Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightഅകലെയല്ല, കാൻസർ...

അകലെയല്ല, കാൻസർ ഇല്ലാത്ത ലോകം... ഇവയാണ്, കാൻസർ ചികിത്സാരംഗത്തെ പുതിയ മുന്നേറ്റങ്ങൾ

text_fields
bookmark_border
അകലെയല്ല, കാൻസർ ഇല്ലാത്ത ലോകം... ഇവയാണ്, കാൻസർ ചികിത്സാരംഗത്തെ പുതിയ മുന്നേറ്റങ്ങൾ
cancel

വൈദ്യശാസ്​ത്രരംഗത്തെ ഗവേഷണങ്ങളുടെയും നിർമിതബുദ്ധി പോലുള്ള സാ​ങ്കേതികവിദ്യകളുടെയും സമന്വയത്തോടെ കാൻസർ ചികിത്സയിൽ അതിവേഗത്തിലുള്ള മുന്നേറ്റങ്ങളാണ്​ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മുൻകാലങ്ങളിൽ പിന്തുടർന്നുവന്നിരുന്ന പരിമിതമായ ചികിത്സാ രീതികളിൽനിന്ന് വ്യത്യസ്തമായി, ഇന്ന് കാൻസർ ചികിത്സ കൂടുതൽ കൃത്യതയും ഫലപ്രാപ്തിയും കൈവരിച്ചുകഴിഞ്ഞു. കാൻസർ രോഗികൾക്ക് പ്രതീക്ഷയുടെ ഒരു പുത്തൻ വെളിച്ചമാണ് തെളിയുന്നത്.

പരമ്പരാഗത ചികിത്സാരീതികളായ ശസ്ത്രക്രിയ, കീമോതെറപ്പി എന്നിവക്കൊപ്പം, ശരീരത്തിന്‍റെ പ്രതിരോധ ശക്തി ഉപയോഗപ്പെടുത്തി ചികിത്സിക്കുന്ന ഇമ്യൂണോതെറപ്പി, ടാർഗെറ്റഡ് തെറപ്പി, ജീൻ എഡിറ്റിങ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും ഡോക്ടർമാർ ഇന്ന്​ ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്​.

അനാരോഗ്യം സൃഷ്ടിക്കുന്ന ജീവിതശൈലിയും വിഷലിപ്തമായ പരിസ്ഥിതിയും ചേർന്ന്​ ആഗോളതലത്തിൽതന്നെ കാൻസർ രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആധുനിക ചികിത്സാരീതികൾക്ക്​ മുന്നിൽ വലിയൊരു ശതമാനം കാന്‍സറുകളും കീഴടങ്ങിക്കഴിഞ്ഞു.

കാൻസർ ഇന്‍റർസെപ്ഷൻ ക്ലിനിക്കുകൾ

കാൻസർ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് കാൻസർ ഇന്‍റർസെപ്ഷൻ ക്ലിനിക്കുകൾ. കാൻസർ പ്രാരംഭ ഘട്ടത്തിൽതന്നെ കണ്ടെത്താനും ചികിത്സ നൽകാനുമുള്ള വിദഗ്ധ സംഘങ്ങളടങ്ങിയതാണ്​ ഈ ക്ലിനിക്കുകൾ.

പാരമ്പര്യം, ജീവിതപശ്ചാത്തലം തുടങ്ങിയ കാൻസർ സാധ്യതയേറിയ വ്യക്​തികൾക്ക്​ കൃത്യമായ ഇടവേളകളിൽ ഇത്തരം ക്ലിനിക്കുകളെ സമീപിച്ച്​ ആരോഗ്യപരിശോധനകൾ നടത്തി ആവശ്യമെങ്കിൽ ചികിത്സ തേടാവുന്നതാണ്.


പ്രിസിഷൻ ഓങ്കോളജി

ഓരോ കാൻസർ രോഗിയും വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ, ചികിത്സയും വ്യക്തിഗതമായിരിക്കണം. പ്രിസിഷൻ ഓങ്കോളജി, ഓരോ രോഗിയുടെയും ജനിതകഘടനയനുസരിച്ച് ചികിത്സ തയാറാക്കുന്ന രീതിയാണ്. ഈ രീതി, ചികിത്സയുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതോടൊപ്പം പാർശ്വഫലങ്ങൾ കുറക്കുകയും ചെയ്യും.

ടാർഗറ്റഡ് തെറപ്പികൾ

കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമാക്കുന്ന ഒന്നാണ് ടാർഗറ്റഡ് തെറപ്പികൾ. കാൻസർ കോശങ്ങളിലെ നിർദിഷ്ട മാറ്റങ്ങളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിലൂടെ ആരോഗ്യമുള്ള കോശങ്ങൾക്ക്​ കേടു സംഭവിക്കാതെതന്നെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാൻ ഇതുവഴി കഴിയുന്നു.

Car T-Cell തെറപ്പി

Car T-Cell തെറപ്പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചിമെറിക് ആന്‍റിജൻ റിസപ്റ്റർ ടി-സെൽ തെറപ്പി (Chimeric Antigen Receptor T-cell therapy) ഇന്ന്​ കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന നൂതന രീതിയാണ്. ശരീരത്തിലെ കാൻസർ കോശങ്ങളെ തിരിച്ചറിയാനും അവയെ ഇല്ലാതാക്കാനും ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന വെളുത്ത രക്താണുക്കളായ ‘ടി സെല്ലു’കളെ സജ്ജമാക്കുന്ന രീതിയാണിത്​.


ക്രിസ്‌പെര്‍ (CRISPR) സാ​ങ്കേതികവിദ്യ

മനുഷ്യകോശങ്ങളെ ജീൻ എഡിറ്റിങ്ങിന് വിധേയമാക്കുന്ന ഏറ്റവും പുതിയ സാ​ങ്കേതികവിദ്യയാണ്​ ‘ക്രിസ്‌പെര്‍’. കാൻസർ കോശങ്ങളിലെ ജീനുകളിൽ മാറ്റം വരുത്തി അവയെ നശിപ്പിക്കുന്ന രീതിയാണ്​ ഈ സാ​ങ്കേതികവിദ്യയുടെ സഹായത്തോടെ ലക്ഷ്യമിടുന്നത്​.

നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള ചികിത്സ

കാൻസർ ചികിത്സയിൽ നിർമിത ബുദ്ധിയുടെ കടന്നുവരവ് വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രോഗനിർണയം മുതൽ ചികിത്സാ പദ്ധതികൾ തയാറാക്കൽ വരെയുള്ള ഘട്ടങ്ങളിൽ എ.ഐ നിർണായക പങ്കാണ്​ വഹിക്കുന്നത്​.

വേഗത്തിലുള്ള രോഗനിർണയമാണ്​ ഇതിൽ ഏറ്റവും പ്രധാനം. എ​.ഐ അടിസ്ഥാനമാക്കിയുള്ള ‘ഇമേജ് അനാലിസിസ്’ ഉപയോഗിച്ച് കാൻസർ കോശങ്ങളെ കൂടുതൽ കൃത്യതയോടെയും വേഗത്തിലും തിരിച്ചറിയാൻ സാധിക്കുന്നു. ഇത്, ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ സഹായിക്കുകയും ചികിത്സയുടെ ഫലപ്രാപ്തി വർധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ ഓരോ രോഗിയുടെയും ജനിതകഘടന, രോഗത്തിന്‍റെ തീവ്രത, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ വിശകലനം ചെയ്ത്​ വ്യക്തിഗത ചികിത്സാ പദ്ധതികൾ തയാറാക്കുകയും ചെയ്യുന്നു. ഇതു ചികിത്സയുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നതോടൊപ്പം പാർശ്വഫലങ്ങൾ കുറക്കാനും സഹായിക്കുന്നു.

രോഗികളുടെ പരിചരണത്തിലും എ.ഐ വലിയ പങ്ക്​ വഹിക്കുന്നുണ്ട്​. എ.ഐ ചാറ്റ്‌ബോട്ടുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി രോഗികൾക്ക് രാത്രിയോ പകലോ എന്നില്ലാതെ മുഴുവൻ സമയ പിന്തുണ നൽകാനും ഇപ്പോൾ കഴിയുന്നുണ്ട്​.

ചികിത്സയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, ഡോക്ടറുമായുള്ള കൂടിക്കാഴ്​ച ആസൂത്രണം ചെയ്യുക, രോഗികളുടെ ആരോഗ്യ പുരോഗതി നിരീക്ഷിക്കുക തുടങ്ങിയ രംഗങ്ങളിൽ ഈ സാ​ങ്കേതികവിദ്യക്ക്​ വലിയ പങ്ക്​ വഹിക്കാനാവുന്നുണ്ട്​.


കാൻസർ ചികിത്സാരംഗത്ത്​ എ.​െഎ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്​ ഗവേഷണരംഗത്താണ്​. കാൻസർ സംബന്ധിച്ച വലിയ അളവിലുള്ള വിവരങ്ങൾ (Data) വിശകലനം ചെയ്യുകവഴി പുതിയ ചികിത്സാരീതികൾ കണ്ടെത്താൻ സഹായിക്കുന്നതേ​ാടെ ഗവേഷണങ്ങളുടെ കാലയളവ്​ ഗണ്യമായി കുറക്കാനും കൂടുതൽ കൃത്യത നൽകാനും കഴിയുന്നു. അതേസമയം, ഈ സ​ങ്കേതികവിദ്യ ഒരിക്കലും ഒരു വിദഗ്​ധ ചികിത്സകന്​ പകരമാവുന്നില്ല. മറിച്ച്​ രോഗനിർണയത്തിലും ചികിത്സയിലും ഡോക്ടർമാർക്ക്​ ഫലപ്രദമായി ഉപയോഗിക്കാവുന്ന സാ​ങ്കേതികവിദ്യ മാത്രമാണിത്​.

സ്വീകരിക്കാം, മുൻകരുതലുകൾ

● ആരോഗ്യകരമായ ജീവിതശൈലി

● സന്തുലിത ഭക്ഷണം

● ചിട്ടയായ വ്യായാമം

● പുകവലി ഒഴിവാക്കുക

● മദ്യപാനം ഒഴിവാക്കുക

● സ്ക്രീനിങ്

നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈയിൽതന്നെയാണ്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടുക. രോഗലക്ഷണങ്ങൾ മൂർച്ഛിക്കാൻ കാത്തുനിൽക്കാതെ തുടക്കത്തിൽ തന്നെ ആരോഗ്യ വിദഗ്ധരെ സമീപിക്കുക. ഡോക്ടർ നിർദേശിക്കുന്ന ചികിത്സാ രീതികളുമായി മുന്നോട്ടുപോകുന്നതുവഴി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകൾ സജീവമാക്കാം.





Show Full Article
TAGS:Health News cancer cancer treatment 
News Summary - new advances in cancer treatment
Next Story