Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightമാറാത്ത വായ്പുണ്ണും...

മാറാത്ത വായ്പുണ്ണും ശബ്ദത്തിലെ മാറ്റവും ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം; മുന്നറിയിപ്പുമായി ഡോക്ടർമാർ

text_fields
bookmark_border
മാറാത്ത വായ്പുണ്ണും ശബ്ദത്തിലെ മാറ്റവും ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം; മുന്നറിയിപ്പുമായി ഡോക്ടർമാർ
cancel

ന്യൂഡൽഹി: തുടക്കത്തിൽ നിസാരമെന്ന് തോന്നുന്നവയാണ് മാറാത്ത വായ്പുണ്ണും പെട്ടെന്ന് ശബ്ദത്തിലുണ്ടാകുന്ന മാറ്റങ്ങളും. മാനസിക സമ്മർദ്ദം, എരിവുള്ള ഭക്ഷണം, കാലാവസ്ഥാ വ്യതിയാനം, അല്ലെങ്കിൽ അമിതമായി സംസാരിക്കുന്നത് കൊണ്ടുള്ള ക്ഷീണം എന്നിവയെയാണ് പലരും ഇതിന് കാരണമായി പറയാറുള്ളത്. എന്നാൽ ഈ ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണെങ്കിൽ ഗുരുതര രോഗങ്ങൾക്ക് ശരീരം നൽകുന്ന സൂചനയാകാമത്. രണ്ട് മുതൽ മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഇത്തരം ലക്ഷണങ്ങൾ പരിശോധിക്കണം. കാരണം, ഇതിന് പിന്നിൽ തലയെയും കഴുത്തിനെയും ബാധിക്കുന്ന കാൻസർ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാകാമെന്നാണ് ഹെഡ് & നെക്ക് ഓങ്കോസർജറി കൺസൾട്ടന്റായ ഡോ. കാർത്തിക് കൃഷ്ണൻ പറയുന്നത്

വായ്ക്കുള്ളിലെ പുണ്ണ് സാധാരണയായി ആരും അത്ര ഗൗരവത്തിലെടുക്കാറില്ല. തനിയെ മാറിക്കൊള്ളും എന്ന് കരുതി ആളുകൾ തങ്ങളുടെ ദൈനംദിന ജീവിതവുമായി മുന്നോട്ട് പോകും. ശബ്ദത്തിലുണ്ടാകുന്ന കനവും ഇതേരീതിയിലാണ് ആളുകൾ അവഗണിക്കാറുള്ളത്. മലിനീകരണം, തൊണ്ടയിലെ അണുബാധ, അല്ലെങ്കിൽ അമിതമായി സംസാരിച്ചത് കൊണ്ടുള്ള ക്ഷീണം എന്നൊക്കെ കരുതി അവയെ തള്ളിക്കളയുന്നു.

എല്ലാ വായ്പുണ്ണും അപകടകരമല്ല

ഭൂരിഭാഗം വായ്പുണ്ണുകളും ഏതാനും ദിവസങ്ങൾക്കുള്ളിൽ തനിയെ ഭേദമാകാറുണ്ട്. അബദ്ധത്തിൽ കവിളിൽ കടിയേൽക്കുന്നത്, മാനസിക സമ്മർദ്ദം, വിറ്റാമിൻ കുറവ്, പല്ലിലെ കമ്പികൾ, കൂർത്ത പല്ലുകൾ, അല്ലെങ്കിൽ എരിവുള്ള ഭക്ഷണങ്ങൾ എന്നിവയൊക്കെ വായ്പുണ്ണിന് കാരണമാകാം. ഇവ സാധാരണയായി ചെറിയ പരിചരണം കൊണ്ട് തന്നെ മാറും. എന്നാൽ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്

  • ഒരേ സ്ഥലത്ത് തന്നെ വായ്പുണ്ണ് ആവർത്തിച്ച് വരിക.
  • എളുപ്പത്തിൽ രക്തം വരിക.
  • കഠിനമായ വേദന അനുഭവപ്പെടുക.
  • പുണ്ണിന്റെ വശങ്ങൾ കട്ടിയുള്ളതായി മാറുക.
  • മരുന്നുകൾ കഴിച്ചിട്ടും ഭേദമാകാതിരിക്കുക.
  • ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.

വളരെ ലളിതമായാണ് പലപ്പോഴും വായിലെ കാൻസറുകൾ ആരംഭിക്കുന്നത്. തുടക്കത്തിൽ വലിയ വേദന ഉണ്ടാകണമെന്നില്ല. മാറാത്ത ഒരു പുണ്ണായിരിക്കും ഇതിന്റെ ആദ്യ ലക്ഷണം. വ്യാപകമായി പുകയില ഉപയോഗിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വായിലെ കാൻസർ വലിയൊരു ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ശബ്ദത്തിലെ മാറ്റങ്ങൾ

ജലദോഷം വരുമ്പോഴോ അമിതമായി ഒച്ചവെച്ച് സംസാരിക്കുമ്പോഴോ ശബ്ദത്തിൽ മാറ്റമുണ്ടാകുന്നത് സ്വാഭാവികമാണ്. അധ്യാപകർ, ഗായകർ, പ്രഭാഷകർ, കോൾ സെന്റർ ജീവനക്കാർ തുടങ്ങിയവർക്ക് താൽക്കാലികമായി ശബ്ദത്തിന് കനപ്പ് അനുഭവപ്പെടാറുണ്ട്. എന്നാൽ, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ശബ്ദവ്യത്യാസങ്ങളെ ഒരിക്കലും സാധാരണ കാര്യമായി തള്ളിക്കളയരുത് എന്ന് ഡോക്ടർമാർ പറയുന്നു. ശബ്ദത്തിൽ കനപ്പ്, അസ്വസ്ഥത, ബലഹീനത എന്നിവ അനുഭവപ്പെടുകയാണെങ്കിൽ അത് തൊണ്ടയിലെ വീക്കം, വോക്കൽ കോർഡിന്റെ പ്രശ്നങ്ങൾ, നാഡീസംബന്ധമായ തകരാറുകൾ, അല്ലെങ്കിൽ തൊണ്ടയെ ബാധിക്കുന്ന മറ്റ് ഗുരുതര രോഗങ്ങൾ എന്നിവയുടെ ലക്ഷണമാകാം.

പുകവലിക്കുന്നവരിലോ എച്ച്.പി.വി അണുബാധയുള്ളവരിലോ ശബ്ദ വ്യത്യാസം, ഭക്ഷണം വിഴുങ്ങുമ്പോൾ വേദന, അല്ലെങ്കിൽ തൊണ്ടയിൽ എപ്പോഴും അസ്വസ്ഥത എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഗൗരവമായി കാണണമെന്ന് ഡോ. കൃഷ്ണൻ പറയുന്നു.

തൊണ്ടയെയോ ലാരിങ്സിനെയോ ബാധിക്കുന്ന കാൻസറിന്റെ ആദ്യ ലക്ഷണം വെറും ശബ്ദവ്യത്യാസം മാത്രമായിരിക്കും. കടുത്ത ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പല രോഗികളും പരിശോധനകൾ വൈകിപ്പിക്കാറുണ്ട്. പേഴ്സിസ്റ്റന്റ് ഹോഴ്സ്നെസ്സ് വായ്പ്പുണ്ണുകൾ, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, കഴുത്തിലെ മുഴകൾ എന്നിവ തലയിലെയും കഴുത്തിലെയും കാൻസറിന്‍റെ പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങളാണെന്ന് യു.എസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

രോഗനിർണ്ണയം വൈകുന്നത് അപകടം

വായിലെയും തൊണ്ടയിലെയും കാൻസറുകൾ പലപ്പോഴും വൈകിയാണ് കണ്ടെത്തുന്നത് എന്നതാണ് ഏറ്റവും സങ്കടകരമായ വസ്‌തുത. ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ വളരെ സാധാരണമായി തോന്നാം. തുടക്കത്തിൽ, പനിയോ കഠിനമായ വേദനയോ ഉണ്ടാകില്ല. ഈ വൈകൽ വിലപ്പെട്ട ചികിത്സാ സമയം നഷ്ടപ്പെടുന്നു. രോഗം നേരത്തെ കണ്ടെത്തുന്നത് രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത കൂട്ടുക മാത്രമല്ല, ചികിത്സ കൂടുതൽ ലളിതമാക്കാനും സഹായിക്കും.

ആഗോളതലത്തിൽ എച്ച്.പി.വി മൂലമുണ്ടാകുന്ന തൊണ്ടയിലെ കാൻസറുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്. ചില പ്രത്യേക എച്ച്.പി.വി വൈറസുകൾ ടോൺസിലുകളെയും തൊണ്ടയുടെ പിൻഭാഗത്തെയും ബാധിക്കുന്ന കാൻസറുകൾക്ക് കാരണമാകാറുണ്ട്. സമ്പർക്കത്തിലൂടെയാണ് എച്ച്.പി.വി പകരുന്നത് എന്ന് യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. എല്ലാ ലക്ഷണങ്ങളും അപകടകരമാകണമെന്നില്ല, എന്നാൽ നീണ്ടുനിൽക്കുന്ന എല്ലാ ലക്ഷണങ്ങളും കൃത്യമായ ശ്രദ്ധ അർഹിക്കുന്നുണ്ട്.

Show Full Article
TAGS:Cancer ulcer health article cancer symptoms 
News Summary - Persistent mouth ulcer and changes in voice can be signs of serious illnesses
Next Story