സഹയാത്രികരിൽ ഒരാൾ ഛർദിച്ചാൽ ബാക്കിയുള്ളവരും ഛർദിക്കുമോ?. അറിയാം രസംകൊല്ലിയാകുന്ന മോഷൻ സിക്‌നെസിനെ
text_fieldsഇപ്പോഴും ഓർമയുണ്ട് ചെറുപ്പകാലത്ത് ഊട്ടിയിലേക്ക് കാറിൽപോയ ഒരുനാൾ. കുട്ടികൾ ഉൾപ്പെടെ എട്ടുപേരുണ്ട് സംഘത്തിൽ. ഊട്ടി എത്താറായപ്പോൾ കസിൻ ഒരാൾ കാറിൽ ഛർദിച്ചു. അൽപസമയം കഴിഞ്ഞതും മറ്റുള്ളവർ ഓരോരുത്തരും ഛർദിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് ഇങ്ങനെ ഛർദിക്കുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല.
പുറത്തുനിന്ന് ആഹാരം കഴിച്ചിട്ടുമില്ല! സാധാരണ യാത്രചെയ്യുമ്പോൾ ഛർദിക്കാത്തവരാണ് കൂടെയുള്ളവർ എല്ലാം. യാത്രകളെ അത്യധികം ഇഷ്ടപ്പെടുകയും എന്നാൽ യാത്രാവേളകളിൽ ഉണ്ടാകുന്ന ഛർദിയും മറ്റും മൂലം സംഭവം ഒരു ദുരന്തപര്യവസായിയായി മാറുകയും ചെയ്യുന്ന ഇത്തരം അനുഭവങ്ങൾ ധാരാളമുണ്ട്. ഈ ഒരു അവസ്ഥയാണ് മോഷൻ സിക്‌നെസ് എന്നു വിളിക്കുന്നത്.
ചലിക്കുമ്പോൾ (യാത്രയിൽ ആവുമ്പോൾ) സംഭവിക്കുന്ന ഛർദിയെയും അനുബന്ധരോഗങ്ങളെയും കൂടി ആകെ പറയുന്ന പേരാണ് മോഷൻ സിക്‌നെസ്. ഈ ഒരു ബുദ്ധിമുട്ട് നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, ആർക്കാണ് കൂടുതലായി ഇത് സംഭവിക്കുന്നത്, എന്തൊക്കെ ചെയ്‌താൽ ഈയൊരു ബുദ്ധിമുട്ടിൽനിന്ന് രക്ഷപ്പെടാം. യാത്രക്കിടെ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവാനുള്ള കാരണങ്ങളും അതൊഴിവാക്കാനുള്ള ചില മുൻകരുതലുകളും ഇതാ...
മോഷൻ സിക്‌നെസിന് കാരണം
നമ്മുടെ പ്രധാന ഇന്ദ്രിയങ്ങളാണ് കണ്ണും ചെവിയും. യാത്രചെയ്യുമ്പോൾ ഈ ഇന്ദ്രിയങ്ങൾകൊണ്ട് തലച്ചോറിലുണ്ടാക്കുന്ന ഒരു തെറ്റിദ്ധാരണ കാരണമാണ് മോഷൻ സിക്‌നെസ് ഉണ്ടാകുന്നത്. ഉദാഹരണത്തിന് നമ്മൾ ഒരു കാറിൽ സഞ്ചരിക്കുകയാണെന്നു കരുതുക. ഈ സമയത്ത് നമ്മുടെ ചെവി തലച്ചോറിന് നല്‍കുന്ന സന്ദേശം കാര്‍ ചലിച്ചുകൊണ്ടിരിക്കുന്നു എന്നായിരിക്കും.
ഇതേസമയം, നമ്മുടെ കണ്ണുകൾ കാറിനുള്ളിലെ ഏതെങ്കിലുമൊരു ഭാഗത്തോ, അല്ലെങ്കിൽ നമ്മുടെ കൈയിലിരിക്കുന്ന ഏതെങ്കിലും വസ്തുവിലോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കണ്ണുകള്‍ തലച്ചോറിനോട് പറയുന്നത് ശരീരം ചലിക്കുന്നില്ല എന്നുള്ളതാണ്. തലച്ചോറിലെത്തുന്ന ഈ രണ്ട് സന്ദേശങ്ങളും പരസ്പരവിരുദ്ധമായതിനാൽ തലച്ചോറിന് കൺഫ്യൂഷൻ ഉണ്ടാകും. ഇതുകാരണമാണ് ഈ ഛർദി ഉണ്ടാകുന്നത്. വാഹനത്തിൽ ഇരുന്ന് വായിക്കുന്നതും മൊബൈല്‍ നോക്കുന്നതും ഇതുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
യാത്രക്കിടെ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ
ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഇതുണ്ടാകാം. വീട്ടില്‍ ആര്‍ക്കെങ്കിലും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മോഷന്‍ സിക്‌നെസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതലായും സ്ത്രീകൾ, രണ്ടു വയസ്സിനും 15 വയസ്സിനും ഇടയിലുള്ളവർ, ഗർഭിണികൾ, മൈഗ്രേൻ ഉള്ളവർ, തലകറക്ക രോഗങ്ങളുള്ളവർക്കാണ് ഈ ബുദ്ധിമുട്ട് കൂടുതലായും കാണുന്നത്.
