Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightവാർധക്യം...

വാർധക്യം ആരംഭിക്കുന്നത് 60 വയസ്സ് മുതലാണോ? വാർധക്യവുമായി ബന്ധപ്പെട്ട മിത്തുകളും അവയുടെ യാഥാർഥ‍്യവും

text_fields
bookmark_border
വാർധക്യം ആരംഭിക്കുന്നത് 60 വയസ്സ് മുതലാണോ? വാർധക്യവുമായി ബന്ധപ്പെട്ട മിത്തുകളും അവയുടെ യാഥാർഥ‍്യവും
cancel

‘അയാൾക്ക് വയസ്സായില്ലേ, ഇനി ഇത്തിരി അടങ്ങി ഒതുങ്ങി ഇരുന്നുകൂടേ?’ എന്ന കുറ്റപ്പെടുത്തലും ‘വയസ്സായി​ല്ലേ, ഇനി അതിനൊന്നും വയ്യ’ എന്ന നിസ്സഹായത തുളുമ്പുന്ന ആത്മഗതവും ചുറ്റിലും നാം പതിവായി കേൾക്കുന്ന ചില സംഭാഷണങ്ങളാണ്.

ജോലിയിൽനിന്ന് വിരമിച്ചാലും മുടിയൊന്ന് നരച്ചുപോയാലുമെല്ലാം സമൂഹത്തിന്‍റെ പൊതുധാരയിൽ സംശയത്തോടെ കഴിയേണ്ട വിഭാഗമായി മാറുകയാണോ മുതിർന്ന പൗരന്മാർ?

പാരമ്പര്യമായി സമൂഹം പിന്തുടർന്നുവരുന്ന ചില ‘മിത്തു’കളാണ് ഇതിന് പിറകിലെന്ന് കാണാനാവും. എന്നാൽ, ഇത്തരം മിത്തുകൾക്ക് ഒരു തരത്തിലുമുള്ള അടിത്തറയോ ശാസ്ത്രീയതയോ ഇല്ലെന്നും ഭരണാധികാരികൾ, ശാസ്ത്രജ്ഞർ, എഴുത്തുകാർ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവരെ പരിശോധിച്ചുനോക്കിയാൽ ഇത്തരം ‘കെട്ടുകഥ’കൾ തികച്ചും തെറ്റാണെന്നും അതിന് യാഥാർഥ‍്യവുമായി ഒരു ബന്ധവുമില്ലെന്നും കാണാനാവും. അത്തരത്തിലുള്ള ചില മിത്തുകളും അവയുടെ യാഥാർഥ‍്യവും പരിശോധിക്കാം...

വാർധക്യം എന്നാൽ പൂർണമായും മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥയാണ്

മാറിയ സാഹചര്യത്തിൽ തികച്ചും തെറ്റായ ധാരണയാണിത്. പ്രായമായവരിൽ ഭൂരിപക്ഷവും സജീവമായും സ്വതന്ത്രമായും സ്വയംപര്യാപ്തതയിലും തുടരുന്നു എന്നതാണ് യാഥാർഥ‍്യം. നമ്മുടെ രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെത്തന്നെ ഉദാഹരണമായി എടുക്കാവുന്നതാണ്.

ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമാണ്

തെറ്റായ വിലയിരുത്തലാണ്. വാർധക്യം ജീവിതത്തിലെ ഒരു സ്വാഭാവിക ഘട്ടം മാത്രമാണ്. വ്യക്തികളുടെ ജീവിത സാഹചര്യങ്ങൾ അനുസരിച്ചാണ് ​ശൈശവം മുതൽ വാർധക്യം വരെയുള്ള വിവിധ ഘട്ടങ്ങളിൽ സുഖവും ദുഃഖവും അനുഭവപ്പെടുന്നത്. വാർധക്യത്തിൽ വിശ്രമിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ വളരെയധികമാണ്.

ലക്ഷ്യബോധത്തോടെ ജീവിക്കുകയും സാഹചര്യങ്ങൾക്കനുസരിച്ച് സന്തോഷം കണ്ടെത്തുകയും സ്വയം വിലമതിക്കുകയും ചെയ്യുന്ന ‘പോസിറ്റിവ് മനോഭാവം’ വളർത്തി ‘വാർധക്യത്തെ സുന്ദരമാക്കുക’ (Aging gracefully) എന്ന സങ്കൽപം സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

അവിവാഹിതരുടെയും മക്കളില്ലാത്തവരുടെയും വാർധക്യം ഏകാന്തതയും ദുരിതവും നിറഞ്ഞതാവും. മാറിയ സാഹചര്യത്തിൽ നാട്ടിലുടനീളം ഉയരുന്ന ‘പകൽവീടുകൾ’, ‘വൃദ്ധസദനങ്ങൾ’ എന്നിവ വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്കുള്ള മികച്ച ഇടങ്ങളാണ്. ഇത്തരം സാഹചര്യം മുന്നിൽകണ്ട് നേരത്തേതന്നെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണെങ്കിൽ ചികിത്സ, വിനോദം, സാമൂഹിക ഇടപഴകൽ തുടങ്ങിയ സൗകര്യങ്ങളുള്ള സ്ഥാപനങ്ങളിൽ ജീവിത സായാഹ്നം സന്തോഷപ്രദമാക്കാവുന്നതാണ്.

പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയില്ല

സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുൾപ്പെടെ, പഠിക്കാനും പൊരുത്തപ്പെടാനും ഇന്ന് മുതിർന്നവർക്ക് കഴിയുന്നുണ്ട്. വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവരിലും സ്മാർട്ട് ഫോണും ഗൂഗ്ൾ ടി.വിയും ലാപ്ടോപ്പും അനായാസം ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർ ഇന്ന് സർവസാധാരണമാണ്. സോഷ്യൽ മീഡിയ, ഓൺലൈൻ ബാങ്കിങ് രംഗത്തും മുതിർന്നവർ സജീവമാണ്.

