൂടുതൽ അറിയപ്പെടുന്ന കീമോതെറപ്പിക്ക് ശേഷം പ്രയോഗത്തിൽ വന്ന നൂതന ചികിത്സാരീയാണിത്.
കീമോതെറപ്പി, മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണെങ്കിൽ ഇത്തരം കോശങ്ങളെ നശിപ്പിക്കാൻ ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന ചികിത്സയാണ് ഇമ്യൂണോതെറപ്പി.
നിലവിൽ ശ്വാസകോശം, വൃക്ക എന്നിവയെ ബാധിക്കുന്ന കാൻസർ, ഗൈനക്കോളജിക്കൽ കാൻസർ, തലയിലും കഴുത്തിലുമുള്ള കാൻസർ മുഴകൾ, ചില ആമാശയ കാൻസറുകൾ എന്നിവയുടെ ചികിത്സയിലെല്ലാം ഇമ്യൂണോതെറപ്പി വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
നേരത്തേ വളരെ ഗുരുതരാവസ്ഥയിലുള്ള (Fourth stage) രോഗികളിലായിരുന്നു ഈ ചികിത്സ ഉപയോഗിച്ചിരുന്നത്. ഇതിൽ മികച്ച ഫലം കണ്ടതോടെയാണ് ആരംഭദശയിലും അതിനു ശേഷമുള്ള ഘട്ടങ്ങളിലും ഉപയോഗിച്ചു തുടങ്ങിയത്.
പാർശ്വഫലങ്ങൾ വളരെ കുറവ്
കീമോതെറപ്പിയെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ വളരെ കുറവാണ് എന്നത് ഇമ്യൂണോതെറപ്പിയുടെ പ്രധാന നേട്ടമാണ്. ഇതിന് വിധേയരാവുന്ന 10 ശതമാനത്തിൽ താഴെ രോഗികളിൽ മാത്രമാണ് താരതമ്യേന നിസ്സാര പാർശ്വഫലങ്ങൾ കണ്ടുവരുന്നത്.
ഇതാകട്ടെ ശരീരഭാഗങ്ങളിലെ വീക്കം, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന ചുണങ്ങുകൾ, ഗുരുതരമല്ലാത്ത ശ്വാസതടസ്സം, വായ്പുണ്ണ് എന്നിവയാണ്. ഗുരുതര പാർശ്വഫലങ്ങൾ രണ്ടു മുതൽ മൂന്നു ശതമാനം വരെ രോഗികളിൽ മാത്രമാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പ്രായമായ രോഗികൾക്കും കീമോതെറപ്പി ചെയ്യാൻ കഴിയാത്തവർക്കും ഇമ്യൂണോതെറപ്പി തന്നെയാണ് അനുയോജ്യ ചികിത്സ.
മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഫലപ്രദമായ ചികിത്സയാണിത്. അതേസമയം, ഏതുതരം ചികിത്സയാണ് ആവശ്യമെന്നത് രോഗിയെ വിശദ പരിശോധനകൾക്ക് വിധേയമാക്കിയശേഷം വിദഗ്ധനായ ഒരു ഡോക്ടറാണ് തീരുമാനിക്കേണ്ടത്.
ഗവേഷണങ്ങളും മുന്നേറ്റങ്ങളും
ഇമ്യൂണോതെറപ്പിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലെ സമീപകാല മുന്നേറ്റങ്ങൾ ചികിത്സാരംഗത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഈ രോഗത്തിനെതിരായ പോരാട്ടത്തിൽ ഇമ്യൂണോതെറപ്പിക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്.
കുത്തിവെപ്പിലൂടെയാണ് ഈ ചികിത്സ ചെയ്യുന്നത്. സാധാരണ രണ്ടാഴ്ചയിൽ ഒരിക്കലോ മൂന്നാഴ്ചയിൽ ഒരിക്കലോ ആണ് കുത്തിവെപ്പെടുക്കുന്നത്. രോഗം തുടക്കത്തിൽ കണ്ടെത്താനായാൽ ശസ്ത്രക്രിയക്ക് മുമ്പോ ശേഷമോ ചികിത്സിക്കുന്ന ഡോക്ടറുടെ തീരുമാനത്തിനനുസരിച്ച് കുത്തിവെപ്പുകൾ എടുക്കാവുന്നതാണ്.
ഒരു വർഷം വരെ ഇത്തരത്തിൽ കുത്തിവെപ്പെടുക്കാവുന്നതാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കുത്തിവെപ്പെടുത്തശേഷമുള്ള ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ചികിത്സയുടെ ദൈർഘ്യം തീരുമാനിക്കുക.