ലഹരി ഉപയോഗത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് മാനസികാരോഗ്യ പ്രശ്നങ്ങൾ; നല്ല മാനസികാരോഗ്യം ഉറപ്പുവരുത്താനുള്ള വഴികൾ
text_fields‘എങ്ങനെയുണ്ട് ജീവിതം? എല്ലാം ഓക്കേ അല്ലേ?’ ഇങ്ങനെയൊക്കെ ആരെങ്കിലും നിങ്ങളോട് ചോദിക്കാറുണ്ടോ? നിങ്ങളുടെ മനസ്സ് നല്ല നിലയിലാണ് പോകുന്നത് എന്ന് നിങ്ങൾ തന്നെ വിചിന്തനം ചെയ്യാറുണ്ടോ? നിങ്ങൾ നല്ല മാനസികാരോഗ്യമുള്ള വ്യക്തിയാണോ? ആധുനികകാലത്ത് ഏറെ പ്രസക്തിയുള്ള സംഗതികളാണ് ഇവയൊക്കെ തന്നെ.
‘മാനസികാരോഗ്യം ഇല്ലാതെ ഒരു ആരോഗ്യവും ഇല്ല’ എന്ന് ലോകാരോഗ്യ സംഘടന തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ നല്ല മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് മനസ്സിന്‍റെ സന്തോഷത്തിന് മാത്രമല്ല, ശാരീരിക ആരോഗ്യത്തിനും ആയുർദൈർഘ്യത്തിനും ഏറെ പ്രധാനമാണ്.
ഡിജിറ്റൽ സ്വാധീനം പാരമ്യത്തിൽ നിൽക്കുന്ന ഇക്കാലത്ത് മാനസികാരോഗ്യം നിലനിർത്തുക എന്നത് ഏറെ വെല്ലുവിളി ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നതിൽ തർക്കമില്ല.
ഹാർവാഡ് പഠിപ്പിച്ച പാഠം
1938ൽ വിശ്വപ്രസിദ്ധമായ ഹാർവാഡ് സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം ഗവേഷകർ നടത്തിയ ഹാർവാഡ് മനുഷ്യ വികസന പഠനത്തിൽ ഒരു വ്യക്തിയുടെ ആയുർദൈർഘ്യം ഏറ്റവും കൂടുതൽ വർധിപ്പിക്കുന്ന പ്രധാന ഘടകം കുട്ടിക്കാലത്തും ചെറുപ്പത്തിലും വികസിപ്പിക്കുന്ന വ്യക്തി ബന്ധങ്ങളുടെ ഗുണനിലവാരമാണ് എന്ന് പറയുന്നു.
ആരോഗ്യകരവും ഊഷ്മളവുമായ വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും രോഗപ്രതിരോധശേഷിയെ വരെ മെച്ചപ്പെടുത്താൻ ഗുണകരമാണ് എന്നതും മാനസികാരോഗ്യത്തെ പോലെ തന്നെ ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായകമാണ് എന്നതും ഈ പഠനത്തിലൂടെയാണ് ലോകം തിരിച്ചറിയുന്നത്.
ആർക്കൊക്കെ നമ്മെ സഹായിക്കാനാകും?
മാതാപിതാക്കൾ, സഹോദരങ്ങൾ, ജീവിതപങ്കാളി, സഹപാഠികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവർക്കൊക്കെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നമ്മെ സഹായിക്കാനാകും. മാനസികമായി തളർന്നിരിക്കുമ്പോൾ നമ്മെ ആശ്വസിപ്പിച്ചും പരീക്ഷണഘട്ടങ്ങളിൽ പ്രോത്സാഹിപ്പിച്ചും നമുക്ക് താങ്ങും തണലുമാകാൻ അവർക്ക് കഴിയും.
എന്നാൽ, നമ്മെ മാനസികമായി തളർത്തുന്ന രീതിയിലുള്ള സമീപനങ്ങൾ ഇവരിൽ ആരിൽനിന്നുണ്ടായാലും അത് നമ്മുടെ മാനസികനിലയെ ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വീടിനുള്ളിലും പുറത്തും തൊഴിലിടങ്ങളിലുമെല്ലാം ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് മാനസികാരോഗ്യത്തിന് ഏറ്റവും അനിവാര്യമാണ്.
ഡിജിറ്റൽ കാലത്തെ മാനസികാരോഗ്യം
അമിതമായ ഡിജിറ്റൽ ഉപയോഗം മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഡിജിറ്റൽ അടിമത്തം മൂലം നാം സാമൂഹിക ബന്ധങ്ങളിൽനിന്ന് ക്രമേണ അകന്നുപോകാൻ സാധ്യതയുണ്ട്. രാത്രി വൈകിയുള്ള ഡിജിറ്റൽ ഉപയോഗം ഉറക്കത്തിന്‍റെ ദൈർഘ്യവും ഗുണനിലവാരവും കുറക്കും.
ചടുലമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകൾ പോലെയുള്ള മാധ്യമങ്ങൾ സ്ഥിരമായി ഉപയോഗിച്ച വ്യക്തികളിൽ ശ്രദ്ധക്കുറവ് ഉണ്ടാകുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ദൃശ്യമാധ്യമ സമയം നിലനിർത്തി ആരോഗ്യകരമായ വ്യക്തി ബന്ധങ്ങളിലും കായിക വിനോദങ്ങളിലും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും ഇടപെടാൻ നാം സമയം കണ്ടെത്തേണ്ടതുണ്ട്.
രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരുതരത്തിലുള്ള ദൃശ്യമാധ്യമ ഉപയോഗവും പാടില്ല. രണ്ടു മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്ക് പരമാവധി ദിവസേന അരമണിക്കൂർ മാത്രം ദൃശ്യമാധ്യമം ഉപയോഗിക്കാം. മൂന്നു മുതൽ അഞ്ചു വയസ്സുവരെയുള്ളവർക്ക് പരമാവധി ദിവസേന ഒരു മണിക്കൂറും ആറു മുതൽ 18 വയസ്സ് വരെയുള്ളവർക്ക് പരമാവധി ദിവസേന രണ്ടു മണിക്കൂറുമാണ് ആരോഗ്യകരമായ ദൃശ്യമാധ്യമ സമയം.
മാനസിക സമ്മർദവും ആരോഗ്യവും
ജീവിതത്തിലെ പുതുമയുള്ളതും പ്രയാസമുള്ളതുമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ നമ്മുടെ ശരീരവും മനസ്സും നടത്തുന്ന പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് സമ്മർദം (stress). ഒരു പരിധിവരെയുള്ള സമ്മർദം ജീവിതത്തെ കാര്യക്ഷമമായി മുന്നോട്ടുനയിക്കാൻ സഹായകമാകുമെങ്കിലും അമിത മാനസിക സമ്മർദം ദീർഘനാൾ നീണ്ടുനിന്നാൽ വിവിധ ശാരീരിക-മാനസിക പ്രശ്നങ്ങൾക്ക് വഴിതെളിക്കാം.
ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക സമ്മർദം പ്രമേഹം, അധിക രക്തസമ്മർദം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, ഫാറ്റി ലിവർ, അമിതവണ്ണം, പെപ്റ്റിക്ക് അൾസർ, സന്ധിവാതം തുടങ്ങിയ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
മാനസിക സമ്മർദം ക്രമീകരിക്കാൻ കഴിയാതെ വരുന്നവർ മദ്യത്തിലും മറ്റു ലഹരിവസ്തുക്കളിലും അഭയം പ്രാപിച്ച് അവക്ക് അടിപ്പെടുന്ന സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. ഉറക്കക്കുറവ്, ഉത്കണ്ഠ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങൾക്കും മാനസിക സമ്മർദം കാരണമാകും. അപസ്മാരവും മനോജന്യ ശാരീരിക രോഗങ്ങളും അടക്കം ഒട്ടേറെ പ്രശ്നങ്ങൾ മാനസിക സമ്മർദം മൂലം സംഭവിക്കുന്നതാണ്. വാർധക്യത്തിലെ മറവിരോഗം അടക്കമുള്ള പല ആരോഗ്യ പ്രശ്നങ്ങളും വഷളാകാൻ അനിയന്ത്രിത മാനസിക സമ്മർദം കാരണമാകുന്നുണ്ട്.
എങ്ങനെ തിരിച്ചറിയാം മാനസികാരോഗ്യം?
മാനസികാരോഗ്യത്തിന്‍റെ പ്രധാന ഘടകങ്ങളായ ഉറക്കം, ചിന്താശേഷി, വൈകാരിക നിയന്ത്രണം, ഓർമയും ബുദ്ധിയും അടക്കമുള്ള വൈജ്ഞാനിക കഴിവുകൾ, സാമൂഹിക ബന്ധങ്ങളിൽ ഏർപ്പെടാനും നിലനിർത്താനുമുള്ള ശേഷി എന്നിവയൊക്കെ എത്രത്തോളം കാര്യക്ഷമമാണ് എന്ന് മനസ്സിലാക്കുകയാണ് മാനസികാരോഗ്യം തിരിച്ചറിയാനുള്ള ആദ്യപടി.
ദിവസേന രാത്രി എട്ടുമണിക്കൂർ സുഖനിദ്രയുള്ള വ്യക്തിയാണെങ്കിൽ നിങ്ങളുടെ മാനസികാരോഗ്യം നന്നാവാനുള്ള സാധ്യത ഏറെയാണ്. തലച്ചോർ അടക്കമുള്ള ശാരീരിക അവയവങ്ങൾക്ക് പൂർണവിശ്രമം കിട്ടുന്ന സമയമാണ് ഉറക്കം. ഉറക്കം സുഖകരവും ആവശ്യത്തിന് ദൈർഘ്യമുള്ളതും ആണെങ്കിൽ തലച്ചോർ അടക്കമുള്ള അവയവങ്ങളിലെ കോശങ്ങൾക്ക് വിശ്രമിക്കാനും പുനരുജ്ജീവനം സാധ്യമാക്കാനുമുള്ള സമയം ലഭിക്കുന്നു. പകൽ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ ഇത് സഹായകമാകുന്നു. നല്ല ഉറക്കമുള്ള വ്യക്തികൾക്ക് കൂടുതൽ ഓർമശക്തി ഉണ്ടാകും.
ദിവസേന അരമണിക്കൂറെങ്കിലും സാമാന്യം തീവ്രതയുള്ള വ്യായാമത്തിൽ ഏർപ്പെടുക എന്നതാണ് മാനസികാരോഗ്യം നിലനിർത്താനുള്ള രണ്ടാമത്തെ പ്രധാന പടി. സൂര്യപ്രകാശമേറ്റുതന്നെ വ്യായാമം ചെയ്യുന്നതാണ് ഏറെ അഭികാമ്യം. ഇത് ദിവസേന ഉറപ്പുവരുത്തുന്നതുവഴി തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്തു ആവശ്യമുള്ള അളവിൽ വർധിക്കുകയും ഏകാഗ്രത വർധിക്കുകയും ചെയ്യുന്നു.
വ്യായാമം സ്ഥിരമായി ചെയ്യുന്നവരിൽ തലച്ചോറിലെ എൻഡോർഫിൻ എന്ന രാസവസ്തു കൂടി നിൽക്കുന്നതുമൂലം അവർ കൂടുതൽ സന്തുഷ്ടരായിരിക്കും. തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതുമൂലം അവർ കൂടുതൽ ഊർജസ്വലരായിരിക്കും. സൂര്യപ്രകാശം കൊള്ളുന്നതിനെ തുടർന്ന് രക്തത്തിലെ വൈറ്റമിൻ ഡിയുടെ അളവ് മെച്ചപ്പെട്ടുനിൽക്കുന്നതുമൂലം രോഗപ്രതിരോധശേഷിയും വിജ്ഞാന വിശകലനശേഷിയും നന്നായിരിക്കും.
യുക്തിസഹമായി ചിന്തിക്കാനും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാനും മാറിവരുന്ന സാഹചര്യങ്ങളോട് വേണ്ടരീതിയിൽ പ്രതികരിക്കാനും കഴിയുന്നുണ്ടോ എന്നതാണ് മാനസികാരോഗ്യത്തിന്‍റെ മൂന്നാമത്തെ ലക്ഷണം. ഓരോ ചെറിയ സമ്മർദ സാഹചര്യം വരുമ്പോഴും തളർന്നുപോകാതെ അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിതത്തെ കൂടുതൽ മനോഹരമാക്കാൻ എങ്ങനെ സാധിക്കുമെന്ന് ചിന്തിക്കാം. ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ സ്ഥാപിക്കാനും നിലനിർത്താനുമുള്ള കഴിവും ഏറെ പ്രധാനമാണ്. ഇതിലൂടെ സമ്മർദ സാഹചര്യങ്ങൾ വരുമ്പോൾ നമ്മെ സഹായിക്കാനുള്ള ഒരു സാമൂഹിക ശ്രേണി രൂപപ്പെടുന്നു.
വീട്ടിലും തൊഴിൽസ്ഥലത്തും ഒരുപോലെ ജനാധിപത്യബോധത്തോടെ നിലപാടുകളെടുക്കാനും പെരുമാറാനും നിങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതാണ് മാനസികാരോഗ്യത്തിന്‍റെ അടുത്ത പ്രധാന ഘടകം. നല്ലൊരു ശ്രോതാവായി മറ്റുള്ളവർ പറയുന്നത് ക്ഷമാപൂർവം കേട്ടശേഷം മാത്രം പ്രതികരിക്കാനും അവരുടെ അഭിപ്രായങ്ങൾ കൂടി ഉൾക്കൊണ്ട് തീരുമാനമെടുക്കാനും സാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾ നല്ല മാനസികാരോഗ്യം ഉള്ള വ്യക്തിയാണ്.
മേൽപറഞ്ഞ ഘടകങ്ങളിൽ ഏതിലെങ്കിലും നിരന്തര പോരായ്മകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ മാനസികാരോഗ്യം ആവശ്യമുള്ള നിലയിലല്ല എന്ന് തിരിച്ചറിയാം.
തൊഴിലും മാനസികാരോഗ്യവും
ജീവിതത്തിന്‍റെ നല്ലൊരു സമയം നാം ചെലവിടുന്നത് തൊഴിലിടങ്ങളിലായിരിക്കും. ഇക്കാര്യം കൊണ്ടുതന്നെ അവിടെയുള്ള വ്യക്തികളുമായുള്ള ഇടപെടലും അനുബന്ധമായി ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും നമ്മെ ഗൗരവമായി സ്വാധീനിക്കാം.
തൊഴിലാളിയുടെ മാനസികനില ഏറ്റവും നന്നായി നിലനിർത്തി അയാളുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ബജറ്റിനോടൊപ്പം ഈ വർഷം പാർലമെന്‍റിൽ അവതരിപ്പിക്കപ്പെട്ട നാഷനൽ ഇക്കണോമിക് സർവേ വ്യക്തമാക്കുന്നു.
ഇന്ത്യൻ ജനസംഖ്യയിൽ 10.6 ശതമാനം പേർ ചികിത്സ ആവശ്യമുള്ള ഏതെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണെന്ന് സർവേ വിലയിരുത്തുന്നു. ഇവരിൽ 70 ശതമാനം കൃത്യമായ ചികിത്സകൾ സ്വീകരിക്കുന്നില്ല. ചികിത്സിക്കപ്പെടാതെ പോകുന്ന മാനസിക രോഗങ്ങൾ ആ വ്യക്തിയുടെ കാര്യക്ഷമത കുറക്കുകയും അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉൽപാദനക്ഷമത കുറക്കുകയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥിതിയെ പിറകോട്ട് നയിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് തൊഴിലാളികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ തുടക്കത്തിൽതന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് രാഷ്ട്രത്തിന്‍റെ സമ്പത്ത് വ്യവസ്ഥിതി മെച്ചപ്പെടുത്താൻ അനിവാര്യമാണെന്ന് ഇക്കണോമിക് സർവേ നിരീക്ഷിക്കുന്നു.
സമ്മർദത്തിന്റെ കാരണങ്ങൾ
ജീവിതത്തിൽ ഉണ്ടാകുന്ന വ്യത്യസ്ത അനുഭവങ്ങൾ മാനസിക സമ്മർദത്തിന് കാരണമായേക്കാം. ചെറിയ കുട്ടികളിൽ അമ്മയെ പിരിഞ്ഞിരിക്കുന്ന സാഹചര്യമായിരിക്കാം ഏറെ സമ്മർദദായകം. കുട്ടികളിൽ അധ്യാപകർ വഴക്ക് പറയുന്നതും സഹപാഠികളുമായി വഴക്കിടുന്നതും കളിയിൽ തോൽക്കുന്നതും പരീക്ഷക്ക് മാർക്ക് കുറയുന്നതും ഒക്കെ സമ്മർദ കാരണമാകാം.
കൗമാരപ്രായക്കാരിൽ പ്രണയബന്ധങ്ങളുടെ പരാജയമോ ലൈംഗികതയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളോ ലഹരി ഉപയോഗമോ ഡിജിറ്റൽ അടിമത്തമോ മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്ത് തോന്നുന്ന അപകർഷബോധമോ ഒക്കെ മാനസിക സമ്മർദത്തിന് വഴിതെളിക്കാം. യുവാക്കളിൽ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ മാനസിക സമ്മർദത്തിന് കാരണമാകാം.
മധ്യവയസ്കരിൽ തൊഴിൽസ്ഥിരത ഇല്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിലിടത്തിലെ അന്തരീക്ഷവും കുടുംബജീവിതത്തിലെ വഴക്കുകളും ഒക്കെ പ്രയാസം സൃഷ്ടിക്കാം. ശാരീരികാരോഗ്യ പ്രശ്നങ്ങളും മക്കളുമായുള്ള അഭിപ്രായ ഭിന്നതയും ഒക്കെയായിരിക്കാം വയോജനങ്ങളിലെ പ്രധാന സമ്മർദ കാരണങ്ങൾ. കുടുംബത്തിന്‍റെ ഘടനയും മൂല്യങ്ങളും ഒക്കെ അനുസരിച്ച് വ്യത്യസ്ത ജീവിത സമ്മർദങ്ങൾ വ്യത്യസ്ത വ്യക്തികളിൽ ഉണ്ടായെന്നു വരാം.
സാധ്യമാക്കാം, സമ്മർദ നിയന്ത്രണം
മാനസിക സമ്മർദം നിയന്ത്രിക്കാൻ സ്വന്തം നിലക്ക് നമുക്ക് എന്തൊക്കെ ചെയ്യാനാകും? തൊഴിലും വ്യക്തിജീവിതവും തമ്മിലുള്ള സമയക്രമീകരണം സാധ്യമാക്കുകയാണ് ആദ്യപടി. 24 മണിക്കൂറിനെ ആരോഗ്യകരമായ രീതിയിൽ വിഭജിക്കാം. എട്ടുമണിക്കൂർ ഉറങ്ങാനും എട്ടുമണിക്കൂർ തൊഴിൽ ചെയ്യാനും മാറ്റിവെച്ചാൽ ബാക്കി എട്ടുമണിക്കൂർ നമുക്ക് ലഭ്യമാണ്. ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രകളും മറ്റും കുറച്ചാൽ നാലു മുതൽ അഞ്ചു മണിക്കൂർ നമുക്ക് ബാക്കി ലഭിക്കും എന്ന് കരുതുക. ഈ സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിലാണ് മാനസിക സമ്മർദം നിയന്ത്രിക്കാനുള്ള താക്കോൽ നിലനിൽക്കുന്നത്.
അര മണിക്കൂറെങ്കിലും കായിക വ്യായാമത്തിന് ചെലവിടാം. ഒരു മണിക്കൂർ കുടുംബാംഗങ്ങളോടൊപ്പം സമയം കണ്ടെത്തണം. മക്കളോടൊപ്പം ക്വാളിറ്റി ടൈം ചെലവിടുന്നതിനൊപ്പം തന്നെ ജീവിതപങ്കാളിയോട് മനസ്സുതുറന്ന് സംസാരിക്കാനും അൽപം സമയം നീക്കിവെക്കണം. ഇത്തരം അവസരങ്ങളിൽ ക്ഷമയുള്ള ഒരു ശ്രോതാവായി കുട്ടികളും ജീവിതപങ്കാളിയും പറയുന്നത് കേൾക്കാൻ സാധിച്ചാൽ കുടുംബത്തിലെ സമ്മർദങ്ങളെ വളരെയധികം ലഘൂകരിക്കാനാകും. തുടർന്ന് നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഒരു മണിക്കൂറെങ്കിലും നീക്കിവെക്കാം. വായനയോ പാചകമോ സംഗീതമോ പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനുള്ള അവസരമോ എന്തുമാകാം അത്. ദിവസേന അരമണിക്കൂറെങ്കിലും ഒരു റിലാക്സേഷൻ വ്യായാമം പരിശീലിക്കാൻ മാറ്റിവെക്കുന്നതും നല്ലതാണ്.
ഏറ്റവും ലളിതമായ ദീർഘ ശ്വസന വ്യായാമങ്ങൾ തൊട്ട് മനോനിറവ് പരിശീലനം ഉൾപ്പെടെയുള്ള ഒട്ടേറെ സമ്മർദ നിയന്ത്രണ പരിശീലനങ്ങൾ നിലവിലുണ്ട്. ഒരു കസേരയിൽ തലയും കഴുത്തും നട്ടെല്ലും നേർരേഖയിൽ വരുന്ന രീതിയിൽ കണ്ണടച്ചിരുന്ന് രണ്ടു മൂക്കിലൂടെയും ശ്വാസം ഒരു സെക്കൻഡെടുത്ത് നല്ല ശബ്ദത്തോടെ ഉള്ളിലേക്ക് വലിക്കാം. തുടർന്ന് അഞ്ചു സെക്കൻഡെടുത്ത് വളരെ സാവധാനം ഒട്ടും ശബ്ദമില്ലാതെ ശ്വാസം പുറത്തേക്ക് വിടാം. ഇത് രാത്രി കിടക്കുന്നതിനുമുമ്പ് 25 തവണ ചെയ്യാം. രാവിലെ ഉണർന്നെണീറ്റ ഉടൻ 10 തവണ ഇത് ചെയ്തുകൊണ്ട് കാര്യങ്ങൾ ചെയ്യാൻ തുടങ്ങാം.
നിവർന്നിരുന്ന് കണ്ണുകൾ അടച്ചശേഷം മൂക്കിലൂടെയുള്ള സ്വാഭാവിക ശ്വാസോച്ഛ്വാസത്തിലേക്ക് 15 മിനിറ്റ് പരിപൂർണ ശ്രദ്ധ കൊടുക്കുന്ന രീതിയും പരിശീലിക്കാം. ആദ്യദിനങ്ങളിൽ കണ്ണടച്ചിരിക്കുമ്പോൾ തന്നെ മനസ്സിലേക്ക് മറ്റു പല ചിന്തകളും കയറിവന്നിരിക്കും. ചുറ്റുപാടുമുള്ള പല ശബ്ദങ്ങളിലേക്കും ശ്രദ്ധ പതറിപ്പോകാനും സാധ്യതയുണ്ട്. പക്ഷേ, ഓരോ തവണ മറ്റു ചിന്തകൾ മനസ്സിലേക്ക് കയറി വരുമ്പോൾ ഉടൻ തന്നെ ശ്രദ്ധ ശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാം. ഓരോ തവണ മറ്റു ശബ്ദങ്ങളിലേക്ക് ശ്രദ്ധ പതറിപ്പോകുമ്പോഴും ബോധപൂർവം ശ്രദ്ധ ശ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവരാം. ഈ വ്യായാമം ദിവസേന 15 മിനിറ്റ് കൃത്യസമയത്തുതന്നെ ചെയ്താൽ മാനസിക സമ്മർദം ലഘൂകരിക്കുന്നതോടൊപ്പം ഏകാഗ്രത മെച്ചപ്പെടുത്താനും സാധിക്കും.
മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ
കുടുംബാംഗമോ സുഹൃത്തോ സഹപ്രവർത്തകനോ അയൽവാസിയോ ബന്ധുവോ ആരുമാകട്ടെ മാനസിക സമ്മർദം അനുഭവിക്കുന്നതായി തോന്നിയാൽ അയാളെ നമുക്ക് എങ്ങനെ സഹായിക്കാൻ സാധിക്കും? ഇതിനുള്ള ഉത്തരമാണ് മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ. ആദ്യം സമ്മർദം അനുഭവിക്കുന്ന വ്യക്തിയെ അങ്ങോട്ട് ചെന്നുകണ്ട് ‘എന്താണ് നിങ്ങളെ പ്രയാസപ്പെടുത്തുന്നത്’ എന്ന് സ്നേഹപൂർവം അന്വേഷിക്കുക. തുടർന്ന് അവർ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ അവസാനം വരെ മുൻവിധികളില്ലാതെ, അവരെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാതെ കേൾക്കുക.
എന്തെങ്കിലും തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് അയാൾ പ്രയാസപ്പെടുന്നതെങ്കിൽ ശരിയായ വിവരം ശാസ്ത്രീയമായി വിശദീകരിച്ചുനൽകി അയാളുടെ പ്രയാസങ്ങളെ അകറ്റുക. ചിലപ്പോൾ ജീവിതത്തിൽ വളരെ ഗൗരവമുള്ള ഒരു പ്രതിസന്ധി അനുഭവിക്കുന്ന അവസ്ഥയിലായിരിക്കാം അയാൾ. ഉദാഹരണത്തിന് അയാളുടെ കുട്ടി ഗൗരവസ്വഭാവമുള്ള രോഗം ബാധിച്ചിരിക്കുന്ന സ്ഥിതിയായിരിക്കാം. ഇത്തരം ഘട്ടങ്ങളിൽ നിങ്ങളെക്കൊണ്ട് ആവുംവിധം അയാൾക്ക് ആവശ്യമായ പിന്തുണ നൽകുക. എന്നെക്കൊണ്ട് ആവുംവിധം ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് അവരെ ആശ്വസിപ്പിക്കുക.
50 ശതമാനത്തിലധികം പേരുടെ മാനസിക സമ്മർദം ഈ മൂന്നു കാര്യങ്ങൾ ചെയ്യുന്നതോടെ തന്നെ അകലുന്നതായി കണ്ടുവരുന്നു. എന്നാൽ, പകുതിയോളം പേരിൽ ഇത് ചെയ്തുകഴിഞ്ഞാലും പ്രശ്നം ബാക്കിയാകും. ഇവർക്ക് ഒരു മാനസികാരോഗ്യ വിദഗ്ധനെ നേരിൽകണ്ട് കൃത്യമായ ചികിത്സ എടുക്കാനുള്ള സഹായം ഒരുക്കിക്കൊടുക്കുക. ചികിത്സയെടുക്കാൻ മടിച്ചുനിൽക്കുന്ന വ്യക്തിയെ ചികിത്സ കൊണ്ടുള്ള ഗുണങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുക. ചികിത്സ എടുക്കാത്ത പക്ഷം മാനസികാരോഗ്യത്തിന് മാത്രമല്ല ശാരീരികാരോഗ്യത്തിനും ഉണ്ടാകുന്ന തകരാറുകൾ വ്യക്തമായി പറഞ്ഞുകൊടുക്കാം.
ചികിത്സയോടൊപ്പം തന്നെ പ്രധാനമായ ഘടകമാണ് ഇത്തരക്കാർക്ക് കൃത്യമായ സാമൂഹിക പിന്തുണ ഉറപ്പുവരുത്തുക എന്നതും. മാനസിക സമ്മർദം അനുഭവിക്കുന്ന വ്യക്തിയുടെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും സഹപ്രവർത്തകരുമെല്ലാം അയാളോടൊപ്പം നിൽക്കേണ്ടത് അത്യാവശ്യമാണ്. ഒരു നിമിഷം പോലും ഒറ്റപ്പെട്ടതായ തോന്നൽ അയാൾക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടതൊക്കെ നമുക്ക് ചെയ്യാം.
മടി വേണ്ട, ചികിത്സ തേടാൻ
മാനസിക പ്രശ്നങ്ങളൊക്കെത്തന്നെ തലച്ചോറിന്‍റെ പ്രവർത്തനങ്ങളുടെ തകരാറുകളാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്‍റെ താളംതെറ്റിക്കുന്ന രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കുന്ന മരുന്നുകളാണ് മാനസികാരോഗ്യ ചികിത്സക്ക് ഉപയോഗപ്പെടുത്തുന്നത്. മരുന്നുകളോടൊപ്പം മനഃശാസ്ത്ര ചികിത്സകളും സാമൂഹിക ഇടപെടലും കൂടിയാകുമ്പോൾ ഒട്ടേറെ മാനസികാരോഗ്യ പ്രശ്നങ്ങൾ പൂർണമായി ഭേദപ്പെടുത്താൻ സാധിക്കും.
എന്നാൽ, ചികിത്സിക്കപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ ആത്മഹത്യകൾക്കും ലഹരി അടിമത്തത്തിനും മാത്രമല്ല ഗൗരവമുള്ള ശാരീരിക രോഗങ്ങൾക്കും കാരണമാകാം. അതുകൊണ്ടുതന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ തുടക്കത്തിൽതന്നെ കണ്ടെത്തി കൃത്യമായി ചികിത്സിക്കുന്നത് ആ വ്യക്തിയുടെ ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.