മുതിർന്ന വ്യക്തികൾ പൊതുവെ രോഗികളും ദുർബലരുമാണ്

ഈ ധാരണയും തെറ്റാണ്. ഭക്ഷണക്രമം, വ്യായാമം, പതിവ് പരിശോധനകൾ എന്നിവയിലൂടെ പ്രായമേറിയവരിൽ വലിയൊരു വിഭാഗം നല്ല ആരോഗ്യം നിലനിർത്തുകയും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിതം നയിക്കുന്നവരുമാണ്.

വാർധക്യം 60 വയസ്സ് മുതൽ ആരംഭിക്കുന്നു

പ്രായം വെറും അക്കം മാത്രമാണ് എന്നത് ഇന്ന് ഒരു യാഥാർഥ‍്യമായിക്കഴിഞ്ഞു. 60കളിലും 70കളിലുമുള്ള വ്യക്തികൾ ചുറുചു​റുക്കോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.

വാർധക്യത്തിന്റെ ഭാഗമായി എല്ലാവരിലും മറവിരോഗങ്ങൾ കാണപ്പെടുന്നു

പ്രായമാകുന്നതോടെ എല്ലാ വ്യക്തികളിലും ഓർമക്കുറവ് പ്രകടമാവാറില്ല. സ്വാഭാവിക ഓർമക്കുറവ് സാധാരണമാണെങ്കിലും ‘ഡിമെൻഷ്യ’ പോലുള്ള രോഗങ്ങൾ എല്ലാവരെയും ബാധിക്കുന്ന ഒന്നല്ല.

വ്യായാമം ചെയ്യേണ്ട ആവശ്യമില്ല

ഈ ചിന്താഗതിയും തെറ്റാണ്. ശരീരത്തിന്‍റെ ചലനശേഷി, ഹൃദയത്തിന്‍റെ ആരോഗ്യം, മാനസികാവസ്ഥ എന്നിവക്ക് അനുയോജ്യമായ വ്യായാമങ്ങൾ ​മുതിർന്ന പൗരന്മാരുടെ പൊതുവായ ആരോഗ്യത്തിൽ മികച്ച ഫലം നൽകും.

ജോലിയിൽനിന്ന് വിരമിക്കുന്നതോടെ ആ വ്യക്തിയുടെ കഴിവുകൾ അവസാനിക്കുന്നു

ഇതും തെറ്റായ ധാരണയാണ്. സമൂഹത്തിലെ പല മുതിർന്ന പൗരന്മാരും ജോലിയിൽനിന്ന് വിരമിച്ച ശേഷം മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. ചിലർ വരുമാനത്തിനുവേണ്ടി ജോലി ചെയ്യുമ്പോൾ മറ്റു ചിലർ സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്നവരാണ്.

ലൈംഗിക ജീവിതം അന്യമാണ്

ഒരു വ്യക്തിയുടെ ലൈംഗികത അയാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ലൈംഗിക പങ്കാളിയെയും ആശ്രയിച്ചാണിരിക്കുന്നത്. രോഗങ്ങളോ മറ്റ് അവശതകളോ തടസ്സമാവില്ലെങ്കിൽ മുതിർന്ന പൗരന്മാർക്ക് അവർക്കിഷ്ടമുള്ള കാലംവരെയും ലൈംഗിക ജീവിതം തുടരാവുന്നതാണ്.

സമൂഹത്തിന് ഒരു ഭാരമാണ്

പ്രായമായവരെ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങൾ സമൂഹത്തിന് ഒരു മുതൽക്കൂട്ടായാണ് പരിഗണിക്കുന്നത്. അറിവ്, പുതിയ തലമുറയോടുള്ള സ്നേഹവും കരുതലും, സാംസ്കാരിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കൽ തുടങ്ങിയ മേഖലകളിൽ മുതിർന്നവർ സമൂഹത്തിന് നൽകുന്ന സംഭാവന വളരെ വലുതാണ്.

കാഴ്ചപ്പാടുകളോ പെരുമാറ്റമോ മാറ്റാൻ കഴിയില്ല

ഇതും തെറ്റായ ധാരണയാണ്. പ്രായമേറുന്നതോടെ പലരും സാഹചര്യങ്ങൾക്കനുസരിച്ച തുറന്ന മനസ്സുള്ളവരും മാറിയ സാഹചര്യ​ങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നവരുമാണ്.

ഇന്ത്യയിലെ ആയുർദൈർഘ്യം

ആരോഗ്യമേഖലയിലെ പുരോഗതി, പോഷകാഹാര ലഭ്യത, ഉയർന്ന ജീവിത നിലവാരം എന്നിവയുടെ ഫലമായി കഴിഞ്ഞ കുറച്ചു ദശകങ്ങളായി ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തിൽ വലിയ വർധനയാണ് കാണാനാവുക.

സമീപകാലത്തെ കണക്കുകളനുസരിച്ച് ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 1970കളിൽ 50 വയസ്സായിരുന്നെങ്കിൽ ഇന്നത് 70-71 വയസ്സിൽ എത്തിനിൽക്കുകയാണ്.

എന്നാലും പ്രായമേറുന്നതനുസരിച്ച് വ്യക്തികളുടെ മനസ്സിലെ ആശങ്കകളിലും മുതിർന്ന പൗരന്മാരോടുള്ള സമൂഹത്തിന്‍റെ മനോഭാവത്തിലും കാര്യമായ മാറ്റങ്ങൾ വന്നതായി കാണാനാവില്ല.

Show Full Article
TAGS:Health News elderly people myths 
News Summary - myths and reality related to aging
Next Story