സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ നാലാമത്. അകാരണ ക്ഷീണം പ്രധാന ലക്ഷണം -ലൈംഗികതയുമായി ബന്ധപ്പെട്ട ഈ കാൻസറിനെക്കുറിച്ച് കൂടുതൽ അറിയാം
text_fieldsസ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് സെർവിക്കൽ കാൻസർ. 2022ൽ ലോകത്താകമാനം 6.60 ലക്ഷം പേരെയാണ് ഈ രോഗം ബാധിച്ചത്. 3.50 ലക്ഷം പേർ മരണമടഞ്ഞതായും ലോകാരോഗ്യ സംഘടന പറയുന്നു.
35നും 44നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സാധാരണയായി സെർവിക്കൽ കാന്‍സർ കണ്ടുവരുന്നത്. പ്രായം കൂടിയ വ്യക്തികളിലും സാധ്യത ചെറുതല്ല. എന്നാൽ, പ്രായം കുറഞ്ഞ സ്ത്രീകളിൽ അപൂർവമായി മാത്രമേ ഈ കാൻസർ ബാധിച്ചിട്ടുള്ളൂ.
സെര്‍വിക്കല്‍ കാന്‍സര്‍ 100 ശതമാനവും പ്രതിരോധിക്കാന്‍ സാധിക്കുന്ന രോഗമാണ്. ആദ്യഘട്ടത്തിൽതന്നെ രോഗം കണ്ടെത്തിയാൽ ചികിത്സിച്ചു മാറ്റാനാകും. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം.
എന്താണ് സെർവിക്കൽ കാൻസർ?
യോനിയിലേക്ക് തുറക്കുന്ന ഗർഭാശയത്തിന്‍റെ താഴ്ഭാഗമായ സെർവിക്സിനെ ബാധിക്കുന്ന ഒരു തരം കാൻസറാണിത്. സെർവിക്സിലെ കോശങ്ങളുടെ അസാധാരണ വളർച്ച മൂലമാണ് ഈ രോഗം വികസിക്കുന്നത്. ഇത് സാധാരണയായി ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) മൂലമാണ് ഉണ്ടാകുന്നത്.
എച്ച്.പി.വി അണുബാധ സെർവിക്സ് കോശങ്ങളെ ബാധിക്കുകയും ഒരു കാലയളവിന് ശേഷം അവ കാൻസറായി മാറുകയും ചെയ്യുന്നു. അതിന് വർഷങ്ങളെടുത്തേക്കും.
തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട്, ഏതാണ്ട് 120ലേറെ. അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്.
ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. ഹ്യൂമൻ പാപ്പിലോമ വൈറസിൽ തന്നെയുള്ള 16, 18 ടൈപ്പുകളാണ് സെർവിക്കല്‍ കാൻസർ രോഗികളിൽ കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മറ്റു സ്ട്രെയ്നുകളും സെർവിക്കൽ കാൻസറിനു കാരണമാകാറുണ്ട്.
കാരണങ്ങൾ
ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസ്സാകുമ്പോഴേക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍, എച്ച്.പി.വി അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല.
പൊതുവേ ശരീരത്തിന്‍റെ പ്രതിരോധ ശേഷിയുടെ ഫലമായി ഒന്നോ രണ്ടോ വർഷത്തിനു ശേഷം മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ വൈറസ് ശരീരത്തില്‍നിന്ന് പോകും. എന്നാൽ, അപൂർവം ചിലരിൽ വൈറസ് നിലനിൽക്കുകയും അത് സെർവിക്കൽ കാൻസറിനു കാരണമാവുകയും ചെയ്യും.
● 18 വയസ്സിനു മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍: ഇവരുടെ പ്രത്യുൽപാദന അവയവങ്ങള്‍ പൂർണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
● 18 വയസ്സിനു മുമ്പേ ഗർഭിണിയാവുന്നത്
● ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍
● ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍
● അമിതവണ്ണം
● പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി അണുബാധയുള്ളവര്‍
● ഗർഭനിരോധന ഗുളികകൾ അമിതമായി ഉപയോഗിക്കുന്നവർ
● മറ്റു കാരണങ്ങൾ: എച്ച്.പി.വി ആണ് പ്രധാനിയെങ്കിലും മറ്റു പല അർബുദങ്ങൾക്കും കാരണമാകുന്ന പുകവലി, അമിതവണ്ണം എന്നിവയും ചില ഘട്ടങ്ങളിൽ സെർവിക്കൽ കാൻസറിനും കാരണമായി മാറാറുണ്ട്. അതേസമയം, മറ്റു അർബുദങ്ങളെ അപേക്ഷിച്ച് ജനിതക ഘടകങ്ങൾ ഇതിൽ ബാധകമല്ല.
രോഗലക്ഷണം
● യോനിയിൽ ചൊറിച്ചിലും പുകച്ചിലും: ഇത് നീണ്ടുനിന്നാൽ സെർവിക്കൽ കാൻസറിന്‍റെ ലക്ഷണമാവാം.
● മൂത്രമൊഴിക്കുമ്പോൾ വേദന തോന്നുകയോ അത് മൂത്രനാളിയിലെ അണുബാധ മൂലം അല്ലാതിരിക്കുകയോ ചെയ്യുന്നത്.
● അടിവയറ്റിൽ വേദന
● അമിതമായ വെള്ളപോക്ക്
● ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷമുള്ള രക്തക്കറ
● ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള രക്തസ്രാവം
● ഇടക്കിടെയുള്ള മൂത്രശങ്ക
● അകാരണമായി ഭാരം കുറയൽ
● തുടർച്ചയായുണ്ടാകുന്ന വയറു കമ്പിക്കൽ (bloating): ഇതിനോടൊപ്പം ഇടുപ്പ് വേദന, ശീലങ്ങളിലുണ്ടാകുന്ന മാറ്റം. ഇടുപ്പിൽ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതു മൂലവും ഇങ്ങനെ വരാം.
● തുടർച്ചയായി പുറംവേദനയും വയറുവേദനയും
● അകാരണമായ ക്ഷീണം: അർബുദവുമായി ബന്ധപ്പെട്ട രക്തസ്രാവം മൂലമുള്ള വിളർച്ച കൊണ്ടും ക്ഷീണം വരാം. ശരീരം അർബുദത്തെ പ്രതിരോധിക്കാൻ ഊർജം ഉപയോഗിക്കുന്നതു മൂലമാണ് ക്ഷീണമുണ്ടാകുന്നത്.
● വജൈനൽ ഡിസ്ചാർജ്: യോനിയിൽനിന്ന് കൂടുതൽ ഡിസ്ചാർജ് വരുകയോ ദുർഗന്ധമോ രക്തത്തിന്‍റെ അംശമോ ഇതിനുണ്ടാകുകയോ ചെയ്യുക. വെള്ള നിറത്തിലോ നിറമില്ലാത്തതോ ആയ സ്രവമാണ് ആരോഗ്യകരമായ വജൈനൽ ഡിസ്ചാർജ്.
● തുടർച്ചയായി കാലിൽ നീരും വീക്കവും.
● രക്തസ്രാവം: ഏറ്റവും ശ്രദ്ധിക്കേണ്ടത് പോസ്റ്റ് കോയിറ്റല്‍ ബ്ലീഡിങ് (post coital bleeding) അഥവാ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്തോ അതിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവമാണ്. മാസമുറ തീർന്ന സ്ത്രീകളിൽ ഉണ്ടാകുന്ന ബ്ലീഡിങ്ങും മാസമുറയുടെ ഇടയിൽ ഉണ്ടാകുന്ന ബ്ലീഡിങ്ങും സെർവിക്കൽ കാൻസറിന്‍റെ ലക്ഷണമായാണ് പറയുന്നത്.
സ്‌ക്രീനിങ് ടെസ്റ്റുകള്‍
പ്രധാനമായും മൂന്നുതരം സ്ക്രീനിങ് ടെസ്റ്റുകളാണുള്ളത്.
● പാപ്‌സ്മിയര്‍
● എച്ച്.പി.വി ഡി.എന്‍.എ
● കോ ടെസ്റ്റ്
ഈ പരിശോധനകള്‍ പാര്‍ശ്വഫലങ്ങളില്ലാത്തതും വേദനരഹിതവും ലളിതവുമാണ്. മാത്രമല്ല, ചെലവ് കുറഞ്ഞതും ചുരുങ്ങിയ സമയത്തില്‍ ചെയ്യാവുന്നതുമാണ്.
പാപ്‌സ്മിയര്‍ ടെസ്റ്റില്‍ ഗര്‍ഭാശയമുഖത്തുനിന്ന് കോശങ്ങള്‍ ശേഖരിച്ച് അവ സൂക്ഷ്മപരിശോധന നടത്തി കോശവ്യതിയാനങ്ങള്‍ കണ്ടുപിടിക്കുന്നു. ഇതേ കോശങ്ങളില്‍ തന്നെ എച്ച്.പി.വി ഡി.എൻ.എ ടെസ്റ്റ് ചെയ്താല്‍ അണുബാധയുണ്ടോ എന്നറിയാന്‍ സാധിക്കും. ഈ രണ്ട് ടെസ്റ്റുകളും ഒന്നിച്ചു ചെയ്യുന്നതാണ് കോ ടെസ്റ്റ്. ഇത് അൽപം ചെലവേറിയതാണെങ്കിലും കാര്യക്ഷമത കൂടുതലാണ്. തന്നെയുമല്ല, പരിശോധനയില്‍ പ്രശ്‌നമൊന്നും ഇല്ലെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധന ആവര്‍ത്തിച്ചാല്‍ മതിയാകും.
പാപ്‌സ്മിയര്‍ ടെസ്റ്റ് മാത്രമാണ് ചെയ്യുന്നതെങ്കില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പരിശോധന വേണ്ടി വരും. ഈ ടെസ്റ്റില്‍ കോശവ്യതിയാനങ്ങള്‍ കണ്ടാല്‍ കോള്‍പോസ്‌കോപ്പി (ഗര്‍ഭാശയമുഖത്തെ മൈക്രോസ്‌കോപ്പിന്‍റെ സഹായത്തോടെ നിരീക്ഷിക്കുന്ന പരിശോധന) ചെയ്യേണ്ടിവരും. ഈ ടെസ്റ്റില്‍ സംശയാസ്പദമായി വല്ലതും കണ്ടാല്‍ ബയോപ്‌സി എടുത്ത് പരിശോധിക്കുകയും ആ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ നിശ്ചയിക്കുകയും ചെയ്യും.
അർബുദപൂർവ ഘട്ടത്തിലാണ് അസുഖം കണ്ടെത്തുന്നതെങ്കിൽ ചികിത്സക്കുശേഷം എല്ലാ വര്‍ഷവും സ്‌ക്രീനിങ് ടെസ്റ്റ് നടത്തണം. മൂന്നു വര്‍ഷം തുടര്‍ച്ചയായി കുഴപ്പങ്ങളില്ലെന്നു കണ്ടാല്‍ സ്‌ക്രീനിങ് ടെസ്റ്റ് പിന്നീട് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മതിയാകും. പിന്നീടുള്ള 25 വര്‍ഷത്തേക്ക് ഇതു തുടരുകയും വേണം.
രോഗം കണ്ടുപിടിച്ച് കൃത്യമായ ചികിത്സ തേടിയാല്‍, അടുത്ത 30 വര്‍ഷത്തില്‍ ഈ അർബുദം പിടിപെടാനുള്ള സാധ്യതയെ ഒരു ശതമാനമായി കുറക്കാം. എന്നാല്‍, കണ്ടുപിടിച്ച് ചികിത്സ തേടാതിരുന്നാല്‍, അടുത്ത 30 വര്‍ഷത്തില്‍ അത് അർബുദമായി മാറാനുള്ള സാധ്യത 30 ശതമാനമാണെന്ന് അറിഞ്ഞിരിക്കണം.
വാക്‌സിനുകള്‍ മൂന്നുതരം
100 ശതമാനത്തോളം സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരായ വാക്‌സിന്‍ ഇന്ന് ലഭ്യമാണ്.
● ബൈവാലന്‍റ് വാക്‌സിന്‍ (എച്ച്.പി.വി 16, 18 എന്നിവയെ പ്രതിരോധിക്കുന്നു)
● ക്വാഡ്രിവാലന്‍റ് വാക്‌സിന്‍ (എച്ച്.പി.വി 6, 11, 16, 18 എന്നിവയെ പ്രതിരോധിക്കുന്നു)
● നാനോവാലന്‍റ് വാക്‌സിന്‍ (ഒമ്പത് തരം എച്ച്.പി വൈറസുകളെ -6, 11, 16, 18, 31, 33, 45, 52, 58- പ്രതിരോധിക്കുന്നു)
● സെര്‍വിക്കല്‍ കാന്‍സറിനെപ്പോലെ തന്നെ യോനിയിലും മലദ്വാരത്തിലുമുണ്ടാകുന്ന കാൻസറിനെയും പുരുഷ ലിംഗത്തിലുണ്ടാകുന്ന കാൻസറിനെയും ഈ വാക്‌സിന്‍ പ്രതിരോധിക്കുന്നു.
വാക്സിന്‍ നല്‍കേണ്ടത് ആര്‍ക്ക്?
വാക്സിന്‍റെ തരം അനുസരിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും കൊടുക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പുതന്നെ വാക്സിനേഷന് വിധേയരാകുന്നതാണ് ഏറ്റവും ഫലപ്രദം. ഒമ്പത് മുതല്‍ 14 വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് രണ്ടു ഡോസ് വാക്സിന്‍ ആറു മാസത്തെ വ്യത്യാസത്തില്‍ കൊടുക്കണം. 14 വയസ്സിനു മുകളിലാണെങ്കില്‍ മൂന്നു ഡോസ് വാക്‌സിനാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത് (0, 1, 6 മാസം).
ഒമ്പതു മുതല്‍ 26 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് വാക്സിൻ നിഷ്‌കര്‍ഷിച്ചിട്ടുള്ളതെങ്കിലും ഇന്ത്യയിലെ പ്രത്യേക സ്ഥിതി പരിഗണിച്ച് 45 വയസ്സു വരെ കുത്തിവെപ്പെടുക്കാം.
വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടോ?
വാക്സിനില്‍ വൈറസിന്‍റെ ഡി.എന്‍.എയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങള്‍ തീരെയില്ല എന്നു തന്നെ പറയാം. കുത്തിവെച്ച സ്ഥലത്ത് വേദനയോ തടിപ്പോ ചൊറിച്ചിലോ ഉണ്ടാകാം. പനി, ശരീരവേദന, തലവേദന, ഛർദി എന്നിവ താൽക്കാലികമായി അനുഭവപ്പെടാം. സാംക്രമിക രോഗമുള്ളവരും അലര്‍ജിയുള്ളവരും എസ്.എല്‍.ഇ പോലുള്ള അസുഖമുള്ളവരും വാക്സിന്‍ എടുക്കാന്‍ പാടില്ല.
മുൻകരുതലെടുക്കാം
● ലൈംഗികതയിലേർപ്പെടുംമുമ്പ് എച്ച്.പി.വി വാക്സിൻ എടുക്കുന്നത് ഫലപ്രദമാണ്.
● സുരക്ഷിത ലൈംഗിക ബന്ധം, ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുക, ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വൈകിപ്പിക്കുക ഇവയെല്ലാം എച്ച്.പി.വിയുടെ വ്യാപനം കുറക്കും.
● പാപ്സ്മിയർ, എച്ച്.പി.വി ഡി.എന്‍.എ തുടങ്ങിയ പരിശോധനകൾ കൃത്യമായി ചെയ്യുന്നത് രോഗം നേരത്തേ കണ്ടെത്താനും ചികിത്സ തേടാനും സഹായിക്കും.
● പരമാവധി സ്ത്രീകള്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്കു വിധേയരാവുക.
● പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി വാക്സിനേഷന്‍ നിര്‍ബന്ധമായും ചെയ്യുക.
● എന്തെങ്കിലും അസാധാരണ ലക്ഷണങ്ങളുണ്ടെങ്കിൽ വൈദ്യസഹായം തേടണം.
കാൻസർ കണ്ടെത്തിയാൽ
മറ്റ് കാൻസറുകളെപ്പോലെ ശരീരം മുഴുവൻ പടരാൻ സാധ്യതയുള്ള രോഗമാണ് സെർവിക്കൽ കാൻസറും. എന്നാൽ, കാൻസറാകുന്നതിനു മുമ്പുതന്നെ ഇത് കണ്ടെത്താനാകും. വർഷങ്ങളെടുത്താണ് കോശങ്ങളിൽ വൈറസ് മാറ്റമുണ്ടാക്കുന്നത്. നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ വൈറസ് കോശങ്ങളിൽ മാറ്റമുണ്ടാക്കുന്നതും അത് കാൻസറാകുന്നതും ഇല്ലാതാക്കാം.
പ്രാരംഭഘട്ടമാണങ്കില്‍ സർജറിയാണ് പൊതുവേ ചെയ്യാറുള്ളത്. സ്റ്റേജ് കൂടുന്നതനുസരിച്ച് കീമോതെറപ്പിയും റേഡിയേഷനും വേണ്ടിവരും. ഉയർന്ന സ്റ്റേജുകളിലുള്ളവർക്ക് കീമോതെറപ്പി കൊടുത്ത് ട്യൂമറിനെ ചുരുക്കിയശേഷമാണ് റേഡിയേഷൻ തെറപ്പിയിലേക്കു പോകുന്നത്. സെർവിക്കൽ കാൻസർ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു പടർന്നിട്ടുണ്ടെങ്കിൽ കീമോതെറപ്പി മാത്രമാണ് ചികിത്സ.
യോനിയുടെയും ഗർഭപാത്രത്തിന്‍റെയും ഇടയിലാണ് സെര്‍വിക്സ് എന്നതിനാൽ ചികിത്സക്കുശേഷം ലൈംഗിക ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമോ എന്ന സംശയം പല രോഗികൾക്കുമുണ്ടാകാറുണ്ട്. താൽക്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെങ്കിലും അതെല്ലാം പരിഹരിക്കാൻ കഴിയും.
എത്രാമത്തെ സ്റ്റേജ്, ഏത് ചികിത്സ എന്നിവയെ ആശ്രയിച്ചിരിക്കും രോഗിയുടെ ലൈംഗിക ജീവിതത്തിലെ മാറ്റങ്ങൾ.