ബയോപ്സി ടെസ്റ്റിലൂടെ കാൻസർ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുമോ? -അറിയാം, കാൻസറുമായി ബന്ധപ്പെട്ട അബദ്ധ ധാരണകൾ
text_fieldsകാൻസർ ചികിത്സയോളംതന്നെ ദുഷ്കരമാണ് കാൻസറുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന അബദ്ധ ധാരണകൾ മാറ്റിയെടുക്കൽ. വിദ്യാസമ്പന്നരായ ആളുകൾപോലും കാൻസറിനെക്കുറിച്ചുള്ള നിരവധി മിത്തുകൾ മനസ്സിലേറ്റി നടക്കുന്നവരാണ്.
വർഷങ്ങളായി ഡോക്ടർമാരും മറ്റ് ഏജൻസികളും ഇത്തരം ധാരണകളെ മാറ്റിയെടുക്കാൻ ബോധവത്കരണങ്ങളും മറ്റും നടത്തിവരാറുണ്ടെങ്കിലും വേണ്ടത്ര വിജയം കണ്ടിട്ടില്ല.
സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന നമ്മുടെ സമൂഹത്തിലും ഇത്തരം മിത്തുകൾ നിലവിലുണ്ട്. ഒരു കുടുംബത്തിൽ രോഗം വന്നാൽ മറ്റുള്ളവർക്കും വരും, സമ്പർക്കം മൂലം രോഗം പകരും, ചികിത്സയുമായി ബന്ധപ്പെട്ട് നടത്തുന്ന ബയോപ്സി പോലുള്ള ടെസ്റ്റുകൾ ശരീരത്തിൽ രോഗം വ്യാപിക്കാനിടയാക്കും, കീമോതെറപ്പിക്ക് വിധേയനായ വ്യക്തി കുറേനാൾ ഒറ്റക്ക് കഴിയേണ്ടതുണ്ട്, കാൻസർ മാറാരോഗമായതിനാലാണ് പാലിയേറ്റിവ് ചികിത്സക്ക് വിധേയരാക്കുന്നത് തുടങ്ങി നിരവധി ചിന്താഗതികളാണ് സമൂഹത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്നത്.
100 ശതമാനം പാരമ്പര്യരോഗമല്ല
കുടുംബത്തിൽ ഒരാൾക്ക് രോഗം പിടിപെട്ടാൽ മറ്റുള്ളവർക്ക് ഉറപ്പായും രോഗം വരുമെന്ന ധാരണ സമൂഹത്തിലുണ്ട്. ഇത് തികച്ചും തെറ്റാണ്. അഞ്ചു മുതൽ 10 ശതമാനം വരെ മാത്രമാണ് ഇതിനുള്ള സാധ്യത. ബാക്കി 90 ശതമാനം കാൻസർ രോഗങ്ങളും പാരിസ്ഥിതിക ഘടകങ്ങൾ, ജീവിതശൈലി തുടങ്ങിയവമൂലം ഉടലെടുക്കുന്നവയാണ്.
മക്കളുടെ വിവാഹം മുടങ്ങിപ്പോകുമെന്ന് കരുതി തങ്ങളുടെ രോഗവിവരങ്ങൾ മറച്ചുവെക്കുന്ന നിരവധി മാതാപിതാക്കൾ നമ്മുടെ ചുറ്റിലുമുണ്ട്. രോഗം കാൻസറാണെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ അത് ബന്ധുക്കളിൽനിന്നും സമൂഹത്തിൽനിന്നും മറച്ചുവെക്കാനുള്ള പ്രവണതകൾ പലരിലും കണ്ടുവരുന്നത് കുടുംബത്തിലെ മറ്റുള്ളവർകൂടി രോഗഭീഷണിയുടെ നിഴലിലാണെന്ന തെറ്റിദ്ധാരണ മൂലമാണ്. എന്നാൽ, ഇത്തരം ധാരണകൾക്ക് ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലെന്ന് ഉറപ്പിച്ച് പറയാനാവും.
അതേസമയം, പാരമ്പര്യ ഘടകങ്ങളുടെ സാന്നിധ്യമുള്ള വ്യക്തികളിൽ പാരിസ്ഥിതിക ഘടകങ്ങൾ, പുകവലി, മദ്യപാനം, മറ്റു ലഹരി ഉപയോഗങ്ങൾ തുടങ്ങിയ മോശമായ ജീവിതശൈലികൾ കൂടി ചേരുമ്പോൾ കാൻസർ വരാനുള്ള സാധ്യത സ്വാഭാവികമായും കൂടുതലാവും.
ബയോപ്സി പോലുള്ള ടെസ്റ്റുകൾ സുരക്ഷിതം
രോഗനിർണയത്തിനും മറ്റും ചികിത്സകർ നിർദേശിക്കുന്ന നീഡിൽ ബയോപ്സി ടെസ്റ്റ്, ശസ്ത്രക്രിയ എന്നിവ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് രോഗം പടരാനിടയാക്കുമെന്ന രീതിയിലുള്ള ധാരണയും സമൂഹത്തിൽ ചെറുതല്ലാത്ത തോതിൽ കണ്ടുവരുന്നുണ്ട്.
ഇത്തരം പരിശോധനകൾ കാൻസർ സെല്ലുകളെ ‘പൊട്ടിക്കുന്ന’തു കൊണ്ടാണെന്നാണ് ഇക്കൂട്ടർ വിശ്വസിക്കുന്നത്. എന്നാൽ, ഇത് തികച്ചും തെറ്റായ വിശ്വാസമാണ്.
നേർത്ത സൂചി ഉപയോഗിച്ച് ശരീരത്തിലെ കാൻസർ സെല്ലുകൾ കുത്തിയെടുക്കുന്നത് ചികിത്സക്ക് അത്യന്താപേക്ഷിതമാണ്. രോഗത്തിന്‍റെ സ്വഭാവവും അവസ്ഥയും തിരിച്ചറിയാനും തുടർന്ന് ചികിത്സാ മാർഗങ്ങൾ സ്വീകരിക്കാനും വേണ്ടിയാണിത്.
ഇതുമൂലം ശരീരത്തിന്‍റെ ഒരു ഭാഗത്ത് കണ്ടെത്തിയ കാൻസർ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത തീരെയില്ല. കാരണം നിലവിൽ ശരീരത്തിലെ രക്തചംക്രമണത്തിന്റെ ഭാഗമായി ധമനികളിലൂടെ സഞ്ചരിക്കുന്ന രക്തം ബയോപ്സി എടുക്കുന്ന ഭാഗത്തുകൂടി കയറിയിറങ്ങിയാണ് ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും എത്തുന്നത്. കാൻസർ കോശങ്ങൾ പടരുന്നവയാണെങ്കിൽ ഇതുവഴിതന്നെ പടരേണ്ടതാണ്.
ശസ്ത്രക്രിയ ചെയ്ത് കാൻസർ ബാധിച്ച ഭാഗങ്ങൾ നീക്കം ചെയ്യുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. അതേസമയം, ഇത്തരം പരിശോധനകൾക്കുശേഷം കാൻസർ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിൽ കണ്ടെത്തുന്നതിന്‍റെ കാരണങ്ങൾ മറ്റുപലതുമാണ്. ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ഫലമായാണ് രോഗം മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതെന്ന് ചുരുക്കം.
കീമോതെറപ്പിയും മുൻകരുതലുകളും
ചികിത്സയുടെ ഭാഗമായി കീമോതെറപ്പിക്ക് വിധേയരാവുന്ന രോഗികൾ വീട്ടുകാരിൽനിന്നും സന്ദർശകരിൽനിന്നും അകന്ന് മുറിക്കുള്ളിൽ ഒറ്റക്ക് കഴിയണം എന്ന രീതിയിലുള്ള മിത്തും ഇന്ന് നിലവിലുണ്ട്. തികച്ചും തെറ്റായ ധാരണയാണിത്.
സന്ദർശകർക്കോ വീട്ടിലെ മറ്റ് അംഗങ്ങൾക്കോ അണുബാധയുണ്ടെങ്കിൽ അത് രോഗിയിലേക്ക് പകരാതിരിക്കാൻ നൽകുന്ന മുന്നറിയിപ്പിന്‍റെ ഫലമായാണ് ഇത്തരം ധാരണകൾ ഉണ്ടായിരിക്കുന്നത്. താരതമ്യേന ആരോഗ്യമുള്ള വ്യക്തികളെ അപേക്ഷിച്ച് കീമോതെറപ്പിക്ക് വിധേയനായ വ്യക്തിയുടെ പ്രതിരോധശേഷി കുറയുന്നതുകൊണ്ടാണിത്.
എന്നുവെച്ച് രോഗി മുറിക്കുള്ളിൽ ഒറ്റക്ക് കഴിയണമെന്നോ സന്ദർശകർ രോഗിയെ ജനൽവഴിയോ വളരെ ദൂരെനിന്നോ നോക്കിക്കാണണമെന്നോ അർഥമില്ല. രോഗിക്ക് അണുബാധ ഉണ്ടാവാതെ സൂക്ഷിക്കണമെന്ന് മാത്രം. രോഗിക്ക് നൽകുന്ന ഭക്ഷണത്തിന്‍റെ കാര്യത്തിലും ഇതുകൊണ്ടാണ് ചില നിയന്ത്രണങ്ങൾ വരുത്തുന്നത്.
സമ്പർക്കം മൂലം രോഗം പകരും എന്ന ഭീതി
ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗാണുക്കൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ പോലെ കാൻസർ ഒരിക്കലും രോഗിയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒന്നല്ല. മറിച്ച് ഇത് ഒരു വ്യക്തിയുടെ ശരീരത്തിലെ കോശങ്ങൾക്കുള്ളിലെ ജനിതക പരിവർത്തനങ്ങൾ മൂലമുണ്ടാവുന്നതാണ്. രോഗിയുമായുള്ള ശാരീരിക സമ്പർക്കം, ഭക്ഷണം പങ്കിടൽ, അടുത്തിടപഴകൽ എന്നിവയിലൂടെ ഒരിക്കലും രോഗം പകരില്ല.
ഉദാഹരണത്തിന് രക്താർബുദമുള്ള വ്യക്തിയുടെ രക്തം അബദ്ധത്തിൽ മറ്റൊരാൾക്ക് നൽകാനിടയായാൽ രക്തം സ്വീകരിച്ച വ്യക്തിക്കോ സ്തനാർബുദമുള്ള അമ്മയുടെ മുലപ്പാൽ കുടിച്ച കുഞ്ഞിനോ രോഗമുണ്ടാവില്ല.
സമ്പർക്കം മൂലം കാൻസർ പകരുമെങ്കിൽ നിലവിൽ ചികിത്സാരംഗത്തുള്ള വിദഗ്ധർക്ക് മുഴുവനും കാൻസർ വരേണ്ടതായിരുന്നു എന്നും ഓർക്കുക.
വിവിധ ചികിത്സകൾ ഒരുമിച്ച് ചെയ്യുന്നത് ഫലപ്രദമല്ല
കാൻസർ ചികിത്സയുടെ ഭാഗമായി ചില രോഗികൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൂടെതന്നെ പരമ്പരാഗത ചികിത്സാരീതികളും മറ്റു വൈദ്യശാഖയിലെ മരുന്നുകളും ഉപയോഗിച്ചുവരുന്നതായി കണ്ടിട്ടുണ്ട്.
ഇങ്ങനെ ചെയ്യുന്നത് രോഗശമനം വേഗത്തിലാക്കാനും കീമോതെറപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സകളുടെ പാർശ്വഫലങ്ങൾ ഇല്ലാതാക്കാനും സഹായിക്കും എന്ന തരത്തിലൊരു മിത്തും നിലവിലുണ്ട്. ഇത് തികച്ചും അശാസ്ത്രീയമായ ധാരണയാണ്.
വിവിധ ചികിത്സാരീതികളിലെ മരുന്നുകൾ ഒരേ സമയം ഉപയോഗിക്കുമ്പോൾ അവ തമ്മിലുണ്ടാവുന്ന പ്രതിപ്രവർത്തനങ്ങളെക്കുറിച്ച് ചികിത്സകർക്ക് ഒരു ഉറപ്പും നൽകാനാവില്ല. ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലം ഇല്ലാതാവാനും ഇത് ഇടവരുത്തും.
സമൂഹത്തിൽ നിലവിലുള്ള ശക്തമായ ചില മിത്തുകളാണ് മുകളിൽ സൂചിപ്പിച്ചത്. പ്രാദേശിക മാറ്റങ്ങളോടെ ഇനിയും നിരവധി തെറ്റായ ധാരണകൾ ഉണ്ടാവാനിടയുണ്ട്. ഏതുതരം സംശയങ്ങളും വിദഗ്ധ ഡോക്ടർമാരുമായി സംസാരിച്ച് ദൂരീകരിക്കുകയും അവരുടെ നിർദേശപ്രകാരം മാത്രം ചികിത്സകൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ശാസ്ത്രീയമായ രീതി.
കാൻസർ മാറാരോഗമല്ല
കാൻസർ മാറാരോഗമാണെന്ന വിശ്വാസവും നിലവിലുണ്ട്. മുൻകാലങ്ങളിൽ ഫലപ്രദ ചികിത്സകൾ കണ്ടെത്തുന്നതിനുമുമ്പ് സൃഷ്ടിക്കപ്പെട്ട സാഹിത്യകൃതികളിൽനിന്നും സിനിമകളിൽനിന്നും ലഭിച്ച വികലമായ അറിവിന്‍റെ വെളിച്ചത്തിലായിരിക്കാം ചിലരെങ്കിലും ഇങ്ങനെ വിശ്വസിക്കുന്നത്.
രോഗികളിൽ പലർക്കും പാലിയേറ്റിവ് ചികിത്സ നിർദേശിക്കുന്നതും മറ്റൊരു കാരണമാണ്. മാറാരോഗങ്ങൾക്ക് മാത്രമാണ് പാലിയേറ്റിവ് ചികിത്സ നൽകുന്നത് എന്നതും മറ്റൊരു തെറ്റിദ്ധാരണയാണ്. വൈദ്യശാസ്ത്ര മേഖലയിൽ, പ്രത്യേകിച്ച് കാൻസർ ചികിത്സാരംഗത്ത് ഏതാനും ദശകങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെ ഫലമായി ഇന്ന് വലിയൊരളവ് കാൻസറുകളും പൂർണമായി ചികിത്സിച്ച് മാറ്റിയെടുക്കാൻ കഴിയുന്നതാണ്.
വളരെ കുറഞ്ഞ ഗണത്തിൽപ്പെട്ട കാൻസറുകൾ മാത്രമാണ് ഇന്ന് ചികിത്സകർക്ക് വെല്ലുവിളി ഉയർത്തുന്നത്. അവയാകട്ടെ നിയന്ത്രിച്ച് നിർത്താനും രോഗികളുടെ ആയുസ്സ് നീട്ടിനൽകാനും കഴിയുന്ന രീതിയിൽ ചികിത്സാരംഗം പുരോഗമിച്ചുകഴിഞ്ഞു.
ആഗോളതലത്തിൽ നടന്നുവരുന്ന ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ദിവസങ്ങൾ ചെല്ലുന്തോറും ഫലപ്രദമായ പുതിയ മരുന്നുകളും ചികിത്സാരീതികളും കണ്ടെത്തുന്നുമുണ്ട്. ഇതിന്‍റെയെല്ലാം ഫലമായി വിദൂരമല്ലാത്ത ഭാവിയിൽത്തന്നെ കാൻസറിനെ പൂർണമായി കീഴടക്കാൻ വൈദ്യശാസ്ത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
ചികിത്സയുടെ ഫലമായി കാൻസർ പൂർണമായി ഭേദമായ വ്യക്തികളെപ്പോലും രോഗികളായി പരിഗണിക്കുന്ന രീതി സമൂഹത്തിനുണ്ട്. ഇതും മാറ്റിയെടുക്കേണ്ടതാണ്.