‘കാൻസറിന് വാക്സിൻ ഇല്ലാത്തത് എന്തുകൊണ്ട്? മരുന്നുകമ്പനികളുടെ അജണ്ടയാണോ?’ -യാഥാർഥ‍്യമിതാണ്.... റഷ‍്യ വികസിപ്പിച്ച കാൻസർ വാക്സിൻ ഫലപ്രദമാണോ എന്നറിയാം
text_fieldsറഷ്യ പുതുതായി ഒരു വാക്സിന്‍ വികസിപ്പിച്ചെടുത്തു എന്ന വാർത്ത പുറത്തുവന്നതോടെ കാൻസർ വാക്സിനുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ഉയർന്നുവന്നു. രോഗബാധിതരായ റഷ്യന്‍ പൗരന്മാര്‍ക്ക് ഉടൻ വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് കഴിഞ്ഞ ഡിസംബറിൽ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നൽകുന്ന സൂചന.
ലോകത്താകമാനം കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കണ്ടെത്തൽ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാക്സിൻ കണ്ടുപിടിക്കാത്തത് എന്തുകൊണ്ട്?
നിലവിൽ നിരവധി രോഗങ്ങൾക്കുള്ള വാക്സിനുകൾ വിപണിയിലുണ്ട്. എന്നാൽ, ‘ദശാബ്ദങ്ങളായി ലോകത്തിന് മുന്നിൽ ഭീഷണിയുയർത്തുന്ന കാൻസറിനെതിരെ വൈദ്യശാസ്ത്രം എന്തുകൊണ്ടാണ് വാക്സിൻ കണ്ടുപിടിക്കാത്തത്?’ എന്നതാണ് ആ ചോദ്യം.
‘വാക്സിൻ യാഥാർഥ‍്യമായാൽ കാൻസർ ചികിത്സകരും മരുന്നുകമ്പനികളും വഴിയാധാരമാവും’ എന്നൊരു ഉത്തരവും ഈ ചോദ്യമുയർത്തുന്നവർതന്നെ കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ എന്താണ് വാസ്തവം?
മൂത്രസഞ്ചിയിലെ പ്രാരംഭദശയിലുള്ള കാൻസർ, ചിലതരം േപ്രാസ്റ്റേറ്റ് കാൻസറുകൾ, തൊലിപ്പുറത്തുണ്ടാകുന്ന മെലനോമ തുടങ്ങിയവക്ക് നിലവിൽ വാക്സിനുകൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ശ്വാസകോശ കാൻസറിനെതിരായ വാക്സിനും വിവിധ രാജ്യങ്ങളിൽ പരീക്ഷണ ഘട്ടത്തിലാണ്.
കൊറോണ വൈറസ് പോലുള്ള രോഗാണുക്കൾക്കെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കുക എന്നത് താരതമ്യേന എളുപ്പമുള്ള കാര്യമാണ്. ഇവയെ പ്രതിരോധ വാക്സിൻ എന്നാണ് വിളിക്കുന്നത്. ഉദാഹരണത്തിന്, വൈറസുകളോ ബാക്ടീരിയകളോ മൂലമുണ്ടാവുന്ന രോഗങ്ങൾക്കെതിരെ ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ സംവിധാനം പ്രവർത്തിക്കാറുണ്ട്.
നിർദിഷ്ട ആന്‍റിബോഡികൾ ഉൽപാദിപ്പിച്ചുകൊണ്ടാണ് ശരീരം ഈ പ്രവർത്തനം നടത്തുന്നത്. ഭാവിയിൽ വരാനിരിക്കുന്ന ഒരു അണുബാധക്കെതിരെ കൂടുതൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയാണ് വാക്സിനുകൾ ചെയ്യുന്നത്.
എന്നാൽ, അണുബാധ മൂലമുണ്ടാവുന്ന രോഗമല്ലാത്തതിനാൽതന്നെ കാൻസറിനെതിരെ വാക്സിൻ നിർമിക്കുക അത്ര എളുപ്പമല്ല. അതിന് കാരണം ഇപ്പോൾത്തന്നെ നൂറിലധികം വിഭാഗത്തിലുള്ള കാൻസറുകൾ മനുഷ്യശരീരത്തെ ബാധിക്കുന്നുണ്ട് എന്നതാണ്.
ഓരോതരം കാൻസറുകളും ഒരു വ്യക്തിയെ ബാധിക്കുമ്പോൾ ആ വ്യക്തിയുടെ ശരീരത്തിന്‍റെ കോശങ്ങളുടെ പ്രത്യേകതയനുസരിച്ച് രോഗത്തിന്‍റെ സ്വഭാവം പിന്നെയും മാറും. അങ്ങനെ നൂറുകണക്കിന് പ്രത്യേകതകളോടെയാണ് ഒരു വ്യക്തിയിൽ കാൻസർ വരുന്നത്. ഇതിനെയെല്ലാം പ്രതിരോധിക്കുന്ന വാക്സിനുകൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.
റഷ്യൻ വാക്സിൻ
ലഭ്യമായ വിവരങ്ങളനുസരിച്ച് റഷ്യയിൽ നിർമിക്കുന്നത് വ്യക്തിഗത എം.ആർ.എൻ.എ അടിസ്ഥാനമാക്കിയുള്ള (mRNA based) വാക്സിനാണ്. ഇതാകട്ടെ കാൻസർ വരാതിരിക്കാനല്ല, മറിച്ച് രോഗം ബാധിച്ച് പ്രാരംഭ ചികിത്സ കഴിഞ്ഞ് രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ഒരാളുടെ പ്രതിരോധശക്തി വർധിപ്പിച്ച് കാൻസറിനെ തുരത്താൻ ഉപയോഗിക്കുന്ന ഒന്നാണ്.
നേരത്തെതന്നെ പല രാജ്യങ്ങളും ഇത്തരത്തിലുള്ള വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്. ഒരാളുടെ ശരീരത്തിലെ കാൻസർ കോശങ്ങളെടുത്ത് പുറത്ത് ലാബിൽവെച്ച് അയാളുടെ തന്നെ പ്രതിരോധ കോശങ്ങളെ കാൻസറിനെ നശിപ്പിക്കാൻ സന്നദ്ധമാക്കുന്ന രീതിയാണിത്.
ഓരോ രോഗിക്കും പ്രത്യേകം തയാറാക്കേണ്ടതിനാൽ ഇതിന് കൂടുതൽ സമയം ആവശ്യമാണ്. നിർമിതബുദ്ധിയുടെ സഹായത്തോടെ ഈ ദൈർഘ്യം രണ്ടു മണിക്കൂറായി കുറക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് റഷ്യ അവകാശപ്പെടുന്നത്.
മനുഷ്യശരീരത്തിൽ നടത്തിയ പരീക്ഷണങ്ങളുടെ (Clinical Trials) ഫലങ്ങളോ വാക്സിൻ ലക്ഷ്യമിടുന്ന കാൻസർ വിഭാഗങ്ങളെക്കുറിച്ചോ വിശദ വിവരങ്ങൾ ഇനിയും ലഭിക്കാത്തതിനാൽ നിലവിൽ റഷ്യൻ വാക്സിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച് വിലയിരുത്തുന്നത് ശരിയല്ല. അതേസമയം, ഈ വാർത്ത വൈദ്യശാസ്ത്രലോകത്ത് പുത്തൻ ഉണർവ് സൃഷ്ടിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല.