ന്യുമോണിയയുടെ ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധ... അറിയാം, കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയയെക്കുറിച്ച്
text_fieldsകുട്ടികളിൽ വാക്കിങ് ന്യുമോണിയ ഈയിടെ വ്യാപകമാകുന്നുണ്ട്. രോഗം സംബന്ധിച്ച് കൃത്യമായ ധാരണ ഇല്ലാത്തത് രക്ഷിതാക്കളിൽ ആശങ്കയും വർധിപ്പിച്ചിട്ടുണ്ട്.
രോഗത്തിന്റെ പേര് കേട്ടയുടൻ ആശങ്കപ്പെടേണ്ടതില്ല. ന്യുമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധയാണിത്. തീവ്രമല്ലെങ്കിലും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. വാക്കിങ് ന്യുമോണിയയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ...
എന്താണ് വാക്കിങ് ന്യുമോണിയ/ മൈകോപ്ലാസ്മ ന്യുമോണിയ?
ആശങ്ക വേണ്ടെങ്കിലും ജാഗ്രത അത്യാവശ്യമായ ഒരു ശ്വാസകോശ രോഗമാണിത്. കുട്ടികളിലും മുതിര്‍ന്നവരിലും ശ്വാസനാളങ്ങളിലൂടെ പകരുന്ന മൈകോപ്ലാസ്മ എന്ന ബാക്ടീരിയയാണ് ഈ രോഗം പടരാന്‍ കാരണമാകുന്നത്.
ഈ രോഗാണു ശ്വാസകോശങ്ങളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുന്ന അവസ്ഥയെയാണ് സാധാരണയായി വാക്കിങ് ന്യുമോണിയ എന്ന പേരിലും ശാസ്ത്രലോകത്ത് മൈകോപ്ലാസ്മ ന്യുമോണിയ എന്ന പേരിലും അറിയപ്പെടുന്നത്.
പുതിയ രോഗമല്ല
കാലങ്ങളായി കണ്ടുവരുന്ന ‘എടിപ്പിക്കൽ ന്യുമോണിയ’ എന്ന രോഗത്തെയാണ് സാധാരണയായി ‘വാക്കിങ് ന്യുമോണിയ’ എന്ന് പറയുന്നത്. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഇത്തരം ന്യുമോണിയ ഉണ്ടാക്കുന്നത്. ചില വൈറസുകൾ ഉണ്ടാക്കുന്ന ന്യുമോണിയയും സമാന ലക്ഷണങ്ങൾ കാണിക്കാറുണ്ട്.
മറ്റു ന്യുമോണിയകളെ അപേക്ഷിച്ച് ഇതിന് ലക്ഷണങ്ങള്‍ പൊതുവേ കുറവായിരിക്കും. രോഗമുള്ളവർക്ക് നടക്കാനും അവരുടേതായ ജോലികള്‍ ചെയ്യാനും കഴിയും. അതുകൊണ്ടാണ് ഇതിന് വാക്കിങ് ന്യുമോണിയ എന്ന പേരും വന്നത്.
രോഗം ആരിലൊക്കെ
കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കൂടുതലായും കാണപ്പെടുന്നത്. ഈ പ്രായക്കാർ ഒരുമിച്ചു കഴിയുന്ന ഹോസ്റ്റൽ, സ്കൂൾ എന്നിവിടങ്ങളിൽ ഈ ന്യുമോണിയ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
സാധാരണ ന്യുമോണിയയില്‍നിന്ന് വ്യത്യസ്തമായി, വലിയ പ്രശ്‌നമില്ലാതെ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോകുകയും ദിനചര്യകളില്‍ വ്യാപൃതരാവുകയും ചെയ്യും. ഇതിനാല്‍തന്നെ, ഈ രോഗം ആദ്യഘട്ടത്തില്‍ തിരിച്ചറിയപ്പെടാതെ പോവുകയും രോഗം മൂര്‍ച്ഛിച്ച ശേഷം മാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്യാന്‍ സാധ്യത ഏറെയാണ്.
ലക്ഷണങ്ങൾ
സാധാരണ ന്യുമോണിയ ബാധിതരില്‍ കണ്ടുവരുന്ന കടുത്ത പനി, ക്ഷീണം, കടുത്ത ചുമ, നെഞ്ചുവേദന, ഭക്ഷണത്തോടുള്ള വെറുപ്പ് എന്നിവ വാക്കിങ് ന്യുമോണിയ രോഗികളില്‍ താരതമ്യേന കുറവായിരിക്കും.
ചെറിയ രീതിയിലുള്ള ശ്വാസംമുട്ടൽ, നെഞ്ചുവേദന, ചുമ, വരണ്ട ചുമ, ശരീരക്ഷീണം, തൊണ്ടവേദന, തൊണ്ടയിൽ എന്തോ ഇരിക്കുന്നതുപോലെയുള്ള തോന്നൽ, വിശപ്പില്ലായ്മ, ചെറിയ രീതിയിലുള്ള പനി, മൂക്കൊലിപ്പ്, കുഞ്ഞുങ്ങൾക്ക് പാൽ കുടിക്കാനുള്ള ബുദ്ധിമുട്ട്, വെറുതെ തോന്നുന്ന അസ്വസ്ഥത, വയറിളക്കം, തലവേദന തുടങ്ങി ശ്വാസകോശത്തിനു പുറത്തുള്ള ലക്ഷണങ്ങൾ ഇത്തരം ന്യുമോണിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇവ വരുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
ശ്വാസകോശ സംബന്ധ രോഗമാണെങ്കിലും ശ്വാസകോശ ലക്ഷണമല്ലാതെ മറ്റു ലക്ഷണങ്ങളും ഇതിന് കൂടുതൽ കണ്ടുവരാറുണ്ട്. കാൽവേദന, കാലുകളിൽ ചെറിയ പാടുകൾ, ശരീരക്ഷീണം അങ്ങനെയുള്ള ലക്ഷണങ്ങൾ ഇത്തരം ന്യുമോണിയകളിൽ കൂടുതലായി കണ്ടുവരാറുണ്ട്.
രോഗം ബാധിക്കുന്നത്
ഏതെങ്കിലും ശ്വാസകോശ പാളിയെ മാത്രമായി ഈ രോഗം ബാധിക്കാറില്ല. വായു അറകളെയും ചെറു ശ്വാസ നാളികളെയും പൊട്ടുപോലെ ചെറിയ സ്ഥലത്ത് ബാധിക്കുന്ന ബ്രോങ്കോ ന്യുമോണിയയുടെ രൂപത്തിലാണ് കൂടുതലായി കണ്ടുവരുന്നത്.
നെഞ്ചിന്റെ എക്സ്റേ നോക്കുകയാണെങ്കിൽ അവിടെയുമിവിടെയും കൊച്ചുകൊച്ചു പൊട്ടുകളായിട്ടായിരിക്കും ഇത് കാണപ്പെടുന്നത്.
ചെറുപ്രായക്കാരിൽ വലിയ ബുദ്ധിമുട്ടുകളൊന്നും കണ്ടു വരാറില്ലെങ്കിലും പ്രായമായവരിൽ പ്രശ്നമായേക്കാം. പൊതുവേ ഇതിന് സങ്കീർണതകൾ കുറവാണെങ്കിലും ചില സാഹചര്യങ്ങളിൽ ഹൃദയത്തെയും നാഡീഞരമ്പുകളെയും തലച്ചോറിനെയും ദോഷകരമായി ബാധിക്കുന്ന നീർക്കെട്ടുകള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.
ചികിത്സയും പ്രതിരോധവും
പൊതുവെ ഇത്തരം ന്യുമോണിയ കുഴപ്പമുണ്ടാക്കാറില്ല. അപൂർവമായി മാത്രം തീവ്രപരിചരണം ആവശ്യമായി വരാറുണ്ട്. ആന്റിബയോട്ടിക്കുകൾ കഴിച്ചില്ലെങ്കിൽപോലും ഭേദമാവാറുണ്ട്. എന്നാൽ, മൈകോപ്ലാസ്മ, ക്ലമഡിയ പോലുള്ള അണുജീവികൾ മൂലമുണ്ടാകുന്ന ന്യുമോണിയകളിൽ ചിലയിനം ആന്റിബയോട്ടിക്കുകൾ കൊടുക്കേണ്ടി വരാറുണ്ട്.
വാക്കിങ് ന്യൂമോണിയക്ക് പ്രതിരോധ കുത്തിവെപ്പുകളില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. ആവശ്യമെങ്കിൽ ആന്റിബയോട്ടിക്കുകള്‍ കുഞ്ഞുങ്ങൾക്ക് നൽകാറുണ്ട്.
മുൻകരുതലുകൾ
● രോഗം ബാധിച്ചുകഴിഞ്ഞാൽ ശരീരത്തിലെ ജലാംശം ക്രമീകരിച്ചുനിർത്താൻ ധാരാളം വെള്ളം കുടിക്കുക.
● ആവശ്യത്തിന് വിശ്രമിക്കുക (സാധാരണഗതിയിൽ രണ്ടോ മൂന്നോ ദിവസം വേണം).
● ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത കൂടുതലായതിനാൽ കൂട്ടമായി താമസിക്കുന്നവർ ജാഗ്രത പുലർത്തുക.
● കഠിന ജോലികളിൽ ഏർപ്പെടാതിരിക്കുക.
● തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യു ഉപയോഗിച്ച് മൂക്കും വായും മൂടുക.
● സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക.