കെട്ടിടത്തിൽ എവിടെയൊക്കെ വാട്ടർ പ്രൂഫിങ് വേണം?.... അറിയാം, വാട്ടർ പ്രൂഫിങ്ങിന്‍റെ പ്രയോജനങ്ങൾ
text_fieldsകെട്ടിടനിർമാണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഘടകമാണ് വാട്ടർ പ്രൂഫിങ്. ശരിയായ വാട്ടർ പ്രൂഫിങ് കെട്ടിടത്തിന്‍റെ ആയുസ്സ് കൂട്ടുന്നതിലും ചോർച്ച, ഈർപ്പം എന്നിവ പ്രതിരോധിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു.
വാട്ടർ പ്രൂഫിങ് ആവശ്യമാകുന്ന സ്ഥലങ്ങൾ
● വീടിന്‍റെ തറ/പ്ലിന്ത് ബീമിൽ ‘capillary rise’ മൂലമുണ്ടാകാവുന്ന ഈർപ്പത്തിന്‍റെ പ്രശ്നങ്ങൾ വാട്ടർ പ്രൂഫിങ് കൊണ്ട് തടയാൻ സാധിക്കും. Bituminous, EDPM, HDPE എന്നീ വാട്ടർ പ്രൂഫിങ് രീതികൾ അവലംബിക്കാവുന്നതാണ്.
● ബാത്റൂമിലും കിച്ചണിലും ഉണ്ടാവുന്ന ഈർപ്പം തടയാൻ ‘cementitious’ ആയ വാട്ടർ പ്രൂഫിങ് ഉപയോഗപ്പെടുത്താം. Dr fixit 2k, asian paints 2k, fosroc brushbond തുടങ്ങിയവയെല്ലാം ഇതിനായി വിപണിയിൽ പ്രചാരത്തിലുള്ള ഉൽപന്നങ്ങളാണ്.
● മഴയും വെയിലും തട്ടുന്ന ബാൽക്കണി, ഡെക്കുകൾ, പുറം ചുമരുകൾ എന്നിവയിൽ ഉപയോഗിക്കാവുന്നവയാണ് ലിക്വിഡ് വാട്ടർ പ്രൂഫിങ് മെമ്പ്രനുകൾ. ഇവക്ക് കൂടുതൽ വിസ്തീർണം മൂടാനും അൾട്രാ വയലറ്റ് കിരണങ്ങളെ തടയാനും സാധിക്കും. Sika raintite, asian paints damp proof തുടങ്ങിയ ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.
● ടെറസ്, മേൽക്കൂര എന്നിവിടങ്ങളിൽ താരതമ്യേന കുറഞ്ഞ ബജറ്റിൽ ലിക്വിഡ് വാട്ടർപ്രൂഫിങ് അവലംബിക്കാം. ഈ ഇടങ്ങളിൽ കൂടുതൽ ഫലപ്രദമായ രീതി ‘polyurethane membrane’ വാട്ടർ പ്രൂഫിങ് ആണ്.
● ഇന്‍റഗ്രൽ വാട്ടർ പ്രൂഫിങ് കോമ്പൗണ്ടുകൾ നിർമാണ സമയത്തുതന്നെ കോൺക്രീറ്റിലും തേപ്പിലും ചേർക്കുന്നതും ഒരു രീതിയാണ്. ഇത് സ്ലാബുകളിലും ചുമരുകളിലും വെള്ളത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂട്ടുന്നു. Cico no. 1, Dr fixit LW+ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
വാട്ടർ പ്രൂഫിങ് ചെയ്യുംമുമ്പ്
വാട്ടർ പ്രൂഫിങ് ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രതലം നല്ലപോലെ വൃത്തിയായിരിക്കണം. വാട്ടർപ്രൂഫിങ്ങിനുശേഷം മേൽക്കൂരയിൽ വെള്ളം കെട്ടിനിർത്തി ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തണം. ഉപയോഗിക്കുന്ന ഉൽപന്നത്തിൽ പറയുന്ന മാർഗനിർദേശങ്ങൾ അതുപോലെ ചെയ്യണം.