റൂഫിങ്ങിന് പുതിയ ഓടാണോ പഴയതാണോ നല്ലത്? -അറിയാം, വിവിധ തരം ട്രസ് റൂഫിങ് മെറ്റീരിയലുകളും പ്രത്യേകതകളും
text_fieldsമേൽക്കൂര സംരക്ഷിക്കാനും വീടിന്‍റെ മോടികൂട്ടാനുമാണ് ട്രസ് വർക്ക് ചെയ്യുന്നത്. ട്രസ് വർക്കിനുള്ള നിരവധി മെറ്റീരിയലുകൾ പല വിലയിലും ക്വാളിറ്റിയിലും ലഭ‍്യമാണ്. സാധാരണ തടി, സ്റ്റീൽ, അലുമിനിയം എന്നിവകൊണ്ടാണ് ചെയ്യാറുള്ളത്.
പഴയ തറവാട് വീടുകളുടെ മേൽക്കൂര തട്ടുംപുറമായി ഉപയോഗിച്ചിരുന്നത് തടികൊണ്ട് മേൽക്കൂര നിർമിച്ച് ഓട് പാകിയായിരുന്നു. കാലാന്തരത്തിൽ ഇത് അലൂമിനിയമോ സ്റ്റീലോ ഉപയോഗിച്ചുള്ള റൂഫിങ്ങിലേക്ക് വഴിമാറുകയായിരുന്നു.
പ്രധാനമായും ട്രസ് റൂഫിങ് ചെയ്യുന്നത് വീടിന്‍റെ കോൺക്രീറ്റിലേക്ക് ഏൽക്കുന്ന ചൂടിനെയും ചോർച്ചയെയും പ്രതിരോധിക്കാനാണ്. കോൺക്രീറ്റ് ഇല്ലാതെ ട്രസ് മാത്രമായി റൂഫിങ് ചെയ്യുന്നവരുമുണ്ട്. പുതിയ കാലത്ത് വീടിന്‍റെ മോടി കൂട്ടാനും ചിലർ ട്രസ് വർക്ക് ചെയ്യാറുണ്ട്. വിവിധ തരം ട്രസ് റൂഫിങ് മെറ്റീരിയലുകളും അവയുടെ പ്രത്യേകതകളുമിതാ...
സ്റ്റീൽ, അലൂമിനിയം റൂഫിങ്
ശക്തി, സ്ഥിരത, ഈട് എന്നിവക്ക് പേരുകേട്ടതാണ് സ്റ്റീൽ, അലൂമിനിയം റൂഫിങ്ങുകൾ. കൂടാതെ, നിർമാണ സമയവും തൊഴിൽ ചെലവും കുറവാണ്. ഫ്ലാറ്റായി വാർത്ത് ട്രസ് റൂഫിടുക എന്നതാണ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത്. ഇതുകൊണ്ട് പല ഗുണങ്ങളുണ്ട്.
ചോർച്ചയുടെ പ്രശ്നങ്ങളെ വലിയൊരു പരിധി വരെ തടയാം. റൂഫിന്‍റെയും ട്രസിന്‍റെയും ഇടയിലുള്ള വാക്വം സ്പേസ് ചൂടിനെ തടഞ്ഞുനിർത്തും. ഈ സ്പേസ് മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കുകയും ചെയ്യാം.
എന്നാൽ, ചരിച്ച് വാർക്കുന്നതിനുപകരം ഫ്ലാറ്റായി മേൽക്കൂര കോൺക്രീറ്റ് ചെയ്യുമ്പോൾ വീടിന് പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗം ചരിച്ചുവാർക്കുകയും അതിനോട് ചേർന്ന് കൂര രൂപത്തിൽ ട്രസ്വർക്ക് ചെയ്ത് മോടികൂട്ടുന്ന രീതിയും ഇപ്പോൾ കണ്ടുവരുന്നു.
ഷീറ്റ് വാങ്ങുമ്പോൾ
പ്രധാനമായും അഞ്ചുതരം മെറ്റീരിയലുകളാണ് ട്രസ് വർക്കിൽ വിരിക്കുന്നത്. നാടൻ ക്ലേ ഓടുകൾ, സെറാമിക് ഓടുകൾ, ഫൈബർ നാനോ സെറാമിക് ഓടുകൾ, ജി.ഐ (ഗാൽവനൈസ്ഡ് അയൺ) ഷീറ്റ്, അലുമിനിയം കോട്ടിങ് ഷീറ്റുകൾ എന്നിവയാണവ
വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഷിംഗിൾസ് ഇപ്പോൾ കേരളത്തിലും വ്യാപകമായിട്ടുണ്ട്. വിലയിലും ക്വാളിറ്റിയിലും വലുപ്പത്തിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.
റൂഫിങ് ഷീറ്റുകൾ
ധാരാളം റൂഫിങ് ഓപ്ഷനുകൾ ലഭ്യമാണെങ്കിലും ഏറ്റവും സവിശേഷവും ട്രസ് റൂഫിങ് കടന്നുവന്നതുമുതൽ വിപണിയിൽ ലഭിക്കുന്ന ഉൽപന്നമാണ് അലൂമിനിയം ഷീറ്റ്. പിന്നീടങ്ങോട്ട് ജി.ഐ ഷീറ്റുകൾ പല കോട്ടിങ്ങുകളിലും നിറത്തിലും ലഭ്യമായിത്തുടങ്ങി.
ചൂടിനെ പ്രതിരോധിക്കുന്നതും മഴവെള്ളം ശക്തമായി പതിക്കുന്ന ശബ്ദം കേൾക്കാത്ത രീതിയിലുള്ള പഫിങ് ഷീറ്റുകളും ഇന്നു ലഭ്യമാണ്. രണ്ടു ഗാൽവല്യൂം ഷീറ്റുകളുടെ ഇടയിൽ ഒരു പോളി യൂറിത്തീൻ ഷീറ്റ് നൽകുന്നതാണ് പഫ് ഷീറ്റ്. കട്ടി കൂടിയ ഈ മെറ്റീരിയൽ വിവിധ അളവുകളിൽ ലഭ്യമാണ്. മറ്റുള്ളവയെക്കാൾ വില കൂടുതലുമാണ്. ഷീറ്റിന്‍റെ അടിഭാഗം സീലിങ് പോലെ തോന്നുന്നതിനാൽ കാഴ്ചക്കും അഭംഗിയില്ല.
വ്യവസായ സ്ഥാപനങ്ങൾക്കും വീടുകൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്നവയാണ് ജി.ഐ ഷീറ്റുകൾ. കാണാൻ ഭംഗിക്കുറവുണ്ടെങ്കിലും റീസെയിൽ വാല്യുവിന്‍റെ കാര്യത്തിലും ഇത്തരം ഷീറ്റ് ഉപകാരപ്രദമാണ്. വിലക്കുറവ് തന്നെയാണ് ഇവയുടെ ആകർഷണീയത. മഴ സമയത്ത് ശബ്ദമുണ്ടാകും എന്നതൊഴിച്ചാൽ ഇവ ഫലപ്രദമാണ്.
അലൂമിനിയം അല്ലെങ്കിൽ ജി.ഐ ഷീറ്റുകൾ ഉപയോഗിച്ചുള്ള റൂഫിങ്ങിന് 90 മുതൽ 135 രൂപവരെയാണ് സ്ക്വയർഫീറ്റിന് വില. ഓടിനെ അപേക്ഷിച്ച് മെയിന്‍റനൻസ് കുറവാണ്. മാത്രമല്ല ട്രസ് ഇടുമ്പോൾ ഫ്രെയിമിൽ കുറച്ചു സെക്ഷനുകൾ മതി എന്നതിനാൽ പണവും ലാഭിക്കാം. മഴയുടെ ശബ്ദത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയുന്ന ടൈൽ കോട്ടഡ് ഷീറ്റുകൾക്ക് വില 65 മുതൽ 90 രൂപ വരെയാണ്. സ്റ്റോൺ കോട്ടഡ് ഷീറ്റുകൾക്ക് 100ന് മുകളിലും.
ഓടുകൾ പലവിധം
ആദ്യകാലങ്ങളിൽ പഴയ വീടുകൾ പൊളിച്ചുമാറ്റുമ്പോൾ അതിലുണ്ടായിരുന്ന ഓടുകൾ സൂക്ഷിക്കുമായിരുന്നു. പഴയ ഓടുകൾ പെയിന്‍റ് ചെയ്ത് പുതിയ വീടിന്‍റെ മേൽക്കൂര ചരിച്ച് വാർക്കുന്നിടങ്ങളിൽ പതിക്കുമായിരുന്നു. ഇന്ന് വിപണിയിൽ വിവിധതരം ഓടുകൾ ലഭ്യമാണ്. പായൽ പിടിക്കുന്നതൊഴിച്ചാൽ ടെറാക്കോട്ട ഓടുകൾക്കാണ് പ്രിയമേറെ.
പായലിൽനിന്ന് സംരക്ഷണമേകാൻ വിവിധതരം പ്രൈമറും പെയിന്‍റും ലഭ്യമാണ്. ചൂടിനെ ഏറ്റവും കാര്യക്ഷമമായി പ്രതിരോധിക്കുന്നു എന്നതാണ് ഇതിന്റെ ഗുണമേന്മ. ഓട് ഒന്നിന് 30 രൂപയോളമാണ് വില. ടെറാക്കോട്ട ഓടുപയോഗിച്ച് ട്രസ് വർക്കിന് ഏകദേശം സ്ക്വയർഫീറ്റിന് 120-160 രൂപ വരെയാകുമ്പോൾ സെറാമിക് ഓടുകൾക്ക് 180-210 രൂപ വരെ ചെലവ് വരും. ഭംഗിക്ക് ഉള്ളിൽ സീലിങ് ഓട് പതിക്കാം. ഇതിന് 30 രൂപയാണ് വില.
വെന്തെടുക്കുന്ന ഓരോ ബാച്ച് ഓടുകൾ തമ്മിലും വ്യത്യാസമുണ്ടാകാമെന്നതിനാൽ ഉറപ്പിലും നിറത്തിലും വ്യത്യസമുണ്ടാകാം. അതിനാൽ ഒരേ ബാച്ചിലുള്ള ഓടുകൾ വാങ്ങാൻ ശ്രദ്ധിക്കുക. കുറച്ചധികം ഓടുകൾ വാങ്ങിവെച്ചാൽ എന്തെങ്കിലും കാരണത്താൽ പൊട്ടിയത് മാറ്റേണ്ടിവന്നാലും ഉപകരിക്കും. സെറാമിക് ഓടുകൾ പല നിറത്തിലും ഡിസൈനിലും ലഭ്യമാണ്.
ഇവ പിന്നീട് പെയിന്‍റ് ചെയ്ത് സംരക്ഷിക്കാം എന്നതും ഉപകാരപ്രദമാണ്. കോൺക്രീറ്റ് ഓടുകൾക്കും ഇവയുടെ ഡബിള്‍ ഷേഡഡ് ഓടുകൾക്കും ആവശ്യക്കാരേറെയുണ്ട്. ഏതു നിറത്തിലും ലഭ്യമാണ്. പായലും പൂപ്പലും പിടിക്കില്ലെന്നതാണ് ഗുണം. മറ്റ് ഓടുകളെ അപേക്ഷിച്ച് ഭാരം കൂടുതലാണ്. ചൂടിനെ പ്രതിരോധിക്കുന്നതിൽ അത്ര കാര്യക്ഷമവുമല്ല.
സമകാലിക ശൈലിയിൽ (contemporary) വീടുകൾ നിർമിക്കുന്നവരും ഭംഗിക്ക് പ്രാധാന്യം നൽകുന്നവരും സെറാമിക് കോട്ടഡ് ഓടുകളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. ഓടൊന്നിന് 80 രൂപയിലധികമാണ് വില. വാർക്കാതെ ട്രസിടുന്നതാണ് ലാഭകരം. സുരക്ഷയുടെ പോരായ്മയാണ് പ്രധാന ന്യൂനത.
ഷിംഗിൾസ്
10 വർഷത്തിലേറെയായി കേരളത്തിലെത്തിയ ഷിംഗിൾസിന് പ്രചാരം ലഭിക്കുന്നത് അടുത്തകാലത്താണ്. കൂടുതലും വിദേശ ഇറക്കുമതിയായതിനാൽ മറ്റു ട്രസ് വർക്കിനെക്കാൾ ചെലവേറിയതുമാണ്. ചരിച്ചുവാർത്ത മേൽക്കൂരയിലാണ് ഇത് ഒട്ടിക്കുന്നത്. ഭംഗിയാണ് ഷിംഗിൾസിന്‍റെ ഏറ്റവും ആകർഷക ഘടകം. സ്ക്വയർഫീറ്റിന് 95-140 രൂപയാണ് വില. ട്രസ് വർക്ക് ചെയ്യണമെങ്കിൽ 340-380 രൂപയാണ് സ്ക്വയർഫീറ്റിന് ചെലവാകുക.
കട്ടികൂടിയ ഈ മെറ്റീരിയൽ വിവിധ അളവിൽ ലഭ്യമാണ്. ബിറ്റുമെൻ ഷിംഗിൾസ് മങ്ങുകയോ കേടുപാട് സംഭവിക്കുകയോ ചെയ്യുന്നില്ലെന്നതാണ് പ്രധാനം. കഠിന ചൂടിൽ നന്നായി പ്രവർത്തിക്കുന്നു എന്നതും മറ്റൊരു സവിശേഷതയാണ്.
ഇവക്ക് പലപ്പോഴും ആജീവനാന്ത വാറന്‍റിയും അറ്റകുറ്റപ്പണി വളരെ കുറവുമാണെന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു. ശക്തമായ കാറ്റിന് ഷിംഗിൾസ് ഉയർത്താനോ കേടുപാട് വരുത്താനോ കീറാനോ കഴിയും എന്നത് ന്യൂനതയാണ്.
പഴയ ഓട് ഉപയോഗിക്കുംമുമ്പ്
● ഓടുകൾ തമ്മിൽ ചേർന്നിരിക്കുന്ന ഭാഗമാണ് പാത്തി. ഒറ്റപ്പാത്തി, ഇരട്ടപ്പാത്തി എന്നിങ്ങനെ ഓടുകളിൽ വ്യത്യാസമുണ്ട്. അടുത്തടുത്ത ഓടുകളെ തമ്മിൽ ചേർക്കാൻ രണ്ട് ഗ്രൂവ് ഉണ്ടങ്കിൽ ഇരട്ടപ്പാത്തി ഓട് എന്നാണ് പറയുന്നത്. ഇരട്ടപ്പാത്തി ഓട് ഉപയോഗിച്ചാൽ ചോർച്ച സാധ്യത കുറയും. ഒറ്റപ്പാത്തി, ഇരട്ടപ്പാത്തി ഓടുകൾ ഒരുമിച്ച് ഉപയോഗിക്കാനുമാകില്ല.
● പഴയ ഓട് കഴുകി പെയിന്‍റ് അടിക്കുന്നത് ചിലപ്പോൾ ചെലവ് കൂട്ടാറുണ്ട്. ക്ലീനിങ്, പെയിന്‍റിങ് എന്നിവയുടെ ചെലവുകളെല്ലാം വാങ്ങുംമുമ്പ് കണക്കാക്കണം.
● പഴയ ഓട് വാങ്ങുമ്പോൾ കുറച്ചധികം വാങ്ങി സൂക്ഷിക്കുന്നതു നന്നായിരിക്കും. പാത്തികളിൽ മണ്ണും പായലും കളയുന്നതിനിടെ ഓട് പൊട്ടാനും മറ്റും സാധ്യതയുണ്ട്. അതുമല്ലെങ്കിൽ ഭാവിയിൽ ഓട് പൊട്ടിപ്പോയാൽ മാറ്റാൻ കരുതിവെക്കണം. ദീർഘനാൾ പുറത്തുവെച്ചാലും ഓടിന് കേടുപാട് സംഭവിക്കില്ല.
● ഒരു വീടിനുവേണ്ടി വാങ്ങുന്ന ഓട് മുഴുവൻ ഒരേ ബാച്ചിലും വലുപ്പത്തിലുമാണെന്ന് ഉറപ്പുവരുത്തണം.
● രണ്ടു വലുപ്പമുള്ള ഓടുകൾ വാങ്ങുന്നുണ്ടെങ്കിൽ വെവ്വേറെ അടുക്കിവെക്കണം. ഓടുകൾ കൂടിക്കലർന്നാൽ പിന്നീടാണ് ചോർച്ച വന്ന് അബദ്ധം തിരിച്ചറിയുക.
● പുതിയ ഓടിന്‍റെ തിളക്കം ആഗ്രഹിക്കുന്നവർ പഴയ ഓട് വാങ്ങാതിരിക്കുക.
● പഴയ സ്കൂൾ, നാലുകെട്ട് തുടങ്ങിയ പഴയ വലിയ കെട്ടിടങ്ങൾ പൊളിക്കുമ്പോഴാണ് പഴയ ഓട് വലിയ അളവിൽ ലഭിക്കുന്നത്. അത്തരത്തിൽ പൊളിക്കുന്ന സ്ഥലങ്ങൾ അന്വേഷിച്ചറിഞ്ഞ് നേരിട്ടു വാങ്ങുന്നത് ഗുണം ചെയ്യും.
● ഓടിനെ ഉത്തരവുമായി ചേർത്തുവെക്കുന്ന കാലുനഷ്ടപ്പെട്ട ഓടുകൾ ഒഴിവാക്കി വേണം എടുക്കാൻ. ഈ ഭാഗം ദ്രവിച്ചുപോകാൻ സാധ്യതയേറെയാണ്.
വിവരങ്ങൾക്ക് കടപ്പാട്:
കെ.ജി. ഫ്രാൻസിസ്
Home tech
Kakkanad, Kochi