‘ദേഷ‍്യം വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല സാറേ’ -ജീവിതത്തെ തന്നെ തകർക്കുന്ന അമിത കോപം തടയാൻ ഒന്ന് മനസ്സുവെച്ചാൽ മതി. ഇതാ, അതിനുള്ള വഴികൾ
text_fieldsപലരുടെയും വ്യക്തിത്വത്തിന്‍റെ പരാജയകാരണംതന്നെ അമിത കോപമാണ്. പരസ്പരമുള്ള സഹകരണവും സഹവർത്തിത്വവും നശിപ്പിക്കുന്നതിലും സൗഹൃദങ്ങൾക്ക് വിള്ളലുണ്ടാക്കുന്നതിലും ബന്ധങ്ങൾ ശിഥിലമാക്കുന്നതിലും കോപം പ്രധാന പങ്ക് വഹിക്കുന്നു. കോപം ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അവ ജീവിതത്തെ ബാധിക്കാതിരിക്കാനുള്ള വഴികളും അറിയാം...
കോപം മാനുഷികവും സ്വാഭാവികവുമായ പ്രതിഭാസമാണ്. അനിഷ്ടമായത് കാണുകയോ കേള്‍ക്കുകയോ അനുഭവിക്കുകയോ ചെയ്യുമ്പോൾ മനഷ്യന്‍റെ വൈകാരികത ഉണരുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കോപം.
മനുഷ്യനെ ഏറ്റവും കൂടുതല്‍ അപകടത്തിലാക്കുന്നതും സന്തുഷ്ട ജീവിതം തകർക്കുന്നതുമായ ദുഷ് വികാരമാണത്.
പലരുടെയും വ്യക്തിത്വത്തിന്‍റെ പരാജയകാരണംതന്നെ അമിത കോപമാണ്. പരസ്പരമുള്ള സഹകരണവും സഹവർത്തിത്വവും നശിപ്പിക്കുന്നതിലും സൗഹൃദങ്ങൾക്ക് വിള്ളലുണ്ടാക്കുന്നതിലും ബന്ധങ്ങൾ ശിഥിലമാക്കുന്നതിലും കോപം പ്രധാന പങ്ക് വഹിക്കുന്നു. കോപം ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അവ ജീവിതത്തെ ബാധിക്കാതിരിക്കാനുള്ള വഴികളും അറിയാം...
എന്തിനും ഏതിനും കോപിക്കുന്നവർ
എന്തിനും ഏതിനും കോപിക്കുന്നവരുണ്ട്. കോപം വന്നാൽ ചിലർ ഭ്രാന്താവസ്ഥയിലാകുന്നു. തദവസരത്തിൽ അവർ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെപോകുന്നു. സഹപ്രവർത്തകരുമായും പങ്കാളിയുമായും വഴക്കിടുകയും കുറ്റപ്പെടുത്തുകയും വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറയുകയും ആക്രോശിക്കുകയും കൈയിൽ കിട്ടുന്നതെല്ലാം വലിച്ചെറിയുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുകയും ചിലപ്പോൾ പ്രതിയോഗിയെ വകവരുത്തുകയും ചെയ്യുന്നു.
പ്രതികാരം തീർക്കാനും തെറ്റായ തീരുമാനങ്ങളെടുക്കാനും ദേഷ്യവും ക്രോധവും വിദ്വേഷവും കാരണമാകുന്നു.
ബന്ധങ്ങള്‍ തകരുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് അമിത ദേഷ്യം. പല കുടുംബബന്ധങ്ങളും തകര്‍ച്ചയുടെ വക്കിലെത്താന്‍ പ്രധാന കാരണം പങ്കാളികളുടെ ദേഷ്യമാണ്. ചിലപ്പോള്‍ ചെറിയ പ്രശ്‌നമായിരിക്കാം. അമിത ദേഷ്യംകൊണ്ട് വലിയൊരു പ്രശ്‌നമായി തീര്‍ന്നതായിരിക്കും.
ബന്ധങ്ങളെ നശിപ്പിക്കുന്നു എന്നതിലേറെ വേദനയുളവാക്കുന്നതാണ് അത് മനുഷ്യനെ ത്തന്നെ നശിപ്പിക്കുന്നു എന്നത്. അമിത കോപം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കോപം വരുമ്പോള്‍ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്.
അമിത കോപം ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ
● അമിത കോപമുള്ളവർ ആലോചനയില്ലാതെ പ്രകോപനകൾക്ക് വിധേയരാവുകയും എടുത്തുചാടി തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. അതുവഴി സ്വയം പ്രശ്നത്തിൽ ചാടുന്നു.
● പല അക്രമങ്ങളും ഉണ്ടാകുന്നത് പ്രകോപനംമൂലമാണ്. കോപം വരുത്തിവെക്കുന്ന ഭവിഷ്യത്തുകൾ ചിന്തിക്കാതെ പ്രതികരിച്ച് മനുഷ്യർ നഷ്ടങ്ങൾ വരുത്തിവെക്കാറുണ്ട്.
● തുടരെ കോപിഷ്ഠരാകുന്നവരുടെ രക്തസമ്മർദം കൂടുകയും തലവേദന പോലുള്ള ശാരീരിക അസ്വസ്ഥതകൾ വർധിക്കുകയും ചെയ്യും.
● കുറ്റബോധം ഉണ്ടാക്കുകയും ആത്മവിശ്വാസക്കുറവ്, മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള വിമുഖത എന്നിവക്ക് കാരണമാകുകയും ചെയ്യുന്നു.
● ജോലി, കുടുംബജീവിതം, സൗഹൃദങ്ങൾ എന്നിവക്ക് വിള്ളലുണ്ടാക്കുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യും.
● ജീവിതശൈലീ രോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നും അമിത കോപമാണ്.
● തുടരത്തുടരെ ഉണ്ടാകുന്ന കോപം ചിലപ്പോള്‍ അസുഖ ലക്ഷണമാകാം. അത് ശരീരസംബന്ധ അസുഖമാകാം, മാനസിക അസുഖമാകാം.
കോപം കുട്ടികളിൽ
കുട്ടികൾ പലപ്പോഴും വാശിയുടെ രൂപത്തിലാണ് വേദനകൾ പ്രകടിപ്പിക്കാറുള്ളത്. മറ്റു കുടുംബാംഗങ്ങൾ പരസ്പരം തർക്കിക്കുന്നതോ ദേഷ്യപ്പെടുന്നതോ കാണുന്നത്, സൗഹൃദത്തിലുണ്ടാവുന്ന പ്രശ്നങ്ങൾ, ടീച്ചർ വഴക്കുപറയുന്നത്, പഠിക്കാനുള്ള ബുദ്ധിമുട്ട്, എന്തെങ്കിലും വിഷയങ്ങളിലുള്ള സമ്മർദം, ഉത്കണ്ഠ, ഭയം, എന്തെങ്കിലും തരത്തിലുള്ള പീഡനം (ശാരീരികം, മാനസികം, അല്ലെങ്കിൽ ലൈംഗികം), പ്രായപൂർത്തിയാകുമ്പോൾ നേരിടുന്ന ഹോർമോൺ വ്യതിയാനം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം കുട്ടികൾ കോപിക്കാറുണ്ട്.
നിരാശ, നിറവേറ്റപ്പെടാത്ത ആവശ്യങ്ങൾ, പ്രത്യേക മാനസികാരോഗ്യ അവസ്ഥകൾ എന്നിവ ലക്ഷണങ്ങളായി കണ്ടേക്കാം. പിടിവാശി കാരണം ഒരു കുട്ടി ആക്രമണകാരിയാകുമ്പോൾ അത് അവർക്കും മറ്റുള്ളവർക്കും ഗുരുതര അപകടം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
വികാരങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ നിയന്ത്രണംവിട്ട് നിലവിളിക്കുക, ചീത്ത വാക്കുകൾ വിളിക്കുക, ശപിക്കുക, അപകടകരമായ രീതിയിൽ വസ്തുക്കൾ എറിയുക, അടിക്കുക, കടിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. ഇത് പലപ്പോഴും രക്ഷിതാക്കളെ ഭയപ്പെടുത്താറുമുണ്ട്. ചില കുട്ടികൾ സ്വയം ക്ഷീണിതരായി ശാന്തരായശേഷം പലപ്പോഴും കുറ്റബോധം പ്രകടിപ്പിക്കാറുമുണ്ട്.
ചിലപ്പോൾ എന്തിനാണ് കോപിച്ചതെന്ന് അവർക്ക് വ്യക്തമല്ലായിരിക്കാം. അങ്ങനെയാണെങ്കിൽ, അവരുടെ കോപത്തിന് കാരണമാവുന്ന ഘടകം കണ്ടെത്താൻ മാതാപിതാക്കൾ ശ്രമിക്കുക. അത് മനസ്സിലാക്കി സഹാനുഭൂതിയോടെ പ്രതികരിക്കുകയും അവരുടെ വികാരങ്ങൾ ക്രിയാത്മകമായി കൈകാര്യം ചെയ്യുകയും വേണം.
കുട്ടികളിലെ കോപം നിയന്ത്രിക്കാം
● വാശിപിടിച്ചുള്ള പെരുമാറ്റം ആശയവിനിമയമാണെന്ന് രക്ഷിതാക്കൾ ആദ്യം തിരിച്ചറിയുക. കുട്ടി എന്തോ കാരണത്താൽ വേദനിക്കുന്നു എന്ന് മനസ്സിലാക്കുക. കോപം നിയന്ത്രിക്കാനും കൂടുതൽ പക്വമായ രീതിയിൽ പ്രകടിപ്പിക്കാനുമുള്ള കഴിവ് അവർ സ്വായത്തമാക്കിയിട്ടില്ല എന്ന് തിരിച്ചറിയുക.
● പോസിറ്റിവ് ഇമോഷൻ വളർത്താൻ മുതിർന്നവർ കുട്ടികളെ പ്രേരിപ്പിക്കുക.
● ശിക്ഷകൊണ്ട് കുട്ടികളുടെ നിരാശയോ കോപമോ ഫലപ്രദമായി മാറ്റിയെടുക്കാൻ സാധിക്കില്ല. അവരെ അലട്ടുന്ന പ്രശ്നം തിരിച്ചറിയുകയാണ് പ്രധാനം.
● ഏത് അനിയന്ത്രിത സാഹചര്യമാണെങ്കിലും ശാന്തത പാലിക്കാനും നിങ്ങളുടെ വികാരങ്ങൾ സ്വയം നിയന്ത്രിക്കാനും ശ്രമിക്കുക. അതുവഴി നിങ്ങളുടെ കുട്ടിക്ക് മാതൃകയാകാനും അതേ കാര്യം ചെയ്യാൻ അവരെ പഠിപ്പിക്കാനും കഴിയും.
● ആഗ്രഹിക്കുന്ന കാര്യങ്ങൾ സമ്മതിച്ചുകൊണ്ട് ഈ പെരുമാറ്റം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കരുത്.
● കുട്ടികൾ അവരുടെ വികാരങ്ങൾ വാക്കാലും ശാന്തമായും പ്രകടിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രശംസിക്കാം.
● പ്രശ്നപരിഹാര കഴിവുകൾ പരിശീലിക്കാൻ കുട്ടികളെ സഹായിക്കുക.
● പ്രശ്നപരിഹാരത്തിന് കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുകയോ സംസാരിക്കുകയോ ചെയ്യാം. അത് അവരിൽ ആത്മവിശ്വാസം വർധിപ്പിക്കാനും ശാന്തത കൈവരിക്കാനും സഹായിക്കും.