ഛർദി സഹയാത്രികരെ ബാധിക്കുമോ?
നിങ്ങൾ ഒരു ബസിൽ അല്ലെങ്കിൽ ഒരു കാറിൽ യാത്രചെയ്യുകയാണെന്ന് കരുതുക. നിങ്ങളുടെ കൂടെ ഇരിക്കുന്ന വ്യക്തി പെട്ടെന്ന് ഛർദിക്കുന്നു. നിങ്ങൾക്കും ഛർദിക്കാൻ തോന്നാം! ഒരാൾ കോട്ടുവായിടുന്നത് കാണുമ്പോൾ നമുക്കും കോട്ടുവായിടാൻ തോന്നുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഛർദിയുടെ കാര്യത്തിലും ഇതുപോലെയാണ്.
ചുറ്റും നിൽക്കുന്ന ആരെങ്കിലും ഓക്കാനിക്കുന്നതോ, അതല്ലെങ്കിൽ ഛർദിക്കുന്നതിന്റെ ശബ്ദമോ മണമോ പോലും നമുക്കും ഛർദി അനുഭവപ്പെടാൻ കാരണമാകും. ആദ്യം പറഞ്ഞ കഥ ഓർമയില്ലേ. കാറിലുള്ള ഒരാൾ ഛർദിച്ചാൽ ബാക്കിയുള്ളവരും ഛർദിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
മോഷൻ സിക്‌നെസിന്‍റെ ലക്ഷണങ്ങൾ
മോഷൻ സിക്‌നെസ് അനുഭവപ്പെടുന്നവരിൽ തലകറക്കവും ഛർദിയുമാണ് പ്രധാനമായും ഉണ്ടാവുക. ചിലർക്ക് മനംപിരട്ടൽ മാത്രമാകും അനുഭവപ്പെടുക. മറ്റു ചിലർക്ക് ഇതിനോടൊപ്പം തലവേദനയും വയറുവേദനയും അനുഭവപ്പെടുന്നതും കാണാറുണ്ട്. മോഷന്‍ സിക്‌നെസ് (motion sickness) എന്ന ശാസ്ത്രീയ നാമത്തിലാണ് ഇത് അറിയപ്പെടുന്നത്.
യാത്രക്കുമുമ്പ് ചില മുൻകരുതലുകൾ സ്വീകരിക്കാം
യാത്രപോകുമ്പോൾ ഇറുകിയ വസ്ത്രങ്ങൾ ധരിച്ചാൽ ഈ ബുദ്ധിമുട്ട് കൂടുമോ?
ദൂരയാത്ര ചെയ്യുമ്പോൾ ഇറുകിയ വസ്‌ത്രങ്ങള്‍ ധരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇറുകിയ സ്ഥലങ്ങളില്‍ വായു കടന്നുചെല്ലില്ല. അതുകൂടാതെ ആ വ്യക്തിക്ക് ചൂട് കൂടുതൽ അനുഭവപ്പെടും. യാത്രചെയ്യുമ്പോൾ അയഞ്ഞ വസ്‌ത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക, പ്രത്യേകിച്ചും ദൂരയാത്രക്ക് പോകുമ്പോൾ.
യാത്രചെയ്യുന്നതിനുമുമ്പ് ആഹാരത്തിൽ എന്താണ് ശ്രദ്ധിക്കേണ്ടത് ?
യാത്ര തുടങ്ങുംമുമ്പും, യാത്ര ചെയ്യുമ്പോഴും ആഹാരത്തിൽ നല്ലവണ്ണം ശ്രദ്ധിക്കണം. കട്ടികൂടിയതും എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. യാത്രചെയ്യുമ്പോൾ ആഹാരം വയർ നിറച്ചു കഴിക്കരുത്. മിതമായി ആഹാരം കഴിച്ചശേഷം മാത്രമേ യാത്രചെയ്യാവൂ. വിശപ്പുമാറാനുള്ള, എളുപ്പം ദഹിക്കുന്ന രീതിയിൽ ഭക്ഷണം കഴിക്കാം..