● ട്രിഗറുകൾ ഒഴിവാക്കുക. ചില പ്രത്യേക കാരണങ്ങൾക്കാവാം (ഉറക്കം, പഠനം, കളി, മൊബൈൽ ഉപയോഗം പോലുള്ളവ) കുട്ടികൾ പതിവായി വാശിപിടിക്കുന്നത്. ഇക്കാര്യങ്ങളിൽ നിയന്ത്രണമോ രക്ഷിതാക്കളുടെ ഇടപെടലോ ഉണ്ടാവുമ്പോഴാവാം അവർ നിയന്ത്രണം വിടുന്നത്. അവരുടെ ഇഷ്ടവിനോദങ്ങൾക്ക് സമയം അധികം അനുവദിച്ചു നൽകൽ (അഞ്ചു മിനിറ്റ് കൂടി കളിക്കാൻ സമയം നീട്ടിനൽകൽ), ഇഷ്ടഭക്ഷണം അവരോട് ചോദിച്ച് തയാറാക്കൽ, ടൈം ടേബ്ൾ ശീലിപ്പിക്കൽ, ഫ്രീ ഹവർ നൽകൽ... തുടങ്ങിയ കാര്യങ്ങളിലൂടെ അവരെ പരിഗണിക്കുന്നതുവഴി പരസ്പര അടുപ്പം വർധിക്കാനും പ്രയാസങ്ങൾ മനസ്സിലാക്കും സാധിക്കും.
● അക്രമരഹിത കോപം കൈകാര്യം ചെയ്യുന്നതിൽ ആദ്യം വേണ്ടത് കഴിയുന്നത്ര തവണ അവയെ അവഗണിക്കുക എന്നതാണ്. കാരണം, കുട്ടിയോട് നിർത്താൻ പറയുന്നതുപോലുള്ള നെഗറ്റിവ് ശ്രദ്ധ പോലും അവർക്ക് പ്രോത്സാഹനമായേക്കാം.
● ഒരു കുട്ടി സ്വയമോ മറ്റുള്ളവരെയോ ശാരീരികമായി വേദനിപ്പിക്കുന്ന അവസ്ഥയുണ്ടായാൽ അവഗണിക്കരുത്. ഈ സാഹചര്യത്തിൽ സുരക്ഷിത അന്തരീക്ഷത്തിലേക്ക് കുട്ടിയെ മാറ്റിനിർത്തണം.
● ടൈം ഔട്ടുകൾ (വാശി കാണിച്ചാൽ കുറച്ചുനേരം മറ്റുള്ളവരിൽനിന്ന് മാറ്റി ഇരുത്തുക) പരീക്ഷിക്കാം. ഇത് കുട്ടികൾക്ക് വൈകാരിക ഒറ്റപ്പെടൽ നൽകും എന്ന് വിമർശിക്കുന്നവരുണ്ടെങ്കിലും അവ ഫലപ്രദമാണെന്നും കുട്ടികൾക്ക് ദോഷം വരുത്തുന്നില്ലെന്നുമാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ പോസിറ്റിവ് പെരുമാറ്റങ്ങളെ പ്രശംസിച്ച് ടൈം ഔട്ടുകളുടെ ഉപയോഗം സന്തുലിതമാക്കുന്നത് ഉറപ്പാക്കുക.
● കോപത്തെ കോപം കൊണ്ട് നേരിട്ടാൽ സ്ഥിതി വഷളാകും. അതുകൊണ്ട് ശാന്തതയും ക്ഷമയും ആയുധമാക്കുക. പൊട്ടലും ചീറ്റലും തീരുമ്പോൾ സ്നേഹത്തോടെയും ആദരവോടെയും കേൾക്കുക. വിഷമങ്ങൾക്ക് പറ്റുന്നത്ര പരിഹാരം കാണുക. കോപത്തിന് കീഴടങ്ങിയാണത് ചെയ്തതെന്ന തോന്നലുണ്ടാക്കാതെ സ്നേഹപൂർവം വേണം നടപ്പാക്കാൻ.
● നിങ്ങളുടെ കുട്ടിയുടെ കോപം അവർക്കോ ചുറ്റുമുള്ള ആളുകൾക്കോ ദോഷകരമാണെന്ന് ആശങ്കയുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കാം.
കോപം നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ ശീലിപ്പിക്കാം
● ക്രിയേറ്റിവായ കാര്യങ്ങൾ: ചെറിയ കുട്ടികളോട് കോപത്തെ വിവരിക്കാൻ രസകരവും ക്രിയേറ്റിവ് ആയതുമായ രീതികൾ തിരഞ്ഞെടുക്കാം. കോപത്തിന് ഒരു പേര് നൽകി അത് അവരെക്കൊണ്ടുതന്നെ വരപ്പിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന്, കോപം ഒരു അഗ്നിപർവതമായി മാറിയേക്കാം, അത് ഒടുവിൽ പൊട്ടിത്തെറിക്കും. ഒരു തിരമാല പോലെ അത് ഉയരുകയും അതുപോലെ താഴുകയും ചെയ്യും. ഉയർന്നുവരുമ്പോൾ പ്രതികരിക്കാതെ അത് താഴ്ത്താനായി ശ്രമിക്കുക... എന്നിങ്ങനെ വരച്ചു മനസ്സിലാക്കാം.
● കോപശമനത്തിന് ദീർഘശ്വാസം (Deep breath) എടുക്കുക.
● നൂറു തൊട്ട് താഴേക്ക് എണ്ണുക.
● സാഹചര്യത്തിൽനിന്ന് മാറി നടക്കാൻ ശീലിപ്പിക്കാം.
● നിലവിലുള്ള സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക.
● അവർക്ക് ഇഷ്ടമുള്ള (അച്ഛനാവട്ടെ അമ്മയാവട്ടെ) ഒരാളോട് സംസാരിക്കാൻ അവസരം നൽകുക.
● കോപമുണ്ടാകുന്ന സമയത്ത് പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ അവരോടുതന്നെ വിവരിക്കുക.
● കളിയും വ്യായാമവും പ്രോത്സാഹിപ്പിക്കുക. അത് സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവ ലഘൂകരിക്കാനും സഹായിക്കും.
മുതിർന്നവരിലെ കോപം
മനസ്സിന്‍റെ വിചാരങ്ങളെയും വികാരങ്ങളെയും ബോധപൂർവം നിയന്ത്രിക്കുകയാണെങ്കിൽ കോപത്തെ ഒരു പരിധിവരെ ഒതുക്കാൻ കഴിയും. കോപത്തെ സ്വയം നിയന്ത്രിക്കുമ്പോഴാണ് പരസ്പര സ്നേഹവും ബഹുമാനവും അംഗീകാരവും സന്തോഷവും പകർന്നുനൽകാൻ സാധിക്കുന്നത്.
കോപം വരുമ്പോള്‍ പരിസരം മറന്ന് പെരുമാറുന്നവരുണ്ട്. ഒരാളോട് ക്ഷോഭിക്കുമ്പോള്‍ മറ്റുള്ളവരുടെ മനസ്സിൽ അത് മുറിവേൽക്കുകയും അയാളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും അയാളെ വെറുക്കാൻ ഇടവരുത്തുകയും ചെയ്യുന്നു.
എന്തെങ്കിലും കാര്യം നമ്മെ അരിശം പിടിപ്പിക്കുമ്പോൾ ആദ്യം മനസ്സിൽ തോന്നുന്നത് പറയുന്നതിനുപകരം ഒരു നിമിഷം അതിന്‍റെ വരുംവരായ്കകളെക്കുറിച്ച് ആലോചിക്കണം.
അമിത കോപമുള്ളവർ ഇക്കാര്യങ്ങൾ ശീലിക്കാം
● മനസ്സിന്‍റെ പൊട്ടിത്തെറിക്കലിനെ മയപ്പെടുത്താൻ ധ്യാനമോ യോഗയോ പതിവായി ശീലിക്കാം.
● നടത്തം, ജോഗിങ്, ഓട്ടം, സൈക്ലിങ്, കല, മാർഷൽ ആർട്സ് എന്നിവയും ശീലിക്കാം.
● എപ്പോഴും പോസിറ്റിവായിരിക്കാൻ ശ്രമിക്കുക.
● പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നത് ശീലമാക്കുക.
● കൊച്ചുകുഞ്ഞുങ്ങളുമൊത്തുള്ള വിനോദങ്ങള്‍ ദേഷ്യം തണുപ്പിക്കും.
● യാത്രകൾ മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.
● നൂറു തൊട്ടു താഴേക്ക് എണ്ണുക.
● കണ്ണടച്ചിരിക്കുക.
● ആസ്വദിച്ച നല്ല നിമിഷങ്ങൾ ഓർക്കുക.
● പിരിമുറുക്കം ലഘൂകരിക്കാൻ മുഷ്ടി ചുരുട്ടുകയും അഴിക്കുകയും ചെയ്യുക.
● മൗനം പാലിക്കാൻ ശീലിക്കുക.
● മദ്യംപോലെയുള്ള ലഹരിപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.
● കോപം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വളരെ സാവകാശം ദീര്‍ഘമായും (അഞ്ചുവരെ മനസ്സില്‍ എണ്ണിക്കൊണ്ട്) ശ്വാസം ഉള്ളിലേക്ക് വലിക്കണം. അഞ്ചുവരെ എണ്ണിക്കൊണ്ട് അത് ഉള്ളില്‍ പിടിക്കണം. പിന്നീട് അഞ്ചുവരെ എണ്ണിക്കൊണ്ട് സാവകാശത്തില്‍ പുറത്തുവിടണം. ഇത് ശാന്തത വരുത്താന്‍ സഹായിക്കും.
● എത്ര ശ്രമിച്ചിട്ടും ദേഷ്യം നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ ഉടനെ മറ്റുള്ളവരില്‍നിന്നും ദേഷ്യം ഉണ്ടാക്കിയ സാഹചര്യത്തില്‍നിന്നും മാറിനില്‍ക്കുക. നടക്കാൻ പോകാം, മറ്റൊരു മുറിയിലേക്ക് പോകാം അല്ലെങ്കിൽ സാഹചര്യം ഓൺലൈനിലാണെങ്കിൽ ലോഗ്ഔട്ട് ചെയ്യാം.
● കോപം തോന്നുമ്പോള്‍ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതും മറ്റുള്ളവരോട് തര്‍ക്കിക്കുന്നതും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. കാര്യങ്ങളെ സൂക്ഷ്മമായി അവലോകനം ചെയ്യാനോ ബുദ്ധിപൂര്‍വം വിലയിരുത്താനോ ഈ സന്ദര്‍ഭത്തില്‍ സാധിക്കില്ല.
● കോപത്തിനു കാരണമായ സാഹചര്യത്തിൽ/ വ്യക്തിയിൽനിന്ന് ശ്രദ്ധ മാറ്റി ചുറ്റുമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.
● അമിത ചിന്ത ഒഴിവാക്കുക. ഒരു പ്രശ്നത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുമ്പോഴാണ് ചിന്താക്കുഴപ്പം ഉണ്ടാകുന്നത്. നിങ്ങൾക്ക് ദേഷ്യം തോന്നുന്നതിന്‍റെ കാരണങ്ങളെക്കുറിച്ചും കഴിഞ്ഞുപോയ കാര്യങ്ങളെപ്പറ്റിയും ചിന്തിക്കുന്നത് ഒഴിവാക്കാം.
● കോപത്തിലായിരിക്കുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ തെറ്റ് സംഭവിച്ചേക്കാം. സമയമെടുത്ത് ആലോചിച്ച് സ്വയം തെറ്റുകളെക്കുറിച്ച് ബോധവാന്മാരായാൽ പ്രശ്നങ്ങൾ ഏറ്റവും നന്നായി പരിഹരിക്കാനാവും.
● വിശ്വസ്തരുമായി സംസാരിക്കുക. ഇത് ഒരു സുഹൃത്ത്, കുടുംബാംഗം, ഭാര്യ, ഭർത്താവ് എന്നിവരൊക്കെ ആകാം. രണ്ടുപേർ ഒരുമിച്ചു ചിന്തിക്കുമ്പോൾ കൂടുതൽ വ്യക്തത വരുകയും പരിഹാരം എളുപ്പമാവുകയും ചെയ്യും.
● കോപം വരുമ്പോൾ പിടിച്ചുനിൽക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരു ചെറിയ വസ്തു ഒപ്പം സൂക്ഷിക്കുക. ഉദാഹരണത്തിന് ഒരു കളിപ്പാട്ടം, ആഭരണം, ഒരു തുണിക്കഷണം എന്നിങ്ങനെ എന്തുമാവാം.
● കോപം വരുമ്പോൾ എന്തുചെയ്യണമെന്ന് ഓർമിപ്പിക്കുന്ന കുറിപ്പുകൾ ഫോണിൽ സൂക്ഷിക്കുക.
● മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍കൊണ്ടൊന്നും നിയന്ത്രണത്തിലായില്ലെങ്കില്‍, അത് പ്രകടിപ്പിച്ചേ തീരൂ എന്നുണ്ടെങ്കില്‍ ഒരു മുറിയില്‍ വാതിലടച്ച് ദേഷ്യം പ്രകടിപ്പിക്കുക.
● ഒരിക്കല്‍ കോപത്തെ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ പിന്നെയുള്ള സുപ്രധാന കാര്യം കോപമുണ്ടാക്കുന്ന സാഹചര്യങ്ങളും സംഭാഷണങ്ങളും ഒഴിവാക്കുക എന്നതാണ്.
● ഓരോ വ്യക്തിയും വ്യത്യസ്തരാണ്. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാവരിലും ഒരുപോലെ ഫലപ്രദമാവണമെന്നില്ല. കോപം നിയന്ത്രിക്കാൻ എന്താണ് വേണ്ടതെന്ന് സ്വയം കണ്ടെത്തുന്നതുവരെ വ്യത്യസ്ത കാര്യങ്ങൾ പരീക്ഷിക്കാം. കോപം സ്വയം നിയന്ത്രിക്കാൻ ശീലിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയും തേടാം.
കോപം പ്രായമായവരിൽ
പ്രായമാകുമ്പോൾ തലച്ചോറിന്‍റെ ഘടനയിൽ വ്യത്യാസങ്ങൾ വരാം. ചിലരുടെ കാര്യഗ്രഹണ ശേഷിയിലും ഓർമയിലും കുറവു വരാം. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ നടക്കാതെവരുമ്പോൾ പൊരുത്തപ്പെട്ടുപോകാൻ ചിലർക്ക് പ്രയാസമുണ്ടാകാം. അത് ദേഷ്യമായി പുറത്തുവരാം. ശാരീരിക ബുദ്ധിമുട്ടുകളും ചലന പരിമിതിയും കേൾവിക്കുറവ് പോലുള്ള പരാധീനതകളും കോപത്തിന് വഴിതെളിക്കാം.
ആരും കേൾക്കാനില്ലെന്നും ഒറ്റപ്പെടുന്നുവെന്നുമുള്ള തോന്നലുകൾ കോപമുണർത്താം. വിഷാദരോഗത്തിന്‍റെ ലക്ഷണമായും കോപപ്രകടനം ഉണ്ടാകാം. സ്വതവേ കോപക്കാർ പ്രായമാകുമ്പോൾ കൂടുതൽ പ്രശ്നക്കാരാകാം. മാറ്റങ്ങളുടെ കാരണങ്ങൾ കണ്ടെത്തി അനുഭാവപൂർവം പെരുമാറുകയെന്നതാണ് ആദ്യപടി.