നാരങ്ങ, ഇഞ്ചി മണപ്പിച്ചാൽ ഈ ബുദ്ധിമുട്ട് മാറുമോ?
നാരങ്ങ, ഇഞ്ചി, പൊതിനയില തുടങ്ങിയവ നമ്മുടെ യാത്രകളിൽ കരുതാം. ഛർദിക്കാൻ തോന്നുമ്പോൾ ഇതിന്റെ ഏതെങ്കിലും മണം ഛർദിക്കാനുള്ള തോന്നലിനെ നല്ലവണ്ണം കുറക്കും. അതുപോലെതന്നെ പുളിയുള്ള മിഠായികൾ കഴിക്കുന്നതുവഴിയും നിങ്ങളുടെ ബുദ്ധിമുട്ട് നിയന്ത്രിക്കാൻ സഹായിക്കും. ഇത്തരം മിഠായികൾ വായിലിട്ട് യാത്രചെയ്യാം.
യാത്രയിൽ ഇടവേളകൾ എടുക്കുന്നത് നല്ലതാണോ?
നിങ്ങൾ സ്വന്തം വാഹനത്തിലാണ് യാത്രചെയ്യുന്നതെങ്കിൽ യാത്രക്കിടയിൽ ഇടവേളകള്‍ എടുക്കാനായി ശ്രമിക്കുക. ഇത് ബുദ്ധിമുട്ട് കുറക്കാൻ സഹായിക്കും.
യാത്രചെയ്യുമ്പോൾ എതിർ ദിശയിലേക്കാണോ നോക്കിയിരിക്കേണ്ടത്?
നമ്മൾ യാത്രചെയ്യുന്ന ദിശയിലേക്കായിരിക്കണം നോക്കിയിരിക്കേണ്ടത്. യാത്രചെയ്യുന്ന ഭാഗത്തിന്റെ എതിര്‍ദിശയിലേക്ക് നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ കണ്ണുകൾ വീണ്ടും നിശ്ചലമാവുകയും ഛർദി വീണ്ടും ഉണ്ടാകാനും സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുപോകുന്ന വാഹനത്തില്‍ പിന്നോട്ടുതിരിഞ്ഞ് ഒരിക്കലും ഇരിക്കരുത്.
യാത്രക്കിടയിൽ ഉറങ്ങുന്നത് ഈ ബുദ്ധിമുട്ട് കുറക്കുമോ?
ശരിയാണ്. പറ്റുമെങ്കിൽ യാത്രക്കിടയിൽ കുറച്ചുനേരം ഉറങ്ങുക. യാത്രക്കിടയിൽ തലച്ചോറിന് കൺഫ്യൂഷൻ ഉണ്ടാക്കാതിരിക്കാം. അതുകൊണ്ടുതന്നെ യാത്രക്കിടയിൽ ഉറങ്ങാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല.
ഏതുസീറ്റിൽ ഇരുന്നാലാണ് ഈ ബുദ്ധിമുട്ട് കുറയുന്നത്?
അനുയോജ്യമായ ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുന്നത് യാത്ര ചെയ്യുമ്പോഴുള്ള അസ്വസ്ഥതകൾ കുറക്കും. ഉദാഹരണത്തിന്, കാറിന്റെ മുൻവശത്തുള്ള സീറ്റും വിമാനത്തിന്റെ ചിറകിന് സമീപമുള്ള സീറ്റും തിരഞ്ഞെടുക്കുന്നത് മോഷൻ സിക്നെസ് കുറക്കാൻ സഹായിക്കും. ബസിലാണെങ്കിൽ അധികം കുലുക്കം ഏൽക്കാത്ത വശങ്ങളിൽ ഇരിക്കാൻ ശ്രദ്ധിക്കുക. ഡ്രൈവറുടെ തൊട്ടുപിൻഭാഗങ്ങളിലുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക. പിൻഭാഗം ഒഴിച്ച് ബസിന്റെ ഇടതുവശത്തായുള്ള (ഡോറുള്ള ഭാഗത്ത്) സീറ്റുകളിൽ വിൻഡോ സൈഡിൽ ഇരിക്കുന്നതായിരിക്കും നല്ലത്.
●